പാപ്പാ സാന്താ മാര്‍ത്തയില്‍ വചനപ്രഘോഷണം നല്‍കുന്നു. പാപ്പാ സാന്താ മാര്‍ത്തയില്‍ വചനപ്രഘോഷണം നല്‍കുന്നു.  (Vatican Media)

പാപ്പാ: ആചാരങ്ങളുടെ തടവിൽ സന്തോഷം നഷ്ടപ്പെടുത്തേണ്ടവനല്ല ക്രിസ്ത്യാനി

ജനുവരി 28ആം തിയതി പേപ്പൽ വസതിയായ സാന്താ മാർത്തയിലെ കപ്പേളയിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തില്‍ ഫ്രാൻസിസ് പാപ്പാ പ്രബോധിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ക്രിസ്ത്യാനിയായിരിക്കുന്നതിലുള്ള ആനന്ദം

ദൈവുമായുള്ള കൂടിക്കാഴ്ചയിൽ വരുന്ന സന്തോഷം പ്രകടിപ്പിക്കാൻ നാണിക്കരുതെന്നും, ദൈവം സമീപസ്ഥനാണെന്ന തിരിച്ചറിവിൽ ജനം സന്തോഷിക്കുമ്പോൾ മാറി നിൽക്കരുതെന്നും, സുവിശേഷം മുന്നോട്ടു പോവുക ജീവന്‍റെയും സന്തോഷത്തിന്‍റെയും നിറവുള്ള സുവിശേഷ പ്രവർത്തകരിലൂടെ മാത്രമാണെന്നും   പാപ്പാ പ്രബോധിപ്പിച്ചു. ക്രിസ്ത്യാനിയായിരിക്കുന്നതിലുള്ള ആനന്ദം എന്ന വികാരത്തെയാണ് പാപ്പാ ഇന്നത്തെ സുവിശേഷ പ്രഘോഷണത്തിന്‍റെ കേന്ദ്രമാക്കിയത്.  സാമുവലിന്‍റെ രണ്ടാം പുസ്തകത്തിൽ ദാവീദും ഇസ്രായേൽ ജനവും വാഗ്ദത്ത പേടകത്തെ ജെറൂസലേമിലേക്ക് തിരിച്ചു കൊണ്ടുവന്നപ്പേോള്‍ നടത്തിയ  ആലോഷത്തെ കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ആദ്യ വായനയിലെ വിവരണമെടുത്ത് കൊണ്ടാണ് പാപ്പാ തന്‍റെ പ്രഘോഷണം നടത്തിയത്.

ദൈവസാന്നിധ്യം അനുഭവിച്ച ജനത്തിന്‍റെ സന്തോഷം

തട്ടിക്കൊണ്ടുപോയ വാഗ്ദത്ത പേടകത്തിന്‍റെ തിരിച്ചുവരവിലുള്ള ജനത്തിന്‍റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ദൈവസാന്നിധ്യം അനുഭവിച്ച ജനം അത് ആഘോഷിച്ചു. അവരോടൊപ്പം രാജാവായ ദാവീദും സർവ്വ ശക്തിയുപയോഗിച്ച് പാടി നൃത്തം ചെയ്തു. ദൈവം അവരോടൊപ്പമുണ്ട് എന്നതിൽ സന്തോഷിക്കുന്ന ഒരു ആഘോഷമായിരുന്നത്. ദാവീദ് ജനങ്ങളുടെ മുന്നിൽ നാണിക്കാതെ നൃത്തം ചെയ്യുന്നു. അത് ദൈവുമായുള്ള കണ്ടുമുട്ടലിലുള്ള ആത്മീയ സന്തോഷമാണ്. ദൈവം നമ്മിൽ തിരിച്ചെത്തി എന്നത് ആനന്ദം നിറയ്ക്കുന്നു. താൻ രാജാവാണെന്നും, ജനങ്ങളിൽ നിന്ന് തന്‍റെ രാജത്വത്തിന്‍റെ മഹിമയിൽ മാറി നിൽക്കണമെന്നും, അകലം പാലിക്കണമെന്നും ദാവീദ് ചിന്തിക്കുന്നില്ല. കർത്താവിനെ സ്നേഹിക്കുന്ന ദാവീദ് ഈ പേടകം കൊണ്ടുവരുന്ന സംഭവത്തിൽ സന്തോഷിച്ച് തന്‍റെ സന്തോഷം ആടിയും പാടിയും എല്ലാ ജനങ്ങളേയും പോലെ പ്രകടിപ്പിക്കുന്നു. ഇതേപോലെ നമുക്കും നമ്മുടെ ഇടവകകളിൽ, ഗ്രാമങ്ങളിൽ കർത്താവുമൊത്ത് ആയിരിക്കുന്ന ആനന്ദം അനുഭവിച്ച് ആലോഷങ്ങൾ നടക്കാറുണ്ട് എന്ന് പറഞ്ഞ പാപ്പാ ഇസ്രായേലിന്‍റെ  ചരിത്രത്തിൽ നെഹേമിയായുടെ കാലത്തില്‍ നിയമപുസ്തകം കണ്ടു കിട്ടിയ നേരത്ത് ജനങ്ങൾ സന്തോഷത്താൽ കരഞ്ഞതും ആഘോഷം വീടുകളിൽ തുടർന്നതും ഓർമ്മിപ്പിച്ചു. വീട്ടിലെത്തിയ ദാവീദിനെ അവന്‍റെ പ്രവർത്തിയിൽ ഭാര്യയും സാവൂളിന്‍റെ മകളുമായ മിക്കാൽ പുച്ഛിക്കുന്നതിനെക്കുറിച്ച്  ഇത് ദൈവത്തോടൊപ്പമായിരിക്കുന്നതിലുള്ള നൈസർഗ്ഗീകമായ സത്യസന്ധമായ മത പ്രതിബദ്ധതയോടുള്ള പുച്ഛമാണെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ദൈവം അവൾക്ക് കുഞ്ഞുങ്ങളെ നൽകാതെ അവളെ ശിക്ഷിച്ചു.

ദൈവവചനം ആഘോഷങ്ങളിൽ നാണിക്കുന്നില്ല

ഒരു ക്രിസ്ത്യാനിയിൽ സന്തോഷമില്ലെങ്കിൽ ആ ക്രിസ്ത്യാനി ഫലം പുറപ്പെടുവിക്കില്ല, ഹൃദയത്തിൽ ആനന്ദമില്ലാത്തിടത്തോളം വന്ധ്യതയാണ്, പാപ്പാ വ്യക്തമാക്കി. അന്നത്തെ ആഘോഷത്തിൽ ദാവീദ് ആശീർവ്വാദത്തിന് ശേഷം വീട്ടിലും ആഘോഷം തുടരാൻ അവർക്ക് ഭക്ഷണവും വിതരണം ചെയ്ത സംഭവവും കൂട്ടിച്ചേർത്ത ഫ്രാൻസിസ് പാപ്പാ, ആഘോഷങ്ങൾ ആത്മീയമായി മാത്രമല്ല പങ്കുവയ്ക്കലിലൂടെ കൂടി വേണം പ്രകടിപ്പിക്കപ്പെടേണ്ടതെന്ന് സൂചിപ്പിച്ചു. ദൈവവചനം ആഘോഷങ്ങളിൽ നാണിക്കുന്നില്ല എന്നും എന്നാൽചിലപ്പോൾ അത് കൂടി പോകുന്നതും,  ആഘോഷം മാത്രമായി ഒതുങ്ങുന്നതും അപകടമാണെന്നും പറഞ്ഞ പാപ്പാ വിശുദ്ധ പോള്‍ ആറാമൻ പാപ്പാ "ഇവാഞ്ചലീ നൂൺസിയാന്തി"യിൽ ഇക്കാര്യവും ആനന്ദത്തെക്കുറിച്ച് പറയുന്നതും ഉദ്ധരിച്ചു. സഭ മുന്നോട്ട് പോവില്ല,  വിരസരായ, പരുഷരായ സുവിശേഷ പ്രഘോഷകരിലൂടെ സുവിശേഷവും മുന്നോട്ടു നീങ്ങില്ല. ദൈവവചനം സ്വീകരിക്കുന്നതിലും, ക്രിസ്ത്യാനി ആയിരിക്കുന്നതിലും, മുന്നോട്ട് പോകാനുമുള്ള സന്തോഷം നാണിക്കാതെ ആഘോഷിക്കാൻ കഴിയുന്നവരായി,  ആചാരങ്ങളുടെ തടവറയിൽ ഔപചാരികത വെടിയാൻ മടിക്കുന്ന മിക്കാലിനെപ്പോലെ ആകാതിരിക്കാനും  ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 January 2020, 15:14
വായിച്ചു മനസ്സിലാക്കാന്‍ >