Vatican News
സരയേവോ സന്ദര്‍ശിച്ചപ്പോള്‍ യുവജനങ്ങള്‍ക്കൊപ്പം സരയേവോ സന്ദര്‍ശിച്ചപ്പോള്‍ യുവജനങ്ങള്‍ക്കൊപ്പം 

ദൈവശാസ്ത്രപഠനങ്ങള്‍ നീതിയോടെ ജീവിക്കാന്‍ സഹായിക്കണം

ആഗോള ധാര്‍മ്മിക ദൈവശാസ്ത്ര സംഗമം - 27 ജൂലൈ : ധാര്‍മ്മിക ദൈവശാസ്ത്രം സംബന്ധിച്ച മൂന്നാമത് ലോക സമ്മേളനത്തി പാപ്പാ ഫ്രാന്‍സിസ് അയച്ച സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. കിഴക്കാന്‍ യൂറോപ്യന്‍ രാജ്യമായ സരയേവോയില്‍ ജൂലൈ 26, 27 തിയതികളിലാണ് സംഗമം നടന്നത്. “കത്തോലിക്ക ധാര്‍മ്മിക ദൈവശാസ്ത്രം ഇന്ന് : ബന്ധങ്ങള്‍ നവീകരിക്കേണ്ട സങ്കീര്‍ണ്ണമായ സമയം!” ഇതായിരുന്നു സമ്മേളനത്തിന്‍റെ പഠനവിഷയം.

- ഫാദര്‍ വില്യം നെല്ലിക്കല്‍

സരയേവോയിലെ ദൈവശാസ്ത്ര സമ്മേളനം
ഭിന്നിപ്പിന്‍റെയും സംഘട്ടനങ്ങളുടെയും അന്തരീക്ഷത്തില്‍ സാഹോദര്യത്തിന്‍റെ പാലം പണിയലിലൂടെ അനുരഞ്ജനവും സമാധാനവും നേടിയ നഗരമാണ് സരയോവോ. സംസ്ക്കാരങ്ങളുടെയും, ജനതകളുടെയും, മതങ്ങളുടെയും, വൈവിധ്യമാര്‍ന്ന ജീവിത കാഴ്ചപ്പാടുകളുടെയും രാഷ്ട്രീയ മിമാംസകളുടെയും നാടായ സരയേവോ ഈ ധര്‍മ്മ സംഗമത്തിന് പ്രചോദനമാകട്ടെയെന്ന് പാപ്പാ ആമുഖമായി സന്ദേശത്തില്‍ ആശംസിച്ചു.

സാഹോദര്യത്തിന്‍റെ പാലം
ജീവിതപരിസരങ്ങളില്‍ ചുറ്റും പ്രതികാരത്തിന്‍റെ ഭീതിയും അധഃപതനവും പ്രകടമായി നില്ക്കുമ്പോഴും പ്രത്യാശ കൈവെടിയാതെ മതിലുകള്‍ കെട്ടാതെ, സൗഹൃദത്തിന്‍റെ പാലങ്ങള്‍ പണിത് മുന്നേറാന്‍ ജനതകളെ സഹായിക്കുക എന്നതായിരിക്കട്ടെ ധര്‍മ്മിക ദൈവശാസ്ത്ര സമ്മേളനത്തിന്‍റെയും സ്ഥാപനത്തിന്‍റെയും ലക്ഷ്യമെന്ന് പാപ്പാ അമുഖമായി ഉദ്ബോധിപ്പിച്ചു. നമ്മുടെ പരിശ്രമങ്ങളില്‍ ചിലപ്പോഴുണ്ടാകുന്ന എതിര്‍പ്പുകളുടെ ഭീതിയിയെയോ, മുന്നോട്ടു പോകാതെ അധഃപതിച്ചു നില്ക്കുന്ന അവസ്ഥയോ നമ്മെ ഒരിക്കലും നിരാശരാക്കരുത്. ഓരോ ചെറിയ ശ്രമവും വിഭജനത്തിന്‍റെ ഭിത്തി തകര്‍ത്ത്, സാഹോദര്യത്തിന്‍റെ പാലം പണിയാനുള്ള നീക്കങ്ങളാണ് എടുക്കേണ്ടത്.

നവീകരണത്തിന്‍റെ സങ്കീര്‍ണ്ണമായ സമയം
സമ്മേളനത്തിന്‍റെ പ്രതിപാദ്യവിഷയത്തെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന ഇന്നിന്‍റെ മാനവിക പ്രതിസന്ധിയാണ് കുടിയേറ്റും. പാരിസ്ഥിതികമായ ഒരു വെല്ലുവിളിയുമാണിത്. പ്രകൃതിയും മനുഷ്യരും തമ്മിലുള്ള വളരെ സങ്കീര്‍ണ്ണമായ ബന്ധവും അതിന്‍റെ ശരിയും തെറ്റും വ്യാഖ്യാനങ്ങളിലൂടെ നടത്തി, സാധാരക്കാരായ ജനങ്ങളെ തുണയ്ക്കേണ്ട വലിയ ഉത്തരവാദിത്ത്വം ദൈവശാത്ര ധാര്‍മ്മിക സമ്മേളനത്തിനുണ്ട്. കാരണം പാരിസ്ഥിതികമായ മാറ്റങ്ങള്‍ തല്ക്കാലം ഇന്ന് ഇവിടെ മനുഷ്യനെയും പ്രകൃതിയെയും സംബന്ധിക്കുന്നതു മാത്രമല്ല, അതിലുണ്ടാകുന്ന അസന്തുലിതാവസ്ഥ തലമുറകള്‍ തമ്മിലും ജനതകള്‍ തമ്മിലുമുള്ള ബന്ധത്തെ ബാധിക്കുന്നു. അല്ലെങ്കില്‍ പാരിസ്ഥിതിക കെടുതികളുടെ വിനകള്‍ തലമുറകള്‍ അനുഭവിക്കേണ്ടി വരുന്നു.

കുടിയേറ്റം വരുത്തുന്ന പരിണാമം
അങ്ങേയ്ക്കു സ്തുതി! എന്ന ചാക്രികലേഖനം വിവരിക്കുന്ന പാരിസ്ഥിതിക ധാര്‍മ്മികതയുടെയും സാമൂഹിക ധാര്‍മ്മികതയുടെയും ചക്രവാളങ്ങള്‍ നാം മനസ്സിലാക്കിയിരിക്കേണ്ടതാണ്. ഇന്ന് ലോകത്ത് അരങ്ങേറുന്ന കുടിയേറ്റ പ്രതിഭാസം ഗൗരവകരമായ പരിണാമമാണ് സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ വരുത്തിവയ്ക്കുന്നത്. അതോടൊപ്പം കുടിയേറ്റം സമൂഹത്തിന്‍റെ ധാര്‍മ്മിക-ദൈവശാസ്ത്ര ചിന്താതലങ്ങളിലും ഏറെ മാറ്റങ്ങള്‍ക്കു പ്രേരകമാകുന്നുണ്ടെന്നും പാപ്പാ സമ്മേളനത്തെ ചൂണ്ടിക്കാട്ടി. 

നീതിയോടെ ജീവിക്കാന്‍ സാഹായിക്കാം!
ഇത്രയേറെ വെല്ലുവിളികളുള്ള സങ്കീര്‍ണ്ണമായ ലോകത്താണ് നാം ജീവിക്കുന്നത്. അതിനാല്‍ സ്ഥാപനങ്ങളുടെയും സമൂഹങ്ങളുടെയും നേതൃസ്ഥാനത്തുള്ളവര്‍ സ്വയം നവീകരിക്കേണ്ടത് ഇന്നിന്‍റെ അടിയന്തിരമായ ആവശ്യമാണ്. ആരെയും കുറ്റപ്പെടുത്തുകയോ, പഴിചാരുകയോ ചെയ്യേണ്ട ആവശ്യമില്ല. അതുപോലെ പ്രഘോഷണത്തിന്‍റെയോ പ്രചാരണത്തിന്‍റെയോ ഒച്ചപ്പാടും ആവശ്യമില്ല. മറിച്ച് ഇന്നിന്‍റെ ലോകത്ത് കൂടുതല്‍ നീതിയോടും സ്നേഹത്തോടുംകൂടെ ജീവിക്കാന്‍ മനുഷ്യനെ സഹായിക്കുകയും നന്മയുടെ പൊതുവായ ലക്ഷ്യത്തില്‍ മുന്നേറാന്‍ പ്രചോദിപ്പിക്കുകയുമായിരിക്കണം ധാര്‍മ്മിക ദൈവശാസ്ത്രത്തിന്‍റെ ലക്ഷ്യവും ഉത്തരവാദിത്ത്വവും....

27 July 2018, 10:46