തിരയുക

വിശുദ്ധ സ്റ്റാനിസ്ലാവൂസ് കോസ്റ്റ്ക 1550-1568. വിശുദ്ധ സ്റ്റാനിസ്ലാവൂസ് കോസ്റ്റ്ക 1550-1568. 

യുവജനങ്ങള്‍ക്കു മാതൃകയായി വിശുദ്ധ സ്റ്റനിസ്ലാവൂസ് കോസ്റ്റ്ക

ആഗസ്റ്റ് 15 ബുധന്‍, വത്തിക്കാന്‍ യുവാക്കളുടെ മദ്ധ്യസ്ഥനായ പോളണ്ടിലെ വിശുദ്ധ സ്റ്റാനിസ്ലാവൂസ് കോസ്റ്റ്ക്കായുടെ 450-Ɔο ചരമവാര്‍ഷികത്തില്‍ പാപ്പാ ഫ്രാന്‍സിസ് ജന്മനാടായ പോളണ്ടിലെ പ്ലോക്കിലേയ്ക്ക് സന്ദേശമയച്ചു. സ്റ്റാനിസ്ലാവൂസ് കോസ്റ്റ്ക്ക 1550 ഒക്ടോബര്‍ 28-ന് പോളണ്ടില്‍ ജനിച്ചു. ആഗസ്റ്റ് 15, 1568-ല്‍ റോമില്‍ അന്തരിച്ചു. 1726 ഡിസംബര്‍ 31-ന് വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു. വിശുദ്ധ സ്റ്റാനിസ്ലാവൂസ് കോസ്റ്റ്ക്കായുടെ തിരുനാള്‍ സഭയില്‍ അനുസ്മരിക്കുന്നത് നവംബര്‍ 13-നാണ്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വിശുദ്ധ സ്റ്റാനിസ്ലാവൂസ് കോസ്റ്റ്ക്കായുടെ ജന്മസ്ഥാനമായ പ്ലോക്ക് രൂപതിയിലെ വിശ്വാസികള്‍ക്കും പോളണ്ടിലെ ജനങ്ങള്‍ക്കും സ്റ്റാനിസ്ലാവൂസ് കോസ്റ്റ്ക്ക സ്വര്‍ഗ്ഗംപൂകിയതിന്‍റെ ജൂബിലിനാളില്‍ പാപ്പാ ഭാവുകങ്ങള്‍ അര്‍പ്പിച്ചു. ആഗസ്റ്റ് 15 സ്വര്‍ഗ്ഗാരോപണ മഹോത്സവനാളിലാണ് ഈശോസഭയിലെ സന്ന്യാസാര്‍ത്ഥിയായിരുന്ന സ്റ്റാനിസ്ലാവുസ് കോസ്റ്റ്ക്കാ 18-Ɔമത്തെ വയസ്സില്‍ മാരകമായ ഏതോ രോഗത്താല്‍ അന്തരിച്ചത്. പോളണ്ടിലെ റോസ്റ്റ്ക്കൊവോ സ്വദേശിയും പ്ലോക്ക് രൂപതാംഗവുമാണ് വിശുദ്ധ സ്റ്റാനിസ്ലാവൂസ് കോസ്റ്റ്ക്കാ.


ഈശോസഭയിലെ അംഗമാകാനും ക്രിസ്തുവിനെ അടുത്ത് അനുഗമിക്കാനുമുള്ള ആഗ്രഹവുമായി ജന്മനാടായ പോളണ്ടിലെ റോസ്റ്റ്ക്കൊവോയില്‍നിന്നും ഓസ്ട്രിയയിലെ വിയെന്നവഴി സ്റ്റാനിസ്ലാവൂസ് കോസ്റ്റ്ക്ക കാല്‍നടയായി റോമിലെത്തിയത്, ഇന്നും യുവജനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന ക്രൈസ്തവ വിശുദ്ധിയിലേയ്ക്കുള്ള ഒരു രാജ്യാന്തര പ്രയാണമാണെന്ന് പാപ്പാ ഫ്രാന്‍സിസ് തന്‍റെ സന്ദേശത്തില്‍ പ്രസ്താവിച്ചു.

വിശുദ്ധ സ്റ്റാനിസ്ലാവൂസിനെ അനുകരിച്ച് ഇന്നും പോളണ്ടിലെ യുവജനങ്ങള്‍ സിദ്ധന്‍റെ ജന്മസ്ഥലത്തേയ്ക്കു നടത്തുന്ന പ്രയാണം ജീവിതവിശുദ്ധിയിലേയ്ക്കുള്ള തീര്‍ത്ഥാടനങ്ങളാവട്ടെ! പാപ്പാ ആശംസിച്ചു. യുവജനങ്ങളു‌ടെ ഈ തീര്‍ത്ഥാടനങ്ങള്‍ ക്രിസ്തുവിനോടുള്ള സ്നേഹത്താല്‍ പ്രചോദിതവും, അവിടുത്തെ കൃപയാല്‍ ശക്തിപ്പെടുന്നതുമായിത്തീരട്ടെ! യുവജനങ്ങളുടെ നന്മയുടെ സ്വാതന്ത്ര്യം തേടുന്ന അരൂപി, ഭാവിയിലേയ്ക്കുള്ള പ്രത്യാശപൂര്‍ണ്ണമായ ഉറ്റുനോക്കല്‍, സത്യത്തിനും നന്മയ്ക്കും മനോഹാരിതയ്ക്കുമായുള്ള അവരുടെ തൃഷ്ണ എന്നിവ ഇന്ന് സമൂഹ്യവളര്‍ച്ചയ്ക്ക് ആവശ്യമാണ്, അനിവാര്യമാണ്.

യേശുവിനെ സ്നേഹിക്കാനും, അനുദിനം അവിടുത്തെ വചനം വായിച്ചു ധ്യാനിക്കാനും, അവിടുത്തെ കരുണാര്‍ദ്രവും സ്നേഹമസൃണവുമായ ദിവ്യകാരുണ്യ സാന്നിദ്ധ്യത്തെ സ്വീകരിക്കാനും, ലൗകായത്വത്തിന്‍റെ മനഃസ്ഥിതിയെ ചെറുക്കാനും വിശുദ്ധ സ്റ്റാനിസ്ലാവൂസ് യുവജനങ്ങളെ ഉദ്ബോധിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യം അന്ധമായ ഓട്ടമല്ല, മറിച്ച് ജീവിതത്തിന് ആവശ്യമായ നല്ല നിഷ്ഠകളില്‍ ജീവിക്കുന്നതാണ് സ്വാതന്ത്ര്യമെന്നു ഈ യുവവിശുദ്ധന്‍ ഉദ്ബോധിപ്പിക്കുന്നു. യേശുവിനെ ലക്ഷ്യമാക്കിയുള്ള പ്രയാണത്തിന്‍റെ ജീവിതസ്വപ്നത്തില്‍ നഷ്ടവും, അപായസാദ്ധ്യതകളും, വെല്ലുവിളികളും ഉറപ്പാണ്. എന്നാല്‍ യഥാര്‍ത്ഥ സന്തോഷം ലഭിക്കണമെങ്കില്‍ ക്രിസ്തുവിന്‍റെ വഴിയേ തന്നെ നാം ചരിക്കണം. അതു സുവിശേഷവഴിയാണ്. ഒരു നവലോക നിര്‍മ്മിതിക്കും ഈ ഭൂമിയില്‍ നന്മ വളര്‍ത്തുന്നതിനും, “ശ്രേഷ്ഠമായ കാര്യങ്ങള്‍ക്കു വിളിക്കപ്പെട്ടവരാണു നാം...!” (Ad maiora natus est …)  എന്നുള്ള വിശുദ്ധ സ്റ്റാനിസ്ലാവൂസ് കോസ്റ്റ്ക്കയുടെ സൂക്തം  ഇന്നു നമുക്കും സ്വായത്തമാക്കാം!  ഇങ്ങനെയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 August 2018, 20:09