തിരയുക

Vatican News
വിമാനത്തിലെ വാര്‍ത്താസമ്മേളനം - പാപ്പായും വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബേര്‍ക്കും വിമാനത്തിലെ വാര്‍ത്താസമ്മേളനം - പാപ്പായും വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബേര്‍ക്കും  (ANSA)

പാപ്പാ ഫ്രാന്‍സിസിന് എതിരെ ഉയര്‍ന്ന വ്യാജവാര്‍ത്തകള്‍!

ആഗസ്റ്റ് 29 ബുധന്‍ പാപ്പാ ഫ്രാന്‍സിസിന് എതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയ വത്തിക്കാന്‍റെ മുന്‍-നയതന്ത്രജ്ഞന്‍, ഇറ്റലിക്കാരന്‍ ആര്‍ച്ചുബിഷപ്പ് കാര്‍ളോ മരിയ വിഗനോയുടെ പേരു പറഞ്ഞായിരുന്നു ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ച വേദിയില്‍ ആക്രോശമുണ്ടായെന്ന് മാധ്യമങ്ങളില്‍ പുറത്തുവന്ന. വാര്‍ത്ത വ്യാജമെന്ന് അന്നുതന്നെ വത്തിക്കാന്‍റെ മാധ്യമ പ്രവര്‍ത്തകന്‍ അലസാന്ത്രോ ജിസ്യോത്തി വ്യക്തമാക്കി.

- ഫാദര്‍ വില്യം നെല്ലിക്കല്‍

പോപ്പിനെതിരെ വ്യാജവാര്‍ത്ത
വത്തിക്കിനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ബുധനാഴ്ച നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയു‌ടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസിനെ വെല്ലുവിളിക്കുന്ന ആക്രോശം ഗാനരൂപത്തില്‍ ഉയര്‍ന്നതായിട്ടാണ്  ഇറ്റലിയിലും ചില രാജ്യാന്തര മാധ്യമങ്ങളിലും വാര്‍ത്ത പരന്നത്. പൊതുകൂടിക്കാഴ്ചയുടെ അന്ത്യത്തില്‍ പാപ്പായുമായി നേര്‍ക്കാഴ്ച നടത്തിയ ഇറ്റലിയിലെ ലൂക്കാ രൂപതയുടെ മെത്രാന്‍, ഇത്താലോ കസ്തലാനിയുടെ രൂപതാംഗങ്ങള്‍ പൊതുവേദിയിയില്‍ അങ്ങ് അകലെ ഇരുന്നു പാടി, “ഇത്താലോ... ഇത്താലോ..”!  ഈ  ആഹ്ലാദപ്രകടനമാണ് പാപ്പായ്ക്ക് എതിരായ പ്രകടനമായി ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്. തങ്ങളുടെ മെത്രാന്‍ ഇത്താലോയെ പാപ്പാ ആശ്ലേഷിക്കുന്നതു കണ്ടതില്‍ അജഗണങ്ങള്‍ക്കുള്ള ആഹ്ലാദ പ്രകടനമായിരുന്നു സത്യത്തില്‍  അത്. എന്നാല്‍ ഗാനരൂപത്തില്‍ ഉയര്‍ന്ന ആക്രോശം പോപ്പ് ഫ്രാന്‍സിസിന് എതിരായി ആഗസ്റ്റ് 25-ന് കുറ്റപത്രം മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും, പാപ്പായുടെ സ്ഥാനത്യാഗം ആവശ്യപ്പെടുകയുംചെയ്ത അമേരിക്കയിലെ മുന്‍-അപ്പസ്തോലിക സാഥാനപതി, വിരമിച്ച ആര്‍ച്ചുബിഷ് കാര്‍ളോ മരിയ വിഗനോയുടെ പേരാണ് പൊതുകൂടിക്കാഴ്ച വേദിയില്‍ ഉറക്കെപ്പാടിയതെന്ന് പ്രചരിപ്പിക്കുന്നതായിരുന്നു മാധ്യമങ്ങളില്‍ ആഗസ്റ്റ് 29-ന് പുറത്തുവന്ന വ്യാജവാര്‍ത്ത! 

സത്യത്തിന് ഏറെ സാക്ഷികള്‍
“ഇത്താലോ... ഇത്താലോ” എന്ന സംഗീതാത്മകമായ ആക്രോശം!...വിഗനോ, വിഗനോ എന്നായിരുന്നെന്ന് പറഞ്ഞായിരുന്നു  മാധ്യമങ്ങള്‍ വാര്‍ത്ത മെനഞ്ഞത്. വത്തിക്കാന്‍ ടെലിവിഷന്‍ പകര്‍ത്തിയിയിട്ടുള്ള പാപ്പായുടെ വീഡിയോയും, പങ്കെടുത്ത ആയിരങ്ങളും സാക്ഷിയായിരിക്കെയാണ് തല്പരകക്ഷികള്‍ വ്യാജവാര്‍ത്ത ചമച്ചത്.  പാപ്പായുടെ എല്ലാപരിപാടികളും രേഖീകരിക്കുന്ന വത്തിക്കാന്‍റെ ദൃശ്യശ്രാവ്യമാധ്യങ്ങളില്‍നിന്നും സത്യം സുവ്യക്തമാണ്. https://www.youtube.com/watch?v=G1cTzALfpY8.

മെത്രാന്‍ വിഗനോ ഉന്നയിക്കുന്ന ആരോപണം
കഴിഞ്ഞ 20 വര്‍ഷക്കാലത്ത് സഭയിലുണ്ടായിട്ടുള്ള ലൈഗിംഗ പീഡനക്കേസുകള്‍ക്ക് അക്കാല ഘട്ടങ്ങളിലെ എല്ലാ സഭാധികാരികളെയും കുറ്റപ്പെടുത്തുന്നതാണ് വിരമിച്ച കാര്‍ളോ വിഗനോ എന്ന മെത്രാപ്പോലീത്തയുടെ ആരോപണം.  ആരോപണത്തിന്‍റെ അവസാന കണ്ണിയില്‍ പാപ്പാ ഫ്രാന്‍സിസിനെയും ചേര്‍ത്താണ് കുറ്റപത്രം ആഗസ്റ്റ് 25 ശനിയാഴ്ച ആര്‍ച്ചുബിഷപ്പ് വിഗനോ  പ്രസിദ്ധപ്പെടുത്തിയത്.  പാപ്പ ഫ്രാന്‍സിസ് സ്ഥാനമൊഴിയണമെന്നും, വിശ്രമജീവിതം കഴിക്കുന്ന ഇറ്റലിക്കാരനായ ഈ മെത്രാപ്പോലീത്ത  ആരോപണത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പാപ്പാ ഫ്രാ‍ന്‍സിസിനെ വിമര്‍ശിച്ച് വാര്‍ത്താക്കുറിപ്പുകള്‍ മുന്‍പും പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വത്തിക്കാന്‍റെ മുന്‍നയതന്ത്രജ്ഞനായിരുന്ന കാര്‍ളോ വിഗനോ വളരെ തന്ത്രപ്രധാനമായ സമയത്താണ് ആരോപണം ഇറക്കിയത്. പാപ്പാ ഫ്രാന്‍സിസ് അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ രാജ്യാന്തര സംഗമത്തില്‍  കുടുംബങ്ങള്‍ക്കൊപ്പമായിരുന്നു !

പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതികരണം
അയലണ്ടില്‍നിന്നും മടങ്ങവേ, വിമാനത്തിലെ വാര്‍ത്താസമ്മേളനത്തില്‍ പാപ്പായ്ക്കൊപ്പം ഉണ്ടായിരുന്ന രാജ്യാന്തര മാധ്യമ പ്രവര്‍ത്തകര്‍ ആര്‍ച്ചുബിഷപ്പ് വിഗനോയുടെ ആരോപണത്തെക്കുറിച്ച് ചോദിക്കുകയുണ്ടായി. തന്നെക്കുറിച്ചുള്ള ഈ ആരോപണങ്ങളെ വിലയിരുത്താനുള്ള ഉത്തരവാദിത്ത്വപൂര്‍ണ്ണായ വൈദഗ്ദ്ധ്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടെന്നു മാത്രമായിരുന്നു പാപ്പായുടെ പുഞ്ചിരിച്ചുകൊണ്ടുള്ള പ്രതികരണം.

2018-ലെ പാപ്പാ ഫ്രാന്‍സിസിന്‍റെ മാധ്യമദിന സന്ദേശം "വ്യാജവാര്‍ത്തകളും ഉത്തരവാദിത്വപൂര്‍ണ്ണമായ ആശയവിനിമയവും..." എന്നതായിരുന്നു.
Cf.  Message of Pope Francis for World Communications Day, “The truth will set you free” (Jn 8:32), Fake news and journalism for peace,  24, January 2018.

31 August 2018, 10:01