കുടുംബങ്ങളുടെ ചര്‍ച്ചാവേദി ഡബ്ലിന്‍ കുടുംബങ്ങളുടെ ചര്‍ച്ചാവേദി ഡബ്ലിന്‍ 

ഡബ്ലിനില്‍ പാപ്പാ ഫ്രാന്‍സിസിനെ കാത്തു കുടുംബങ്ങള്‍!

9-Ɔമത് ആഗോള കുടുംബസംഗമം ഡബ്ലിനില്‍ - ആഗസ്റ്റ് 21-മുതല്‍ 26-വരെ. പാപ്പാ ഫ്രാന്‍സിസ് ആഗസ്റ്റ് 25, 26 ശനി, ഞായര്‍ ദിവസങ്ങള്‍ കുടുംബങ്ങള്‍ക്കൊപ്പം ചെലവഴിക്കും.

അയര്‍ലണ്ടില്‍നിന്നും  വത്തിക്കാന്‍ വാര്‍ത്ത സ്പാനിഷ് വിഭാഗം മേധാവി, റാവൂള്‍ കബ്രേരയുടെ  റിപ്പോര്‍ട്ട് :

ഡബ്ലിന്‍ നഗരം കുടുംബങ്ങളുടെ നിറഞ്ഞവേദി
നഗരത്തിലെ വിവിധ കത്തോലിക്കാ സ്ഥാപനങ്ങളിലും വലിയ പൊതുവേദികളിലുമായി ആഗസ്റ്റ് 21-Ɔο തിയതി ചൊവ്വാഴ്ച മുതല്‍ അരങ്ങേറുന്ന ചര്‍ച്ചകളും പഠനങ്ങളും പ്രദര്‍ശനങ്ങളുമെല്ലാം കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ്. ഡബ്ലിനിലെ ദേശീയ മെത്രാന്‍ സമിതി ആസൂത്രണം ചെയ്തിരിക്കുന്ന
ഈ ദിവസങ്ങളിലെ പരിപാടികള്‍ സംഘാടക വൈഭവംകൊണ്ടും ഉള്ളടക്കത്തിന്‍റെ മേന്മകൊണ്ടും ശ്രദ്ധേയവും സന്തോഷകരവുമാണെന്ന് സ്പാനിഷ് വാര്‍ത്താ വിഭാഗത്തിന്‍റെ മേധാവി, റാവൂള്‍ കബ്രേരാ അറിയിച്ചു. ഇന്ത്യയില്‍നിന്നും, ഹോണ്ടൂരാസില്‍നിന്നും, ആര്‍ജന്‍റീനയില്‍നിന്നുള്ള കുടുംബങ്ങള്‍ക്കൊപ്പം മറ്റുരാജ്യങ്ങളില്‍നിന്നുമുള്ള നിരവധിയായ കുടുംബങ്ങളുടെ സാന്നിദ്ധ്യം ആശ്ചര്യപ്പെടുത്തുന്നതാണെന്ന് റാവൂള്‍ സാക്ഷ്യപ്പെടുത്തി. എന്നാല്‍ എല്ലാവരുടെയും ചുണ്ടുകളില്‍ തത്തിക്കളിക്കുന്നൊരു പേര് “പാപ്പാ ഫ്രാന്‍സിസാ”ണെന്നും,   പാപ്പായുടെ വരവിനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും റാവൂള്‍ പറഞ്ഞു.

ആഗസ്റ്റ് 25 ശനിയാഴ്ച, സംഗമത്തിന്‍റെ  5-‍Ɔο ദിവസം
പാപ്പാ ഫ്രാന്‍സിസിന്‍റെ  പ്രഥമദിനം
പ്രാദേശിക സമയം രാവിലെ 9.30-ന് ഡ്ബ്ലിനിലെ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്ന പാപ്പാ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കും. രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തും. അവരെ അഭിസംബോധനചെയ്യും. വൈകുന്നേരം 7.30-ന് ക്രോക്ക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ കുടുംബങ്ങളുടെ സാംസ്ക്കാരിക പരിപാടികളില്‍ പങ്കെടുത്ത് സന്ദേശം നല്കും.

ഞായറാഴ്ച, ആഗസ്റ്റ് 26 സമ്മേളനത്തിന്‍റെ ആറാം ദിവസവും
പാപ്പായുടെ രണ്ടാം ദിനവും

പ്രാദേശിക സമയം രാവിലെ 9.45 നോക്കിലെ വിഖ്യാതമായ മേരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കും ത്രികാലപ്രാര്‍ത്ഥനചൊല്ലി ഹ്രസ്വസന്ദേശം നല്കും.  ഉച്ചതിരിഞ്ഞ്‍ പ്രാദേശിക സമയം 2.30-ന് ഡ്ബ്ലിനിലെ ഫീനിക്സ് പാര്‍ക്കിലെത്തും. 3.30-ന് കുടുംബങ്ങള്‍ക്കൊപ്പം സമൂഹബലിയര്‍പ്പിക്കും. സുവിശേഷസന്ദേശം പങ്കുവയ്ക്കും.  ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30-ന് അയര്‍ലണ്ടിലെ ദേശീയ മെത്രാന്‍ സമിതിയുമായുള്ള കൂടിക്കാഴ്ചയാണ് ഡ്ബ്ലിനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അവസാനത്തെ പരിപാടി. തുടര്‍ന്ന് 6.30-ന് വിമാനത്താവളത്തിലെ ഔദ്യോഗിക യാത്രയയപ്പില്‍ പങ്കെടുത്ത്, വത്തിക്കാനിലേയ്ക്കു മടങ്ങും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 August 2018, 19:01