പ്രാര്‍ത്ഥനയുടെ ഫലപ്രാപ്തിക്ക് ആവശ്യമായ മൂന്നു കാര്യങ്ങള്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. ആമുഖ പ്രഭണിതം
“ഞാന്‍ കര്‍ത്താവില്‍ പ്രത്യാശവയ്ക്കുന്നു.
കര്‍ത്താവേ, ഞാന്‍ അങ്ങയുടെ കാരുണ്യത്തില്‍ സന്തോഷിക്കുന്നു.
എന്തെന്നാല്‍ എന്‍റെ വിനീതാവസ്ഥയെ അവിടുന്ന് ദയയോടെ കടാക്ഷിക്കുന്നു!”
ദിവ്യബലിയുടെ ആമുഖപ്രഭണിതം ഉറക്കെ ചൊല്ലിക്കൊണ്ടാണ് മാര്‍ച്ച് 23-Ɔο തിയതി തിങ്കളാഴ്ച രാവിലെ പേപ്പല്‍ വസതിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലി പാപ്പാ ഫ്രാന്‍സിസ് ആരംഭിച്ചത് (സങ്കീ. 30, 7-8).
2. റോമന്‍ ഉദ്യോഗസ്ഥന്‍റെ സ്ഥൈര്യമാര്‍ന്ന പ്രാര്‍ത്ഥന
മരണാസന്നനായ മകനെ സൗഖ്യപ്പെടുത്തണമേയെന്ന റോമന്‍ ഉദ്യോഗസ്ഥന്‍റെ അഭ്യര്‍ത്ഥനയുടെ സുവിശേഷഭാഗത്തെ ആധാരമാക്കിയാണ് പാപ്പാ വചനചിന്തകള്‍ പങ്കുവച്ചത് (യോഹ. 4, 43-54). പിതാവ് തന്‍റെ മകന്‍റെ ജീവനുവേണ്ടി ക്രിസ്തുവിനോടു യാചിക്കുന്നു. ക്രിസ്തു എല്ലാവരെയും പൊതുവായി ഉടനെ ശകാരിച്ചു. വിശ്വസിക്കുവാനായി നിങ്ങള്‍ അടയാളങ്ങളും അത്ഭുതങ്ങളും പ്രതീക്ഷിക്കുന്ന ജനതയാണ്. ക്രിസ്തുവിന്‍റെ ശകാരവാക്കുകള്‍ക്കു മുന്നില്‍ മൗനംഭജിച്ച ആ വിജാതിയന്‍ വീണ്ടും തന്‍റെ യാചന നിരത്തുന്നു. യേശുവേ, അങ്ങന്‍റെ വീടുവരെ വന്ന്, തന്‍റെ മകനെ മരിക്കും മുന്‍പേ സൗഖ്യപ്പെടുത്തണമേ!. അയാളോടു വീട്ടിലേയ്ക്കു ഉടനെ പോകുവാനും, മകന്‍ ജീവിക്കുന്നുവെന്നും ക്രിസ്തു അറിയിച്ചു.
3. പ്രാര്‍ത്ഥനയുടെ ഫലപ്രാപ്തിക്കാവശ്യമായ
മൂന്നു കാര്യങ്ങള്‍
a) ആദ്യമായി വിശ്വാസം
വിശ്വാസമില്ലെങ്കില്‍ പ്രാര്‍ത്ഥന വെറും അധരവ്യായാമമായി മാറുന്നു. അതുപോലെ ദുര്‍ബലമായ വിശ്വാസവും വ്യര്‍ത്ഥമാണ്. അത് ദൈവത്തില്‍നിന്ന് അകന്നു ജീവിക്കുവാന്‍ കാരണമാക്കും. വിശ്വസിക്കുന്നവന് എന്തും നേടിയെടുക്കുവാനാകും. അതിനാല്‍ വിശ്വസിക്കുന്നവരും, വിശ്വാസത്തെ ബലപ്പെടുത്തുവാന്‍ പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. പ്രാര്‍ത്ഥനയിലുള്ള വിശ്വാസവും, വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയും രണ്ടും ആവശ്യമാണ്. വിശ്വാസം ജീവിക്കുന്നുണ്ടോ, അതു വെറും ശീലമാണോ എന്നും നാം ജീവിതത്തില്‍ വിലയിരുത്തേണ്ടതാണെന്ന് പാപ്പാ വിശദീകരിച്ചു. പ്രാര്‍ത്ഥനയ്ക്ക് ശീലവും പതിവും എന്നതിനേക്കാള്‍ ആവശ്യം വിശ്വാസമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.
b) പ്രാര്‍ത്ഥനയിലുള്ള സ്ഥിരത
രണ്ടാമതായി, പ്രാര്‍ത്ഥനയ്ക്ക് ആവശ്യമായ സ്ഥിരതയെക്കുറിച്ചാണ് ഈശോ പഠിപ്പിക്കുന്നത്. അടിസ്ഥാനപരമായി ആഴമുള്ള വിശ്വാസമില്ലെങ്കില്‍ ഒരിക്കലും പ്രാര്‍ത്ഥനയില്‍ ഉറച്ചുനില്ക്കാനാവില്ല. അയല്‍പക്കത്തെ സ്നേഹിതന്‍ അര്‍ദ്ധരാത്രി വന്ന് അല്പം അപ്പത്തിനായി നിരന്തരമായി വാതില്‍ക്കല്‍ തട്ടി യാചിച്ച, ക്രിസ്തു പറഞ്ഞ കഥ പാപ്പാ പ്രഭാഷണത്തിനിടെ അനുസ്മരിച്ചു. അതുപോലെ പാവം വിധവയുടെ പതറാത്ത അഭ്യര്‍ത്ഥനയില്‍ അന്യായക്കാരനായ ന്യായധിപന്‍ നീതി നടപ്പാക്കിക്കൊടുത്തതും പ്രാര്‍ത്ഥനയ്ക്ക് ആവശ്യമായ സ്ഥിരതയ്ക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടി.
അതിനാല്‍ പ്രാര്‍ത്ഥനയോടെ ജീവിതം മുന്നോട്ടുപോകുന്നതാണ് സ്ഥിരതയെന്നു പാപ്പാ ഉദ്ബോധിപ്പിച്ചു. ദൈവം നമ്മുടെ വിശ്വാസത്തെ സ്ഥിരപ്പെടുത്തുവോളം നമ്മെ പരീക്ഷിച്ചേക്കാം. ദൈവത്തോടു പ്രാര്‍ത്ഥിക്കുമ്പോള്‍ നാം കാത്തിരിക്കേണ്ടിവരുന്നു. എന്നാല്‍ നമുക്ക് അവസാനം അവിടുത്തെ കൃപലഭിക്കുന്നു. പ്രാര്‍ത്ഥനയെ ഗൗരവത്തോടെ കാണാത്തവര്‍ക്ക് അത് ഹൃദയത്തില്‍ തട്ടാത്തൊരു പ്രവൃത്തിയായി മാറുന്നു. അത് വാക്കുകളുടെ കസറത്താണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. എന്നാല്‍ സ്ഥിരതയോടെ പ്രാര്‍ത്ഥിക്കുന്നത് ആഴമുള്ള വിശ്വാസമാണെന്നും പാപ്പാ സ്ഥാപിച്ചു.
c) ധൈര്യത്തോടെ പ്രാര്‍ത്ഥിക്കാം
മൂന്നാമതായി പ്രാര്‍ത്ഥന ധൈര്യം ആവശ്യപ്പെടുന്നെന്ന് പാപ്പാ വ്യക്തമാക്കി. ദൈവത്തിന്‍റെ മുന്നില്‍ നില്ക്കാന്‍ എന്തിനാണ് ധൈര്യമെന്ന് ചിന്തിച്ചേക്കാം. ജീവിതത്തില്‍ ദൈവത്തിങ്കലേയ്ക്കു തിരിഞ്ഞ് ചോദിക്കുവാനും മുന്നോട്ടു പോകുവാനും മനുഷ്യന് ധൈര്യം ആവശ്യമാണെന്ന് പാപ്പാ പ്രസ്താവിച്ചു. ദൈവത്തെ ഭീഷണപ്പെടുത്തുവാനല്ല ധൈര്യം. മറിച്ച്, നിരന്തരമായും മുട്ടിപ്പായും വിശ്വാസത്തോടെ ദൈവത്തില്‍ ശരണപ്പെടുവാന്‍ പ്രാര്‍ത്ഥനയ്ക്കുള്ള ധൈര്യം. സോദോമിന്‍റെ രക്ഷയ്ക്കായ് നിരവധി തവണ ദൈവത്തോട് ധൈര്യത്തോടെ വിലപേശിയ അബ്രാഹത്തിന്‍റെ ഉദാഹരണം പാപ്പാ ചൂണ്ടിക്കാട്ടി.
മുപ്പതു നല്ല മനുഷ്യരുണ്ടെങ്കില്‍ നഗരത്തെ രക്ഷിക്കണമേയെന്നു യാചിച്ച അബ്രാഹം അത് 20, 10, 5, അവസാനം ഒരാളുണ്ടെങ്കിലും ദൈവം നഗരത്തെ നശിപ്പിക്കുകയില്ലെന്നും പറയുന്നത് രക്ഷയുടെ ചരിത്രത്തില്‍ പ്രാര്‍ത്ഥനയുടെ നല്ലപാഠവും, വിശ്വാസത്തില്‍ ധൈര്യത്തോടെയുള്ള പ്രാര്‍ത്ഥനയെയുമാണ് വ്യക്തമാക്കുന്നത്. ദൈവം നിരാശപ്പെടുന്നില്ല. അവിടുന്നു മനുഷ്യരെ നിരാശപ്പെടുത്താറുമില്ല. അല്പം സമയമെടുത്താലും നിരാശപ്പെടുത്താതെ നമ്മുടെ പ്രാര്‍ത്ഥന ദൈവം ശ്രവിക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
4. പ്രാര്‍ത്ഥനയും സമാപനാശീര്‍വ്വാദവും
ദിവ്യകാരുണ്യ സ്വീകരണത്തെ തുടര്‍ന്ന് പരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധന നടത്തുകയും, സ്വയം പ്രേരിതമായ പ്രാര്‍ത്ഥനയിലൂടെ വൈറസ് രോഗബാധയില്‍ ക്ലേശിക്കുന്ന എല്ലാവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിച്ചു :
“യേശുവേ, അങ്ങേ തൃപ്പാദത്തിങ്കല്‍ കുമ്പിട്ട് ആരാധിക്കുന്നു. എന്‍റെ ഹൃദയത്തിന്‍റെ അഗാധത്തില്‍നിന്നും ഉയരുന്ന അനുതാപത്തോടെയുള്ള ശൂന്യതയെ അങ്ങ് കൈക്കൊള്ളേണമേ. ഈ സ്നേഹത്തിന്‍റെ കൂദാശയില്‍ അങ്ങയെ ആരാധിക്കുന്നു. എന്‍റെ എളിയ ഹൃദയത്തില്‍ അങ്ങയെ ഉള്‍ക്കൊള്ളാന്‍ ആഗ്രഹിക്കുന്നു. ആത്മീയ കൂട്ടായ്മയുടെ ആനന്ദാരൂപി നുകരാന്‍ അനുവദിക്കണമേ. യേശുവേ, അങ്ങേ സവിധേ വന്നുചേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്‍റെ ജീവനിലും മരണത്തിലും അങ്ങേ ദിവ്യസ്നേഹാഗ്നി എന്നെ ജ്വലിപ്പിക്കട്ടെ. അങ്ങില്‍ വിശ്വസിക്കുന്നു, അങ്ങില്‍ പ്രത്യാശിക്കുന്നു, അങ്ങയെ സ്നേഹിക്കുന്നു, യേശുവേ...!” ആമേന്‍.
തുടര്‍ന്നു നല്കിയ ആശീര്‍വ്വാദത്തോടെയാണ് തിരുക്കര്‍മ്മങ്ങള്‍ പാപ്പാ ഉപസംഹരിച്ചത്.
ദിവ്യബലി തത്സമയം കാണുന്നതിനുള്ള ലിങ്ക്> https://www.youtube.com/watch?v=5YceQ8YqYMc
പാപ്പായുടെ ദിവ്യബലി സമയം ഇന്ത്യയിലെ സമയം > 11.30 am