തിരയുക

പൊതുകൂടിക്കാഴ്ച വേദി - പോള്‍ ആറാമന്‍ ഹാള്‍ പൊതുകൂടിക്കാഴ്ച വേദി - പോള്‍ ആറാമന്‍ ഹാള്‍ 

സ്നേഹപൂര്‍വ്വം കുടുംബങ്ങള്‍ക്ക്...! പാപ്പാ ഫ്രാന്‍സിസ്

ആഗസ്റ്റ് 21, വത്തിക്കാന്‍ കുടുംബങ്ങള്‍ക്കുള്ള ദൈവികപദ്ധതിയുടെ ഉത്സവമാണ് അയര്‍ലന്‍ഡിലെ ഡബ്ലിന്‍ നഗരത്തില്‍ അരങ്ങേറുന്ന കുടുംബങ്ങളുടെ ആഗോള സംഗമം! പാപ്പാ ഫ്രാന്‍സിസ് ഒരു വീഡിയോ സന്ദേശത്തിലൂടെ പ്രസ്താവിച്ചു. ആഗസ്റ്റ് 21-Ɔο തിയതി ചൊവ്വാഴ്ച ആരംഭിച്ച ആഗോള കുടുംബസാംഗമത്തിലേയ്ക്കാണ് വത്തിക്കാനില്‍നിന്നും പാപ്പാ സന്ദേശം അയച്ചത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

രണ്ടു ദിവസം പാപ്പാ  കുടുംബങ്ങള്‍ക്കൊപ്പം
തന്‍റെ അപ്പസ്തോലിക സന്ദര്‍ശനത്തിന് ഒരുക്കമായി ആഗസ്റ്റ് 21-Ɔο തിയതി ചൊവ്വാഴ്ചയാണ് അയര്‍ലന്‍ഡിലെ ജനതയ്ക്ക് പാപ്പാ സന്ദേശം അയച്ചത്.
9-Ɔമത് ആഗോള കുടുംബസംഗമം ഡബ്ലിന്‍ നഗരത്തില്‍ ചൊവ്വാഴ്ച, 21-‍Ɔο തിയതി ആരംഭിച്ചു. ആഗസ്റ്റ് 25, 26  ശനി, ഞായര്‍ ദിവസങ്ങളില്‍  സംഗമത്തില്‍    പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും.  26-Ɔο തിയതി ഞായറാഴ്ചവരെ നീളുന്ന സംഗമത്തില്‍ ലോകത്തെ 126 രാജ്യങ്ങളില്‍നിന്നുമുള്ള കുടുംബങ്ങളുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.  

കുടുംബങ്ങളുടെ ഉത്സവം
കുടുംബങ്ങള്‍ക്കുള്ള ദൈവികപദ്ധതിയുടെ ഉത്സവത്തിലേയ്ക്കാണ് താന്‍ സന്തോഷത്തോടെ വരുന്നതെന്ന് പറഞ്ഞുകൊണ്ട് പാപ്പാ സന്ദേശം ആരംഭിച്ചു. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമുള്ള കുടുംബങ്ങള്‍ക്ക് ഒരുമിച്ചുകൂടാനും അവരുടെ ജീവിത തിരഞ്ഞെടുപ്പുകളില്‍ പരസ്പരം സഹായിക്കാനും ഈ സംഗമം സഹായകമാകും. വിശ്വസ്തതയോടെ ജീവിക്കാന്‍ ഇന്നത്തെ ലോകത്ത് കുടുംബങ്ങള്‍ തത്രപ്പെടുമ്പോള്‍ തങ്ങളുടെ കുട്ടികളെ മൂല്യബോധമുള്ളവരായി വളര്‍ത്താനും, മാറ്റങ്ങള്‍ക്കു വിധേയമാകുന്നതും വിസ്തൃതവുമായൊരു സമൂഹത്തിന്‍റെ ഭാഗമായിരിക്കാനും അവര്‍ പരിശ്രമിക്കുന്നു. അതുപോലെ നന്മയുടെ പുളിമാവാകാനും, സ്നേഹത്തിലും പരസ്പരമുള്ള പരിഗണനയില്‍ ജീവിക്കാനും പരിശ്രമിക്കുമ്പോള്‍ ഇന്നും കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. ഇതെല്ലാം കുടുംബങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങളാണ്.

യുവജനങ്ങളോട് കുടുംബങ്ങള്‍ കാണിക്കേണ്ട കരുതല്‍
ഡബ്ലിനില്‍ എത്തുന്ന കുടുംബങ്ങള്‍ക്കും, നല്ല അരൂപിയില്‍ ഡബ്ലിനിലെ ആഗോള സംഗമത്തെ നിരീക്ഷിക്കുന്ന ലോകമെമ്പാടുമുള്ള കുടുംബങ്ങള്‍ക്ക് ഈ കൂടിക്കാഴ്ച നവീകരണത്തിനും നവോന്മേഷത്തിനുമുള്ള നല്ല അവസരമാണ്. സമൂഹികജീവിതത്തില്‍ കുടുംബങ്ങള്‍ക്കുള്ള പങ്കു വളരെ വലുതാണ്. പ്രത്യേകിച്ച് യുവജങ്ങളുടെയും വരുംതലമുറയുടെയും നല്ല ഭാവി ഒരുക്കിയെടുക്കുന്നതില്‍ കുടുംബങ്ങള്‍ക്കുള്ള ഉത്തരവാദിത്ത്വം അപാരമാണ്.. കാരണം യുവജനങ്ങളാണ് ഭാവിയുടെ വക്താക്കള്‍! അതിനാല്‍ അവരുടെ ഭാവി കരുപ്പിടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നുമുതല്‍ അവരെ ഒരുക്കുക, വര്‍ത്തമാനകാലത്തുതന്നെ നന്മയില്‍ വളര്‍ത്തുക! അങ്ങനെ ഇന്നലെയുടെ അനുഭവങ്ങളില്‍ വേരൂന്നിയും കാരണവന്മാരില്‍നിന്നു പഠിച്ചും അവര്‍ വളരേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യവുമാണ്.

കുടുംബങ്ങളെ ആശ്ലേഷിക്കട്ടെ!
തന്‍റെ സന്ദര്‍ശനത്തിന്‍റെ പ്രഥമ ലക്ഷ്യം ആഗോള കുടുംബ സംഗമത്തില്‍ പങ്കെടുക്കാനാണ്. അതൊടൊപ്പം അയര്‍ലന്‍ഡിലെ എല്ലാകുടുംബങ്ങളെയും അശ്ലേഷിക്കാന്നു! ഈ സന്ദര്‍ശനം ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കിടയില്‍ ഐക്യവും അനുരഞ്ജനവും വളര്‍ത്തട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു. കാരണം മാനവകുടുംബത്തെക്കുറിച്ച് ദൈവത്തിനുള്ള സ്വപ്നം ശാശ്വതമായ സമാധാനവും ഐക്യവുമാണ്.

ഏവര്‍ക്കും നന്ദിയര്‍പ്പിക്കുന്നു!!
ഈ സന്ദര്‍ശനത്തിനായി ധാരാളംപേര്‍ ഏറെ ബദ്ധപ്പാടിലും തിരക്കിലുമാണെന്ന് അറിയാം. ഓരോരുത്തര്‍ക്കും ഹൃദ്യമായ നന്ദി!  ഈ സംഗമം ആനന്ദത്തിന്‍റെ പ്രശാന്തമായ കൂട്ടായ്മയാകാനും, ക്രിസ്തുവിന്‍റെ കരുണാര്‍ദ്രമായ സ്നേഹം എല്ലാ കുടുംബങ്ങളെയും, സത്യത്തില്‍ എല്ലാ ദൈവമക്കളെയും സ്പര്‍ശിക്കാന്‍ ഈ കൂട്ടായ്മയുടെ പരിശ്രമം കാരണമാകട്ടെയെന്നു പ്രാര്‍ത്ഥിക്കാം. തന്‍റെ സ്നേഹസാമീപ്യവും, പ്രാ‍ര്‍ത്ഥനയും ഈ സന്ദേശത്തിലൂടെ സകലര്‍ക്കും ഉറപ്പുനല്കുന്നു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്ന് പാപ്പാ പ്രത്യേകം ഓര്‍പ്പിച്ചു.

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ! ഇങ്ങനെ സകലര്‍ക്കും അപ്പസ്തോലിക ആശീര്‍വ്വാദം ഹൃദയപൂര്‍വ്വം നല്കിക്കൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 August 2018, 09:52