അള്‍ത്താരശുശ്രൂഷകരുടെ  തീര്‍ത്ഥാടനം അള്‍ത്താരശുശ്രൂഷകരുടെ തീര്‍ത്ഥാടനം 

ജീവിതത്തിന് അ‌ടി‌സ്ഥാനമാണ് വിശ്വാസം :‌ പാപ്പാ ഫ്രാന്‍സിസ്

ജൂലൈ 31-Ɔο തിയതി ചൊവ്വാഴ്ച്ച വത്തിക്കാനില്‍ സംഗമിച്ച അള്‍ത്താര ശുശ്രൂഷകരുടെ രാജ്യന്തര സംഗമത്തിലെ യുവജനങ്ങളെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍വച്ച് ഒരഭിമുഖത്തിലൂടെ അവരോട് സംസാരിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് അവരെ വിശ്വാസത്തെക്കുറിച്ച് ഉദ്ബോധിപ്പിച്ചത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ജീവന്‍ തരുന്ന വിശ്വാസം
വിശ്വാസത്തെക്കുറിച്ച് ഒരു ജര്‍മ്മന്‍കാരി യുവതിയുടെ ചോദ്യം, ഇന്ന് ദൈവവും മതവും വേണ്ടെന്ന ചിന്ത ലോകത്ത് ഉയര്‍ന്നു വരുന്നതിനെക്കുച്ചായിരുന്നു. പാപ്പാ മറുപടിയായ വിശ്വാസജീവിതത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. വിശ്വാസം മനുഷ്യന് അനിവാര്യമാണ്. വിശ്വാസമുള്ളതുകൊണ്ടാണ് ഒരു മനുഷ്യന്‍ ജീവിക്കുന്നത്. നാം ശ്വാസിക്കുന്ന വായു പോലെയാണത്. വായു ഇല്ലെങ്കില്‍ ശ്വാസം നിലയ്ക്കും, ജീവന്‍ നിലയ്ക്കും!
വായു മലീമസമായാല്‍ തന്നെ ശ്വാസതടസ്സം നേരിടുന്നു. ജീവിതത്തിന് അര്‍ത്ഥം തരുന്നത് വിശ്വാസമാണ്. നമുക്ക് ജീവന്‍ നല്കുകയും അനന്തമായി നമ്മെ പരിപാലിക്കുകയും ചെയ്യുന്ന ആരോ ഉണ്ട്. അതാണ് ദൈവം! ദൈവത്തെ നാം നമ്മുടെ സ്രഷ്ടാവും രക്ഷകനുമായി അംഗീകരിക്കുന്നതാണു വിശ്വാസം. നാം ദൈവത്തെ സ്നേഹിക്കുകയും, നമ്മുടെ ജീവിനെ ദൈവത്തിന്‍റെ ദാനമായി അംഗീകരിക്കുകയും വേണം. ദൈവം നമ്മോടു ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ട്. അതുപോലെ നാമും ദൈവികൈക്യത്തില്‍ ജീവിക്കാനും വളരാനും ആഗ്രഹിക്കണം. ദൈവത്തില്‍ വിശ്വാസമില്ലാതെ നാം അവിടുത്തെ മക്കളാണെന്ന് അവകാശപ്പെടാനാവില്ല.

വിശ്വാസം നമ്മെ ദൈവമക്കളാക്കുന്നു!
യേശുവാണ് ഏക ദൈവപുത്രന്‍. അവിടുന്ന് അനന്യനാണ് കാരണം അവിടുന്ന് ദൈവപുത്രനാകയാല്‍ ദൈവം തന്നെയാണ്. നാം ദൈവപുത്രരുമാണ്. (children of God).  ദൈവമക്കള്‍ രൂപീകരിക്കുന്ന ദൈവത്തിന്‍റെ കുടുംബമാണ് സഭ – ക്രിസ്തുവില്‍ നാം സഹോദരങ്ങളാണ്. അവിടുന്നിലും അവിടുത്തിലൂടെയും നാം ദൈവത്തെ അറിയുന്നു. അതുകൊണ്ടാണ് പൗലോസ് അപ്പസ്തോലന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്, ക്രിസ്തുവില്‍  സ്വീകരിച്ചിട്ടുള്ള കൂദാശകളിലൂടെയും വചനത്തിലൂടെയും നമ്മള്‍ അന്യരോ പരദേശികളോ അല്ല ദൈവമക്കളാണ് (എഫേ.3, 19).

മറ്റു ചോദ്യങ്ങള്‍ക്കും  ഉത്തരം
ജീവതത്തില്‍ എങ്ങനെ നന്മചെയ്യാം, എങ്ങനെ വിശുദ്ധിയില്‍ വളരാം..?
നന്മചെയ്യുക എളുപ്പമല്ല. പരിശ്രമം ആവശ്യമാണ്. അദ്ധ്വാനത്തിലൂടെയാണ് വിശുദ്ധി ആര്‍ജ്ജിക്കേണ്ടത്. വിശുദ്ധിയുടെ പാതയില്‍ അലസതയ്ക്ക് പ്രസക്തിയില്ല. അള്‍ത്താര ശുശ്രൂഷകര്‍ക്കുള്ള ചെറിയ ഉത്തരവാദിത്വങ്ങള്‍ നിങ്ങളുടെ ജീവിതവിശുദ്ധിക്കായി ദൈവം തെളിച്ചൊരു വഴിയായി കാണണം. അത് ദൈവസ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും വഴിയാണ്. നാം ദൈവവുമായി ഐക്യത്തിലാണെങ്കില്‍, അവിടുത്തെ സ്നേഹത്തിന് പ്രതിനന്ദിയുള്ളവരും അവിടുത്തെ ശുശ്രൂഷിക്കാന്‍ സന്നദ്ധരുമാണെങ്കില്‍, ആ ദൈവസ്നേഹം സഹോദരങ്ങളിലേയ്ക്ക് വഴിഞ്ഞൊഴുകും.

സ്നേഹവും കാരുണ്യപ്രവൃത്തികളും
സ്നേഹത്തിന്‍റെ കല്പന യാഥാര്‍ത്ഥ്യമാക്കാന്‍ നല്ല ഉപാധി കാരുണ്യപ്രവൃത്തികളാണ് (കാരുണ്യത്തിന്‍റെ ശാരീക പുണ്യങ്ങളും, ആത്മീയ പുണ്യങ്ങളും). ഈ പശ്ചാത്തലത്തില്‍ എനിക്ക് ഇപ്പോള്‍ സഹോദരന്‍റെ, അയല്‍ക്കാരന്‍റെ ആവശ്യങ്ങള്‍ക്കായി എന്തു ചെയ്യാനാകുമെന്ന് ചിന്തിക്കണം! അങ്ങനെ ക്രിസ്തുവിന്‍റെ സ്നേഹം ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട് നമുക്ക് ലോകത്തെ രൂപാന്തരപ്പെടുത്താം. എന്നാലും ഓര്‍ക്കുക, വിശുദ്ധിയുടെ ജീവിതത്തില്‍ അലസതയ്ക്ക് പ്രസക്തിയില്ല, മറിച്ച് പരിശ്രമിക്കണം, കഠിനാദ്ധ്വാനംചെയ്യണം!

സമാധാനാശംസയുടെ പൊരുള്‍
ദേവാലയത്തിന്‍റ ഉള്ളില്‍ ആശംസിക്കുന്ന സമാധാനം എങ്ങനെ പുറത്തെ ജീവിതത്തില്‍ കൊണ്ടുവരാം, എങ്ങനെ സമാധാന വാഹകരാകാം? 
സമാധാനവും ദിവ്യബലിയും അല്ലെങ്കില്‍ കുര്‍ബ്ബാനയും ഒത്തുചേര്‍ന്നു പോകുന്ന ഘടകങ്ങളാണ്. സമൂഹത്തില്‍ സമാധാനത്തിനും ഐക്യത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചശേഷമാണ് നാം പരസ്പരം സമാധാനം ആശംസിക്കുന്നത്. സമാധാനം ജീവിതത്തിന്‍റെ രൂപാന്തരീകരണ ഘടകമാണ്. നാം ക്രിസ്തുവിന്‍റെ ശരീരത്തിലെ അവയവങ്ങളാകയാല്‍ ദിവ്യബലിയാല്‍ രൂപാന്തരപ്പെടുന്ന നമുക്ക് യേശുവിനെപ്പോലെയാകാനുള്ള കൃപ ലഭിക്കുന്നു. അവിടുന്ന് സ്നേഹിച്ചതുപോലെ സ്നേഹിക്കാനും, അവിടുന്നു ക്ഷമിച്ചതുപോലെ ക്ഷമിക്കാനും, യേശുവിന്‍റെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കരുത്തുറ്റവരാകുന്നു. ഇതാണ് സമാധാനാശംസയുടെ പൊരുള്‍. ജീവിതസാഹചര്യങ്ങളില്‍.. എന്‍റെ സ്ഥാനത്ത്, യേശു എന്തു ചെയ്യുമെന്നു ചിന്തിക്കുക...! നമ്മുടെ സ്നേഹവും നാം പ്രകടമാക്കുന്ന പ്രശാന്തതയും നാം ക്രിസ്തു-ശിഷ്യരാണെന്നതിനുള്ള തെളിവാണ്..!!

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 August 2018, 09:24