പോര്‍ട്ടുഗല്‍, ഫാത്തിമാനാഥയുടെ തീര്‍ത്ഥാടന കേന്ദ്രം പോര്‍ട്ടുഗല്‍, ഫാത്തിമാനാഥയുടെ തീര്‍ത്ഥാടന കേന്ദ്രം 

പാപത്തെ അപലപിക്കുകയും പാപിയെ ആശ്ലേഷിക്കുകയും ചെയ്യുന്ന സഭ

സഭ ദൈവത്തിന്‍റെ അപരിമേയമായ കാരുണ്യം അനുതാപിയായ പാപിക്ക് പകര്‍ന്നു നല്കുന്നുവെന്ന് -പാപ്പാ

ജോയി കരിവേലി-വത്തിക്കാന്‍ സിറ്റി

20 ജൂലൈ 2018- സഭ, പാപത്തെ അപലപിക്കുകയും പശ്ചാത്തപിക്കുന്ന പാപിയെ ആശ്ലേഷിക്കുകയും ചെയ്യുന്നുവെന്ന് മാര്‍പ്പാപ്പാ.

വിവാഹമെന്ന കൂദാശ അതിന്‍റെ പൂര്‍ണ്ണതയില്‍ ജീവിക്കാന്‍ ദമ്പതികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഫ്രാന്‍സില്‍ 1938 ല്‍ സ്ഥാപിതമായ “ഏക്വിപ് നോത്തൃ ദാം” എന്ന പ്രസ്ഥാനത്തിന്‍റെ  പോര്‍ട്ടുഗലിലെ ഫാത്തിമായില്‍ ശനിയാഴ്ച (21/07/18) സമാപിച്ച ഷഡ്ദിനസമ്മേളനത്തില്‍ വായിക്കപ്പെട്ട ഫ്രാന്‍സീസ് പാപ്പായുടെ സന്ദേശത്തിലാണ് ഈ പ്രസ്താവനയുള്ളത്.

പോര്‍ട്ടുഗലിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ആര്‍ച്ച്ബിഷപ്പ് റീനൊ പസ്സിഗാത്തൊയാണ് പാപ്പായുടെ സന്ദേശം ഈ പ്രസ്ഥാനത്തിന്‍റെ പന്ത്രണ്ടാം അന്താരാഷ്ട്രസമ്മേളനത്തില്‍ വായിച്ചത്.

സത്യം പറയേണ്ടവളാണ് സഭയെന്നും അവള്‍ ദൈവത്തിന്‍റെ അപരിമേയമായ കാരുണ്യം അനുതാപിയായ പാപിക്ക് നല്കുന്നുവെന്നും പാപ്പാ സന്ദേശത്തില്‍ വിശദീകരിക്കുന്നു.

സമ്പത്ത് ധൂര്‍ത്തടിക്കുകയും അവസാനം സകലവും നഷ്ടപ്പെട്ട അവസ്ഥയില്‍ സ്വപിതാവിന്‍റെ പക്കലെത്തുകയും ചെയ്യുന്ന മുടിയാനായ പുത്രനെ ആ പിതാവ് അത്യധികമായ ആനന്ദത്തോടെ സ്വീകരിക്കുന്ന ഉപമ അനുസ്മരിക്കുന്ന പാപ്പാ ദൈവത്തിന്‍റെ  കാരുണ്യത്തില്‍ നിന്ന്  ആരും ഒഴിവാക്കപ്പെടുന്നില്ലയെന്ന് കുരിശില്‍ വിരിച്ചുപിടിക്കപ്പെട്ടിരിക്കുന്ന യേശുവിന്‍റെ കരങ്ങള്‍ കാട്ടിത്തരുന്നുവെന്ന് പറയുന്നു.

എന്നന്നേക്കുമായി നഷ്ടപ്പെട്ടുപോകുന്ന വ്യക്തികളല്ല കണ്ടുപിടിക്കപ്പെടേണ്ട വ്യക്തികളാണ് ഉള്ളതെന്ന് പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു.

വൈദികന്‍ ഹെന്‍ട്രി കഫരേലും ഏതാനും ദമ്പതികളും ചേര്‍ന്ന് രൂപം നല്കിയ  “ഏക്വിപ് നോത്തൃ ദാം” 95 നാടുകളില്‍ പ്രവര്‍ത്തനനിരതമാണ്. 5 മുതല്‍ 7 വരെ ജോഡി ദമ്പതികള്‍ അടങ്ങിയ 13500 ല്‍പ്പരം ഏക്വിപ്, അഥവാ, സംഘങ്ങള്‍ ആയി ഇതു തിരിക്കപ്പെട്ടിരിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 July 2018, 13:16