മാതൃസന്നിധിയിലെ ത്രികാലപ്രാര്‍ത്ഥന മാതൃസന്നിധിയിലെ ത്രികാലപ്രാര്‍ത്ഥന 

അനുരഞ്ജനത്തിന്‍റെ നിയോഗവുമായി നോക്കിലെ ത്രികാലപ്രാര്‍ത്ഥന

ആഗസ്റ്റ് 26-Ɔο തിയതി ഞായറാഴ്ച രാവിലെയാണ് ഡ്ബ്ലിനില്‍നിന്നും നോക്കിലെ ദൈവമാതാവിന്‍റെ തീര്‍ത്ഥത്തിരുനടയില്‍ എത്തി പാപ്പാ ഫ്രാന്‍സിസ് ജനങ്ങള്‍ക്കൊപ്പം ത്രികാല പ്രാര്‍ത്ഥന ചൊല്ലി, സന്ദേശം നല്കിയത്:

- ഫാദര്‍ വില്യം നെല്ലിക്കല്‍

അത്ഭുതനാഥയുടെ തീര്‍ത്ഥത്തിരുനടയില്‍
ഐറിഷ് ജനതയ്ക്ക് ഏറെ പ്രിയപ്പെട്ട നോക്കിലെ ദൈവനാഥയുടെ തീര്‍ത്ഥത്തിരുനടയില്‍ നിലക്കുന്നതില്‍ അതിയായ സന്തോഷവും നന്ദിയുമുണ്ട്.
കുടുംബങ്ങളുടെ ആഗോളസംഗമത്തിന്‍റെ പശ്ചാത്തലത്തില്‍ തന്‍റെ മക്കള്‍ക്ക് ഇവിടെ നോക്കില്‍ ദര്‍ശനഭാഗ്യം നല്കിയ കന്യകാനാഥയ്ക്ക് ലോകത്തെ എല്ലാക്കുടുംബങ്ങളെയും, പ്രത്യേകിച്ച് സമ്മേളനത്തില്‍ പങ്കെടുക്കുന്ന കുടുംബങ്ങളെയും അയര്‍ലന്‍ലിലെ കുടുംബങ്ങളെയും സമര്‍പ്പിക്കുന്നു!

സ്വര്‍ണ്ണജപമായുടെ സ്നേഹാര്‍പ്പണം
സന്ദര്‍ശനത്തിന്‍റെ ഓര്‍മ്മയ്ക്കായി ഒരു സ്വര്‍ണ്ണജപമാല കന്യകാനാഥയ്ക്ക് സമര്‍പ്പിക്കുന്നു. കുടുംബപ്രാര്‍ത്ഥനയും ജപമാലയും ക്രൈസ്തവ കുടുംബങ്ങളുടെ എക്കാലത്തെയും നല്ല പാരമ്പര്യമാണ്. അതു തുടരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ജപമാല മന്ത്രത്തിലൂടെ ദിവജനനിയുടെ സന്തോഷത്തിന്‍റെയും, പ്രകാശത്തിന്‍റെയും, ദുഃഖത്തിന്‍റെയും, മഹത്വത്തിന്‍റെയും രഹസ്യങ്ങള്‍ ധ്യാനിച്ചുകൊണ്ട് എത്രയോ മാതാപിതാക്കളുടെയും മക്കളുടെയും മനസ്സുകളാണ് ജീവിതത്തില്‍ സാന്ത്വനവും സമാശ്വാസവും അനുദിനം തേടുന്നത്.

മാതൃസ്നേഹത്തിന്‍റെ അഭയസ്ഥാനം
മറിയം നമ്മുടെ അമ്മയാണ്. സഭയുടെ അമ്മയാണ്. കണ്ണീരിന്‍റെ ഈ താഴ്വാരത്ത് ദൈവജനം അമ്മയുടെ ചാരത്തേയ്ക്കാണ് സഹായത്തിനായി ഓടിയെത്തുന്നത്. ദൈവരാജ്യം പ്രഘോഷിക്കുന്ന കുടുംബങ്ങള്‍ തങ്ങളില്‍ എളിയവരും പാവങ്ങളുമായ സഹോദരങ്ങളോട് പരിഗണയുള്ളവരായിരിക്കട്ടെ! ദൈവത്തിന്‍റെ പ്രതിഛായയില്‍ സൃഷ്ടിക്കപ്പെട്ട ഓരോ സ്ത്രീ പുരുഷന്‍റെയും അന്തസ്സിനെയും അവരുടെ നിത്യതയിലേയ്ക്കുള്ള മഹനീയമായ ലക്ഷ്യത്തെയും ഉലയ്ക്കുന്ന ഈ കാലഘട്ടത്തില്‍ ഉയരുന്ന കാറ്റിലും കോളിലും മുന്നേറുമ്പോള്‍ പരിശുദ്ധ കന്യകാനാഥ നമുക്ക് വിശ്വാസത്തിന്‍റെയും ജീവിതനന്മയുടെയും അഭയസ്ഥാനമായാരിക്കേണമേ!

വ്രണിതാക്കളെ അമ്മയ്ക്കു സമര്‍പ്പിക്കാം
ക്ലേശിക്കുന്ന ക്രൈസ്തവ കുടുംബങ്ങളെ അമ്മേ, കാരുണ്യത്തോടെ നോക്കണമേ! പീഡിതരായ ഈ നാടിന്‍റെ മക്കളെ, പ്രത്യേകിച്ച് സഭാശുശ്രൂഷകരുടെ പീഡനങ്ങളാല്‍ മാനസികവ്യഥകള്‍ അനുഭവിക്കുന്നവരെ ഈ തിരുനടയില്‍ കന്യാകാനാഥയ്ക്കു സമര്‍പ്പിക്കുന്നു. അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാ‍ര്‍ത്ഥിക്കുന്നു. പീഡനങ്ങള്‍മൂലം തങ്ങളുടെ ജീവിതങ്ങളെ കളങ്കപ്പെടുത്തിയതിന്‍റെ ഭീതിയില്‍ കഴിയുന്നവര്‍ നിരവധിയാണ്. അവരുടെ ഓര്‍മ്മകള്‍ വേദനാപൂര്‍ണ്ണവുമാണ്. ഈ തുറന്ന മുറിപ്പാടിന്‍റെ വെല്ലുവിളികള്‍ നീതിയുടെയും സത്യത്തിന്‍റെയും പാതയില്‍ ഉറച്ചുനില്ക്കാന്‍ നമ്മെ സഹായിക്കട്ടെ. സമൂഹം അനുവഭിക്കേണ്ട വന്ന ഈ പീഡനക്കേസുകള്‍ക്കും സഭയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ള ഉതപ്പുകള്‍ക്കും മാപ്പുയാചിക്കുന്നു. പീഡിപ്പിക്കപ്പെട്ടവരെ സമാശ്വാസിപ്പിക്കണമേയെന്നും, ഇനിയൊരിക്കലും ഇത്തരത്തിലുള്ള നികൃഷ്ടമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും  ദൈവമാതായവിന്‍റെ മാദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കുന്നു.

രമ്യതയാര്‍ക്കുന്ന വിഭാഗീയത
ഈ തീര്‍ത്ഥാടനത്തില്‍ വടക്കന്‍ അയര്‍ലണ്ടിലെ ജനങ്ങളെയും പ്രത്യേകം കന്യകാനാഥയ്ക്കു സമര്‍പ്പിക്കുന്നു. കുടുംബസംഗമത്തിന്‍റെ പരിപാടികള്‍മൂലം വടക്കാന്‍ ഭാഗത്തേയ്ക്ക് വരാന്‍ സാധിച്ചില്ലെങ്കിലും അവിടത്തുകാരെ വാത്സല്യത്തോടെ അനുസ്മരിക്കുന്നു, ആത്മീയസാമീപ്യം അറിയിക്കുന്നു. റപ്പബ്ലിക്കുമായുള്ള വടക്കിന്‍റെ അനുരജ്ഞന ശ്രമങ്ങളെ കന്യകാംബിക തുണയ്ക്കട്ടെ. അതുപോലെ ഇന്നാട്ടിലെ ഇതര ക്രൈസ്തവസമൂഹങ്ങളെയും സഭൈക്യശ്രമങ്ങളെയും ശ്ലാഘിക്കുന്നു. സമാധാനശ്രമങ്ങള്‍ക്ക് ക്രൈസ്തവകൂട്ടായ്മ പിന്‍ബലമാകട്ടെ. അങ്ങനെ ഇന്നിന്‍റെ തലമുറ സമാധാനപൂര്‍ണ്ണതയും ഐക്യദാര്‍ഢ്യവും ഉള്ളതായി വളരട്ടെ! ക്രൈസ്തവരും മുസ്ലീങ്ങളും യഹുദരും – മനുഷ്യര്‍ ഏതു ജാതിയുമാവട്ടെ ഇന്നാട്ടില്‍ നീതിയോടും സമാധാനത്തോടുകൂടെ ഐക്യത്തില്‍ ജീവിക്കട്ടെ.

അങ്ങനെ നീതിയുടെയും സത്യത്തിന്‍റെ അനുരജ്ഞനത്തിന്‍റെയും വിവിധ നിയോഗങ്ങളുമായിട്ടാണ് സന്ദേശത്തിനുശേഷം നോക്കിലെ മാതൃസന്നിധിയില്‍ വിശ്വാസികള്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് ത്രികാലപ്രാര്‍ത്ഥന ചൊല്ലിയത്.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 August 2018, 17:55