from the lectern of Pope francis from the lectern of Pope francis 

ക്രിസ്തുവിലുള്ള സ്വാതന്ത്ര്യമാണ് ശിഷ്യത്വം

ക്രിസ്തുവിലുള്ള സ്വാതന്ത്ര്യമാണ് ശിഷ്യത്വം

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

രാവിലെ പേപ്പല്‍ വസതിയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെയാണ് പാപ്പാ ഫ്രാന്‍സിസ് സുവിശേഷഭാഗത്തെ ആധാരമാക്കി ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. (യോഹ. 8, 31-42).

1. ആമുഖപ്രഭണിതം

യേശുവിന്‍റെ ആത്മീയ സ്വാതന്ത്ര്യത്തിന്‍റെ അനുസ്മരണമാണ് ഇന്നത്തെ ദിവ്യബലയില്‍. ദൈവമേ, ശത്രുകരങ്ങളില്‍നിന്ന് അങ്ങെന്നെ സംരക്ഷിക്കുന്നു. എന്‍റെ പ്രതിയോഗികള്‍ക്കെതിരെ അങ്ങെന്നെ ഉയര്‍ത്തുന്നു. അതിക്രമികളുടെ കൈയ്യില്‍നിന്നും അങ്ങെന്നെ രക്ഷിക്കുന്നു (സങ്കീ. 17).

2. ക്രിസ്തുവില്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നവര്‍
ശിഷ്യത്വമാണ് ക്രിസ്തുവില്‍ നമുക്കു സ്വാതന്ത്യം നല്കുന്നത്. ക്രിസ്തുവില്‍ വസിക്കുന്ന ശിഷ്യന്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനായിരിക്കും. ക്രിസ്തുവില്‍ വസിക്കുകയെന്നാല്‍, പരിശുദ്ധാത്മാവാല്‍ പ്രചോദിതരായി ജീവിക്കുക എന്നാണ് അര്‍ത്ഥമെന്ന് പാപ്പാ വ്യാഖ്യാനിച്ചു. ഇതുവഴി ക്രിസ്തുശിഷ്യന്‍ ഒരു പാരമ്പര്യത്തിന്‍റെ മനുഷ്യനും നവീനതകളുള്ള വ്യക്തിയുമായിരിക്കും. അയാള്‍ സ്വതന്ത്രനായിരിക്കും. ഏതെങ്കിലും മീമാംസകള്‍ക്കോ സാമൂഹിക ചിന്താധാരകള്‍ക്കോ അധീനനായിരിക്കില്ല. മറിച്ച് ക്രിസ്തീയ പ്രബോധനങ്ങള്‍ക്ക് കീഴ്പ്പെട്ടു ജീവിക്കും. അവ ചര്‍ച്ചചെയ്യപ്പെടാവുന്ന തത്വങ്ങളുമാണ്. അത് പരിശുദ്ധാത്മാവാല്‍ പ്രചോദിതവും ക്രിസ്തുവില്‍ ഉള്‍ച്ചേര്‍ന്ന ജീവിതവുമാണെന്നും പാപ്പാ വ്യക്തമാക്കി.

ക്രിസ്തുവില്‍ വസിക്കുന്നവന്‍, പരിശുദ്ധാത്മാവിനെ പ്രഘോഷിക്കുന്നു. ദൈവാത്മാവ് ക്രിസ്തുശിഷ്യന്‍റെ ഉള്ളില്‍ വസിക്കുന്നു. ഈ സത്യം മനസ്സിലാക്കാന്‍ പരിശുദ്ധാത്മാവ് നമുക്കു പ്രചോദനമാകട്ടെ. കാരണം അത് അക്കാലത്തെ പണ്ഡിതന്മാര്‍ക്കുപോലും ദുര്‍ഗ്രാഹ്യമായിരുന്നു. അതു ബുദ്ധിശക്തികൊണ്ടു മാത്രമല്ല മനസ്സിലാക്കുന്നത്, മറിച്ച് ഹൃദയംകൊണ്ടും പരിശുദ്ധാത്മാവു നല്കുന്ന വെളിപാടുകൊണ്ടുമാണെന്ന് പാപ്പാ വ്യക്തമാക്കി. അതിനാല്‍ പരിശുദ്ധാത്മാവിന്‍റെ അഭിഷേകവും വരദാനവുമാണ് നാം ക്രിസ്തുശിഷ്യരായി വിശ്വസ്തതയില്‍ ജീവിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി. ക്രിസ്തുശിഷ്യന്‍ ഒരുപോലെ പഴമയുടെയും പാരമ്പര്യത്തിന്‍റെയും, ഒപ്പം നവീനതയുടെയും മനുഷ്യനാണ്. പരിശുദ്ധാത്മാവാന് സ്വതന്ത്രനായ മനുഷ്യന്‍ ഒരിക്കലും പ്രത്യയശാസ്ത്രങ്ങള്‍ക്ക് അടിമപ്പെടുകയില്ല.

3. ക്രിസ്തുവിനു കീഴ്പ്പെടേണ്ടി വന്നവര്‍
അവിടുത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍

യോഹന്നാന്‍റെ സുവിശേഷം 8-Ɔο അദ്ധ്യായമാണ് നാം ഈ ദിവസങ്ങളില്‍ ധ്യാനിക്കുന്നത്. യേശുവും നിയമജ്ഞന്മാരുമായുള്ള ശക്തമായ വാദപ്രതിപാദമാണ് ഇവിടെ കാണുന്നത്. ക്രിസ്തുവിനെ യഹൂദാചാര്യന്മാരുടെ അടുത്തേയ്ക്ക് കൊണ്ടെത്തിക്കുന്നതാണ് ഈ സുവിശേഷഭാഗം. യേശു സാമൂഹ്യപ്രമാണികളുടെ ജീവിതവൈരുദ്ധ്യം ചൂണ്ടിക്കാണിച്ചുകൊണ്ട് അവരെ കീഴ്പ്പെടുത്തുന്നുണ്ട്. ഈ കീഴപ്പെടലിന്‍റെ അവഹേളനത്തില്‍നിന്ന് മോചിതരാകുവാനും ജയം നേടുവാനും അവര്‍ ചെയ്ത തന്ത്രമാണ്, അവിടുത്തെമേല്‍ ദൈവദൂഷണക്കുറ്റം ചുമത്തിയതെന്ന് പാപ്പാ പ്രസ്താവിച്ചു.

4.  സ്നേഹത്തില്‍ നിലനില്ക്കുന്നവരും
യേശുവില്‍ വസിക്കുന്നവരും

തന്‍റെ വ്യക്തിത്വത്തെയും സ്വത്വത്തെയും ചോദ്യം ചെയ്ത ദൈവവിശ്വാസികളായവരോട് അവിടുന്ന് ഉദ്ബോധിപ്പിച്ചത്, സ്നേഹത്തില്‍ നിലനില്ക്കുന്നവര്‍ തന്‍റെ ശിഷ്യന്മാരാണെന്നാണ്. ശിഷ്യത്വത്തിന്‍റെ ഈ മാനദണ്ഡം ക്രിസ്തു പിന്നെയും ആവര്‍ത്തിക്കുന്നുണ്ട്. പ്രത്യേകിച്ച് അന്ത്യത്താഴവിരുന്നില്‍. തന്‍റെ സ്നേഹത്തില്‍ വസിക്കുന്നവര്‍ക്കൊപ്പം താനുമുണ്ടാകും, താനും വസിക്കുമെന്ന് ക്രിസ്തു അരുള്‍ചെയ്തിട്ടുള്ളത് പാപ്പാ ഉദ്ധരിച്ചു.

5. വചനം ശ്രവിക്കുന്നവരും
അവ പാലിക്കുന്നവരും

തന്‍റെ സംവാദരീതിയോ തര്‍ക്കമോ ശരിയായി പഠിക്കുവാനല്ല അവിടുന്ന് ആവശ്യപ്പെട്ടത്. അവയ്ക്കൊന്നും പ്രാധാന്യം നല്കാതെ, ക്രിസ്തു സത്തയായതിലേയ്ക്കു പോകുന്നു. തന്‍റെ വചനങ്ങള്‍ ശ്രവിക്കുകയും അവ പാലിക്കുകയും ചെയ്യുന്നവനാണ് തന്നില്‍ വസിക്കുന്നതെന്ന് ക്രിസ്തു വ്യക്തമാക്കിയത് പാപ്പാ ഫ്രാന്‍സിസ് ഉദ്ധരിച്ചു. ഇതാണ് യഥാര്‍ത്ഥ ശിഷ്യത്വത്തിനുളള മാനദണ്ഡമെന്നും പാപ്പാ വ്യക്തമാക്കി. ക്രിസ്തുവില്‍ വസിക്കുക, അവിടുത്തെ വചനം, കല്പനകള്‍ പാലിച്ചു ജീവിക്കുക, അവിടുത്തെ ജീവനില്‍ പങ്കുചേരുക. അപ്പോള്‍ ഒരുവന്‍ അവിടുത്തെ ശിഷ്യനായിരിക്കുമെന്ന് പാപ്പാ വ്യാഖ്യാനിച്ചു. മറിച്ച്, അവിടുത്തെ പ്രബോധനങ്ങളോട് സഹാനുഭാവം കാട്ടുകയും, ഉപവി പ്രവൃത്തിചെയ്യുന്ന ഒരാളായി അവിടുത്തെ അനുഗമിക്കുകയും, അവന്‍ നല്ലവനെന്നു പേരെടുക്കുകയും, ജീവിതത്തില്‍ നല്ല മൂല്യങ്ങള്‍ ഉണ്ടാവുകയും ചെയ്തതുകൊണ്ടു കാര്യമായില്ല. ശിഷ്യത്വമായിരിക്കണം ക്രിസ്ത്വാനുകരണത്തിന്‍റെ മാനദണ്ഡമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

6. ആരാധനയും ആശീര്‍വ്വാദവും
ദിവ്യകാരുണ്യ സ്വീകരണത്തെ തുടര്‍ന്ന് പാപ്പാ ഹ്രസ്വമായ ആരാധനനടത്തി. ആത്മീയ കൂട്ടായ്മയ്ക്കും അനുഗ്രഹത്തിനുമായി പ്രാര്‍ത്ഥിച്ചു :  യേശുവേ, പരിശുദ്ധ കുര്‍ബ്ബാനയില്‍ അങ്ങ് സന്നിഹിതനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.  സകലത്തിനെക്കാളും ‍ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ ആത്മീയമായി സ്വീകരിക്കാന്‍ എന്നുള്ളം ഏറെ കൊതിക്കുന്നു. ആത്മീയമായി അങ്ങ് എന്‍റെ ഹൃത്തടത്തില്‍ വരണമേ. എന്‍റെ ഹൃദയത്തില്‍ അങ്ങയെ ഞാന്‍ ആശ്ലേഷിക്കുകയും, അങ്ങില്‍ ഞാന്‍ ആനന്ദിക്കുകയും ചെയ്യുന്നു. ഒരിക്കലും അങ്ങില്‍നിന്നും അകന്നുപോകാന്‍ അങ്ങ് ഇടയാക്കരുതേ! അങ്ങില്‍ വിശ്വസിക്കുകയും, അങ്ങേ സ്നേഹിക്കുകയും, അങ്ങില്‍ പ്രത്യാശിക്കുകയുംചെയ്യുന്നു.  ആമേന്‍.

7. മരിയസ്തുതി!
പരിശുദ്ധാത്മാവിനായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള സാന്താമാര്‍ത്തയിലെ കൊച്ചുകപ്പേള വിട്ടുപോകുന്നതിനു മുന്‍പ് പാപ്പാ കന്യാകാനാഥയുടെ സ്വരൂപത്തിനു മുന്നില്‍നിന്നുകൊണ്ട് സ്വര്‍ഗ്ഗരാജ്ഞിയേ വാഴ്ക...! (Ave Regina Caelorum) എന്ന ഗീതം ആലപിച്ചു. രക്ഷയുടെ വാതില്‍ തുറന്ന് ദിവ്യപ്രകാശം ഈ ഭൂവില്‍ വര്‍ഷിക്കണമേ, മഹത്വപൂര്‍ണ്ണയായ അമ്മേ...അങ്ങേ തിരുക്കുമാരന്‍ ക്രിസ്തുവിനോടു ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ...! എന്ന് ആലപിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 April 2020, 14:09
വായിച്ചു മനസ്സിലാക്കാന്‍ >