തിരയുക

Vatican News

മാതാപിതാക്കളടങ്ങുന്ന കുടുംബത്തില്‍ ജീവിക്കാനുള്ള അവകാശം

സ്വവര്‍ഗ്ഗപ്രേമ പ്രവണതയുള്ള കുഞ്ഞുങ്ങളുമായി സംഭാഷണത്തിലേര്‍പ്പെടുക, അവരെ തള്ളിക്കളയരുത്, മൗ നം പരിഹാരമല്ല, പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സ്വവര്‍ഗ്ഗപ്രേമ പ്രവണതയുള്ള കുട്ടികളുടെ കാര്യത്തില്‍  മൗനം പാലിക്കുന്ന മാതാപിതാക്കള്‍ അവരുടെ കര്‍ത്തവ്യനിര്‍വ്വഹണത്തില്‍ വീഴ്ചവരുത്തുന്നുവെന്ന് മാര്‍പ്പാപ്പാ.

അയര്‍ലണ്ടിന്‍റെ തലസ്ഥാനമായ ഡബ്ലിനില്‍ ആഗോളസഭാതലത്തില്‍ സംഘടിപ്പിക്കപ്പെട്ട ഷഢ്ദിന ലോക കുടുംബസംഗമത്തിന്‍റെ  അവസാന രണ്ടുദിനങ്ങളില്‍ പങ്കെടുത്ത ശേഷം  റോമിലേക്കുള്ള മടക്കയാത്രയില്‍ ഞാറാഴ്ച (26/08/18) മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുനവദിച്ച അഭിമുഖത്തില്‍ “റോം റിപ്പോര്‍ട്ട്സ് ടിവി” യുടെ പ്രതിനിധി സ്വവര്‍ഗ്ഗ  പ്രേമികളെക്കുറിച്ചുന്നയിച്ച ചോദ്യത്തിനു ഉത്തരം നല്കവെയാണ് ഫ്രാന്‍സീസ് പാപ്പാ മതാപിതാക്കളുടെ സമീപനരീതി എന്തായിരിക്കണമെന്ന് വ്യക്തമാക്കിയത്.

ഒരു കുട്ടിയില്‍ സ്വവര്‍ഗ്ഗ പ്രേമ പ്രവണത കണ്ടുതുടങ്ങുകയാണെങ്കില്‍ അതു തിരുത്തുന്നതിന് പലകാര്യങ്ങളും ചെയ്യാന്‍ സാധിക്കുമെന്നും എന്നാല്‍ മൗനം അതിനൊരു പരിഹാരമല്ലെന്നും പാപ്പാ വ്യക്തമാക്കി.

മകനായാലും മകളായാലും അവരോട് സംഭാഷണത്തിലേര്‍പ്പെടണമെന്നും അവര്‍ക്ക് കുടുംബത്തില്‍, മാതാവും പിതാവുമടങ്ങുന്ന, കുടുംബത്തില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്നും, അവരെ അകറ്റിനിറുത്തുകയല്ല വേണ്ടതെന്നും പാപ്പാ പറഞ്ഞു.

കുടിയേറ്റക്കാരെ സ്വീകരിക്കുന്നതില്‍ വിവേകത്തിന്‍റെ പ്രസക്തി

ഇറ്റലിയിലെ കത്താനിയയില്‍ 140 ലേറെ അനധികൃത കുടിയേറ്റക്കാരുമായെത്തിയ “ദിച്ചോത്തി” എന്ന കപ്പലിനെ ഇറ്റലിയുടെ അധികൃതര്‍ ഒരാഴ്ചയിലേറെ തടഞ്ഞു വച്ച സംഭവം ഇറ്റിലിയിലെ സഭയുടെ ഇടപെടലിലൂടെ ശനിയാഴ്ച അവസാനിച്ച പശ്ചാത്തലത്തില്‍, അതെക്കുറിച്ചും ഉന്നയിക്കപ്പെട്ട ചോദ്യത്തിനു മറുപടി പറയവെ പാപ്പാ, കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുമ്പോള്‍, വിവേകം, അതായത്, എത്ര പേരെ സ്വീകരിക്കാന്‍ കഴിയും എന്നതിനെയും അവരെ സമൂഹത്തില്‍ ഉള്‍ച്ചേര്‍ക്കാനുള്ള സാധ്യതകളെയും സംബന്ധിച്ച കാര്യത്തില്‍, വിവേകം ആവശ്യമാണെന്ന് ഓര്‍മ്മിപ്പിച്ചു.

28 August 2018, 12:41