from the lectern of Pope francis in Santa Marta from the lectern of Pope francis in Santa Marta  (ANSA)

സ്വയാര്‍പ്പണത്തിന്‍റെ പാതയാണ് ക്രിസ്ത്വാനുകരണം

സാന്താ മാര്‍ത്തയിലെ കപ്പേളയില്‍നിന്നും പാപ്പാ ഫ്രാന്‍സിസിന്‍റെ വചനചിന്തകള്‍

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനത്തെ ആധാരമാക്കിയ ചിന്തകള്‍
ഫെബ്രുവരി 20-Ɔο തിയതി വ്യാഴാഴ്ച രാവിലെ സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കവെ പങ്കുവച്ച വചനചിന്തയിലാണ് സുവിശേഷഭാഗത്തെ ആധാരമാക്കി പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. സുവിശേഷഭാഗം പ്രതിപാദിച്ച പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനത്തെ ആധാരമാക്കിയായിരുന്നു പാപ്പയുടെ വചനധ്യാനം. ഗലീലിയയിലെ കേസറിയ ഫിലിപ്പി എന്ന ഗ്രാമത്തില്‍വെച്ചാണ് സംഭവം. താന്‍ ആരാണെന്നാണ് ജനങ്ങള്‍ പറയുന്നത് എന്ന ഈശോയുടെ ചോദ്യത്തിന്, ചിലര്‍ സ്നാപകയോഹന്നാനെന്നും, മറ്റു ചിലര്‍ ഏലിയായെന്നുമെല്ലാം പറയുന്നതായി ശിഷ്യന്മാര്‍ പ്രതിവചിച്ചു. വീണ്ടും അവിടുന്ന് അവരോടു ചോദിച്ചു, ആരാണെന്നാണ് ശിഷ്ന്മാര്‍ പറയുന്നത് എന്നായിരുന്നു അടുത്ത ചോദ്യം. പെട്ടന്ന് എല്ലാവരും അല്പം പമ്മിയപ്പോള്‍ പത്രോസാണ് മറുപടി പറഞ്ഞത്, അവിടുന്ന് ക്രിസ്തുവാണ്! (മര്‍ക്കോസ് 8, 29).

2. ക്രിസ്തുവിനെ ഏറ്റുപറയുന്ന അരൂപിയുടെ ശക്തി
മത്തായിയുടെ സുവിശേഷത്തില്‍ പത്രോസിന്‍റെ പ്രഖ്യാപനത്തിലെ ചെറിയ വ്യത്യാസം പാപ്പാ തുടര്‍ന്ന് ചൂണ്ടിക്കാട്ടി. അവിടുന്നു ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണെന്നാണ് പത്രോസ് പറഞ്ഞത് (മത്തായി 16, 13). ഇതെക്കുറിച്ച് ക്രിസ്തു പറഞ്ഞത് ഈ പ്രസ്താവം പത്രോസിന്‍റെ വ്യക്തിപരമല്ല. സ്വര്‍ഗ്ഗീയ പിതാവ് അയാള്‍ക്കു വെളിപ്പെടുത്തി കൊടുത്തതാണ്.  അതായത് പിതാവിന്‍റെയും പരിശുദ്ധാരൂപിയുടെയും കരുത്തും പ്രചോദനവുമില്ലാതെ ആര്‍ക്കും പുത്രനായ ക്രിസ്തുവിനെ പ്രഘോഷിക്കാനാവില്ലെന്നാണ് ഈ വചനം ഉദ്ബോധിപ്പിക്കുന്നത്.  പൗലോസ് അപ്പസ്തോലനും അതു സ്ഥിരീകരിക്കുന്നത് പാപ്പാ അനു്സമരിപ്പിച്ചു. അരൂപിയുടെ സഹായമില്ലാതെ ആര്‍ക്കും ക്രിസ്തുവിനെ പ്രഘോഷിക്കുവാനോ, ഏറ്റുപറയുവാനോ സാദ്ധ്യമല്ല. “യേശു കര്‍ത്താവാണ് എന്നു പറയാന്‍ പരിശുദ്ധാത്മാവു മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ലെ”ന്ന പൗലോസ് അപ്പസ്തോലന്‍റെ വാക്കുകള്‍ പാപ്പാ ഉദ്ധരിച്ചു (1 കൊറി. 12, 3). അതിനാല്‍ ക്രിസ്തുവിനെ ഏറ്റുപറയുവാനും, അവിടുന്നു ദൈവപുത്രനാണെന്നും, ദൈവമാണെന്നും പ്രഘോഷിക്കുവാന്‍ ഓരോ ക്രൈസ്തവനും, ക്രൈസ്തവസമൂഹവും പരിശുദ്ധാത്മാവിന്‍റെ ശക്തിക്കായി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

3. ക്രിസ്തുവിന്‍റെ മാനുഷികതയില്‍ ഒളിഞ്ഞിരിക്കുന്ന ദൈവികത
ക്രിസ്തുവിനെ പ്രഘോഷിക്കുന്നതില്‍ അവിടുത്തെ ദൈവികത മാത്രമല്ലെന്ന ചിന്തയാണ് പാപ്പാ ഫ്രാന്‍സിസ് രണ്ടാമതായി വികസിപ്പിച്ചത്. ക്രിസ്തുവിനെ പ്രഘോഷിക്കുമ്പോള്‍ നാം അവിടുത്തെ പീഡകളും മരണവും ഉത്ഥാനവും പ്രഘോഷിക്കേണ്ടിയിരിക്കുന്ന്. അവിടുത്തെ ദൈവികതയുടെ ഭാഗമാണവ. ക്രിസ്തുവിനെക്കുറിച്ചുള്ള ദൈവമാണെന്ന പ്രഖ്യാപനത്തോടെ എല്ലാം അവസാനിപ്പിക്കാനാവില്ല. അവിടുന്നു ലോകരക്ഷയ്ക്കായി മനുഷ്യനായി അവതരിച്ചെന്നും, പീഡകള്‍ സഹിച്ചു മരിച്ച്, തന്‍റെ ജീവന്‍ സമര്‍പ്പിച്ചുവെന്നതും വിശ്വാസസത്യമാണ്. അവിടുത്തെ സ്വയാര്‍പ്പണചെയ്തെന്നും, ഈ ലോകത്ത് സകലരെയും നയിക്കാന്‍ പരിശുദ്ധാത്മാവിനെ അവിടുന്നു നമുക്കായി നല്കിയെന്നും പ്രഖ്യാപിക്കണമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.

4. സ്വയം ശൂന്യനാക്കിയ ദാസന്‍റെ രൂപം
ക്രിസ്തുവിനെ പ്രഘോഷിക്കുകയെന്നു പറയുന്നത്, അവിടുത്തേയ്ക്കായി പിതാവു തുറന്നിട്ട പാത, അവിടുന്നു സ്വീകരിച്ച അനുസരണത്തിന്‍റെയും വിധേയത്വത്തിന്‍റെയും എളിമയുടെയും പാത സ്വീകരിക്കണമെന്ന് പാപ്പാ ഉദ്ബോധപ്പിച്ചു. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് അവിടുന്ന് ദാസന്‍റെ രൂപം സ്വീകരിക്കുകയും, മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീരുകയും ചെയ്തു. മരണംവരെ, അതേ കുരിശുമരണംവരെ അവിടുന്ന് അനുസരണയുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍ ദൈവം അവിടുത്തെ അത്യധികം ഉയര്‍ത്തി. സകല നാമങ്ങള്‍ക്കും ഉപരിയായ നാമം നല്കുകയും ചെയ്തു. (ഫിലിപ്പിയര്‍ 2, 7-9). അതിനാല്‍ രക്ഷയ്ക്കായി ക്രിസ്തു തിരഞ്ഞെടുത്ത എളിമയുടെയും ശൂന്യവത്ക്കരണത്തിന്‍റെയും പാത പിന്‍ചെന്നില്ലെങ്കില്‍ നാം ക്രൈസ്തവരായിരിക്കുകയില്ലെന്ന് പാപ്പാ സമര്‍ത്ഥിച്ചു.

5. പീഡകളെ നിഷേധിച്ച പത്രോസ്
അവിടുന്നു ലോകരക്ഷകനാണെന്നു പ്രഖ്യാപിച്ച പത്രോസിനോട് പീഡകളെയും സ്വയാര്‍പ്പണത്തെയും കുറിച്ച് ക്രിസ്തു പറഞ്ഞപ്പോള്‍, അയാള്‍ക്ക് അത് സ്വീകാര്യമായിരുന്നില്ല. അവിടുത്തേയ്ക്ക് ഇതു സംഭവിക്കാതിരിക്കട്ടെയെന്ന പ്രതികരണത്തിന് ക്രിസ്തു പത്രോസിനെ ശാസിക്കുകയും, സാത്താനെന്നു വിളിച്ച് ആട്ടിപ്പായിക്കുകയുംചെയ്തു. പത്രോസിന്‍റെ ചിന്ത വളരെ മാനുഷികമാണെന്ന് അവിടുന്നു തലമൂത്ത ശിഷ്യനെ കുറ്റപ്പെടുത്തി. ഈ ചിന്ത തനിക്ക് പ്രതിബന്ധമാണെന്നും അവിടുന്നു പ്രസ്താവിച്ചതായി സുവിശേഷത്തില്‍  നാം വായിക്കുന്നു (മത്തായി 16, 23).

6. ക്രൈസ്തവികതയും സൗഹൃദക്കൂട്ടായ്മയും
ധാരാളം നല്ല മനസ്സുള്ള വ്യക്തികള്‍, ക്രൈസ്തവര്‍പോലും ക്രിസ്തുവിനെ അനുകരിക്കുന്നത് അവരുടേതായ വിധിത്തിലാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. വിശ്വാസജീവിതത്തെ ഒരു സാമൂഹിക പ്രസ്ഥാനമായി കാണുന്ന വളരെ നല്ല ക്രൈസ്തവരുണ്ട്. അവിടെ കരുണയുടെയും സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയുമൊക്കെ കൂട്ടായ്മയാണ് അവര്‍ കാണുന്നത്. സാമൂഹ്യകൂട്ടായ്മയുടെ ഒരു കുടുംബയോഗമായ ക്രൈസ്തവികതയെ ചിലര്‍ കാണുന്നതായി പാപ്പാ ആരോപിച്ചു. സഭാശുശ്രൂഷകരുടെ പക്ഷത്തുപോലും അധികാരത്തിന്‍റെയും, ആദരവിന്‍റെയും സുഭിക്ഷമായ ലൗകികതയുടെയും ജീവിതരീതികള്‍ ആഗ്രഹിക്കുന്നവരുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു. അങ്ങനെയുള്ളവര്‍ ക്രിസ്തുവിനെയല്ല, തങ്ങളെത്തന്നെയും തങ്ങളുടെ സ്ഥാനമാനങ്ങളും തേടുന്നവരാണെന്ന് പാപ്പാ വിശദീകരിച്ചു.

7.  “പേരിനുമാത്രം ക്രൈസ്തവര്‍!”
അവര്‍ ക്രിസ്ത്യാനികളല്ല, ക്രിസ്തുവിനെ അനുകരിക്കുന്നവരുമല്ല. അവര്‍ “പേരിനുമാത്രം ക്രിസ്ത്യാനികളാ”ണ് പാപ്പാ പ്രസ്താവിച്ചു. ക്രിസ്തുവിനെ അവര്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, അവിടുത്തെ വഴികള്‍ ഇഷ്ടപ്പെടുകയോ, അംഗീകരിക്കുകയോ ചെയ്യുന്നില്ല. അവിടുത്തെ വിനയത്തിന്‍റെയും ത്യാഗത്തിന്‍റെയും പാത അവര്‍ ആഗ്രഹിക്കുന്നില്ല. ഇതുപോലെ ക്രിസ്തുവിന്‍റെ സ്വയാര്‍പ്പണത്തിന്‍റെ വഴികള്‍ അറിയാതെ സുഖലോലുപതയുടെയും, സമ്പന്നതയുടെയും, ആര്‍ഭാടത്തിന്‍റെയും വഴികള്‍ മാത്രം അറിഞ്ഞ ധാരാളം ശുശ്രൂഷകര്‍ സഭാചരിത്രത്തില്‍ കടുന്നുപോയിട്ടുണ്ടെന്ന് പാപ്പാ ഓര്‍പ്പിച്ചു. അതില്‍നിന്നെല്ലാം നാം പാഠങ്ങള്‍ പഠിക്കുകയും, ജീവിതവഴികള്‍ തിരുത്തുകയും വേണമെന്ന് തന്നോടൊപ്പം ബലിയര്‍പ്പിക്കാന്‍ എത്തിയ മെത്രാന്മാരുടെയും വൈദികരുടെയും സന്ന്യസ്തരുടെയും ചെറിയ അല്‍മായ സമൂഹത്തെയും ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 February 2020, 16:33
വായിച്ചു മനസ്സിലാക്കാന്‍ >