തിരയുക

ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാന്‍ 01-08-18 ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാന്‍ 01-08-18 

വിശുദ്ധ അല്‍ഫോന്‍സ് മരീ ദെ ലിഗ്വാരി

സൗമ്യതയും കാരുണ്യവും ദൈവവുമായുള്ള നിന്തര സമ്പര്‍ക്കത്തിന്‍റെ ഫലങ്ങള്‍-പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വിശുദ്ധ അല്‍ഫോന്‍സൊ മരീ ദെ ലിഗ്വാരി (Alfonso Maria de’ Liguori) സൗമ്യശീലവും കാരുണ്യവും കൊണ്ട് ജനങ്ങളുടെ ഹൃദയം കീഴടക്കിയ തീക്ഷ്ണമതിയായ ഒരു അജപാലകനായിരുന്നുവെന്ന് പാപ്പാ.

ഈ വിശുദ്ധന്‍റെ തിരുന്നാള്‍ ദിനമായിരുന്ന ഈ ബുധനാഴ്ച (01/08/18) വത്തിക്കാനില്‍, ഒരു മാസത്തെ ഇടവേളയ്ക്കുശേഷം അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ അവസാനം യുവതയെയും വയോജനത്തെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം സംബോധനചെയ്യവെയാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞത്.

അനന്തനന്മയായ ദൈവവുമായുള്ള നിരന്തര സമ്പര്‍ക്കത്തിന്‍റെ ഫലമാണ് വിശുദ്ധ അല്‍ഫോന്‍സൊ ലിഗ്വാരിയുടെ സൗമ്യതയും കാരുണ്യവുമെന്ന് പാപ്പാ വിശദീകരിച്ചു.

അനുദിനജീവിതത്തിലെ സാധാരണപ്രവര്‍ത്തികളില്‍ വിശ്വാസം ആനന്ദത്തോടെ ജീവിക്കാന്‍ ഈ വിശുദ്ധന്‍റെ   മാതൃക സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

വിശുദ്ധ അല്‍ഫോന്‍സൊ ലിഗ്വാരിയുടെ ജീവിത നാള്‍വഴി

ഇറ്റലിയുടെ തെക്കുഭാഗത്തുള്ള നാപ്പൊളിയിലെ മരിനെല്ല എന്ന സ്ഥലത്തെ ഒരു കുലീന കുടുംബത്തില്‍ 1696 സെപ്ററംബര്‍ 27നായിരുന്നു വിശുദ്ധ അല്‍ഫോന്‍സൊ മരീ ദെ ലിഗ്വാരിയുടെ ജനനം. തത്വശാസ്ത്രത്തിലും നിയമത്തിലും ബിരുദം സമ്പാദിച്ച അദ്ദേഹം ആദ്യം കുറച്ചുനാള്‍ അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു. അതിനിടെ സംഗീതം, ശാസ്ത്രം, ഭാഷ തുടങ്ങിയ മേഖലകളിലും അറിവുനേടുന്നതിനുള്ള പരിശ്രമം അദ്ദേഹം തുടരുന്നുണ്ടായിരുന്നു. സംഗീതജ്ഞനും ദൈവശാസ്ത്ര പണ്ഡിതനുമായിരുന്നു വിശുദ്ധ ലിഗ്വാരി. ദൈവത്തിന്‍റെ മുന്തിരിത്തോപ്പില്‍ വേലചെയ്യുന്നതിനായി വിളിക്കപ്പെട്ടവനാണ് താനെന്ന് ബോധ്യമായതോടെ ലിഗ്വാരി വൈദികനാകാന്‍ തീരുമാനിച്ചു.അങ്ങനെ 1726 ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹത്തിന്‍റെ ജീവിതം പൂര്‍ണ്ണമായും ഏറ്റം പാവപ്പെട്ടവരുടെ ഉന്നമനത്തിനായി നീക്കിവച്ചു.

തിരുരക്ഷകന്‍റെ സമൂഹസ്ഥാപനം

സുവിശേഷപ്രഘോഷകന്‍, കുമ്പസാരക്കാരന്‍ തുടങ്ങിയ ശുശ്രൂഷകളിലും വ്യാപൃതനായിരുന്ന വിശുദ്ധ ലിഗ്വാരി 1732 നവമ്പര്‍ 9-ന് തിരുരക്ഷകന്‍റെ സമൂഹം, അഥവാ, റിഡംപ്റ്ററിസ്റ്റ് സമൂഹം, സ്ഥാപിച്ചു.  1760ല്‍ അദ്ദേഹം വിശുദ്ധ ആഗത്ത രൂപതയുടെ മെത്രാനായി. 1787 ആഗസ്റ്റ് ഒന്നിന് മരണമടയുന്നതു വരെ വിശുദ്ധ ലിഗ്വാരി രൂപതാഭരണം തുടര്‍ന്നു.

വിശുദ്ധ പദത്തിലേക്ക്

ഏഴാം പീയുസ് പാപ്പാ 1816 ല്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ലിഗ്വാരിയെ ഗ്രിഗറി പതിനാറാമന്‍ പാപ്പാ സഭയിലെ വിശുദ്ധരുടെ ഗണത്തില്‍ ഔപചാരികമായി ചേര്‍ത്തു. 1871 ല്‍ ഒമ്പതാം പീയൂസ് പാപ്പാ വിശുദ്ധ അല്‍ഫോന്‍സ് മരി ദെ ലിഗ്വാരിയെ സഭാപാരംഗതനായി പ്രഖ്യാപിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 July 2018, 08:53