തിരയുക

Vatican News
from the lectern of santa marta from the lectern of santa marta  (ANSA)

“കാപട്യം നമ്മെ നശിപ്പിക്കും!” പാപ്പായുടെ വചനസമീക്ഷ

ക്രിസ്തുവാകുന്ന പാറയില്‍ അഭയംതേടാം. അവിടെ രക്ഷയും ആനന്ദവുമുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഡിസംബര്‍ 5-Ɔο തിയതി,  വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെ വചനഭാഗങ്ങളെ  ആധാരമാക്കി നടത്തിയ വിചിന്തനത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത് (ഏശയ 26, 1-6. മത്തായി 7, 21. 24-27).

1. പതറാത്ത വിശ്വാസം
ഇളകാത്ത പാറ ദൈവമാണ്. ദൈവത്തില്‍ വിശ്വസിക്കുകയും പ്രത്യാശ അര്‍പ്പിക്കുകയും –ചെയ്യുന്നവര്‍ എന്നും സുരക്ഷിതരായിരിക്കും. കാരണം അവരുടെ അടിസ്ഥാനം,  അചഞ്ചലവും പാറപോലെ ഉറച്ചതുമായ ദൈവിക വാഗ്ദാനങ്ങളിലും വചനത്തിലുമാണ്. ഈ ആരാധനക്രമ കാലഘട്ടത്തില്‍ ക്രിസ്തു നമ്മെ യഥാര്‍ത്ഥമായ ശിഷ്യത്വത്തെക്കുറിച്ച് ഉദ്ബോധിപ്പിക്കുകയാണ്. അവിടുന്ന് ഉദാഹരിക്കുന്നത് തന്‍റെ വീട് പാറമേല്‍ പണിതുയര്‍ത്തിയ ബുദ്ധിമാനായ ഒരു മനുഷ്യനോടാണ്. അയാളുടെ പ്രവൃത്തി പ്രതിഫലിപ്പിക്കുന്നത് ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ്. അതു വളരെ നിര്‍ണ്ണായകമായൊരു തീരുമാനം തന്നെയാണ്. ദൈവത്തില്‍ ഒരു മനുഷ്യന്‍ അര്‍പ്പിക്കുന്ന പതറാത്ത വിശ്വാസം  ജീവതത്തിന്‍റെ മുന്നോട്ടുള്ള യാത്രയില്‍ എല്ലാം പടിപടിയായി വളര്‍ത്തുന്നതും, അടിത്തറയില്‍നിന്നും‍ നന്നായി ഉയര്‍ന്നു വരുന്നതുമായിരിക്കും. അങ്ങനെ ദൈവത്തില്‍ ആശ്രയിക്കുന്ന മനുഷ്യന്‍ സുരക്ഷിതനായി ജീവിക്കുന്നു,  ജീവിതത്തില്‍ പതറാതെ മുന്നേറുന്നു.

2. വചനാധിഷ്ഠിതമായ ജീവിതം
ജീവിതത്തിന്‍റെ അടിത്തറ ശക്തമല്ലെങ്കില്‍ കൊടുങ്കാറ്റും പേമാരിയും ഉയരുമ്പോള്‍, എല്ലാം ഇളകി മറിയുകയും, ചെറുത്തു നില്ക്കാനാവാതെ നിലംപരിശാവുകയും ചെയ്യും. ദൈവവചനം ശ്രവിക്കുകയും എന്നാല്‍ അവ അനുസരിക്കാതെ ജീവിക്കുകയും ചെയ്യുന്നവര്‍ക്ക് സംഭവിക്കുന്നത് ഇപ്രകാരമാണ്. അവര്‍ പൂഴിയില്‍ ഭവനം പണിത ഭോഷനെപ്പോലെയാണ്. മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, ഭവനത്തിന്മേല്‍ ആഞ്ഞടിച്ചു. അതു വീണുപോയി. അതിന്‍റെ വീഴ്ച വലുതായിരുന്നു (മത്തായി 7, 27)!

3. മാറ്റങ്ങള്‍ എപ്പോഴും മൗലികം
പലരും പറയും. ഇല്ല, ഞാന്‍ എന്‍റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തും. എന്നാല്‍ ഓര്‍ക്കേണ്ടത് ജീവിതപരിവര്‍ത്തനം ഒരു വേഷപ്രച്ഛന്നമല്ല, വേഷമണിയുന്ന ബാഹ്യമായ മാറ്റമല്ല. ജീവിതത്തില്‍ വരുത്തേണ്ട മൗലികമായ മാറ്റമാണത്.  അത് ക്രിസ്തുവാകുന്ന പാറയില്‍  ജീവിതം പടുത്തുയര്‍ത്തുന്നതാണ്.  ഒരു കെട്ടിടം  ശരിയാംവിധം പുനരുദ്ധരിക്കണമെങ്കില്‍, അതിന്‍റെ അടിത്തറ മുതല്‍ നാം പരിശോധിക്കണം. ഇല്ല, അതിന്‍റെ പുറത്ത് കുറെ നല്ല നിറങ്ങള്‍ പൂശി ‘പുറം പോളീഷു’ നടത്തിയാല്‍, തല്ക്കാലം ഭംഗി തോന്നുമെങ്കിലും,  മെല്ലെ അത് തകരും, അത് നിലനില്ക്കുകയില്ല. അതിന്‍റെ നിറം മങ്ങും. എല്ലാം താറുമാറാകും. അത് തകര്‍ന്നടിയും. ബാഹ്യമായ പൊങ്ങച്ചത്തില്‍ ക്രിസ്തീയ ജീവിതം പോലും നിലംപരിശാകുകതന്നെ ചെയ്യും.

4. പുറം പോളീഷില്‍ കാര്യമില്ല!
ക്രൈസ്തവ  ജീവിതങ്ങള്‍ നൈമിഷികമായ കാര്യങ്ങളിലോ, പുറംമോടിയിലോ, കപടതയിലോ മുന്നോട്ടു കൊണ്ടുപോകാനാവില്ല. എല്ലാം നല്ലതാണ്, ശരിയായി പോകുന്നു എന്നു നടിച്ചിരിക്കാനുമാവില്ല. കാപട്യവും, കപടനാട്യവും നമ്മെ നശിപ്പിക്കും. അതിനാല്‍ ദൈവമായ പാറയെ സമീപിക്കാം, ക്രിസ്തുവാകുന്ന പാറയില്‍ അഭയം തേടാം. അവിടുന്നില്‍ രക്ഷയുണ്ട്. അവിടുത്തോടു ചേര്‍ന്ന് നമുക്കു സുരക്ഷിതമായും സന്തോഷമായും ജീവിക്കാം.  ദൈവമായ കര്‍ത്താവ് ശാശ്വതമായ അഭയശിലയാണ് (ഏശയ്യ 26, 1) എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.
 

06 December 2019, 10:11
വായിച്ചു മനസ്സിലാക്കാന്‍ >