ബാരി, എക്യുമെനിക്കല്‍ പ്രാര്‍ത്ഥന ബാരി, എക്യുമെനിക്കല്‍ പ്രാര്‍ത്ഥന 

കുഞ്ഞുങ്ങളുടെ രോദനം ശ്രവിക്കുക-പാപ്പാ

ആയുധം ശേഖരിച്ചുകൊണ്ടു ഒരുവന് സമാധാനത്തെക്കുറിച്ച് സംസാരിക്കാനാകില്ലെന്ന് മാര്‍പ്പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍

രഹസ്യമായി മാത്സര്യബുദ്ധിയോടെ ആയുധശേഖരണം നടത്തുന്നവന് സമാധാനത്തെക്കുറിച്ച് സംസാരിക്കാനാകില്ലെന്ന് മാര്‍പ്പാപ്പാ.

ശനിയാഴ്ച(07/04/18) തെക്കുകിഴക്കെ ഇറ്റലിയിലെ തുറമുഖ പട്ടണമായ ബാരിയില്‍ താന്‍ വിളിച്ചു ചേര്‍ത്ത എക്യുമെനിക്കല്‍ സമാധാനപ്രാര്‍ത്ഥനായോഗത്തിന്‍റെ സമാപനവേളയില്‍ വിശുദ്ധ നിക്കൊളാസിന്‍റെ ബസിലിക്കാങ്കണത്തില്‍ സമ്മേളിച്ചിരുന്നവരെ സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

മദ്ധ്യപൂര്‍വ്വദേശത്തെ അതിന് അന്യമായ ലാഭത്തിനുവേണ്ടി ഉപയോഗിക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത പാപ്പാ ആ പ്രദേശത്തെ ബാധിച്ചിരിക്കുന്ന വ്യാധിയായ യുദ്ധം അധികാരത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും സന്താനമാണെന്നും ആധിപത്യഭാവത്തെയും ദാരിദ്ര്യത്തെയും സമൂലം പിഴുതെറിഞ്ഞാല്‍ ഈ യുദ്ധത്തിന് അറുതിവരുത്താനാകുമെന്നും പ്രസ്താവിച്ചു.

അക്രമം പരിപോഷിപ്പിക്കപ്പെടുന്നത് ആയുധങ്ങളാലാണെന്നും സംഘര്‍ഷങ്ങളില്‍ പലതും മൗലികവാദത്താലും മതഭ്രാന്തിനാലും കത്തിയാളുന്നുവെന്നും സമാധാനമാകുന്ന ദൈവത്തിന്‍റെ പേരില്‍ നടത്തുന്ന ആക്രമണം ദൈവനിന്ദയാണെന്നും പാപ്പാ വിശദീകരിച്ചു.

ഹിരോഷിമയും നാഗസാക്കിയും നല്കുന്ന പാഠങ്ങള്‍ മറക്കരുതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

അധികാരമുള്ളവര്‍ സ്വന്തം താല്പര്യം മാറ്റിവച്ച് അത് സമാധാനത്തിനായി നിശ്ചയദാര്‍ഢ്യത്തോടെ വിനിയോഗിക്കണമെന്ന് ഉദ്ബോധിപ്പിച്ചു.

മദ്ധ്യപൂര്‍വ്വദേശത്ത് ആക്രമണങ്ങളും മരണങ്ങളും കണ്ണീരിലാഴ്ത്തിയിരിക്കുന്ന നിരവധിയായ കുഞ്ഞുങ്ങളെയും പാപ്പാ അനുസ്മരിച്ചു.

കുഞ്ഞുങ്ങളുടെ രോദനം ശ്രവിക്കാന്‍ പാപ്പാ നരകുലത്തെ ആഹ്വാനം ചെയ്ുത.

മദ്ധ്യപൂര്‍വ്വദേശം സമാധാനരാജാവായ യേശുവിന് സാക്ഷ്യമേകുന്നതിന് ആനുപാതികമായി പ്രവാചകസ്വഭാമുള്ളതായിരിക്കുമെന്നും പറഞ്ഞ പാപ്പാ നമ്മുടെ പാപം, വിശ്വാസാനുസൃതമല്ലാത്ത ജീവിതം ഈ സാക്ഷ്യത്തെ ഇരുളിലാക്കുന്നുണ്ടെന്ന വസ്തുത എടുത്തുകാട്ടി.

ലോകത്തിന്‍റെയും അധികാരത്തിന്‍റെയും സമ്പാദനത്തിന്‍റെയും യുക്തിയാല്‍ സഭയും പ്രലോഭിപ്പിക്കപ്പെടുന്ന അപകടത്തെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.

എക്യുമെനിക്കല്‍ സമാധാനപ്രാര്‍ത്ഥനായോഗത്തിന്‍റെ സമാപനത്തില്‍ പാപ്പാ സമാധാനത്തിന്‍റെ പ്രതീകമായ വെള്ളരിപ്രാവിനെ പറത്തുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 July 2018, 14:12