തിരയുക

ഡബ്ലിന്‍ നഗരത്തിലെ കപ്പൂച്ചിന്‍ അഗതികേന്ദ്രത്തില്‍ ഡബ്ലിന്‍ നഗരത്തിലെ കപ്പൂച്ചിന്‍ അഗതികേന്ദ്രത്തില്‍  

പാപ്പാ ഫ്രാന്‍സിസ് ഡബ്ലിനിലെ കപ്പൂച്ചിന്‍ അഗതികേന്ദ്രത്തില്‍

ആസ്റ്റ് 25 ശനിയാഴ്ച പ്രദേശിക സമയം വൈകുന്നേരം 4.30-ന് കപ്പൂച്ചിന്‍ സഭാംഗങ്ങള്‍ ‍ഡ്ബ്ലിന്‍ നഗരമദ്ധ്യത്തില്‍ നടത്തുന്ന ഭവനരഹിതര്‍ക്കുള്ള കേന്ദ്രത്തിലേയ്ക്ക് സ്വകാര്യസന്ദര്‍ശനം നടത്തി. അവരെ അഭിവാദ്യംചെയ്ത പാപ്പാ, ചെറിയ സന്ദേശവും തല്‍ക്ഷണം നല്കി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കപ്പൂച്ചിന്‍ സമൂഹത്തോട്...

കപ്പൂച്ചിന്‍ സഹോദരങ്ങള്‍ ജനങ്ങളോടു കൂടെയായിരിക്കുന്നവരാണ്. അതാണ് നിങ്ങള്‍ ഈ നഗരത്തില്‍ ചെയ്യുന്നതും. പാവങ്ങളും പരിത്യക്തരും, വേദനക്കുന്നവരും, സന്തോഷമില്ലാത്തവരും, ജീവിതത്തില്‍ പാപികളും ധാരാളം കുറവുള്ളവരുമായവരെ  സ്വീകരിക്കുന്നു, തുണയ്ക്കുന്നു. നിങ്ങള്‍ അവരില്‍ ക്രിസ്തുവിനെയും അവിടുത്തെ മുറിപ്പെട്ട ദേഹത്തെയുമാണ് കാണുന്നത്. ഇത് നിങ്ങള്‍ നല്കുന്ന വലിയ സാക്ഷ്യമാണ്. സഭയ്ക്ക് ഈ സാക്ഷ്യം വിലപ്പെട്ടതാണ്. കപ്പൂച്ചിന്‍ സമൂഹം ജനങ്ങളില്‍നിന്ന്, പ്രത്യേകിച്ച് പാവങ്ങളില്‍നിന്നും എന്ന് അകന്നുപോകുന്നുവോ അത് നിങ്ങളുടെ പതനമായിരിക്കും!

പാപികളുടെ കുറ്റാന്വേഷകരാകരുത്!
താന്‍ മനസ്സിലാക്കിയൊരു കാര്യം പാപ്പാ വ്യാഖ്യാനിച്ചു. കപ്പൂച്ചിന്‍ ഭവനത്തില്‍ വരുന്നവരെ സമൂഹത്തില്‍ ആരും ചോദ്യംചെയ്യാറില്ല. അവരെ ക്രിസ്തുവിനെപ്പോലെ നിങ്ങള്‍ കാരുണ്യത്തോടെ സ്വീകരിക്കുന്നു. പാവങ്ങളിലും എളിയവരിലും ക്രിസ്തുതന്നെയാണ് ഈ ഭവനത്തില്‍ വന്നു മുട്ടുന്നത്. അവരെ സ്വീകരിക്കുക! മറിച്ച് ഇന്ന് വൈദികരുണ്ട് കുമ്പസാരക്കൂട്ടിലും അല്ലാതെയും പാവം മനുഷ്യരെ ചോദ്യംചെയ്യുന്നവര്‍. അവരുടെ എളിയ ജീവിതങ്ങളിലേയ്ക്ക് ചൂഴ്ന്നിറങ്ങി പാപങ്ങള്‍ കണ്ടുപിടിക്കുന്ന കുറ്റാന്വേഷണ വിദഗ്ദ്ധര്‍! അതാവശ്യമില്ല!! തിരിച്ചെത്തിയ ദൂര്‍ത്തപുത്രനോട് അവന്‍ തെണ്ടിനടന്നതിന്‍റെ കണക്കോ, ചെയ്ത പാപങ്ങളുടെ എണ്ണമോ ചോദിച്ചില്ല. മകന്‍റെ അനുതാപപൂര്‍ണ്ണമായ തിരിച്ചുവരവിനെ സന്തോഷത്തോടെ സ്വീകരിച്ചു, ആശ്ലേഷിച്ചു. ആ പിതാവ് അവന്‍റെ തിരിച്ചുവരവ് ആഘോഷിച്ചു. ദൈവജനത്തിനുള്ള നമ്മുടെ സാക്ഷ്യം ഇങ്ങനെ ആയിരിക്കണം, അവരെ വിഷമിപ്പിക്കാതെ, ക്ഷമയോടെ സ്വീകരിക്കാനുള്ള ഹൃദയവും സ്നേഹവുമാണ് ആവശ്യം! ഇത് വൈദികര്‍ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്!!

പാവങ്ങള്‍ ക്രിസ്തുവിന്‍റെ പ്രതിച്ഛായ
പിന്നെ അവിടെ സന്നിഹിതരായിരുന്ന പാവങ്ങളിലേയ്ക്കു തിരിഞ്ഞിട്ടു പറഞ്ഞു. നിങ്ങളെ തുറന്ന ഹൃദയത്തോടെ ഇവിടത്തെ കപ്പൂച്ചിന്‍‍ സമൂഹം സ്വീകരിക്കുന്നതിനുള്ള കാരണം പറയട്ടെ! അവര്‍ നിങ്ങളുടെ അന്തസ്സു മാനിക്കുന്നതുകൊണ്ടാണ്. അവര്‍ നിങ്ങളെ സഹായിക്കുന്നത് നിങ്ങളുടെ അന്തസ്സ് എടുത്തു കളയാതെയും അതിനു മങ്ങലേല്പിക്കാതെയുമാണ്. നിങ്ങള്‍ ഓരോരുത്തരും ഈ സമൂഹത്തിന് ക്രിസ്തുവാണ്. ഇവിടെ വരാന്‍ നിങ്ങള്‍ കാണിക്കുന്ന ആത്മവിശ്വാസത്തിന് നന്ദി! നിങ്ങള്‍ സഭയാണ്. ദൈവമക്കളാണ്. ദൈവജനമാണ്. പാവങ്ങളെയും പാപികളെയും തേടിവന്ന ക്രിസ്തു നിങ്ങളുടെ കൂടെയുണ്ട്. നിങ്ങള്‍ ക്രിസ്തുവിന്‍റെ മുറിപ്പെട്ട ദേഹമാണ്.

പ്രാര്‍ത്ഥനയോടെ ഉപസംഹാരം
നിങ്ങളുടെ വേദനയും പ്രായസങ്ങളും ഇവിടെ ഈ സമൂഹത്തില്‍ പങ്കുവയ്ക്കാം. അവര്‍ നിങ്ങളെ ശ്രവിക്കും സഹായിക്കും! അവര്‍ക്കു നിങ്ങള്‍ മക്കളും സഹോദരങ്ങളുമാണ്. അവരെ ശ്രവിക്കുക! നിങ്ങളെ സഹായിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.. സഭയ്ക്കുവേണ്ടിയും വൈദികര്‍ക്കുവേണ്ടിയും മെത്രാന്മാര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുക. നിങ്ങള്‍ക്കും ഇവിടെ സന്നിഹിതരല്ലാത്ത നിങ്ങളുടെ പ്രിയപ്പെട്ടവരെയും ഓര്‍ക്കുന്നു. അവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാം. നിങ്ങള്‍ ഇഷ്ടപ്പെടാത്തവരും ശത്രുക്കളുമുണ്ടാകാം. അവരെയും അനുസ്മരിക്കാം പ്രാര്‍ത്ഥിക്കാം, ആശീര്‍വ്വദിക്കാം.  ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ! തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതേ... എന്ന് അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചത്.!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 August 2018, 19:45