തിരയുക

Vatican News
പാപ്പാ ഫ്രാന്‍സിസ് ത്രികാല പ്രാര്‍ത്ഥന ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് ത്രികാല പ്രാര്‍ത്ഥന ജാലകത്തില്‍  (AFP or licensors)

അപരനെക്കുറിച്ചുള്ള മുന്‍വിധിയുടെ അപകടം!

എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും വത്തിക്കാനില്‍ മദ്ധ്യാഹ്നം 12 മണിക്ക് പാപ്പാ ജനങ്ങള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്നത് പതിവാണ്. ജൂലൈ 8-Ɔ൦ തിയതി ഞായറാഴ്ച ദിവ്യമദ്ധ്യേവായിച്ച സുവിശേഷഭാഗത്തെ അധികരിച്ച് സന്ദേശം നല്കുകയും ജനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

വേനല്‍ വെയില്‍ തെളിഞ്ഞുനിന്നു. ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനും പാപ്പാ ഫ്രാന്‍സിസിനെ കാണാനും വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ആയിരങ്ങള്‍ സമ്മേളിച്ചിട്ടുണ്ട്. വേനല്‍‍ അവധിയുടെ സന്തോഷത്തിമര്‍പ്പിലാണ് എല്ലാവരും... വത്തിക്കാന്‍ കുന്നിനെ തഴുകിയെത്തിയ മന്ദമാരുതന്‍ അന്തരീക്ഷത്തെ പ്രശാന്തമാക്കി. ചിലര്‍  വര്‍ണ്ണക്കുടകള്‍ വിരിച്ചുപിടിച്ചു. മറ്റു ചിലര്‍ കൊടിതോരണങ്ങള്‍ ഉയര്‍ത്തിനിന്നു. വിവിധ രാജ്യക്കാരും, ഇറ്റലിയുടെ പല  ഭാഗങ്ങളില്‍നിന്നുമുള്ളവരും, സംഘടനകളും യുവജന പ്രസ്ഥാനങ്ങളുമെല്ലാം പാപ്പാ ഫ്രാന്‍സിസിനെ അഭിവാദ്യംചെയ്യാന്‍ ആര്‍ത്തിരമ്പി നിന്നു. കൃത്യം 12 മണിക്ക് അപ്പസ്തോലിക അരമനയുടെ ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യക്ഷപ്പെട്ടു. കരങ്ങള്‍ ഉയര്‍ത്തി മന്ദസ്മിതത്തോടെ എല്ലാവരെയും അഭിവാദ്യംചെയ്തു.
എന്നിട്ട് സന്ദേശം നല്കി:
 

1. സ്വദേശത്ത് തിരസ്കൃതനായ പ്രവാചകന്‍
പ്രിയ സഹോദരങ്ങളേ, ഒരു സാബത്തുനാളില്‍ തന്‍റെ ഗ്രാമമായ നസ്രത്തിലെ സിനഗോഗില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ യേശുവിനെയാണ് സുവിശേഷം ചിത്രീകരിക്കുന്നത് (മത്തായി 6, 1-6). അന്ന് ആ സാബത്തുദിനത്തില്‍ ഈശോ സിനഗോഗില്‍ പഠിപ്പിച്ചു. അവിടുന്ന സമീപഗ്രാമങ്ങള്‍ തോറും പഠിപ്പിക്കാന്‍ തുടങ്ങിയതില്‍പ്പിന്നെ അധികംമൊന്നും നസ്രത്തില്‍ വന്നിരുന്നില്ലായിരുന്നു. ഇന്നിതാ വന്നിരിക്കുന്നു! അതിനാല്‍ പതിവിലും കൂടുതല്‍ ജനം അവിടുത്തെ ശ്രവിക്കാന്‍ എത്തിയിട്ടുണ്ട്. കാരണം ഒരു നല്ല ഗുരുനാഥനെന്നും, കരുത്തനായൊരു സൗഖ്യദായകനുമെന്നുള്ള ഖ്യാതി അവിടുത്തെക്കുറിച്ച് ചുറ്റും, യൂദയാ മുഴുവന്‍ പരന്നിരുന്നു. എന്നാല്‍ നല്ലതും വിജയകരവുമായിരുന്ന അവിടുത്തെ പ്രവര്‍ത്തനങ്ങളെ ജനങ്ങളില്‍ ചിലര്‍ വിമര്‍ശിക്കാന്‍ തുടങ്ങിയപ്പോള്‍, കുറെ രോഗികളെ സുഖപ്പെടുത്തിയത് ഒഴിച്ചാല്‍ പിന്നെ അവിടൊരു അത്ഭുതവും അവിടുന്ന് പ്രവര്‍ത്തിച്ചില്ല (5). അന്നാളുകളില്‍ ഈശോ അനുഭവിച്ച മാനസിക പിരിമുറുക്കം മര്‍ക്കോസ് സുവിശേഷകന്‍ തന്‍റെ രചനയില്‍ ഗംഭീരമായി ആവിഷ്ക്കരിച്ചിട്ടുണ്ട്. നസ്രത്തിലെ ജനങ്ങള്‍ യേശുവിനെ ശ്രവിച്ച് അമ്പരന്നുനിന്നു. എന്നിട്ട് അവര്‍ ആശ്ചര്യത്തോടെ പറ‍ഞ്ഞു. ഇവന്‍ ആ തച്ചന്‍റെ മകനല്ലേ. ഈ അറിവും കഴിവുമൊക്കെ എങ്ങനെ കിട്ടി, എവിടന്നു കിട്ടിമ്പരന്നുനിന്നു. പി്പിലാണ് എല്ലാവരും..സന്ദേശം നലക്കുകയും ജനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.. ജോസഫും മേരിയുമല്ലേ, ഇയാളുടെ മാതാപിതാക്കള്‍... ഒരു തച്ചന്‍റെ മകന്‍....! ഇവന്‍റെ സഹോദരങ്ങളെയും നമുക്ക് അറിയാമല്ലോ? ചെറുപ്പംമുതലേ ഇയാളെ അറിയുന്നതല്ലേ! അതിനാല്‍ പിന്നെ നസ്രത്തിലും യേശു മറ്റൊന്നും ചെയ്തില്ല (2-3). പ്രസിദ്ധമായ സുഭാഷിതത്തോടെയാണ് ഈശോ തന്‍റെ വാക്കുകള്‍ ഉപസംഹരിച്ചത്, “പ്രവാചകന്‍ സ്വദേശത്ത് ഒരിക്കലും സ്വീകൃതനല്ല!” (4).

2. അവിശ്വാസത്തിന്‍റെ നൈരാശ്യം
ചിലപ്പോള്‍ നാം ചിന്തിച്ചേക്കാം – എത്ര പെട്ടാണ് യേശുവിന്‍റെ നാട്ടുകാര്‍തന്നെ അവിടുത്തെയ്ക്ക് എതിരായി സംസാരിച്ചതും തിരിഞ്ഞതും. അവിടുത്തെ ദൈവികതയുടെ അത്ഭുതചെയ്തികളെ മറന്ന്, അവര്‍ അവിശ്വാസത്തിന്‍റെ നൈരാശ്യത്തിലേയ്ക്ക് തിരിയുകയാണ്. യേശുവിന്‍റെ അമാനുഷിക ചെയ്തികളെയും പ്രാഗത്ഭ്യത്തെയും ജനം അവിടുത്തെ എളിയ കുടുംബസാഹചര്യങ്ങളോട് തുലനംചെയ്ത് തരംതാഴ്ത്തുകയാണ്. ഇതാ, ഒരു തച്ചന്‍! അയാള്‍ക്ക് പഠിപ്പില്ല. എന്നിട്ടും അയാള്‍ ദൈവാലയത്തിലെ ആചാര്യന്മാരെക്കാളും പുരോഹിതന്മാരെക്കാളും മെച്ചമായി പഠിപ്പിക്കുന്നു. മാത്രമല്ല അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കുന്നതിനു പകരം, ജനം ആശ്ചര്യപൂര്‍വ്വം ഉതപ്പു പറഞ്ഞുണ്ടാക്കുകയാണ്. ദൈവം അങ്ങനെ എളുപ്പത്തില്‍ ഒരു സാധാരണക്കാരന്‍റെ വേഷം കെട്ടില്ലത്രേ! ഇതാണ് നസ്രത്തുകാരുടെ ചിന്താഗതി! അങ്ങനെ ദൈവത്തിന്‍റെ മനുഷ്യാവതാരം അവര്‍ക്ക് ഒരു ഉതപ്പായി പരിണമിക്കുന്നു.


3. തിസ്കൃതനാകുന്ന ദൈവം
മാനുഷികബുദ്ധിയില്‍ ചിന്തിക്കുമ്പോള്‍, ദൈവം മാംസം ധരിച്ച സംഭവം അസ്വീകാര്യമായി അവര്‍ക്ക്. ദൈവം മാനുഷിക കരങ്ങളാല്‍ പ്രവര്‍ത്തിക്കുകയും, ഒരു മനുഷ്യഹൃദയത്താല്‍ സ്നേഹിക്കുകയും, മനുഷ്യരെപ്പോലെ യാതനകള്‍ അനുഭവിക്കുകയും, അവരില്‍ ഒരാളായി ഉറങ്ങുകയും ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നു. അങ്ങനെ ദൈവപുത്രന്‍ എല്ലാ മാനുഷിക സങ്കല്പങ്ങളെയും തെറ്റിക്കുന്നു. ഇവിടെ ശിഷ്യര്‍ ഗുരുവിന്‍റെ പാദങ്ങള്‍ കഴുകുകയല്ല, മറിച്ച് ഗുരു ശിഷ്യരുടെ പാദങ്ങള്‍ കഴുകിത്തുടയ്ക്കുകയാണു ചെയ്തത് (യോഹ. 13,1-20). ഇത് മാനുഷികബുദ്ധിക്ക് അരോചകവും അസ്വീകാര്യവുമായിരുന്നു. പിന്നെ അക്കാലത്തെ ജനതയ്ക്കു മാത്രമല്ല, അത് ഒരു ഉതപ്പും അവിശ്വാസനീയമായ വസ്തുതയുമാണ് ഇക്കാലത്തെ ജനങ്ങള്‍ക്കും മേലദ്ധ്യക്ഷന്മാര്‍ക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. സമൂഹത്തിന്‍റെ വൈവിധ്യമാര്‍ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ എല്ലാത്തരക്കാരുടെയും പ്രതിനിധികളെ കാലുകഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുപ്പിക്കാമെന്നു സഭ നവമായി പഠിപ്പിക്കുമ്പോള്‍... കാലുകഴുകുക ഇഷ്ടമില്ലാത്ത പണിയായി കാണുന്നവരും, പിന്നെ അതില്‍ സ്ത്രീയുണ്ടെങ്കില്‍... സ്ത്രീയുടെ കാലുകഴുകുകയോ... എന്ന വെറുപ്പും തിരസ്ക്കരണവും പ്രകടമാക്കി, ആഢ്യത്ത്വവും ആഭിജാത്യവും നടിക്കുന്നു. ക്രിസ്തുവാണ് തിരസ്കൃതനാകുന്നത് ഇവിടെ...ശുശ്രൂഷയുടെ സുവിശേഷമൂല്യവും!

4. അപരനെക്കുറിച്ചുള്ള മുന്‍വിധിയുടെ  അപകടം!
യേശുവിന്‍റെ ഈ തിരസ്ക്കരണം അല്ലെങ്കില്‍ പിന്‍‍വാങ്ങല്‍ ശിഷ്യരായ നമ്മെ വ്യക്തിഗതവും സാമൂഹികവുമായ ഒരു ആത്മശോധനയ്ക്കായി ക്ഷണിക്കുന്നു. മുന്‍വിധികള്‍കൊണ്ട് പലപ്പോഴും നമുക്ക് യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാന്‍ കഴിയാതെ പോകാം. ഇന്ന് ഈ വചനഭാഗത്തിലൂടെ ദൈവം നമ്മെ എളിമയുള്ള ഒരു ആത്മശോധനയ്ക്കും വിലിയിരുത്തലിനുമായി ക്ഷണിക്കുകയാണ്. ദൈവകൃപ നമ്മില്‍ പ്രവര്‍ത്തിക്കുന്നത് ആശ്ചര്യകരമായാ വിധത്തിലും നമ്മുടെ പ്രതീക്ഷകളെ മറികടക്കുന്ന രീതിയിലുമാണ്. കല്‍ക്കട്ടയിലെ വിശുദ്ധ മദര്‍ തെരേസയെക്കുകറിച്ചൊന്നു ചിന്തിക്കാം. 

ഒരു കൃശഗാത്രയായ സന്ന്യാസിനി! ആദ്യമൊക്കെ ആരും അവരെ ഗൗനിച്ചില്ല. ഒരു അണ കൊടുത്തു സഹായിക്കാന്‍ ആരുമില്ലായിരുന്നു. എന്നിട്ടും അവര്‍ തെരുവിലെ പാവങ്ങളുടെ പക്കലേയ്ക്കിറങ്ങി.  കല്‍ക്കട്ട നഗരവീഥികളില്‍ മരണാസന്നരായും പരിത്യക്തരുമായി കിടന്ന പാവങ്ങള്‍ക്ക് മനുഷ്യാന്തസ്സിന് ഇണങ്ങുന്ന വിധത്തില്‍ മരിക്കാനും, അവരുടെ അന്ത്യനിമിഷങ്ങളെ പ്രശാന്തമാക്കാനും ഒരു മാലാഖയെപ്പോലെ മദര്‍ തെരുവിലേയ്ക്കിറങ്ങി. അവരെ പരിചരിച്ചു. ഒരു കന്യാസ്ത്രി തന്‍റെ പ്രാര്‍ത്ഥനയും കഠിനാദ്ധ്വാനവുംകൊണ്ട് ലോകമെമ്പാടും അത്ഭുതമാണ് സൃഷ്ടിച്ചത്. ദൈവിക കാരുണ്യത്തിന്‍റെ അത്ഭുതം!! ആ ഒരു സ്ത്രീയുടെ വിനീതഭാവവും എളിമയുമാണ് ലോകത്തെ ഉപവി പ്രവര്‍ത്തനങ്ങളെ വിപ്ലവാത്മകമാക്കിയത്!!
 

5. കൃപയോടു തുറവുള്ളവരാകാം
ദൈവം മുന്‍വിധികള്‍ക്ക് കീഴ്പ്പെടുന്നില്ല. നമ്മിലേയ്ക്കു വരുന്ന ദൈവിക യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ അല്പം  ബുദ്ധിമുട്ടിയാലും നാം ഹൃദയം തുറക്കണം, മനുസ്സു തുറക്കണം. ഇതാണ് വിശ്വാസം! വിശ്വാസമില്ലായ്മ ദൈവകൃപയ്ക്ക് തടസ്സമാണ്. ദൈവകൃപ ഇല്ലാതാക്കുന്നു. ക്രിസ്തു ഇല്ലാത്തതുപോലെ, ദൈവം ഇല്ലാത്തതുപോലെ ജീവിക്കുന്ന ക്രൈസ്തവരുണ്ട്. വിശ്വാസത്തിന്‍റെ ബാഹ്യമായ അടയാളങ്ങളും ചടങ്ങുകളും അവര്‍ ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അവ യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിനോടോ സുവിശേഷത്തോടോ ഉണ്ടാകേണ്ടൊരു ആത്മബന്ധത്തോടോ, കൂട്ടുചേരലിനോടോ പൊരുത്തപ്പെടുന്നില്ലെന്നു മാത്രം! ഒരു ക്രൈസ്തവന്‍ ക്രിസ്തുവിനോടു മൗലികമായി ചേര്‍ന്നുനില്ക്കേണ്ടതാണ്. സഹോദരസ്നേഹത്തില്‍ കോര്‍ത്തെടുത്ത സമഗ്രമായ
ഒരു ജീവിതശൈലികൊണ്ടാണ് ക്രൈസ്തവന്‍ ക്രിസ്തുവിനോടു ചേര്‍ന്നുനില്ക്കേണ്ടതും, ലോകത്തിന് അത് സാക്ഷ്യപ്പെടുത്തേണ്ടതും.

ദൈവകൃപയോടും അവിടുത്തെ വിളിയോടുമുള്ള നമ്മുടെ ഹൃദയകാഠിന്യവും സങ്കുചിത മനഃസ്ഥിതിയും മാറ്റണേ, എന്ന് പരിശുദ്ധ കന്യാകാനാഥയോടു പ്രാര്‍ത്ഥിക്കാം. കാരണം ആരെയും മാറ്റിനിറുത്താതെ സകലരിലും വര്‍ഷിക്കപ്പെടുന്നതാണ് ദൈവകൃപ. അതിനാല്‍  അവിടുത്തെ സത്യത്തോടും അവിടുന്നു തന്ന ജീവിതദൗത്യത്തോടും, കലവറയില്ലാതെ വര്‍ഷിക്കപ്പെടുന്ന അവിടുത്തെ കാരുണ്യത്തോടും നന്മയോടും തുറവുള്ളവരായിക്കാം!!


6. ആശംസകളും അഭിവാദ്യങ്ങളും
ശനിയാഴ്ച, ജൂലൈ 7-Ɔο തിയതി തെക്കെ ഇറ്റലിയിലെ ബാരിയില്‍ നടന്ന സമാധാനത്തിനായുള്ള സഭൈക്യ പ്രാര്‍ത്ഥനാസംഗമത്തെക്കുറിച്ചു പാപ്പാ പരാമര്‍ശിച്ചു. മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ സമാധാനത്തിനുവേണ്ടിയുള്ള ഏകദിന പ്രാര്‍ത്ഥന-സംവാദ ശ്രമമായിരുന്നു അത്. കലുഷിതമായ
ആ ഭൂപ്രദേശത്തെ പാത്രിയര്‍ക്കിസുമാരും പ്രതിനിധികളും ആയിരക്കണക്കിന് വിശ്വസികളും ആ സമാധാനയത്നത്തില്‍ പാപ്പായ്ക്കൊപ്പം പങ്കെടുത്തു. അത് ക്രൈസ്തവൈക്യത്തിന്‍റെ ശക്തമായ പ്രതിഛായയും പ്രത്യാശപകര്‍ന്ന സമാധാനശ്രമവുമായിരുന്നെന്ന് പാപ്പാ വിശേഷിപ്പിച്ചു. തനിക്കതില്‍ അതിയായ സന്തോഷവും സംതൃപ്തിയുമുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു.

ഞായറാഴ്ച, ജൂലൈ 8 സഭ ആഗോള കടല്‍ദിനമായി അചരിച്ച കാര്യം പാപ്പാ എടുത്തുപറഞ്ഞു. കടല്‍യാത്രികരെയും, അതില്‍ ജോലിചെയ്യുന്നവരെയും, വിശിഷ്യ മത്സ്യബന്ധനത്തില്‍ എര്‍പ്പെട്ടിരിക്കുന്നവരെ പ്രത്യേകമായി അനുസ്മരിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകുയും ചെയ്യുന്ന ദിവസമാണത്. കടലില്‍ ക്ലേശകരമായ ജോലിചെയ്യുകയും, അതിനെയും അതിലെ ജീവജാലങ്ങളെയും മാലിന്യങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവരെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു.  ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയവരെയും... റോമാനഗരക്കാരുമായ എല്ലാവരെയും പാപ്പാ പൊതുവായി അഭിവാദ്യംചെയ്തു. റേഡിയോ മരിയയുടെ നേതൃത്വത്തില്‍ പോളണ്ടിലെ ചെസ്റ്റോചോവ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍നിന്നും എത്തിയവര്‍ക്ക് ആശംസനേര്‍ന്നു.

ഫിലിപ്പീന്‍സിലെ ശുശ്രൂഷകരായ യുവജനങ്ങളെയും അവരുടെ കുടുംബങ്ങളെയും, പാദുവായില്‍നിന്നും എത്തിയ യുവജനസഖ്യത്തെയും, വാല്‍ദൊവാസ്താ, പോന്തേ-സാന്‍ മാര്‍ടിന്‍, ബ്രേഷ്യാ എന്നിവിടങ്ങളില്‍നിന്നെത്തിയവരെയും പ്രത്യേകമായി അഭിവാദ്യംചെയ്തു. ജനമദ്ധ്യത്തില്‍ ബ്രസീലിന്‍റെ പാതകകള്‍ കണ്ട് വേള്‍ഡ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റുപോയ ലാറ്റിനമേരിക്കക്കാരെ സഹാനുഭാവത്തോടെ പാപ്പാ ആശംസിച്ചു, “സാരമില്ല. ധൈര്യം അവലംബിക്കുക. അടുത്ത കപ്പില്‍ കാണാം!” എന്നിട്ട് എല്ലാവക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലി. പിന്നെ അപ്പസ്തോലിക ആശീര്‍വ്വാദമായിരുന്നു...

എല്ലാവര്‍ക്കും ഒരു നല്ലദിനത്തിന്‍റെ ആശംസകള്‍ നേര്‍ന്നുകൊണ്ടും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതേ...എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടും... കരങ്ങളുയര്‍ത്തി എല്ലാവരെയും അഭിവാദ്യംചെയ്തുകൊണ്ടുമാണ് മന്ദസ്മിതത്തോടെ ജാലകത്തില്‍നിന്നും പാപ്പാ പിന്‍വാങ്ങിയത്.

ശബ്ദരേഖ - ത്രികാലപ്രാര്‍ത്ഥന 08-07-18

 

08 July 2018, 12:37