ഡബ്ലിന്‍ -  സെന്‍റ് മേരീസ് പ്രൊ-കത്തീഡ്രലിലെ പ്രഭാഷണം ഡബ്ലിന്‍ - സെന്‍റ് മേരീസ് പ്രൊ-കത്തീഡ്രലിലെ പ്രഭാഷണം 

“പ്ലെയിറ്റു പറക്കുന്ന കുടുംബ”ത്തെക്കുറിച്ച് പാപ്പാ

ആഗസ്റ്റ് 25, ശനിയാഴ്ച അയര്‍ലണ്ടിലെ സമയം 3.30-ന് പാപ്പാ ഫ്രാന്‍സിസ് ഡബ്ലിന്‍ നഗരമദ്ധ്യത്തിലെ ദൈവമാതാവിന്‍റെ മഹാദേവാലയം സന്ദര്‍ശിച്ചു. അവിടെ സമ്മേളിച്ച കുടുംബങ്ങളെ ശ്രവിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്കും ജീവിതാനുഭവങ്ങളുടെ പങ്കുവയ്ക്കലിനും മറുപടിയായി പങ്കുവച്ച ചിന്തകള്‍ താഴെ കുറിക്കുന്നു:

- ഫാദര്‍ വില്യം നെല്ലിക്കല്‍

പങ്കുവച്ചാല്‍ പെരുകുന്ന സന്തോഷവും,
കുറയുന്ന  ദുഃഖവും
1. ഒരു സ്പാനിഷ് പഴമൊഴിയോടെയാണ് പാപ്പാ പ്രഭാഷണം ആരംഭിച്ചത്. ഒരു കുടുംബത്തിലെ രണ്ടുപേരുടെ ദുഃഖം, ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും ദുഃഖം പങ്കുവയ്ക്കപ്പെടുമ്പോള്‍ അത് പകുതിയായി കുറയുന്നു. എന്നാല്‍ രണ്ടുപേരില്‍ സന്തോഷം പങ്കുവയ്ക്കപ്പെട്ടാലോ, അത് ഇരട്ടിക്കുന്നു, വര്‍ദ്ധിക്കുന്നു! (“dolor compartido es medio dolor; alegría compartida es doble alegría”).  ഇത് വിവാഹജീവിതത്തിന്‍റെ യഥാര്‍ത്ഥമായ വഴിയാണ്. കുടുംബങ്ങളുടെ മദ്ധ്യേയായിരിക്കുന്നത് സന്തോഷദായകമാണ്. ഇവിടെ ചെറുപ്പമായതും പ്രായമായതുമായ കുടുംങ്ങള്‍ എല്ലാത്തരക്കാരുമുണ്ട്. ഇതാ! കൈക്കുഞ്ഞുങ്ങളുടെ സംഗീതാത്മകമായ കരച്ചിലും നമുക്കിവിടെ ഈ മഹാദേവാലയത്തില്‍ മുഴങ്ങി കേള്‍ക്കാമല്ലോ! ഭാവിഭൂതകാലങ്ങള്‍ സന്ധിക്കുന്ന മുഹൂര്‍ത്തംപോലെയാണ് കുടുംബങ്ങളുടെ സാന്നിദ്ധ്യം.  പഴമാക്കുരായ അമ്മായിയമ്മമാരുടെ വിജ്ഞാനവും, യുവതദമ്പതികളുടെ ഭാവിയെക്കുറിച്ചുള്ള ആകാംക്ഷയുമെല്ലാം വിവാഹജീവിതത്തിന്‍റെയും കുടുംബജീവിതത്തിന്‍റെയും ഭാഗമാണ്.

കുടുംബം കലഹിക്കുമ്പോള്‍...!
2. 50 വര്‍ഷങ്ങള്‍ പിന്നിട്ട ദമ്പതികള്‍ വിന്‍സെന്‍റും തെരേസയും... പറഞ്ഞ പ്രോത്സാഹജനകമായ ചിന്തകളും വെല്ലുവിളികളും ഇവിടെയുള്ള കുടുംബങ്ങള്‍ക്കു മാത്രമല്ല, ലോകമെമ്പാടുമുള്ള  കുടുംബങ്ങള്‍ക്കും, സ്നേഹിച്ചു ജീവിക്കുന്ന യുവജനങ്ങള്‍ക്കും പ്രചോദനാത്മകമാണ്. പുതിയ തലമുറ പഴമക്കാരെപ്പോലെ ആയിരിക്കില്ലെങ്കിലും, അവരുടെ ജീവിതാനുഭവങ്ങളും വിശ്വാസജീവിതവും കൂദാശകളെ കേന്ദ്രീകരിച്ചുള്ള ജീവിതവും മാതൃകയാക്കാവുന്നതാണ്.

ഒന്നു പറയട്ടെ ദമ്പതികള്‍ കലഹിക്കാറുണ്ടല്ലോ! ചിലപ്പോള്‍ ചിലവീടുകളില്‍ ഭക്ഷണത്തിനു മുന്‍പോ ശേഷമോ പ്ലെയിറ്റുകള്‍ പറക്കാറുണ്ട്!? ചെറിയ കലഹങ്ങള്‍ ഇല്ലെങ്കില്‍ കുടുംബജീവിതം മുഷിപ്പനാകും. പക്ഷെ ഒരു കാര്യം, വഴക്കടിച്ചാല്‍ ആ ദിവസം തീരുംമുമ്പേ... അടുത്ത ദിവസത്തേയ്ക്കുകടക്കും മുമ്പേ ക്ഷമാപണം പറഞ്ഞു വഴക്കു തീര്‍ത്തിരിക്കണം! തീര്‍ത്തില്ലെങ്കില്‍ അടുത്ത ദിവസം വഴക്കു കടുത്ത് വൈരാഗ്യവും, വൈരാഗ്യം മൂത്ത് വെറുപ്പുമാകും. വചനം പറയുന്നുണ്ടല്ലോ! സൂര്യന്‍ അസ്തമിക്കും മുന്‍പേ അന്നത്തെ വഴുക്കു തീര്‍ത്ത്, അനുരജ്ഞനപ്പെട്ട് സമാധാനത്തില്‍ ഉറങ്ങാന്‍ പോകണമെന്ന്! പാപ്പാ പുഞ്ചിരിയോടെ പങ്കുവച്ചു.

ദാമ്പത്യത്തിന്‍റെ മണിച്ചെപ്പ്
പ്രായമായ ദമ്പതികള്‍ ഓര്‍മ്മകളുടെ സമ്പത്താണ്. സമൂഹത്തിലൂടെ തള്ളിനീക്കയ കുടുംബജീവിതത്തിന്‍റെ നീണ്ടവര്‍ഷങ്ങള്‍ സുഖദുഃഖ സമ്മിശ്രമാണ്. ഒത്തിരി സന്തോഷവും ഇത്തിരി സന്താപവും.. അനുഭവിച്ചതാകാം അവരുടെ ജീവിതങ്ങള്‍! എന്നിരുന്നാലും ദാമ്പത്യത്തിന്‍റെ നീണ്ടയാത്രയില്‍ അവര്‍ കുടുംബത്തിന്‍റെയും മക്കളുടെയും തലമുറകളുടെയും സംരക്ഷകരും കാവല്‍ക്കാരുമാണ്. അവരുടെ ഓര്‍മ്മകളുടെ മണിച്ചെപ്പ് യുവജനങ്ങള്‍ക്കും യുവദിമ്പതികള്‍ക്കും ജീവിത വളര്‍ച്ചയ്ക്കുതകുന്ന മണിമുത്തുകളാണ്!

കുടുംബം ഒരു ജീവിതതിരഞ്ഞെടുപ്പ്
ഇനി യുവദമ്പതിമാര്‍ ഡെന്നിസും സീനിഡായും... നിങ്ങളുടെ ജീവിതസ്വപ്ന സാക്ഷാത്ക്കാരത്തില്‍ ദൈവത്തിന്‍റെ പദ്ധതിയും ജീവന്‍റെദാനവും സ്വീകരിക്കാന്‍ നീളുന്ന, അല്ലേങ്കില്‍ പതറാത്ത സമര്‍പ്പണമാണ് പ്രതിവിധി. വിവാഹം ഒരു സാമൂഹിക സ്ഥാപനമല്ല, മറിച്ച് അതൊരു ജീവിതതിരഞ്ഞെടുപ്പാണ്. നാം അതിനെ ദൈവവിളിയെന്നും പറയുന്നു. അതിനാല്‍ ദൈവത്തില്‍ വിശ്വസിച്ചും പ്രത്യാശ അര്‍പ്പിച്ചുംകൊണ്ടുള്ള നിലയ്ക്കാത്ത യാത്രയായി, തളരാത്ത ജീവിത യാത്രയായി – പരസ്പരം താങ്ങും തണലുമായി, ശ്രദ്ധാപൂര്‍വ്വം നീങ്ങുന്നൊരു യാത്രയായി കുടുംബജീവിതത്തെ കാണണം, അംഗീകരിക്കണം.

3. ക്ഷണികമായതും സ്ഥായിയായതും
സ്ഥായായിട്ടുള്ളത് ഇഷ്ടപ്പെടാത്ത ഒരു കാലഘട്ടവും ചിന്താഗതിയും ഇന്നിന്‍റെ പ്രത്യേകതയാണ്. എല്ലാം പെട്ടെന്ന മാറുകയും മാറ്റപ്പെടുകയും ചെയ്യുന്നു. വിശന്നാല്‍ നാം ഉടനെ കഴിച്ച് ഉടനെ വിശപ്പടക്കുന്നു. കിട്ടിയ ജോലി, അല്പം മുഷിയുമ്പോള്‍ ഇട്ടെറിഞ്ഞു പുതിയ ജോലി തേടുന്നു, കമ്പനി മാറുന്നു. നമുക്കു ചുറ്റും എല്ലാം പരിണാമംചെയ്യുന്നെന്നത് സത്യമാണ്. എന്നാല്‍ സ്നേഹം അപ്രകാരമാണോ? അത് വിലപ്പെട്ടതും ശാശ്വതവുമല്ലേ? ജീവിതകാലമൊക്കെയും, അന്ത്യവരെ... മരണംവരെ എന്നെല്ലാം പറഞ്ഞു തുടിങ്ങിയ വിവാഹജീവിതവും സ്നേഹബന്ധവും താല്ക്കാലികമാകുന്നത് എങ്ങിനെ. ഉടുപ്പു മാറുന്നതുപോലെ ഊരി എറിയാമോ ജീവിത പങ്കാളിയെ, സ്നേഹിക്കുന്ന ഒരാളെ? അങ്ങനെയെങ്കില്‍ സ്നേഹം ഒരു വൈകാരിക ആവേശം  (emotional enthusiasm) മാത്രമായരിക്കാം? നമുക്ക് കുടുംബജീവിതത്തില്‍ താല്ക്കാലികതയുടെ സംസ്ക്കാരത്തിന് അടിമകളാകാന്‍ പാടില്ല. സ്നേഹം നിര്‍ണ്ണായകവും ശാശ്വതവുമാണ്. അത് അനുദിനം വളരേണ്ടതും പക്വമാര്‍ജ്ജിക്കേണ്ടതുമാണ്. ഉയര്‍ച്ചകളിലൂടെയും താഴ്ചകളിലൂടെയും അത് മുന്നോട്ടു മുന്നോട്ടുതന്നെ നീങ്ങേണ്ട പതറാത്ത ജീവിതാനുഭവമായി വളരണം.

കുടുംബം ദൈവസ്നേഹത്തിലെ പങ്കുചേരല്‍
4. വിവാഹം അനന്യമാണ്, സമാനതകളില്ലാത്ത ഒത്തുചേരലാണ്. സ്വാര്‍ത്ഥസ്നേഹമല്ല, അത് നവജീവന്‍ പകരുന്നതും പുതുജീവനായി വളരുന്നതുമായ യഥാര്‍ത്ഥ സ്നേഹമാണ്. ദൈവിക ദാനമായ ജീവനെ സ്വീകരിക്കുകയും ഏറ്റുവാങ്ങുകയും ചെയ്യുന്ന പാരസ്പരികതയുള്ള, രണ്ടു ഉത്തരവാദിത്ത്വപ്പെട്ടവരുടെ സമര്‍പ്പണമാണ് കുടുംബം! അതിനാല്‍ സഭയിലെ വിവാഹം ദൈവത്തിന്‍റെ അനന്തവും അസ്തമിക്കാത്തതുമായ സ്നേഹത്തിലുള്ള പങ്കുചേരലാണ്. അതിനാല്‍ സ്വതന്ത്രമായി ക്രിസ്തീയ വിവാഹത്താല്‍ ബന്ധിതരാകുന്ന ദമ്പതിമാര്‍ അവര്‍ തനിമയാര്‍ന്നതും, അനന്യവും അനശ്വരവുമായ ദൈവികസ്നേഹത്തിലും ദൈവികവാഗ്ദാനങ്ങളിലും പങ്കുചേരുകയാണ്. ദൈവകൃപയാണ് ഒരു സ്വതന്ത്രമായ സ്നേഹത്തില്‍, ആരുടെയും നിര്‍ബന്ധമോ പ്രേരണയോ സ്വര്‍ത്ഥമായ താല്പര്യങ്ങളോ ഇല്ലാതെ രണ്ടുപേരെ വിവാഹമെന്ന കൂദാശയില്‍ ഒന്നിപ്പിക്കുന്നത്. അങ്ങനെ മാത്രമേ വിവാഹം ദൈവിക ഉടമ്പടിയുടെ അടയാളം, ദൈവസ്നേഹത്തിന്‍റെ കൂദശയായി നിലനിലക്കുകയുള്ളൂ. അങ്ങനെയുള്ള കുടുംബത്തില്‍ ദൈവമായ ക്രിസ്തു സന്നിഹിതനാകും. കാനായിലെ വിവാഹവിരുന്നിനെ തന്‍റെ സാന്നിദ്ധ്യംകൊണ്ട് ആശീര്‍വ്വദിച്ചവന്‍! ക്രിസ്തുവാകുന്ന പാറമേല്‍ ആ കുടുംബം പ്രതിസന്ധികളിലും പ്രയാസങ്ങളിലും പതറാതെ നില്ക്കും! ......

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 August 2018, 18:59