ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, സാന്താമാർത്തയിലെ കപ്പേളയിൽ ദിവ്യപൂജാർപ്പണ വേളയിൽ ദൈവമാതാവിൻറെ പവിത്രസന്നിധിയിൽ, 02/05/2020 ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, സാന്താമാർത്തയിലെ കപ്പേളയിൽ ദിവ്യപൂജാർപ്പണ വേളയിൽ ദൈവമാതാവിൻറെ പവിത്രസന്നിധിയിൽ, 02/05/2020 

മാത്സര്യമല്ല ഐക്യമാണ് മഹത്തരം, ഫ്രാൻസീസ് പാപ്പാ

പ്രതിസന്ധി ഒരു തിരഞ്ഞടുപ്പിൻറെ വേളയാണ്. പ്രതിസന്ധിയുണ്ടാകുമ്പോൾ വിശ്വാസ ബോധ്യത്തിൽ നാം ഉറച്ചുനില്ക്കണം, മാറ്റങ്ങൾ വരുത്തേണ്ട സമയമല്ല അത്, പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രതിസന്ധികളുടെ വേളയിൽ തങ്ങളുടെ ജനതയെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വം നിറവേറ്റാൻ ഭരണാധികാരികൾക്കു കഴിയുന്നതിനു വേണ്ടി മാർപ്പാപ്പാ പ്രാർത്ഥിക്കുന്നു.

കോവിദ് 19 ദുരന്തത്തിൽ നിന്ന് മാനവരാശി വിമുക്തമാകണമെന്ന പ്രത്യേക പ്രാർത്ഥനാനിയോഗത്തോടുകൂടി അനുദിനം, വത്തിക്കാനിൽ, “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിലെ, പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള കപ്പേളയിൽ, ദിവ്യബലി അർപ്പിക്കുന്ന ഫ്രാൻസീസ് പാപ്പാ ഈ ശനിയാഴ്ചത്തെ (02/05/20) വിശുദ്ധ കുർബ്ബാനയുടെ തുടക്കത്തിലാണ് ഇവരെ അനുസ്മരിച്ചു പ്രാർത്ഥിച്ചത്.

രാഷ്ട്രത്തലവന്മാർ, ഭരണാധിപർ, നിയമനിർമ്മാതാക്കൾ, നഗരാധിപന്മാർ, പ്രവിശ്യത്തലവന്മാർ തുടങ്ങിയവരുടെ ദൗത്യം ആയാസകരമാണെന്ന് അനുസ്മരിച്ച പാപ്പാ, കർത്താവ് അവരെ സഹായിക്കുകയും അവർക്കാവശ്യമായ കരുത്തു പകരുകയും ചെയ്യുന്നതിനായി പ്രാർത്ഥിച്ചു.

ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിൽത്തന്നെ, പ്രതിസന്ധികളുടെ വേളകളിൽ ജനങ്ങളുടെ നന്മയെ കരുതി ഉപരി ഐക്യത്തിൽ വർത്തിക്കണമെന്നും ഐക്യമാണ് സംഘർഷത്തെക്കാൾ ശ്രേഷ്ഠമെന്നും അവർ മനസ്സിലാക്കണമെന്നും പാപ്പാ പറഞ്ഞു.

ഈ ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങൾ, അതായത്, അപ്പസല്തോലപ്രവർത്തനങ്ങൾ 9,31-42 വരെയുള്ള വാക്യങ്ങളും യോഹന്നാൻറെ സുവിശേഷം 6,60-69 വരെയുള്ള വാക്യങ്ങളും വിശകലനം ചെയ്ത പാപ്പാ പ്രതിസന്ധികളുടെ അവസരത്തിൽ വിശ്വാസ ബോധ്യങ്ങളിൽ ഉറച്ചു നിൽക്കേണ്ടതിൻറെ അനിവാര്യത ഊന്നിപ്പറഞ്ഞു.

ആദിമ ക്രൈസ്തവസമൂഹം പരിശുദ്ധാരൂപി പ്രദാനം ചെയ്യുന്ന സമാശ്വാസത്തിൽ വളരുന്നത് അപ്പസ്തോലപ്രവർത്തനങ്ങൾ ഏകുന്ന സാക്ഷ്യത്തിൻറെ അടിസ്ഥാനത്തിൽ വിശദീകരിച്ച പാപ്പാ സഭയുടെ വളർച്ചയും അപ്രകാരം തന്നെയാണെന്ന് വ്യക്തമാക്കി.

അതോടൊപ്പം തന്നെ,  വിശ്വാസികളെ ബുദ്ധിമുട്ടിലാക്കുന്ന ക്ലേശങ്ങശളുടെയും പീഢനങ്ങളുടെയും പ്രതിസന്ധികളുടെയും വേളകളുണ്ടെന്ന വസ്തുത പാപ്പാ ചൂണ്ടിക്കാട്ടി.

സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പത്തെക്കുറിച്ചും നിത്യജീവനേകുന്ന ക്രിസ്തുവിൻറെ മാംസനിണങ്ങളെക്കുറിച്ചുമുള്ള പ്രഭാഷണം കേട്ടതിനുശേഷം ആ വാക്കുകൾ കഠിനമാണെന്നു പറഞ്ഞ് അനേകർ യേശുവിനെവിട്ടു പോകുന്ന സുവിശേഷസംഭവം പാപ്പാ ഉദാഹരണമായി എടുത്തുകാട്ടി. 

എന്നാൽ പ്രതിസന്ധി ഒരു തിരഞ്ഞടുപ്പിൻറെ വേളയാണെന്നും നാമെല്ലാവരുംതന്നെ ജീവിതത്തിൽ പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടുണ്ടാകുമെന്നും ഇനിയും പ്രതിസന്ധികൾ ഉണ്ടാകുമെന്നും, അവ കുടുംബസംബന്ധിയാകാം, അല്ലെങ്കിൽ വൈവാഹികജീവിത പ്രതിസന്ധിയാകാം, സാമൂഹ്യപരങ്ങളാകാം, തൊഴിൽപരമാകാം അങ്ങനെ നിരവധിയായ പ്രതിസന്ധികളുണ്ടെന്നും ഇപ്പോഴുണ്ടായിരിക്കുന്ന കോവിദ് 19 മഹാവ്യാധി സാമൂഹ്യമായ ഒരു പ്രതിസന്ധിയാണെന്നും പാപ്പാ പറഞ്ഞു. 

പലരും തന്നെ വിട്ടു പോകുന്നതുകണ്ട യേശു 12 ശിഷ്യന്മാരോട് നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ എന്നു ചോദിക്കുമ്പോൾ “ഞങ്ങൾ ആരുടെ അടുത്തേക്കു പോകും?..... നീയാണ് ദൈവത്തിൻറെ പരിശുദ്ധൻ” എന്ന് പത്രോസ് പറയുന്നത്, ആ വിശ്വാസ പ്രഖ്യാപനം, പ്രതിസന്ധികളുടെ വേളകളിൽ നാം എങ്ങനെ ജീവിക്കണം, പ്രതികരിക്കണം എന്നതിന് ഒരു വഴികാട്ടിയാണെന്ന് പാപ്പാ വിശദീകരിച്ചു.

പ്രതിസന്ധിയുണ്ടാകുമ്പോൾ വിശ്വാസ ബോധ്യത്തിൽ നാം ഉറച്ചുനില്ക്കണമെന്നും മാറ്റങ്ങൾ വരുത്തേണ്ട സമയമല്ല അതെന്നും പാപ്പാ പറഞ്ഞു.

കുതിരപ്പുറത്തിരുന്നു പുഴ കടക്കവെ, പുഴമദ്ധ്യേ വച്ച് കുതിരയെ മാറരുതെന്ന് തൻറെ നാട്ടിൽ, അതായത്, അർജന്തീനയിൽ പറയാറുള്ളത് പാപ്പാ അനുസ്മരിച്ചു.

പ്രതിസന്ധിയുണ്ടാകുമ്പോൾ ആവശ്യം സ്ഥൈര്യവും നിശബ്ദതയും ആണെന്നും നാം എവിടെയാണൊ അവിടെ ഉറച്ചു നില്ക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

സമാധാനത്തിൻറെയും ഒപ്പം പ്രതിസന്ധികളുടെയും അവസരങ്ങളെ കൈകാര്യം ചെയ്യാൻ ക്രൈസ്തവർ പഠിക്കേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 May 2020, 12:31
വായിച്ചു മനസ്സിലാക്കാന്‍ >