തിരയുക

VATICAN-RELIGION-POPE VATICAN-RELIGION-POPE 

പത്തു പ്രമാണങ്ങള്‍-പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം

വേനല്‍ക്കാലമെങ്കിലും രണ്ടു ദിവസമായി റോമില്‍ രാവിലെ കുളിരനുഭവപ്പെടുന്നു, താപനില അല്പം താഴ്ന്നിരിക്കുന്നു. ശക്തമായ കാറ്റും വീശുന്നുണ്ടായിരുന്നു.

- ജോയി കരിവേലി

അര്‍ക്കാംശുക്കള്‍ നിര്‍ല്ലോഭം ചൊരിയപ്പെട്ട നല്ല തെളിഞ്ഞ ഒരു ദിനവുമായിരുന്ന ഈ ബുധനാഴ്ച. (27/06/18) ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടിയില്‍ തിരുവനന്തപുരത്തു നിന്നുള്ള ഒരു സംഘം കര്‍മ്മലീത്താ കന്യസ്ത്രികളുള്‍പ്പടെ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ഈ ബുധനാഴ്ചയും രണ്ടു ഘട്ടമായിട്ടായിരുന്നു പൊതുദര്‍ശന പരിപാടി അരങ്ങേറിയത്. മുഖ്യ വേദി, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണമായിരുന്നു. വിവിധ രാജ്യക്കാരായിരുന്ന ആയിരങ്ങള്‍ ഈ കൂടിക്കാഴ്ചയില്‍ പങ്കുകൊണ്ടു. ചത്വരത്തിലേക്കു വരുന്നതിനു മുമ്പ് പാപ്പാ പോള്‍ ആറാമന്‍ പാപ്പായുടെ നാമത്തിലുള്ള ശാലയില്‍ വച്ച് രോഗികളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ നടക്കാന്‍ പോകുന്ന പൊതുദര്‍ശന പരിപാടിയില്‍ അവര്‍ക്ക് പോള്‍ ആറാമന്‍ ശാലയിലിരുന്നു പങ്കെടുക്കാന്‍ സാധിക്കത്തക്കവിധം ടെലെവിഷന്‍ സംവിധാനം ഒരുക്കിയിരുന്നു. ചത്വരത്തിലേക്കു പോകുന്നതിനു മുമ്പ് പോള്‍ ആറാമന്‍ ശാലയിലെത്തിയ ഫ്രാന്‍സീസ് പാപ്പാ രോഗികളെ സംബോധന ചെയ്തു. “ഡെഫ് കാത്തൊലിക്ക് യൂത്ത് ഇനീഷിയേറ്റീവ് ഓഫ് ദ അമേരിക്കാസ്” എന്ന സംഘത്തെ പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ “യേശുവിനൊടൊപ്പം നടക്കാന്‍ ഒരു സമയം” എന്ന് പേരിട്ടിരിക്കുന്ന അവരുടെ തീര്‍ത്ഥാടനം ക്രിസ്തുവിനോടും പരസ്പരവുമുള്ള സ്നേഹത്തില്‍ വളരാന്‍ അവരെ സഹായിക്കട്ടെയെന്ന് ആശംസിച്ചു. ആര്‍ക്കെങ്കിലും എന്തെങ്കിലും വൈകല്യമുണ്ടെങ്കില്‍ അവര്‍ക്ക് കര്‍ത്താവിന്‍റെ ഹൃദയത്തില്‍ സവിശേഷ സ്ഥാനം അവിടന്നു സംവരണം ചെയ്തിട്ടുണ്ടെന്നും അപ്രകാരം തന്നെയാണ് വിശുദ്ധ പത്രോസിന്‍റെ പിന്‍ഗാമിയുടെ ഹൃദയത്തിലുമെന്നും പാപ്പാ പറഞ്ഞു

അവരുടെ പ്രാര്‍ത്ഥന യാചിക്കുകയും അവരെ ആശീര്‍വ്വദിക്കുകയും ചെയ്തതിനു ശേഷം പാപ്പാ ചത്വരത്തിലേക്കു പോയി. തുറന്ന വാഹനത്തില്‍ ചത്വരത്തിലെത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടും ആര്‍പ്പുവിളികളോടുംകൂടെ വരവേറ്റു. ചത്വരത്തിലെത്തിയ പാപ്പാ പുഞ്ചിരിതൂകി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനസഞ്ചയത്തിനിടയിലൂടെ വാഹനത്തില്‍ നീങ്ങി. ഇടയ്ക്കിടെ അംഗരക്ഷകര്‍ തന്‍റെ പക്കലേക്കു എടുത്തു കൊണ്ടുവന്നുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞുങ്ങളെ പാപ്പാ വണ്ടി നിറുത്തി ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും, ചെയ്യുന്നുണ്ടായിരുന്നു. പേപ്പല്‍ വാഹനം വേദിക്കരികില്‍ നിശ്ചലമായപ്പോള്‍ പാപ്പാ അതില്‍ നിന്നിറങ്ങി പ്രസംഗവേദിയിലെത്തുകയും റോമിലെ സമയം രാവിലെ 09.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

“കഴിഞ്ഞകാലത്തെപ്പറ്റി, ദൈവം മനുഷ്യനെ ഭൂമുഖത്തു സൃഷ്ടിച്ചതു മുതലുളള കാലത്തെപ്പറ്റി, ചോദിക്കുക....ഇതുപോലൊരു മഹാസംഭവം എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? ഇതുപോലൊന്നു കേണ്ടിട്ടുണ്ടോ? ഏതെങ്കിലും ജനത എന്നെങ്കിലും അഗ്നിയുടെ മദ്ധ്യത്തില്‍ നിന്ന് സംസാരിക്കുന്ന ദൈവത്തിന്‍റെ ശബ്ദം നങ്ങള്‍ കേട്ടതുപോലെ കേള്‍ക്കുകയും പിന്നെ ജീവിച്ചിരിക്കയും ചെയ്തിട്ടുണ്ടോ? നിങ്ങളുടെ ദൈവവമായ കര്‍ത്താവ് ഈജിപ്തില്‍ വച്ച് നിങ്ങള്‍ കാണ്‍കെ നിങ്ങള്‍ക്കുവേണ്ടി ചെയ്തതുപോലെ മഹാമാരികള്‍, അടയാളങ്ങള്‍, അത്ഭുതങ്ങള്‍, യുദ്ധങ്ങള്‍, കരബലം, ശക്തിപ്രകടനം, ഭയാനകപ്രവൃത്തികള്‍ എന്നിവയാല്‍ തനിക്കായി ഒരു ജനതയെ മറ്റൊരു ജനതയുടെ മദ്ധ്യത്തില്‍ നിന്നു തിരഞ്ഞെടുക്കാന്‍ ഏതെങ്കിലും ദൈവം എന്നെങ്കിലും ഉദ്യമിച്ചിട്ടുണ്ടോ. കര്‍ത്താവാണ് ദൈവമെന്നും അവിടന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും നിങ്ങള്‍ അറിയാന്‍ വേണ്ടിയാണ് ഇവയെല്ലാം നിങ്ങളുടെ മുമ്പില്‍ കാണിച്ചത്.” (നിയമാവര്‍ത്തനം 4: 32-35)

ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ പത്തുപ്രമാണങ്ങളെ അധികരിച്ച് ആരംഭിച്ചിരിക്കുന്ന പ്രബോധനപരമ്പര തുടര്‍ന്നു.

എല്ലാവര്‍ക്കും നല്ലൊരു ദിനം നേര്‍ന്നുകൊണ്ട് കല്പനകളെക്കുറിച്ചുള്ള തന്‍റെ മൂന്നാമത്തെ വിചിന്തനം ആരംഭിച്ച പാപ്പാ ഇപ്രകാരം പറഞ്ഞു.

പ്രഭാഷണസംഗ്രഹം:

കഴിഞ്ഞ ബുധനാഴ്ചയിലെന്നപോലെ തന്നെയാണ് ഇന്നും ഈ കൂടിക്കാഴ്ച അരങ്ങേറുന്നത്. പോള്‍ ആറാമന്‍ ശാലയില്‍ അനേകം രോഗികള്‍ സന്നിഹിതരാണ്. ചൂടില്‍ നിന്ന് അവര്‍ക്ക് ആശ്വാസമേകാനാണ് ഈ സംവിധാനം. അത് അവര്‍ക്കു കൂടുതല്‍ സുഖപ്രദമാകും... അവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാം.. ഇനി നമുക്ക് പത്തു പ്രമാണങ്ങളെക്കുറിച്ചുള്ള പരിചിന്തനം തുടരാം. കല്പനകള്‍ എന്നതിലുപരി അവ ദൈവം സ്വന്തം ജനം നന്മയില്‍ ജീവിക്കുന്നതിന് ആ ജനത്തിനേകുന്ന വചനങ്ങളാണ് എന്നു നാം കാണുകയുണ്ടായി. ഒരു പിതാവിന്‍റെ സ്നേഹമസൃണ വാക്കുകളാണവ. ഈ പത്തു വചനങ്ങള്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ്: “അടിമത്തത്തിന്‍റെ ഭവനമായ ഈജിപ്തില്‍ നിന്ന് നിന്നെ പുറത്തുകൊണ്ടുവന്ന ദൈവമായ കര്‍ത്താവ് ഞാനാണ്” ( പുറപ്പാട് 20:2) ഈ ആരംഭം അവര്‍ പിന്‍ചെല്ലുന്ന അവരുടെ യഥാര്‍ത്ഥ നിയമങ്ങള്‍ക്ക് അന്യമായി തോന്നാം. എന്നാല്‍ അങ്ങനെയല്ല.

ദൈവം തന്നെക്കുറിച്ചുതന്നെയും സ്വാതന്ത്ര്യത്തെക്കുറിച്ചും ഇങ്ങനെയൊരു പ്രഖ്യാപനം നടത്തുന്നതെന്തിന്? ചെങ്കടല്‍ കടന്നതിനുശേഷം എന്തുകൊണ്ട് സീനായ് മലയില്‍ എത്തിച്ചേരുന്നു? ഇസ്രായേലിന്‍റെ ദൈവം ആദ്യം രക്ഷിക്കുന്നു, തുടര്‍ന്ന് വിശ്വസ്തത ആവശ്യപ്പെടുന്നു. അതായത്, പത്തുകല്‍പ്പനകള്‍ തുടക്കം കുറിക്കുന്നത് ദൈവത്തിന്‍റെ ഉദാരതയില്‍ നിന്നാണ്. ആദ്യം നല്കാതെ ദൈവം ഒന്നും ആവശ്യപ്പെടുകയില്ല. ആദ്യം രക്ഷിക്കുന്നു, നല്കുന്നു, പിന്നീട് ചോദിക്കുന്നു. നല്ല ദൈവമായ നമ്മുടെ പിതാവ് അങ്ങനെയാണ്.

“നിന്‍റെ ദൈവമായ കര്‍ത്താവ് ഞാനാകുന്നു” എന്ന പ്രഥമ പ്രഖ്യാപനത്തിന്‍റെ പ്രാധ്യാനം നമുക്കു മനസ്സിലാക്കാം. അതില്‍ ഒരു അവകാശ വാദം ഉണ്ട്, ഒരു ബന്ധം ഉണ്ട് നാം അവിടത്തേതാണ്. ദൈവം ഒരു അന്യനല്ല, അവിടന്ന് നിന്‍റെ ദൈവമാണ്. പത്തുകല്പനയെ മുഴുവന്‍ പ്രകാശമാനമാക്കുന്നതും ക്രൈസ്തവന്‍റെ പ്രവര്‍ത്തനത്തിന്‍റെ രഹസ്യം വെളിപ്പെടുത്തുന്നതും ഇതാണ്. “പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു” (യോഹന്നാന്‍ 15,9) എന്നു പറയുന്ന യേശുവിന്‍റെ മനോഭാവവും ഇതുതന്നെയാണ്. പിതാവിനാല്‍ സ്നേഹിക്കപ്പെട്ട ക്രിസ്തു പ്രസ്തുത സ്നേഹത്താല്‍ നമ്മെ സ്നേഹിക്കുന്നു. തന്നില്‍ നിന്നല്ല പ്രത്യുത പിതാവില്‍ നിന്നാണ് യേശു തുടങ്ങുന്നത്. നമ്മുടെ ചെയ്തികള്‍ പലപ്പോഴും പരാജയപ്പെടുന്നു, കാരണം, നാം തുടങ്ങുന്നത് കൃതജ്ഞതാഭാവത്തില്‍ നിന്നല്ല, നമ്മില്‍ നിന്നാണ്. അവനവനില്‍ നിന്നാരംഭിക്കുന്നവന്‍ എവിടെയാണ് എത്തിച്ചേരുക? അവനില്‍ത്തന്നെ.

ക്രൈസ്തവജീവിതം, സര്‍വ്വോപരി, വിശാലഹൃദയനായ ഒരു പിതാവിനോടുള്ള കൃതജ്ഞതാനിര്‍ഭരമായ ഉത്തരമാണ്. കടമകള്‍ മാത്രം നിര്‍വ്വഹിക്കുന്ന ക്രൈസ്തവര്‍ ചെയ്യുന്നത്, “നമ്മുടെ” ദൈവവുമായി വ്യക്തിപരമായ ഒരനുഭവം ഉണ്ടായിട്ടില്ല എന്നു പരാതിപ്പെടുകയാണ്. എനിക്ക് ഇതു ചെയ്യണം അതു ചെയ്യണം ---- കടമകള്‍ മാത്രം. അപ്പോള്‍ എന്തൊ ഒരു കുറവ് നിനക്കുണ്ട്. ഈ കടമയുടെ അടിസ്ഥാനം എന്താണ്? അതിന്‍റെ അടിസ്ഥാനം ദൈവപിതാവിന്‍റെ സ്നേഹമാണ്. ആ പിതാവ് ആദ്യം നല്കുന്നു, പിന്നെ കല്പിക്കുന്നു. ബന്ധത്തെക്കാള്‍ നിയമത്തിനു മുന്‍തൂക്കം നല്കുന്നത് വിശ്വാസയാത്രയ്ക്ക് സഹായകമല്ല. സ്വാതന്ത്ര്യത്തില്‍ നിന്നല്ലാതെ കടമകളിലും, ദൗത്യങ്ങളിലും, സംസക്തികളിലും നിന്ന് നാം ആരംഭിക്കുന്ന പക്ഷം ഒരു യുവാവിന് ക്രൈസ്തവനായിരിക്കുന്നതിന് എങ്ങനെ ആഗ്രഹിക്കാന്‍ സാധിക്കും? ക്രൈസ്തവനായിരിക്കുകയെന്നാല്‍ ഒരു വിമോചനയാത്രയാണ്. കല്പനകള്‍ നിന്നെ സ്വതന്ത്രനാക്കുന്നു, നിന്‍റെ സ്വാര്‍ത്ഥതയില്‍ നിന്നു മുക്തനാക്കുന്നു. നിന്നെ സ്വാതന്ത്രനാക്കുന്നു കാരണം, ദൈവത്തിന്‍റെ സ്നേഹമാണ് നിന്നെ മുന്നോട്ടു നയിക്കുന്നത്. ക്രിസ്തീയ രൂപവത്ക്കരണം ആഗ്രഹത്തിന്മേലല്ല, പ്രത്യുത, രക്ഷ സ്വീകരിക്കുന്നതിലാണ്, സ്നേഹിക്കാന്‍ വിട്ടുകൊടുക്കുന്നതിലാണ് അധിഷ്ഠിതമായിരിക്കുന്നത്യ ആദ്യം ചെങ്കടലും പിന്നെ സീനായ് മലയും.

കൃതജ്ഞതയാണ് പരിശുദ്ധാരൂപിയുടെ സന്ദര്‍ശനം ലഭിച്ച ഹൃദയത്തിന്‍റെ സവിശേഷത. ദൈവത്തോടു വിധേയത്വം പുലര്‍ത്തുന്നതിന് സര്‍വ്വോപരി, അവിടത്തെ അനുഗ്രഹങ്ങള്‍ ഓര്‍ക്കണം. വിശുദ്ധ ബസീലിയൂസ് പറയുന്നു: ആ അനുഗ്രഹങ്ങളെ വിസ്മൃതിയിലാഴ്ത്താത്തവന്‍ സുകൃതോന്മുഖമായും നീതിയുടെ പ്രവര്‍ത്തനങ്ങളിലേക്കും നീങ്ങുന്നു.

നമുക്ക്തന്നെ നമ്മെ രക്ഷിക്കാനാകില്ല. എന്നാല്‍ സഹായത്തിനുള്ള അപേക്ഷ നമ്മില്‍ നിന്നുയര്‍ത്താന്‍ നമുക്കു സാധിക്കും.. കര്‍ത്താവേ എന്നെ രക്ഷക്കൂ, കര്‍ത്താവേ വഴി എന്നെ പഠിപ്പിക്കേണമേ, കര്‍ത്താവേ എനിക്ക് അല്പം ആനന്ദമേകണമേ. ഇത് സഹായത്തിനുള്ള ഒരു നിലവിളിയാണ്. സ്വാര്‍ത്ഥതയിലും പാപത്തിലും അടിമത്തച്ചങ്ങലയിലും നിന്ന് സ്വതന്ത്രരാക്കാന്‍ അപേക്ഷിക്കുക നമ്മുടെ കടമയാണ്. ഈ രോദനം സുപ്രധാനമാണ്, അത് പ്രാര്‍ത്ഥനയാണ്, ഇനിയും അടിച്ചമര്‍ത്തപ്പെട്ടും സ്വതന്ത്രമാകാതെയും നമ്മില്‍ കിടക്കുന്നതെന്തൊ അതെക്കുറിച്ചുള്ള അവബോധമാണ്. നമ്മുടെ മനസ്സില്‍ ഇനിയും മോചിതമല്ലാത്ത നിരവധി കാര്യങ്ങളുണ്ട്. ആകയാല്‍ നമ്മെ ബന്ധിച്ചിരിക്കുന്ന ചങ്ങലകള്‍ തകര്‍ക്കാന്‍ കഴിയുകയും അതിനാഗ്രഹിക്കുകയും ചെയ്യുന്ന ദൈവം നമ്മുടെ രോദനം പ്രതീക്ഷിക്കുന്നു. ദാസ്യത്തില്‍ കഴിയുന്നതിനല്ല ദൈവം നമ്മെ വിളിച്ചിരിക്കുന്നത്, പ്രത്യുത, നമുക്ക് ഒരിക്കലും നല്കാന്‍ കഴിയാത്തതിനെക്കാളൊക്കെ എത്രയോ അധികമായി നമുക്കു അളവില്ലാതെ നല്‍കിയവനെ സന്തോഷത്തോടെ അനുസരിച്ചുകൊണ്ട് സ്വാതന്ത്ര്യത്തിലും കൃതജ്ഞതയിലും ജീവിക്കാനാണ്. ഇത് മനോഹരമാണ്. നമ്മില്‍ ചെയ്തവയ്ക്കും ചെയ്യുന്നവയ്ക്കും ചെയ്യാന്‍പോകുന്ന സകലത്തിനും ദൈവം എന്നും വാഴ്ത്തപ്പെടട്ടെ. നന്ദി.

പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. തിരുവന്തപുരത്തുനിന്നെത്തിയ കര്‍മ്മലീത്തസന്ന്യാസിനികള്‍ക്കും പാപ്പാ പ്രത്യേകം അഭിവാദ്യമര്‍പ്പിച്ചു.

പൊതുദര്‍ശനപരിപാടിയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ29 ന് വെള്ളിയാഴ്ച (29/06/18) റോമാ നഗരത്തിന്‍റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു.

ഏതൊരു വിശ്വാസ പ്രഖ്യാപനവും വിശ്വാസയോഗ്യമാക്കിത്തീര്‍ക്കുന്ന ഏകതാനതയും സൗഹൃദവും അന്തരങ്ങള്‍ക്കുപരിയായി കാത്തുസൂക്ഷിച്ചുകൊണ്ട് യേശുവിന്‍റെ സുവിശേഷത്തിന് ധീരതയോടെ സാക്ഷ്യം വഹിക്കാനുള്ള കഴിവ് കര്‍ത്താവിന്‍റെ ഈ അപ്പസ്തോലന്മാരില്‍ നിന്ന് പഠിക്കാന്‍ നമുക്കു സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

തുടര്‍ന്ന് കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനുശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 July 2018, 16:25