പാപ്പാ സാന്താ മാര്‍ത്തയില്‍ വചന സന്ദേശം നൽകുന്നു. പാപ്പാ സാന്താ മാര്‍ത്തയില്‍ വചന സന്ദേശം നൽകുന്നു. 

പാപ്പാ: അഴിമതിയിലേക്ക് നമ്മെ നയിക്കുന്ന ലോകാരൂപിയെ നിരസിക്കുക.

ജനുവരി ഏഴാം തിയതി ചൊവ്വാഴ്ച പേപ്പൽ വസതിയായ സാന്താ മാർത്തയിലെ കപ്പേളയിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തില്‍ ഫ്രാൻസിസ് പാപ്പാ അഴിമതിയിലേക്ക് നമ്മെ നയിക്കുന്ന ലോകാരൂപിയോടു ‘ NO’ പറയണമെന്ന് പ്രബോധിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വിശുദ്ധ യോഹന്നാന്‍റെ സുവിശേഷ ഭാഗം വിശദീകരിച്ച് ദൈവം നമ്മോടു കൂടെയുണ്ട് എന്നതിന് ഉറപ്പ് പരിശുദ്ധാത്മാവാണെന്നും, നമ്മെ നന്മയും തിന്മയും തിരിച്ചറിയാൻ കഴിവില്ലാത്തവരാക്കുന്ന ലോകത്തിന്‍റെ ആത്മാവിൽ വിശ്വാസമർപ്പിക്കാതിരിക്കാനും ആഹ്വാനം ചെയ്തു.

പല ക്രിസ്ത്യാനികൾക്കും പരിശുദ്ധാത്മാവ് ഒരു പ്രാവ് മാത്രമാണ്

പല ക്രിസ്ത്യാനികൾക്കും പരിശുദ്ധാത്മാവ് ദൈവം നമ്മോടു കൂടെയുണ്ട് എന്നതിനും ദൈവത്തോടു കൂടെ നില്‍ക്കാനുള്ള ശക്തിയുടേയും ഉറപ്പാണ് എന്നറിയാതെ വെറും ഒരു പ്രാവ് മാത്രമായി നില്‍ക്കുന്നു. ഒരാൾ പാപം നിറഞ്ഞ പട്ടണത്തിലോ, ദൈവത്തെ നിഷേധിക്കുന്ന സമൂഹത്തിലോ ആവാം എന്നാലും ഹൃദയം ദൈവത്തിലർപ്പിച്ചാൽ ദൈവത്തിന് രക്ഷ കൊണ്ടുവരാൻ കഴിയുമെന്നും പാപ്പാ വ്യക്തമാക്കി.

ലോകത്തിന്‍റെ ആത്മാവ് അബോധാവസ്ഥയിലാക്കുന്നു

ലോകത്തിന്‍റെ ആത്മാവിനെക്കുറിച്ച് സംസാരിച്ച പാപ്പാ അത്  നമ്മെ നയിക്കുന്നത്പരിശുദ്ധാത്മാവിന് വിരുദ്ധമായി നില്‍ക്കുവാനാണ്. എന്നാല്‍ പരിശുദ്ധാത്മാവ് അന്ത്യാത്താഴ വേളയിൽ ശിഷ്യഗണത്തെ ലോകത്തിൽ നിന്നും രക്ഷിക്കാനാണ് ആവശ്യപ്പെട്ടതെന്നും ക്രിസ്തീയ ജീവിതം ഈ ലോകത്തിലാണെന്നറിഞ്ഞ് ലോകത്തിന്‍റെ ആത്മാവിൽ നിന്ന് രക്ഷിക്കാനാണ് പ്രാർത്ഥിക്കുന്നതെന്നും പാപ്പാ അറിയിച്ചു. പാപം ചെയ്യുന്നതിനേക്കാൾ കഠിനമാണ് തെറ്റും ശരിയും തിരിച്ചറിയാൻ കഴിയാത്ത, ബോധം ഇല്ലാതാകുന്ന അവസ്ഥ എന്നും പാപ്പാ അഭിപ്രായപ്പെട്ടു.

ദൈവത്തിൽ നിലനിൽക്കുന്നതിനുള്ള ഉറപ്പ്   

ദൈവത്തിൽ നിലനില്‍ക്കാന്‍ പരിശുദ്ധാത്മാവിന്‍റെ ദാനത്തെ നാം ചോദിക്കണം. അതാണ് ദൈവത്തിൽ നിലനിൽക്കുന്നതിനുള്ള ഉറപ്പ്. അങ്ങനെ കർത്താവിൽ നിലനിൽക്കുന്നുവെന്ന് നമുക്കറിയാന്‍ കഴിയും. എന്നാൽ നമുക്ക് എങ്ങനെ അറിയാൻ കഴിയും ? എന്ന് ചോദ്യമുയര്‍ത്തിയ പാപ്പാ പരിശുദ്ധാത്മാവ് നമ്മിലുണ്ടെങ്കില്‍ നാം പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുകയില്ലെന്നും ലോകത്തിന്‍റെ ആത്മാവിന്‍റെ പിന്നില്‍ പോകുമ്പോഴാണ് നാം പരിശുദ്ധാത്മാവിനെ അസ്വസ്ഥമാക്കുകയും അവഗണിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.  

പണം പാഴാക്കി പുതുവത്സരം ആഘോഷിച്ച  ക്രിസ്ത്യാനികള്‍

പണം പാഴാക്കി പുതുവത്സരം ആഘോഷിച്ച ക്രിസ്ത്യാനികളെ കുറിച്ച് സൂചിപ്പിച്ച പാപ്പാ ലോകത്തിന്‍റെ ആത്മാവ് നിങ്ങളെ പാപം എന്താണെന്ന് മറക്കാൻ പ്രേരിപ്പിക്കുന്നു. എല്ലാം അനുവദനീയമാണെന്ന് പറയുന്നു. ഈ ദിവസങ്ങളിൽ ഒരു പുരോഹിതൻ ഒരു ക്രിസ്ത്യൻ രാജ്യത്തില്‍ ഒരു വിനോദസഞ്ചാരത്തിന്‍റെ നഗരത്തിൽ പുതുവത്സരം ആഘോഷിക്കുന്ന ക്രിസ്ത്യാനികളുടെ ചിത്രം കാണിച്ചു കൊടുത്തുവെന്നും അതില്‍ ലൗകികതയില്‍ പണവും പലതും പാഴാക്കി അവർ പുതുവത്സരം ആഘോഷിച്ചുവെന്നും അനുസ്മരിച്ചു.  ലോകത്തിന്‍റെ ആത്മാവ് ഇത് പാപമല്ലായെന്ന് എന്ന് പറയുമെന്നും ഇത് അഴിമതിയാണെന്നും പാപത്തേക്കാൾ മോശമാണെന്നും ഓര്‍മ്മിപ്പിച്ചു.

പരിശുദ്ധാത്മാവ് ദൈവത്തിലേക്കു നയിക്കുന്നു

പരിശുദ്ധാത്മാവ് നിങ്ങളെ ദൈവത്തിലേക്കു നയിക്കുന്നു. നിങ്ങൾ പാപം ചെയ്താൽ, പരിശുദ്ധാത്മാവ് നിങ്ങളെ സംരക്ഷിക്കുകയും അതില്‍ നിന്നും ഉയിർത്തെഴുന്നേൽക്കാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ ലോകത്തിന്‍റെ ആത്മാവ് നിങ്ങളെ അഴിമതിയിലേക്ക് നയിക്കുന്നു. നന്മ എന്താണെന്നും, തിന്മ എന്താണെന്നും നിങ്ങൾക്ക് അറിയുവാന്‍ സാധിക്കാത്തവസ്ഥയിലേക്കെത്തിക്കുന്നു. എല്ലാം ഒന്നാണെന്നുള്ള ചിന്ത അതാണ് തിന്മ.പാപ്പാ വ്യക്തമാക്കി.

ആത്മാക്കളെ തിരിച്ചറിയുക

ദൈവത്തിൽ നിന്നാണോ ലോകത്തിൽ നിന്നാണോ വരുന്നതെന്ന് ആത്മാക്കളെ തിരിച്ചറിയാൻ സ്വയം പരിശോധിക്കണമെന്നും പാപ്പാ വ്യക്തമാക്കി. ലോകാരൂപിയുടെ പാതയിലാണോ അതോ ദൈവാത്മാവിലാണോ ചരിക്കുന്നതെന്ന് തിരിച്ചറിയണമെന്നും പാപ്പാ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

ഹൃദയങ്ങൾ ഒരു വഴിയല്ല; ദൈവത്തെ കണ്ടു മുട്ടുന്ന ഇടമാണ്.

പല ക്രൈസ്തവരുടെയും ഹൃദയങ്ങൾ ഒരു വഴിപോലെയാണ് എന്ന് ചൂണ്ടിക്കാണിച്ച പാപ്പാ, ആരാണ് വരുന്നത്, ആരാണ് പോകുന്നതെന്ന് അവർ അറിയുന്നില്ലെന്നും കാരണം അവരുടെ ഹൃദയത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കാൻ അവർക്ക് കഴിയുന്നില്ലെന്നും വ്യക്തമാക്കി. ഹൃദയം ഒരു വഴിയല്ല; ദൈവത്തെ കണ്ടുമുട്ടുന്ന ഇടമാണ്. ദൈവത്തിൽ നിലനിൽക്കാൻ പരിശുദ്ധാത്മാവിനോടു പ്രാർത്ഥിക്കാം. പരിശുദ്ധാത്മാവ് ആത്മാക്കളെ തിരിച്ചറിയുവാനും, നമ്മിൽ ആരാണ് ചലിക്കുന്നതെന്ന് വിവേചിയറിയാനും സഹായിക്കുമെന്ന് ഓർമ്മപ്പെടുത്തി കൊണ്ട് പാപ്പാ തന്‍റെ സന്ദേശം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 January 2020, 16:07
വായിച്ചു മനസ്സിലാക്കാന്‍ >