ഫ്രാന്‍സീസ് പാപ്പാ ദിവ്യബലി അര്‍പ്പിക്കുന്നു, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ തിങ്കളാഴ്ച ,20/01/2020 ഫ്രാന്‍സീസ് പാപ്പാ ദിവ്യബലി അര്‍പ്പിക്കുന്നു, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ തിങ്കളാഴ്ച ,20/01/2020  (Vatican Media)

ദൈവസ്വനത്തോടു വിധേയത്വം പുലര്‍ത്തുന്ന ഹൃദയത്തിനുടമകളാകുക!

കര്‍ത്താവിന്‍റെ കല്പനയല്ല ,മറിച്ച്, അവനവന്‍ ചിന്തിക്കുന്നതെന്താണോ അത് മാത്രം ഇഷ്ടപ്പെടുകയാണ് അനുസരണയില്ലായ്മ എന്ന പാപം എന്ന് ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നിത്യനൂതനമായ ദൈവവചനത്തോടു തുറവുള്ളവരായരിക്കാന്‍ മാര്‍പ്പാപ്പാ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ തിങ്കളാഴ്ച (20/01/20) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

നല്ല ക്രൈസ്തവനായിരിക്കുകയെന്നാല്‍ കര്‍ത്താവ് നീതിയെയും ഉപവിയെയും പൊറുക്കലിനെയും കാരുണ്യത്തെയുംകുറിച്ച് പറയുന്ന കാര്യങ്ങള്‍ ശ്രവിക്കുകയാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

ദൈവവചനത്തോടു വിധേയത്വം പുലര്‍ത്താതിരിക്കുകയും ദൈവവചനത്തിന് താന്‍ നല്കുന്ന വ്യാഖ്യാനമാണ് ശരിയെന്ന് കരുതുകയും ചെയ്തതാണ് സാവൂളിന്‍റെ  പാപമെന്ന് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട സാമുവേലിന്‍റെ ഒന്നാം പുസ്തകം പതിനഞ്ചാം അദ്ധ്യായം 16-23 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന, സാവൂള്‍ കര്‍ത്താവിന്‍റെ വാക്കുകള്‍ അനുസരിക്കാതിരുന്ന സംഭവത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.

ബലികളര്‍പ്പിക്കുകയും ഉപവസിക്കുകയും പ്രായശ്ചിത്തപ്രവൃത്തികള്‍ ചെയ്യുകയും ചെയ്യുന്നതിനേക്കാള്‍ പ്രധാനം ദൈവത്തിന്‍റെ സ്വരത്തോടു വിധേയത്വം പുലര്‍ത്തുന്ന ഒരു ഹൃദയം ഉണ്ടായിരിക്കുകയാണെന്ന് പാപ്പാ വിശദീകരിച്ചു.

കര്‍ത്താവിന്‍റെ കല്പനയല്ല മറിച്ച് അവനവന്‍ ചിന്തിക്കുന്നതെന്താണോ അത് മാത്രം  ഇഷ്ടപ്പെടുകയാണ് അനുസരണയില്ലായ്മ എന്ന പാപം എന്ന് പാപ്പാ ഊന്നിപ്പറഞ്ഞു.

കര്‍ത്താവിന്‍റെ ഹിതത്തെ എതിര്‍ക്കുമ്പോള്‍, അതിനോ‍ട് മര്‍ക്കടമുഷ്ടി കാട്ടുമ്പോള്‍ ഒരുവന്‍ വിഗ്രഹാരാധകനായി ഭവിക്കുന്നുവെന്നും കാരണം അവന്‍ അവന്‍റെ ഇഷ്ടം എന്ന വിഗ്രഹത്തെ പൂജിക്കുകയാണെന്നും പാപ്പാ വിശദീകരിച്ചു.

ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ ഉപവാസിക്കാതിരിക്കുന്നതിനെക്കുറിച്ച് ഫരിസേയര്‍ തര്‍ക്കിക്കുന്ന സുവിശേഷഭാഗം, മര്‍ക്കോസിന്‍റെ സുവിശേഷം 2,18-22, വരെയുള്ള വാക്യങ്ങള്‍ ദിവ്യബലമദ്ധ്യേ വായിക്കപ്പെട്ടതും അനുസ്മരിച്ച പാപ്പാ കര്‍ത്താവിന്‍റെ  വചനം എന്നും പുതുമയാര്‍ന്നതാണെന്നും നമ്മെ മുന്നോട്ടു നയിക്കുന്നത് ആ വചനമാണെന്നും ഉദ്ബോധിപ്പിച്ചു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 January 2020, 13:50
വായിച്ചു മനസ്സിലാക്കാന്‍ >