പാപ്പാ സാന്താ മാർത്തായിൽ ദിവ്യകാരുണ്യത്തിന്റെ ആശിർവ്വാദം നൽകുന്നു. പാപ്പാ സാന്താ മാർത്തായിൽ ദിവ്യകാരുണ്യത്തിന്റെ ആശിർവ്വാദം നൽകുന്നു. 

പാപ്പാ: പരിശുദ്ധാത്മാവ് നമ്മെ പഠിപ്പിക്കുന്നു

ഫ്രാൻസിസ് പാപ്പാ സാന്താ മാർത്തയിലർപ്പിച്ച ദിവ്യബലിയുടെ ആരംഭത്തിൽ കോവിഡ് 19 മഹാമാരിയുടെ ഈ അവസരത്തിൽ തൊഴിൽ നഷ്ടമായവർക്കു വേണ്ടി പ്രാർത്ഥിച്ചു. പലർക്കും ഈ ദിവസങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടുവെട്ടുവെന്നും, അവരെ അനുസ്മരിക്കുന്നു എന്നും ആമുഖത്തിൽ പരിശുദ്ധ പിതാവ് അറയിച്ചു. കൂടാതെ വിശുദ്ധ തിമോത്തിയുടെ ശരീരം തെർമൊളിയിലെ കത്തീഡ്രലിൽ കണ്ടുകിട്ടിയതിന്റെ 75 ആം വാർഷികവും പാപ്പാ അനുസ്മരിച്ചു.1945 ലെ തെർമൊളി കത്തീഡ്രലിൻന്റെ പുനരുദ്ധാരണ ജോലികൾക്കിടയിലാണ് വി. തിമോത്തിയുടെ ഭൗതീകാവശിഷ്ടം കണ്ടെത്തിയത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മേയ്  പതിനൊന്നാം തിയതി സാന്താ മാർത്തയിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ തൽകിയ വചന സന്ദേശം.

ഇന്നത്തെ സുവിശേഷം

“എന്റെ കല്‍പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ്‌ എന്നെ സ്നേഹിക്കുന്നത്‌. എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവും സ്നേഹിക്കും. ഞാനും അവനെ സ്നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും.

യൂദാസ്‌ - യൂദാസ്‌കറിയോത്തായല്ല - അവനോടു പറഞ്ഞു: കര്‍ത്താവേ, നീ നിന്നെ ഞങ്ങള്‍ക്കു വെളിപ്പെടുത്താന്‍ പോകുന്നു, എന്നാല്‍, ലോകത്തിനു വെളിപ്പെടുത്തുകയില്ല എന്നു പറഞ്ഞതെന്താണ്‌? യേശു പ്രതിവചിച്ചു: എന്നെ സ്നേഹിഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ്‌ അവനെ സ്നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തു വന്ന്‌ അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും. എന്നെ സ്നേഹിക്കാത്തവനോ എന്റെ വചനങ്ങള്‍ പാലിക്കുന്നില്ല. നിങ്ങള്‍ ശ്രവിക്കുന്ന ഈ വചനം എന്റെതല്ല; എന്നെ അയ ച്ച പിതാവിന്റെതാണ്‌. നിങ്ങളോടുകൂടെ ആയിരിക്കുമ്പോള്‍ത്തന്നെ ഇതു ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു. എന്നാല്‍, എന്റെ നാമത്തില്‍ പിതാവ്‌ അയയ്‌ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ്‌ എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്‌മരിപ്പിക്കുകയുംചെയ്യും” (യോഹ 14, 21-26).

ഈ തിരുവചനത്തെ വിശദ്ധികരിച്ച പാപ്പാ, പിതാവും പുത്രനും ചേർന്നയക്കുന്ന പരിശുദ്ധാത്മാവ് നമ്മോടൊപ്പം വസിക്കുന്നു, നമ്മുടെ ജീവിതത്തിൽ അനുയാത്ര ചെയ്യുന്നു സഹായകൻ (Paraclete) എന്ന് വിളിക്കുന്ന അവൻ നമ്മെ ജീവിതത്തിൽ വീഴാതെ താങ്ങി നിറുത്തുന്ന, ഉറപ്പിച്ചു നിറുത്തുന്ന, നിന്നോടുകൂടെ നിൽക്കുന്നവനാണ് എന്ന് പ്രബോധിപ്പിച്ചു.

സാന്താ മാർത്തയിൽ പാപ്പാ അർപ്പിച്ച ദിവ്യബലി

പരിശുദ്ധാത്മാവ് നമ്മെ പഠിപ്പിക്കുന്നു

നമ്മിൽ പരിശുദ്ധാത്മാവ് ചെയ്യുന്ന കാര്യങ്ങളെ വിശദീകരിച്ച പാപ്പാ അവൻ നമ്മെ പഠിപ്പിക്കുകയും ഓർമ്മപ്പെടുത്തുകയും ചെയ്യുമെന്ന് വ്യക്തമാക്കി.

“ഇതാണ് പരിശുദ്ധാത്മാവിന്റെ കടമ: നമ്മെ പഠിപ്പിക്കുന്നു. വിശ്വാസത്തിന്റെ രഹസ്യങ്ങളെ, രഹസ്യങ്ങളിൽ കടക്കാൻ പഠിപ്പിക്കുന്നു, കുറെ കൂടി ആഴത്തിൽ അതിനെ മനസ്സിലാക്കിത്തരുന്നു. യേശു പഠിപ്പിച്ച പ്രമാണങ്ങളെ മനസ്സിലാക്കാൻ സഹായിക്കുന്നു, എങ്ങനെയാണ് വിശ്വാസത്തിൽ തെറ്റുപറ്റാതെ വളരേണ്ടതെന്ന് പഠിപ്പിക്കുന്നു. പ്രമാണങ്ങൾ നിശ്ചലങ്ങളല്ല അവ വളരുന്നവയാണ്. അത് നമ്മിൽ പാകമാകുന്നതുവരെ വളരാൻ പരിശുദ്ധാത്മാവ് സഹായിക്കുന്നു.”

പരിശുദ്ധാത്മാവ് നമ്മെ ഓർമ്മപ്പെടുത്തുന്നു

“മറ്റൊരു കാര്യം ഓർമ്മപ്പെടുത്തലാണ്. യേശു പറഞ്ഞവയെല്ലാം പരിശുദ്ധാത്മാവ് ഓർമ്മപ്പെടുത്തുന്നു. പരിശുദ്ധാത്മാവ് നമ്മെ ഉണർത്തുന്ന ഓർമ്മയാണ്. കർത്താവിന്റെ കാര്യങ്ങളിൽ നമ്മെ ഉണർവ്വുള്ളവരാക്കുന്നു, മാത്രമല്ല നമ്മെ നമ്മുടെ ജീവിത്തെയും ഓർമ്മപ്പെടുത്തുന്നു, എപ്പോഴാണ് നമ്മൾ യേശുവിനെ കണ്ടുമുട്ടിയതെന്നും അവനെ വിട്ടുപോയതെന്നും നമ്മെ അനുസ്മരിപ്പിക്കുന്നു.”

പരിശുദ്ധാത്മാവ് നമ്മെ നയിക്കുന്നു

“ഈ സ്മരണയിൽ പരിശുദ്ധാത്മാവ് നമ്മെ നയിക്കുന്നു. ചെറിയ തീരുമാനങ്ങളിൽപ്പോലും, ഞാൻ ഇപ്പോൾ എന്താണ് ചെയ്യേണ്ടത്, ശരിയായ പാത എന്താണ്, തെറ്റായ വഴി എന്താണെന്ന് വിവേച്ചറിയാനും, ചെറിയ തീരുമാനങ്ങളിൽ പോലും പരിശുദ്ധാത്മാവ് നമ്മെ നയിക്കുന്നു. നാം പരിശുദ്ധാത്മാവിനോടു പ്രകാശത്തിനായി  അപേക്ഷിച്ചാൽ, ചെറുതും വലുതുമായ തീരുമാനങ്ങൾ എടുക്കാനും,  ശരിയായ തീരുമാനങ്ങൾ എടുക്കാനും വിവേചനം നൽകി നമ്മെ സഹായിക്കും.”

പരിശുദ്ധാത്മാവ് നമ്മോടൊപ്പം സഞ്ചരിക്കുന്നു

“ആത്മാവ്" നമ്മോടൊപ്പം സഞ്ചരിക്കുകയും, വിവേചന ബുദ്ധിയിൽ നമ്മെ നിലനിർത്തുകയും ചെയ്യുന്നു.  ആത്മാവ് നമ്മെ എല്ലാം പഠിപ്പിക്കും, അതായത് വിശ്വാസം വളരാൻ ഇടയാക്കുകയും രഹസ്യങ്ങളെ നമുക്ക് പരിചയപ്പെടുത്തും ചെയ്യും. ആത്മാവ് വിശ്വാസത്തെ ഓർമ്മപ്പെടുത്തുകയും, നാം എടുക്കേണ്ട തീരുമാനങ്ങളെ വിവേചിച്ചറിയാൻ നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു."

ദൈവത്തിന്റെ ദാനമായ പരിശുദ്ധാത്മാവ്

പരിശുദ്ധാത്മാവ് സഹായകനാണ്. സുവിശേഷം പരിശുദ്ധാത്മാവിന് നൽകുന്ന മനോഹരമായ മറ്റൊരു നാമം ദൈവത്തിന്റെ ദാനമെന്നാണെന്ന് പ്രബോധിപ്പിച്ച പാപ്പാ ക്രിസ്തു നമ്മെ അനാഥരായി വിടുകയില്ലെന്നും അവിടുത്തെ സഹായകനായ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുകയും,  എല്ലാകാര്യങ്ങളും പഠിപ്പിക്കുകയും, മുന്നോട്ട് പോകാനും, ഓർമ്മിപ്പിക്കാനും, വിവേചനബുദ്ധിയിൽ വളരാനും സഹായിക്കുമെന്ന് അനുസ്‌മരിപ്പിക്കുകയും ചെയ്തു.

മാമ്മോദീസായിൽ ദൈവം നൽകിയതും, നമ്മുടെയുള്ളിലുള്ളതുമായ ഈ  ദാനത്തിൽ നിലനിൽക്കാൻ സഹായിക്കട്ടെ  എന്ന പ്രാർത്ഥനയോടെ പാപ്പാ തന്റെ വചനസന്ദേശം ഉപസംഹരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 May 2020, 10:37
വായിച്ചു മനസ്സിലാക്കാന്‍ >