തിരയുക

Vatican News
ജാഗരപ്രാര്‍ത്ഥനാവേദി - ചിര്‍ക്കോ മാസ്സിമോ സ്റ്റേഡിയം ജാഗരപ്രാര്‍ത്ഥനാവേദി - ചിര്‍ക്കോ മാസ്സിമോ സ്റ്റേഡിയം  (Vatican Media)

ക്രിസ്തുവിന്‍റെ മുഖകാന്തി ദര്‍ശിക്കാന്‍ ഒരു യുവജനപ്രയാണം

മാനവികതയുടെ സമൂഹ്യനിര്‍മ്മിതിക്ക് യുവജനങ്ങള്‍ വെല്ലുവിളികളെ നേരിട്ടു മുന്നോട്ടു പോകണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. കാല്‍നടയായി ഇറ്റലിയുടെ വിവിധ രൂപതകളില്‍നിന്നെത്തിയ 70,000-ല്‍‍പ്പരം യുവജനങ്ങള്‍ റോമിലെ ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ സമ്മേളിച്ചു. പാപ്പാ ഫ്രാന്‍സിസ് അവരുടെ ജാഗരപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി. പാപ്പാ നല്കിയ വചന പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗം താഴെ ചേര്‍ക്കുന്നു :

- ഫാദര്‍ വില്യം നെല്ലിക്കല്‍

യുവജനങ്ങളുടെ ജാഗരാനുഷ്ഠാനം
ആഗസ്റ്റ് 11-‍Ɔο തിയതി ശനിയാഴ്ച റോമിലെ ചിര്‍ക്കോ മാക്സിമോ സ്റ്റേഡിയത്തില്‍ സംഗമിച്ച എഴുപതിനായിരത്തില്‍പ്പരം യുവജനങ്ങളെയാണ് പ്രാര്‍ത്ഥനാശുശ്രൂഷയുടെ അന്ത്യത്തില്‍ സുവിശേഷത്തെ അധികരിച്ച് പാപ്പാ ഫ്രാന്‍സിസ്  ഉദ്ബോധിപ്പിച്ചു. ആസന്നമാകുന്ന യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള 15-Ɔമത് മെത്രാന്മാരുടെ സിനഡുസമ്മേളനത്തിന് തങ്ങളുടെ പ്രാര്‍ത്ഥനാപൂര്‍ണ്ണമായ പിന്‍തുണ നേര്‍ന്നുകൊണ്ടാണ് യുവജനങ്ങള്‍ കാല്‍നടയായി ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും റോമില്‍ എത്തിയതും ജാഗരം അനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ചതും.

ഓടി എത്തിയവര്‍...!
സാബത്തു കഴിഞ്ഞവരുന്ന ദിനത്തിന്‍റെ ഭാവനാതീതമായ ഒരു പുലരിയെ സുവിശേഷകന്‍ വരച്ചുകാട്ടുന്നു. തങ്ങളുടെ ജീവിത  വെളിച്ചമായ ദിവ്യഗുരുവിന്‍റെ കല്ലറ ശൂന്യമാണ് എന്നറിഞ്ഞ ശിഷ്യന്മാര്‍ അവിടേയ്ക്ക് ഓടി (യോഹ. 20, 1-8). അതില്‍ ചെറുപ്പക്കാരനായ യോഹന്നാന്‍ മറ്റുള്ളവരെക്കാള്‍ വേഗത്തില്‍ ഓടി ആദ്യം എത്തി. മഗ്ദലയിലെ മറിയവും ഓടി. എന്നാല്‍ അവള്‍ ഓടിയത്, ശൂന്യമായ കല്ലറയുടെ വിവരം മറ്റു ശിഷ്യന്മാരെ അറിയിക്കാനായിരുന്നു. അതുപോലെ സസ്രത്തിലെ മേരി ഓടിയത്. ദൈവികസന്ദേശം ലഭിച്ചവള്‍ തന്‍റെ ചാര്‍ച്ചക്കാരിയായ എലിസബത്ത് ഗര്‍ഭവിതായായെന്നു മനസ്സിലാക്കി അവളെ സഹായിക്കാന്‍ വേണ്ടിയായിരുന്നു.   മേരിയും ഒരു യുവതിയായിരുന്നു. ജീവിതസ്വപ്നങ്ങള്‍ മനസ്സിലേറ്റി യുവജനങ്ങള്‍ പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യത്തോടെ മുന്നോട്ട് ഓടിയാല്‍ മാനവികതയുടെ നവനിര്‍മ്മിതിക്കും ദൈവരാജ്യ സുസ്ഥിതിക്കും അത് സഹായകമാകും. ശൂന്യമായ കല്ലറയിങ്കലേയ്ക്ക് ഉത്ഥിതനെ കാണാന്‍ ഓടിയെത്തിയ ശിഷന്മാരെയും മഗ്ദലയിലെ മേരിയെയും  പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങള്‍ക്ക് മാതൃകകളായി  ചൂണ്ടിക്കാട്ടി.

അമ്മയോടു ചേര്‍ന്നുനില്ക്കാം!
തങ്ങളുടെ ഗുരുവിന്‍റെ മുഖകാന്തി ഒരിക്കല്‍ക്കൂടി കാണാമെന്ന പ്രത്യാശയാണ് മഗ്ദലയിലെ മേരിയെയും മറ്റു  രണ്ടു ശിഷ്യന്മാരെയും അവിടെ ഓടിയെത്താന്‍ പ്രേരിപ്പിച്ചത്. അതില്‍ വേഗം ഓടി ആദ്യമെത്തിയത് യുവാവായ ശിഷ്യന്‍, യോഹന്നാനാണ്!  ക്രിസ്തു കുരിശില്‍ മരിച്ചതിന് അയാള്‍ മറിയത്തോടൊപ്പം ദൃക്സാക്ഷിയുമായിരുന്നു.  ധീരമായ വിശ്വാസത്താല്‍ പ്രേരിതനായി  മറിയത്തിന്‍റെകൂടെ യോഹന്നാന്‍ കുരിശിന്‍ ചുവട്ടില്‍നിന്നു.  വിശ്വാസം പതറുകയോ,  മങ്ങുകയോ ചെയ്യുമ്പോള്‍  മടിക്കാതെ യോഹന്നാനെപ്പോലെ യേശുവിന്‍റെ അമ്മയായ മറിയത്തോടുകൂടെ  നമുക്കും ചേര്‍ന്നുനില്ക്കാം!

മനസ്സില്‍ പതിയേണ്ട ക്രിസ്തുവിന്‍റെ മുഖകാന്തി
അതിക്രമങ്ങളാലും അനീതിയായും മനുഷ്യജീവിതങ്ങള്‍ ഇന്ന് ചവിട്ടിമെതിക്കപ്പെടുന്നുണ്ട്. യുദ്ധവും കലാപവും ക്ലേശങ്ങളും ഇന്ന് ലോകത്ത് തിങ്ങിനില്ക്കുകയാണ്. സ്വപ്നങ്ങള്‍ മനസ്സിലേറ്റി ഇനിയും നമ്മുടെ ജീവിതപ്രയാണം മുന്നേറണമെങ്കില്‍ ക്രിസ്തുവിന്‍റെ മുഖകാന്തി മനസ്സിലേറ്റണം, അത് മനസ്സില്‍  നന്നായി പതിയണം. അതുവഴി ജീവിതയാത്രയില്‍  മുന്നേറാനുള്ള പ്രത്യശ വളര്‍ത്തിയെടുക്കാം.

കൈകോര്‍ത്തു മുന്നേറാം!
സാഹോദര്യവും കൂട്ടായ്മയും, പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യവും യുവജനങ്ങള്‍ക്ക് അനിവാര്യമാണ്. ധാരാളം പേര്‍ ക്ഷീണിതാരായി  ഭയന്നും, മടിച്ചും മുന്നോട്ടു പോകാന്‍ പമ്മിനില്ക്കുന്നുണ്ട്. ചിലര്‍ പിന്മാറുന്നുണ്ട്. പരിശുദ്ധാത്മാവാല്‍ നിറഞ്ഞ് നാം സ്നേഹിക്കുന്ന ക്രിസ്തുവിന്‍റെ മുഖകാന്തി നമ്മുടെ സഹോദരങ്ങളില്‍ ദര്‍ശിച്ച്, വിശിഷ്യ എളിയവരും പാവങ്ങളുമായവരില്‍ ദര്‍ശിച്ച് സന്മനസ്സോടും പ്രത്യാശയോടുംകൂടെ മുന്നോട്ടു നീങ്ങാനുള്ള കരുത്താര്‍ജ്ജിക്കാം! പാപ്പാ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.

13 August 2018, 20:01