ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, സാന്താ മാർത്തയിലെ കപ്പേളയിൽ, ദിവ്യപൂജാർപ്പണ വേളയിൽ സുവിശേഷ ചിന്തകൾ പങ്കുവയ്ക്കുന്നു, 25/04/2020 ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, സാന്താ മാർത്തയിലെ കപ്പേളയിൽ, ദിവ്യപൂജാർപ്പണ വേളയിൽ സുവിശേഷ ചിന്തകൾ പങ്കുവയ്ക്കുന്നു, 25/04/2020 

വിശ്വാസത്തിൽ അന്തർലീനമായ പ്രേഷിത-ജീവിതസാക്ഷ്യ മാനങ്ങൾ!

വിശ്വാസം ഒരുവനെ അവനിൽ നിന്നു പുറത്തുകൊണ്ടുവരുകയും വിശ്വാസത്തെ സാമൂഹ്യമായി അനാവരണം ചെയ്യുകയും ചെയ്യുന്നു.... ക്രൈസ്തവൻ ക്രിസ്തീയമായി ജീവിക്കുന്ന പക്ഷം അത് ആകർഷണ വലയം സൃഷ്ടിക്കും, അതാണ് സാക്ഷ്യം. ഫ്രാൻസീസ് പാപ്പായുടെ വചനവിശകലനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോവിദ് 19 രോഗം മൂലം മരണമടഞ്ഞവരുടെ ശവസംസ്കാര കർമ്മങ്ങൾ നടത്തുന്നവർക്കായി മാർപ്പാപ്പാ പ്രത്യേകം പ്രാർത്ഥിക്കുന്നു.

കോവിദ് 19 ദുരന്തത്തിൽ നിന്ന് മാനവരാശിയെ രക്ഷിക്കണമേയെന്ന പ്രത്യേക പ്രാർത്ഥനാനിയോഗത്തോടുകൂടി അനുദിനം, വത്തിക്കാനിൽ, “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിലെ കപ്പേളയിൽ, ദിവ്യബലി അർപ്പിക്കുന്ന ഫ്രാൻസീസ് പാപ്പാ വിശുദ്ധ മർക്കോസിൻറെ തിരുന്നാൾ ദിനമായിരുന്ന ഈ ശനിയാഴ്ചത്തെ (25/04/20) വിശുദ്ധ കുബ്ബാനയുടെ തുടക്കത്തിലാണ് ഇവരെ അനുസ്മരിച്ചു പ്രാർത്ഥിച്ചത്.

ഈ ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട സുവിശേഷ ഭാഗം, അതായത്, ഉത്ഥിതൻ ശിഷ്യർക്ക് പ്രേഷിതദൗത്യം നല്കുന്ന സംഭവം രേഖപ്പെടുത്തിയിരിക്കുന്ന മർക്കോസിൻറെ സുവിശേഷം 16,15-20 വരെയുള്ള വാക്യങ്ങൾ, വിശകലനം ചെയ്ത പാപ്പാ വിശ്വാസത്തിൻറെ പ്രേഷിതപരവും സാമൂഹ്യവും ജീവിതസാക്ഷ്യപരവുമായ മാനങ്ങൾ എടുത്തുകാട്ടി.

വിശ്വാസത്തിൽ പ്രേഷിതത്വം ഉൾച്ചേർന്നിരിക്കുന്നുവെന്നും ഇവ രണ്ടും ചേർന്നതാണ് വിശാസമെന്നും പാപ്പാ വിശദീകരിച്ചു.

ഒരുവൻ വിശ്വാസത്തോടുകൂടി വളരുന്നതിന് അവനു മാത്രമായിട്ടുള്ളതല്ല വിശാസമെന്ന് പ്രസ്താവിച്ച പാപ്പാ വിശ്വാസം ജീവിതസാക്ഷ്യത്തോടുകൂടിയതാകണം എന്ന് ഉദ്ബോധിപ്പിച്ചു. 

വിശാസം ഒരുവനെ അവനിൽ നിന്ന് പുറത്തുകടക്കാൻ പ്രാപ്തനാക്കുന്നുവെന്നും ആ വിശ്വാസം സംവേദനം ചെയ്യപ്പെടുന്നുവെന്നും പറഞ്ഞ പാപ്പാ വിശ്വാസം പകർന്നു നല്കുന്നത്, സർവ്വോപരി, ജീവിത സാക്ഷ്യത്താലാണെന്ന് പ്രസ്താവിച്ചു.

വിശ്വാസം ഉണ്ടാകണമെങ്കിൽ ഒരുവന് ഉറച്ച ബോധ്യം ആവശ്യമാണെന്നും ഈ ബോധ്യത്തിൻറെ അഭാവത്തിൽ പ്രേഷിതത്വമാനം ഇല്ലാതാകുമെന്നും പാപ്പാ പറഞ്ഞു.

പേരുകൊണ്ട് മാത്രം ക്രൈസ്തവനായാൽ, അതായത് ക്രൈസ്തവൻ എന്നത് തിരിച്ചറിയുന്നതിനുവേണ്ടിയുള്ള ഒരു ഘടകം പോലെ, ഒരു സാമൂഹ്യ ഘടകം പോലെ ആയാൽ അത് വിശ്വാസമല്ല എന്ന് പാപ്പാ വിശദീകരിച്ചു.

കാരണം വിശ്വാസം ഒരുവനെ അവനിൽ നിന്നു പുറത്തുകൊണ്ടുവരുകയും വിശ്വാസത്തെ സാമൂഹ്യമായി അനാവരണം ചെയ്യുകയും ചെയ്യുന്നുവെന്ന് പാപ്പാ പറഞ്ഞു.

വിശ്വാസം മതപരിവർത്തനമാണ് എന്നല്ല ഇതിനർത്ഥം എന്ന് പാപ്പാ വ്യക്തമാക്കി.

ക്രൈസ്തവനെന്നു പറയുകയും അതിനനുസൃതം ജീവിക്കാതിരിക്കുകയും ചെയ്താൽ അത് ക്രൈസ്തവികതയെക്കുറിച്ച് ഒരു ബോധ്യം ആർക്കും നല്കില്ലെന്നും മറിച്ച് ക്രൈസ്തവൻ ക്രിസ്തീയമായി ജീവിക്കുന്ന പക്ഷം അത് ആകർഷണ വലയം സൃഷ്ടിക്കുമെന്നും അതാണ് സാക്ഷ്യമെന്നും പാപ്പാ വിശദീകരിച്ചു.

വിശ്വാസം സംവേദനം ചെയ്യുന്നവിടെ കർത്താവും, എന്നാൽ, ആശയങ്ങൾ കൈമാറ്റം ചെയ്യുന്നവിടെ ഗുരുനാഥന്മാരുമായരിക്കും ഉണ്ടാകുകയെന്ന പറഞ്ഞ പാപ്പാ വിശ്വാസം തുറവോടെ, സുതാര്യമായി ജീവിക്കാൻ എല്ലാവർക്കും കർത്താവിൻറെ അനുഗ്രഹം ലഭിക്കുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 April 2020, 13:25
വായിച്ചു മനസ്സിലാക്കാന്‍ >