from the lectern of santa marta 02-04-2020 from the lectern of santa marta 02-04-2020 

ദൈവിക ഉടമ്പടിയോടു വിശ്വസ്തരായി ജീവിക്കാം

ഏപ്രില്‍ 2-Ɔο തിയതി വ്യാഴാഴ്ച സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലിമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച വചനചിന്തകള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ക്രിസ്തുവില്‍ ലഭ്യമായ ദൈവകൃപ
പൂര്‍വ്വപിതാവ് അബ്രാഹവുമായി ദൈവം ചെയ്ത ഉടമ്പടിയും, ക്രിസ്തുവുമായുള്ള പുതിയ ഉടമ്പടിയും ഈ ലോകത്തിന് പാപമോചനംവഴി ലഭ്യമാക്കിയ ദൈവകൃപയുടെ പുനരാവിഷ്ക്കാരമാണെന്ന് പാപ്പാ വ്യാഖ്യാനിച്ചു. ക്രൈസ്തവര്‍ തിരഞ്ഞെടുക്കപ്പെട്ടവരും, ദൈവിക ഉടമ്പടിയിലെ ഭാഗഭാക്കുകളും ദൈവിക വാഗ്ദാനങ്ങളുടെ ഫലപ്രാപ്തിക്ക് അര്‍ഹരുമാണ്. അതിനാല്‍ ദൈവിക ഉടമ്പടിയോട് പ്രതികരിക്കാന്‍ ഓരോ ക്രൈസ്തവനും കടപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.

2. തിരഞ്ഞെടുക്കപ്പെട്ടവരുടെ ഉത്തരവാദിത്ത്വം
ക്രൈസ്തവ വിളിയുടെ ഉത്തരവാദിത്ത്വംമൂലം അവരുടെ പാപങ്ങള്‍ മൂന്നു വിധത്തില്‍ ദൈവിക ഉടമ്പടിക്ക് വിരുദ്ധമാകുന്നെന്ന് പാപ്പാ വിശദീകരിച്ചു. ആദ്യമായി, ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണെന്ന സത്യം മറന്ന് ഉപരിപ്ലവമായ മറ്റു വ്യാജബിംബങ്ങളുടെ പിറകെ പോവുക. രണ്ടാമതായി, ദൈവികവാഗ്ദാനങ്ങള്‍ മറന്നുകളയുക. മൂന്നാമതായി, ഉടമ്പടി മറന്നുകളയുകയും ലംഘിക്കുകയും ചെയ്യുക. അതിനാല്‍ തങ്ങളുടെ തിരഞ്ഞെടുപ്പില്‍ അഭിമാനംകൊണ്ടു ജീവിക്കുക, ദൈവിക വാഗ്ദാനങ്ങള്‍ പാലിക്കുക, ഉടമ്പടിയോടു വിശ്വസ്തരായിരിക്കുക എന്നിവ ക്രൈസ്തവ ജീവിത രീതിയായിരിക്കണമെന്ന് പാപ്പാ വ്യക്തമാക്കി.

3. ഉടമ്പടിയുടെ ദൈവം
ഇന്നത്തെ പ്രതിവചന സങ്കീര്‍ത്തനം, ആവര്‍ത്തിക്കുന്നത് കര്‍ത്താവ് തന്‍റെ ഉടമ്പടി അനുസ്മരിക്കുന്നുവെന്നാണ് (സങ്കീ. 105, 4). നാം ഉടമ്പടി മറന്നുകളയുന്നതും ലംഘിക്കുന്നതും പാപം ചെയ്യുമ്പോഴാണ്. എന്നാല്‍ ദൈവം പാപങ്ങള്‍ ക്ഷമിക്കുന്നവനാകയാല്‍, നമ്മുടെ ഉടമ്പടി ലംഘനത്തെക്കുറിച്ചോ, പാപങ്ങളെക്കുറിച്ചോ അവിടുന്ന് വീണ്ടും ഓര്‍ക്കുന്നില്ല. നമ്മെ കുറ്റപ്പെടുത്തുന്നില്ല. അബ്രാഹത്തോടുള്ള വിശ്വസ്തത ദൈവത്തിന്‍റെ ഉടമ്പടിയുടെ അനുസ്മരണമാണ്. ദൈവം അബ്രാഹത്തെ വിളിച്ചത് തന്‍റെ ജനത്തിനായി ഒരു വഴിയൊരുക്കുവാനാണ്. തിരഞ്ഞെടുപ്പിലാണ് ദൈവത്തിന്‍റെ വാഗ്ദാനം – ജനതകളുടെ പിതാവാകുമെന്നുള്ള വാഗ്ദാനം. ഉടമ്പടി അത് സ്വീകരിക്കുന്നവന്‍റെ കൂടെയാണ്. അബ്രാഹം ജീവിതത്തിലെ മുന്നോട്ടുള്ള പ്രയാണത്തിലാണ് ഒരു വലിയ ജനത്തിന്‍റെ പിതാവാകുന്നതെന്ന് പാപ്പാ വ്യക്തമാക്കി. അതിനാല്‍ തിരഞ്ഞെടുപ്പും, വാഗ്ദാനവും, ഉടമ്പടിയും വിശ്വാസജീവിതത്തിന്‍റെ മൂന്നുമാനങ്ങളാണെന്ന് പാപ്പാ വ്യക്തമാക്കി.

4. സത്പ്രവൃത്തികള്‍ വിശ്വാസത്തിന്‍റെ ഫലപ്രാപ്തി
ക്രൈസ്തവജീവിതം ദൈവത്തിന്‍റെ തിരഞ്ഞെടുപ്പാണ്. ദൈവമാണ് തിരഞ്ഞെടുക്കുന്നത്. നാം അല്ല! മതപരമായ എന്തു ചുറ്റുപാടുകള്‍ ഉണ്ടെങ്കിലും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവനു മാത്രമേ, വിശ്വാസപാതയില്‍ വിശ്വസ്തതയോടെ മുന്നേറാനാകൂ. വിശ്വാസപാതയില്‍ ദൈവം തരുന്ന വാഗ്ദാനം പ്രത്യാശ പകരുന്നതാണ്. കാരണം അതിന് ഫലപ്രാപ്തിയുണ്ട്. അതിനാല്‍ വിശ്വാസം ഫലസമൃദ്ധി അണിയുന്നത് സത്പ്രവൃത്തികളിലാണെന്ന് പാപ്പാ വ്യക്തമാക്കി. ദൈവവുമായുള്ള ഉടമ്പടി പാലിക്കേണ്ടത് അനിവാര്യമാണ്.  കാരണം അബ്രാഹത്തിന്‍റെ വംശജനായ ക്രിസ്തുവില്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ഉടമ്പടി ഈ ഭൂമിയിലെ ദൈവിക വാഗ്ദാനങ്ങളുടെ പുനരാവിഷ്ക്കാരമാണെന്ന് പാപ്പാ വ്യക്തമാക്കി. അത് മാനവക കുലത്തിന്‍റെ പാപമോചനമാണെന്നും  പ്രസ്താവിച്ചു. 

5. ജ്ഞാനസ്നാം ഒരു  "തിരിച്ചറിയല്‍ക്കാര്‍ഡ്"

ക്രൈസ്തവര്‍ക്ക് ജ്ഞാനസ്നാനത്തില്‍ ലഭിക്കുന്ന നവജീവന്‍ ദൈവിക ജീവനിലെ പങ്കാളിത്തത്തിനുള്ള തിരിച്ചറിയല്‍ കാര്‍ഡു മാത്രമാണ്. ജ്ഞാനസ്നാനത്തില്‍ ലഭിച്ച ക്രിസ്തുവിലുള്ള നവജീവന്‍റെ തിരഞ്ഞെടുപ്പിന്‍റെ അടയാളം മാത്രമാണ്. അത് ക്രൈസ്തവര്‍ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് പാപ്പാ വ്യക്തമാക്കി. എന്നാല്‍ തിരിഞ്ഞെടുപ്പു മാനിക്കാതെ ദൈവികമല്ലാത്ത കാര്യങ്ങളില്‍ മുഴുകി ജീവിക്കുന്നത് പാപമാണ്. തിരഞ്ഞെടുപ്പിന്‍റെ നിഷേധമാണ്. ദൈവിക വാഗ്ദാനങ്ങളില്‍ പ്രത്യാശയില്ലാത്തവരാണവര്‍. അവര്‍ ദൈവിക ഉടമ്പടിയും ലംഘിക്കുന്നവരായിരിക്കും. അകലെ, വിദൂരത്തില്‍ ക്രൈസ്തവരെപ്പോലെ ആയിരിക്കുകയും, താല്ക്കാലിക നേട്ടങ്ങളില്‍ ജീവിതം തള്ളിനീക്കുകയും, ദൈവിക ഉടമ്പി മറന്നും, ഉടമ്പടി ഇല്ലാത്തവരുമായി അവര്‍ ജീവിക്കുന്നു.

6. ഉടമ്പടിയോടുള്ള വിശ്വസ്തതയും ജീവിതാനന്ദവും
എന്നാല്‍ ദൈവിക തിരഞ്ഞെടുപ്പിലുള്ള ഫലപ്രാപ്തി സന്തോഷമാണ്. തന്‍റെ നാളുകള്‍ കണ്ട അബ്രഹാമിന്‍റെ ആനന്ദത്തെക്കുറിച്ച് ക്രിസ്തു യഹൂദരോട് പ്രതിപാദിക്കുന്നത്, ദൈവിക വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണമാണെന്ന് പാപ്പാ പ്രഭാഷണത്തില്‍ സമര്‍ത്ഥിച്ചു. ഇന്നത്തെ സുവിശേഷഭാഗം നമുക്കു നല്കുന്ന ദൈവിക വെളിപാടിന്‍റെ പൂര്‍ത്തീകരണം അബ്രാഹത്തിന്‍റെ കാലംമുതല്‍ യേശുവിലുള്ള ദൈവിക വാഗ്ദാനങ്ങളുടെ പുനരാവിഷ്ക്കാരമാണ്. അബ്രാഹമിന്‍റെ ആന്ദന്ദം ക്രിസ്തുവില്‍ പൂവണിയേണ്ട രക്ഷാകരപദ്ധതിയുടെ ആനന്ദമാണ്. അതുപോലെ ക്രൈസ്തവാസ്തിത്വത്തിന്‍റെ ആനന്ദമാകേണ്ടത് ക്രിസ്തുവിലുള്ള ദൈവികവാഗ്ദാനത്തിന്‍റെ പൂര്‍ത്തീകരണത്തില്‍ വിശ്വസ്തതയോടെ പങ്കുചേരാന്‍ സാധിക്കുന്ന ഒരു ജീവിതമാണെന്നു പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ വചനസമീക്ഷ ഉപസംഹരിച്ചത്.

7. ആത്മീയ ദിവ്യകാരുണ്യസ്വീകരണം
ദിവ്യകാരുണ്യസ്വീകരണാനന്തരം, ഒരു ആത്മീയ ദിവ്യാകരുണ്യ സ്വീകരണത്തിന്‍റെ സ്വയം പ്രേരിതപ്രാര്‍ത്ഥന പാപ്പാ ചൊല്ലുകയും ദിവ്യകാരുണ്യം സ്വീകരിക്കാന്‍ സാധിക്കാത്ത വിശ്വാസികളെ അനുസ്മരിക്കുകയും, അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് പരിശുദ്ധ ദിവ്യകാരുണ്യ ആരാധനയായിരുന്നു. ആരാധനയുടെ അന്ത്യത്തില്‍ പാപ്പാ ദിവ്യകാരുണ്യാശീര്‍വ്വാദം നല്കി

8. പാപ്പാ ചൊല്ലിയ പ്രാര്‍ത്ഥന.
യേശുവേ, പരിശുദ്ധ കുര്‍ബ്ബാനയില്‍ അങ്ങ് സന്നിഹിതനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സകലത്തിനെക്കാളും ‍ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ ആത്മീയമായി സ്വീകരിക്കാന്‍ എന്നുള്ളം ഏറെ കൊതിക്കുന്നു. ആത്മീയമായി അങ്ങ് എന്‍റെ ഹൃത്തടത്തില്‍ വരണമേ. എന്‍റെ ഹൃദയത്തില്‍ അങ്ങയെ ഞാന്‍ ആശ്ലേഷിക്കുകയും, അങ്ങില്‍ ഞാന്‍ ആനന്ദിക്കുകയും ചെയ്യുന്നു. ഒരിക്കലും അങ്ങില്‍നിന്നും അകന്നുപോകാന്‍ അങ്ങ് ഇടയാക്കരുതേ! അങ്ങില്‍ വിശ്വസിക്കുകയും, അങ്ങേ സ്നേഹിക്കുകയും, അങ്ങില്‍ പ്രത്യാശിക്കുകയുചെയ്യുന്നു. ആമേന്‍.
മരിയഗീതത്തോടെയാണ് സാന്താ മാര്‍ത്തയിലെ പ്രഭാത തിരുക്കര്‍മ്മങ്ങള്‍ സമാപിച്ചത്.

9. പാപ്പായുടെ ദിവ്യബലി തത്സമയം
എല്ലാദിവസവും പാപ്പാ ഫ്രാന്‍സിസിന്‍റെ ദിവ്യബലിയില്‍ തത്സമയം പങ്കുചേരുവാനുള്ള ലിങ്ക് :
ഇന്ത്യയിലെ സമയം രാവിലെ 10.30-ന്.

https://www.youtube.com/watch?v=5YceQ8YqYMc  
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 April 2020, 10:14
വായിച്ചു മനസ്സിലാക്കാന്‍ >