ത്രികാലപ്രാര്‍ത്ഥന അഭിവാദ്യങ്ങളും ആശംസകളും ത്രികാലപ്രാര്‍ത്ഥന അഭിവാദ്യങ്ങളും ആശംസകളും 

ക്രിസ്തുവിന്‍റെ ഹൃദയത്തില്‍ ഇടംതേടിയവര്‍!

അഭിവാദ്യങ്ങളും ആശംസകളും നിക്കരാഗ്വേയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മെച്ചപ്പെടാനും ജനായത്ത ഭരണത്തിനുള്ള മെത്രാന്മാരുടെ സംവാദത്തിന്‍റെ പാത വിജയപ്രദമാകാന്‍ പ്രാര്‍ത്ഥിക്കണമെന്നും ചത്വരത്തില്‍ സമ്മേളിച്ച ആയിരങ്ങളെ പാപ്പാ അനുസ്മരിപ്പിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

സിറിയയിലെ ഗുരുതരമായ സംഘര്‍ഷാവസ്ഥയും പാപ്പാ ഏവരുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നു. പതിറ്റാണ്ടുകളായി പീഡിപ്പിക്കപ്പെട്ടിരുന്നവര്‍, ഇനിയും പീഡനങ്ങളിലാണെന്നും ദാരാ പ്രവിശ്യയിലുണ്ടായ ആക്രമണങ്ങളും, അവിടെ സ്കൂളുകളും ആശുപത്രികളും ആക്രമിക്കപ്പെട്ട സംഭവങ്ങളും പാപ്പാ ചൂണ്ടിക്കാട്ടി. സിറിയന്‍ ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

ചരിത്രപരമായി എത്തിയോപ്യയും എരിത്രിയയും തമ്മില്‍ നിലനിന്ന ഭിന്നത മാറി സമാധാനപാതയില്‍ നീങ്ങുന്ന കാര്യം പാപ്പാ സന്തോഷത്തോടെ പങ്കുവച്ചു. ആഫ്രിക്കന്‍ കൊമ്പുരാജ്യങ്ങളിലും, ആഫ്രിക്ക ഭൂഖണ്ഡത്തിലാകമാനവും സമാധാനവും പ്രത്യാശയും വളരാന്‍ ഇനിയും പ്രാര്‍ത്ഥിക്കണമെന്ന് ആഹ്വാനംചെയ്തു.

 തായ്-ലണ്ടിലെ ഗുഹയില്‍ ഒരാഴ്ചയോളമായി അപകടത്തില്‍പ്പെട്ടിരിക്കുന്ന യുവജനങ്ങളുടെ കൂട്ടത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ഓര്‍പ്പിച്ചു.

 തെക്കെ ഇറ്റലിയിലെ ബാരിയിലേയ്ക്ക് ജൂലൈ 7-Ɔο തിയതി ശനിയാഴ്ച നടത്തുന്ന
ഏകദിന സന്ദര്‍ശനത്തെക്കുറിച്ചും പാപ്പാ പ്രതിപാദിച്ചു. ബാരിയില്‍ വളര്‍ന്നുവരുന്ന സാമൂഹ്യപ്രതിസന്ധിയില്‍ അനുരഞ്ജനവും സമാധാനവും തേടിയുള്ള സഭകളുടെ പ്രാര്‍ത്ഥനാക്കൂട്ടായ്മയില്‍ പങ്കുചേര്‍ന്ന് സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന്
പാപ്പാ അഭ്യര്‍ത്ഥിച്ചു.

 യൂറോപ്പിന്‍റെയും ഇറ്റലിയുടെയും വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയവരെയും സംഘടനകളെയും പ്രത്യേകിച്ച് ജര്‍മ്മനിയില്‍നിന്നെത്തിയ ക്രിസ്തുവിന്‍റെ തിരുരക്തത്തിന്‍റെ ആത്മീയ കുടുംബത്തിലെ അംഗങ്ങളെയും പ്രത്യേകം അഭിവാദ്യംചെയ്തശേഷം പാപ്പാ ത്രികാലപ്രാര്‍ത്ഥനചൊല്ലി. തുടര്‍ന്ന് അപ്പോസ്തലിക ആശീര്‍വ്വാദവും നല്കി.

ഏവര്‍ക്കും നല്ലൊരു നാളിന്‍റെ ആശംസകള്‍ പാപ്പാ നേര്‍ന്നു! തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതേ, എന്ന് പ്രത്യേകം അനുസ്മരിപ്പിച്ചുകൊണ്ടും, കരങ്ങള്‍ ഉയര്‍ത്തി എല്ലാവരെയും മന്ദസ്മിതത്തോടെ അഭിവാദ്യംചെയ്തുകൊണ്ടുമാണ് ജാലകത്തില്‍നിന്നും പാപ്പാ പിന്‍വാങ്ങിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 July 2018, 16:34