തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ക്രിസ്തുവിന്‍റെ ഏറ്റം അമൂല്യ രക്തത്തിന്‍റെ സമൂഹങ്ങളിലെ അംഗംങ്ങളുമൊത്ത് 30/06/18 ഫ്രാന്‍സീസ് പാപ്പാ ക്രിസ്തുവിന്‍റെ ഏറ്റം അമൂല്യ രക്തത്തിന്‍റെ സമൂഹങ്ങളിലെ അംഗംങ്ങളുമൊത്ത് 30/06/18  (ANSA)

രക്തം: ആത്മബലിയുടെ വാചാല അടയാളം -പാപ്പാ

സകലരും, ചാരത്തും ദൂരത്തുമുള്ളവര്‍, യേശുവിന്‍റെ സ്നേഹത്തിന്‍റെയും നന്മയുടെയും ഗുണഭോക്തക്കള്‍!

ജോയി കരിവേലി-വത്തിക്കാന്‍

അപരനു വേണ്ടി ജീവന്‍ ബലികഴിച്ചതിനെ സൂചിപ്പിക്കാന്‍ രക്തത്തെപ്പോലെ വാചാലമായ മറ്റൊരടയാളം ഇല്ലെന്ന് മാര്‍പ്പാപ്പാ.

ക്രിസ്തുവിന്‍റെ ഏറ്റം അമൂല്യ രക്തത്തിന്‍റെ കുടുംബത്തിലെ സന്ന്യാസിസന്ന്യാസികളും അപ്പസ്തോലിക ജീവിത സമൂങ്ങളിലെ അംഗങ്ങളുമുള്‍പ്പടെ 3000 ത്തോളം പേരടങ്ങിയ സംഘത്തെ ശനിയാഴ്ച (30/06/18) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ലോകത്തിന്‍റെ രക്ഷയുടെ സ്രോതസ്സ് ക്രിസ്തുവിന്‍റെ നിണമാണെന്ന് ഈ കുടുംബത്തിന്‍റെ സ്ഥാപകരായ വിശുദ്ധരും വിശുദ്ധകളും വിശ്വാസവെളിച്ചത്തില്‍ മനസ്സിലാക്കിയെന്ന് പാപ്പാ അനുസ്മരിച്ചു.

നമ്മുടെ രക്ഷയ്ക്കായി കുരിശില്‍ ചിന്തപ്പെട്ട രക്തത്തെക്കുറിച്ചുള്ള ധ്യാനം ധാര്‍മ്മികവും ശാരീരികവുമായ സഹനങ്ങളില്‍ നിന്ന് വമോചിപ്പിക്കപ്പെടാമായിരുന്നിട്ടും ഉപഭോഗത്തിന്‍റെയും നിസ്സംഗത്വത്തിന്‍റെയും പിടിയിലമര്‍ന്ന ഒരു സമൂഹത്തിന്‍റെ അരികുകളിലേക്കു തള്ളപ്പെടുന്നവരുടെ പക്കലേക്ക് നമ്മെ ആനയിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

സുവിശേഷത്തിന്‍റെ മൂല്യങ്ങളും ലോകത്തെയും മനുഷ്യനെയുംകുറിച്ചുള്ള സത്യവും പ്രഖ്യാപിക്കാന്‍ കഴിവുള്ള ധീര സമൂഹം കെട്ടിപ്പടുക്കേണ്ട ധൈര്യമുള്ള വ്യക്തികളായിരിക്കേണ്ടത് സുപ്രധാനമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

ഗര്‍ഭം ധരിക്കപ്പെടുന്ന നിമിഷം മുതല്‍ സ്വാഭാവിക അന്ത്യം വരെ മനുഷ്യജീവനുള്ള മൂല്യവും മനുഷ്യവ്യക്തിയുടെ അന്തസ്സും ആക്രമിക്കപ്പെടുന്ന അവസ്ഥയിലും സാമൂഹ്യതിന്മകള്‍ക്കു മുന്നിലും മുഖംതിരിക്കാതെ പ്രതികരിക്കാന്‍ കഴിവുള്ളവരാകണമെന്ന് പാപ്പാ പ്രചോദനം പകര്‍ന്നു.

ഇടവകയുടെയും, തങ്ങള്‍ വസിക്കുന്ന പ്രദേശത്തിന്‍റെയും ജീവിതത്തെ സ്പര്‍ശിക്കാനും നിസ്സംഗമാനസ്സരാകാതെ വ്യക്തികളുടെ ഹൃദയങ്ങളെയും ജീവിതത്തെയും പരിവര്‍ത്തനം ചെയ്യാനും വിളിക്കപ്പെട്ടതാണ് യേശുശിഷ്യരുടെ സാക്ഷ്യമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ക്രിസ്തുവിന്‍റെ ഏറ്റം അമൂല്യ രക്തത്തിന്‍റെ കുടുംബത്തിലെ അംഗങ്ങള്‍ അവരുടെ ദൗത്യത്തില്‍ സകലരുടെയും പക്കലെത്താന്‍, ജനകീയരാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന്, സകലരുടെയും കാര്യത്തില്‍ പുലര്‍ത്തേണ്ട കരുതലിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.

സകലരും, ചാരത്തും ദൂരത്തുമുള്ളവര്‍, യേശുവിന്‍റെ സ്നേഹത്തിന്‍റെയും നന്മയുടെയും ഗുണഭോക്തക്കളാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

30 June 2018, 12:50