ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, സാന്താമാർത്തയിലെ കപ്പേളയിൽ അർപ്പിച്ച ദിവ്യബലിയുടെ അവസാനം ദിവ്യകാരുണ്യാരാധനാനന്തരം ദിവ്യകാരുണ്യാശീർവ്വാദം നല്കുന്നു, 08/05/2020 ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, സാന്താമാർത്തയിലെ കപ്പേളയിൽ അർപ്പിച്ച ദിവ്യബലിയുടെ അവസാനം ദിവ്യകാരുണ്യാരാധനാനന്തരം ദിവ്യകാരുണ്യാശീർവ്വാദം നല്കുന്നു, 08/05/2020 

റെഡ് ക്രോസ് റെഡ് ക്രെഷൻറ് സംഘടനകൾക്ക് പാപ്പായുടെ പ്രാർത്ഥന!

മെയ് 8-ന് റെഡ്ക്രോസ് റെഡ്ക്രെഷൻറ് സംഘടനകളുടെ ലോകദിനം . സാമീപ്യം, സത്യം, പ്രത്യാശ എന്നിവ യേശു പ്രദാനം ചെയ്യുന്ന സമാശ്വാത്തിൻറെ സവിശേഷതകൾ, ഫ്രാൻസീസ് പാപ്പായുടെ വചനവിശകലനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റെഡ്ക്രോസ് റെഡ്ക്രെഷൻറ് സംഘടനകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്നവർക്കായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.

ഏറെ നന്മകൾ പ്രദാനം ചെയ്യുന്നതായ അവരുടെ പ്രവർത്തനങ്ങളെ കർത്താവ് അനുഗ്രഹിക്കട്ടെയെന്ന് പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു.  

തെക്കെ ഇറ്റലിയിലെ, പൊമ്പെയിൽ, “പൊമ്പെയിലെ മാതാവ്” എന്ന അഭിധാനത്തിൽ വണങ്ങപ്പെടുന്ന, പരിശുദ്ധ കന്യകാമറിയത്തോടുള്ള പ്രത്യേക പ്രാർത്ഥാനാദിനമായ മെയ് 8-ന്, വെള്ളിയാഴ്ച (08/05/2020) വത്തിക്കാനിൽ, താൻ വസിക്കുന്ന “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ പരിശുദ്ധാരൂപിക്കു സമർപ്പിതമായ കപ്പേളയിൽ അർപ്പിച്ച പ്രഭാത ദിവ്യബല ദിവ്യബലിയുടെ തുടക്കത്തിൽ ഫ്രാൻസീസ് പാപ്പാ, മെയ് 8-ന് റെഡ്ക്രോസ് റെഡ്ക്രെഷൻറ് സംഘടനകളുടെ ലോകദിനം ആചരിക്കപ്പെടുന്നത് അനുസ്മരി ക്കുകയായിരുന്നു.

പാപ്പായുടെ വചന സന്ദേശം:

ദിവ്യബലിവേളയിൽ വചനവിശകലനം നടത്തിയ പാപ്പാ യേശുവേകുന്ന സാന്ത്വനത്തിൻറെ സവിശേഷതകളെക്കുറിച്ച് പരാമർശിച്ചു. 

താൻ ഒറ്റിക്കൊടുക്കപ്പെടാൻ പോകുകയാണെന്ന ഖേദകരമായ വസ്തുതയുൾപ്പടെയുള്ള പല കാര്യങ്ങളും അന്ത്യ അത്താഴവേളയിൽ വെളിപ്പെടുത്തുന്ന യേശു, ഹൃദയം അസ്വസ്ഥമാക്കാതെ തന്നിലും ദൈവത്തിലും വിശ്വസിക്കാനും, വഴിയും സത്യവും ജീവനും താനാണെന്നും ശിഷ്യന്മാരോടു പറയുന്ന സുവിശേഷഭാഗം, യോഹന്നാൻറെ സുവിശേഷം, 14,1-6 വരെയുള്ള വാക്യങ്ങൾ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

യേശുദായ സാന്ത്വനം

സാമീപ്യം, സത്യം, പ്രത്യാശ എന്നിവയാണ് യേശു പ്രദാനം ചെയ്യുന്ന സമാശ്വാത്തിൽ അന്തർലീനമായിരിക്കുന്നതെന്ന് മാർപ്പാപ്പാ വിശദീകരിച്ചു.

ഇവിടെ യേശു സാന്ത്വനിപ്പിക്കുന്ന ശൈലിയെക്കുറിച്ച്, സമാശ്വാസപ്രക്രിയയിൽ അടങ്ങിയിരിക്കുന്ന സാമീപ്യം, സത്യം, പ്രത്യാശ എന്നീ ഘടകങ്ങളെക്കുറിച്ച് വിശകലനം ചെയ്ത പാപ്പാ സാന്ത്വനം പലരീതിയിലുണ്ടെന്ന്, അതായത് ആത്മാർത്ഥമായതുമുതൽ ഔപചാരികമായവതുവരെയുള്ളതുണ്ടെന്ന്, പറഞ്ഞു.

കർത്താവ് നല്കുന്ന സമാശ്വാസം ഏതു തരത്തിലുള്ളതാണെന്നു മനസ്സിലാക്കാൻ നാം പഠിക്കേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടി.

സാമീപ്യം

സാമീപ്യമാണ് യേശുവേകുന്ന സമാശ്വാസത്തിൻറെ പ്രഥമ സവിശേഷതായി പാപ്പാ എടുത്തുകാട്ടിയത്.

ഞാൻ ഇവിടെയുണ്ട്, നിങ്ങളോടു കൂടെയുണ്ട് എന്ന യേശുവിൻറെ മനോഹര വചസ്സുകൾ അനുസ്മരിച്ച പാപ്പാ അവിടത്തെ സാന്നിധ്യം പലപ്പോഴും നിശബ്ദമാണെന്നും എന്നാൽ ആ സാന്നിധ്യം നാം അനുഭവിക്കുന്നുണ്ടെന്നും പാപ്പാ പറഞ്ഞു.

യേശുവിൻറെ മനുഷ്യാവതാരം അവിടത്തെ ഈ സാന്നിധ്യത്തിൻറെ ഉദാഹരണമായി പാപ്പാ എടുത്തുകാട്ടി.

സത്യം

യേശുവിൻറെ സാന്ത്വനത്തിൽ അടങ്ങിയിരിക്കുന്ന ഇതര ഘടകം ആത്മാർത്ഥതയാണെന്നും ഇവിടെ ഔപചാരികതയും കാപട്യവുമില്ലെന്നും പാപ്പാ വ്യക്തമാക്കി.

താൻ പോകുകയാണ്, താൻ മരണം വരിക്കും എന്നൊക്കെ യേശു ശാന്തമായി വെളിപ്പെടുത്തുന്നുവെന്നും ഇവിടെ യാഥാർത്ഥ്യമാണ് അവിടന്ന് അവതരിപ്പിക്കുന്നതെന്നും പാപ്പാ വിശദീകരിച്ചു.

പ്രത്യാശ

ഹൃദയം അസ്വസ്ഥമായിരിക്കുന്ന അവസ്ഥയിൽ, വളരെ മോശമായ ഒരു വേളയിൽ, യേശു ശിഷ്യന്മാരോടു പറയുന്നത് ഹൃദയം അസ്വസ്ഥമാക്കരുതെന്നും തന്നിൽ വിശ്വസിക്കണമെന്നുമാണെന്ന് പറഞ്ഞ പാപ്പാ അവിടന്ന് പ്രത്യാശ പകരുകയാണെന്ന് വ്യക്തമാക്കി. 

കർത്താവിൽ നിന്ന് സാന്ത്വനം സ്വീകരിക്കുക അത്ര എളുപ്പമല്ലയെന്നും പലപ്പോഴും, പ്രതികൂല സഹചര്യങ്ങളിൽ നാം അവിടത്തോടു കോപിക്കാറുണ്ടെന്നും ശാന്തതയോടും സാമീപ്യത്തോടും മാധുര്യത്തോടും കൂടി, ഈ ആത്മാർത്ഥതയോടും പ്രത്യാശയോടുംകൂടി നമ്മോടു സംസാരിക്കാൻ കർത്താവിനെ നാം അനുവദിക്കാറില്ലയെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

ആകയാൽ കർത്താവിനാൽ സാന്ത്വനിപ്പിക്കപ്പെടാൻ നമ്മെത്തന്നെ അനുവദിക്കുന്നതിനു പഠിക്കാനുള്ള അനുഗ്രഹം അവിടത്തോടു യാചിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

കർത്താവിൻറെ സാന്ത്വനം സത്യമാണ്, അതു വഞ്ചിക്കില്ല, അത് ബോധക്ഷയമല്ല, അത് പ്രത്യാശയുടെ വാതിലുകൾ തുറക്കുന്നതാണ്, പാപ്പാ ഉദ്ബോധിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 May 2020, 09:30
വായിച്ചു മനസ്സിലാക്കാന്‍ >