ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, സാന്താമാർത്തയിലെ കപ്പേളയിൽ ദിവ്യബലി അർപ്പിക്കുന്നു, 09/05/2020 ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, സാന്താമാർത്തയിലെ കപ്പേളയിൽ ദിവ്യബലി അർപ്പിക്കുന്നു, 09/05/2020 

ലൗകികാധികാരങ്ങളും ധനവും സത്യത്തെ നിശബ്ദമാക്കുന്ന അപകടം!

ലൗകികാധികാരങ്ങളിലും ധനത്തിലും ശരണപ്പെടാനുള്ള പ്രലോഭനത്തിൽ വീഴാതിരിക്കുന്നതിന് ജാഗരൂഗരായിരിക്കുക - ഫ്രാൻസീസ് പാപ്പാ

 

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സുവിശേഷപ്രഘോഷണത്തെ തകർക്കാൻ സാത്താൻ ഉപയോഗപ്പെടുത്തുന്ന ആയുധം അസൂയയാണെന്ന് മാർപ്പാപ്പാ.

അനുദിനം, വത്തിക്കാനിൽ, “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിലെ, പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള കപ്പേളയിൽ, ദിവ്യബലി അർപ്പിക്കുന്ന ഫ്രാൻസീസ് പാപ്പാ ഈ ശനിയാഴ്ചത്തെ (09/05/20) വിശുദ്ധ കുർബ്ബാന മദ്ധ്യേ വായിക്കപ്പെട്ട ദൈവവചനഭാഗങ്ങൾ, വിശിഷ്യ, അപ്പസല്തോല പ്രവർത്തനങ്ങൾ 13,44-52 വരെയുള്ള വാക്യങ്ങൾ, അതായത് അന്ത്യോക്യയിലെത്തിയ പൗലോസിൻറെ പ്രഭാഷണം കേട്ട  യഹൂദർ അസൂയപൂണ്ട് പൗലോസിനെ എതിർക്കുകയും പൗലോസിനും ബർണബാസിനുമെതിരെ പീഢനം അഴിച്ചുവിടുകയും അവരെ പുറത്താക്കുകയും ചെയ്യുന്നതും വിജാതീയരാകട്ടെ പൗലോസിൻറെ വാക്കുകൾ വിശ്വസിക്കുന്നതുമായ സംഭവം, വിശകലനം ചെയ്യുകയായിരുന്നു.

സഭയുടെ വളർച്ച, ദൈവമേകുന്ന സാന്ത്വനത്തിൻറെയും ലോകം ഏൽപ്പിക്കുന്ന പീഢനങ്ങളുടെയും ഇടയിലൂടെയാണെന്ന് പാപ്പാ അനുസ്മരിച്ചു.

സാത്താൻറെ അസൂയ നമിത്തമാണ് പാപം ലോകത്തിൽ പ്രവേശിച്ചതെന്ന് പറഞ്ഞ പാപ്പാ, സഭയെ അസ്വസ്ഥതകൾ ഇല്ലാത്തവളായി കണ്ടാൽ സാത്താന് ഇരിക്കപ്പൊറുതിയുണ്ടാകില്ലെന്നും, അതു പോലെതന്നെ സാത്താൻ ശാന്തത പാലിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം സഭയിൽ കാര്യങ്ങൾ പന്തിയല്ല എന്നുമാണെന്ന് വിശദീകരിച്ചു.

പരിശുദ്ധാരൂപി സഭയിൽ ഐക്യം വളർത്തുമ്പോൾ ദുഷ്ടാരൂപി അതു തകർക്കാൻ ശ്രമിക്കുന്നുവെന്നും ഈ പോരാട്ടം തുടർന്നുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞ പാപ്പാ ലൗകികാധികാരങ്ങളെയാണ് ഈ അസൂയ ആയുധമാക്കുന്നതെന്നും വ്യക്തമാക്കി.

ലോകത്തിൻറേതായ അധികാരവും വ്യക്തികളും നല്ലതായിരിക്കാം, എന്നാൽ ലൗകികാധികാരത്തിൽ എന്നും അപകടം പതിയിരിപ്പുണ്ടെന്നും ദൈവത്തിൻറെ ശക്തിക്കെതിരായ ലൗകികശക്തിയുടെ മത്സരമാണ് സകലത്തെയും ഇളക്കുന്നതെന്നും ഇതിൻറെ പിന്നിൽ എന്നുമുള്ളത് സമ്പത്ത് എന്ന ശക്തിയാണെന്നും പാപ്പാ വിശദീകരിച്ചു.

ലൗകികമായ അധികാരങ്ങളുടെ പിന്നാലെ പോയാൽ അത് സഭയെ തളച്ചിടുകയും നശിപ്പിക്കുയും ചെയ്യുമെന്നും ഉത്ഥാനത്തിൻറെ പ്രഭാതത്തിൽ ആ  മഹാസംഭവത്തെക്കുറിച്ച് ധരിപ്പിക്കാൻ    പുരോഹിതരുടെ അടുത്തെത്തിയ കാവൽക്കാർക്ക് പുരോഹിതർ പണം കൊടുത്തു അവരുടെ വായടപ്പിച്ചുവെന്നും അങ്ങനെ സത്യത്തെ അവർ നിശബ്ദമാക്കിയെന്നും പാപ്പാ പറഞ്ഞു.

ഉത്ഥാനത്തിൻറെ, ക്രിസ്തുവിൻറെ വിജയത്തിൻറെ, ആദ്യ പ്രഭാതം മുതൽ തന്നെ ഈ വഞ്ചന, ക്രിസ്തുവചനത്തെ ലൗകികാധികാരത്താൽ, അതായത്, പുരോഹിതരും പണവും വഴി നിശബ്ദമാക്കുന്ന പ്രക്രിയ, ഉണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു.

ആകയാൽ ലൗകികാധികാരങ്ങളിലും ധനത്തിലും ശരണപ്പെടാനുള്ള പ്രലോഭനത്തിൽ വീഴാതെ ജാഗരൂഗരായിരിക്കണമെന്ന് പാപ്പ ഓർമ്മിപ്പിച്ചു.  

സാന്ത മാർത്തയിലെ വിശുദ്ധ കുർബ്ബാന

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 May 2020, 09:16
വായിച്ചു മനസ്സിലാക്കാന്‍ >