പാപ്പാ ഫാന്‍സിസ്  സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു പാപ്പാ ഫാന്‍സിസ് സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു  (Vatican Media)

പാപ്പാ:ചെറുതാകല്‍ മഹത്വമാണ്; അത് ദൈവീകമാണ്.

ഡിസംബർ മൂന്നാം തിയതി പേപ്പൽ വസതിയായ സാന്താ മാർത്തയിലെ കപ്പേളയിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് ഇങ്ങനെ പ്രബോധിപ്പിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഇന്നത്തെ ആരാധനാക്രമത്തിലെ സുവിശേഷം എളിയമയെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് പറഞ്ഞ പാപ്പാ ഇന്നത്തെ ദിവസത്തെ ചെറിയവയുടെ ദിനം എന്ന് വിളിക്കാമെന്ന് പറഞ്ഞു. ആദ്യവായനയിൽ ഏശയ്യാ പ്രവാചകൻ  ജെസ്സെയുടെ വേരിൽ നിന്നുള്ള മുളയെക്കുറിച്ചും അതിൽ പരിശുദ്ധാത്മാവിന്‍റെ വരവിനെക്കുറിച്ചും പറയുന്നു.  മുളയേക്കാൾ കുഞ്ഞായിട്ടുള്ളതെന്താണെന്ന് ചോദിച്ചു കൊണ്ട് പാപ്പാ ദൈവവചനം ചെറുതിനെ സ്തുതിക്കുകയാണെന്ന് സൂചിപ്പിച്ചു.

ദൈവത്തിന്‍റെ രക്ഷാകർമ്മവും വെളിപ്പെടുത്തലുകളും,  സാന്നിധ്യവും ഇങ്ങനെയാണ് ആരംഭിക്കുക: വലുപ്പമുള്ളതെല്ലാം എപ്പോഴും ശക്തമായതായി തോന്നാം. മരുഭൂമിയിലെ പരീക്ഷയിൽ സാത്താൻ ലോകത്തിന്‍റെ അധിപനായി സ്വയം തന്നെത്തന്നെ പ്രകടിപ്പിച്ചു കൊണ്ട് അവനെ ആരാധിക്കണമെന്ന് യേശുവിനോടു പറഞ്ഞു. എന്നാൽ ദൈവത്തിന്‍റെ പ്രവർത്തികൾ ആരംഭിക്കുന്നത് ചെറുമയിൽ നിന്നാണെന്ന് വ്യക്തമാക്കിയ പാപ്പാ സ്വർഗ്ഗ രാജ്യത്തിന്‍റെ രഹസ്യങ്ങൾ ശിശുക്കൾക്ക് വെളിപ്പെടുത്തിയതിനു ക്രിസ്തു സന്തോഷിച്ചുവെന്നും നമുക്ക്ക്രിസ്തുമസിന് പുൽക്കൂട്ടിലേക്കു ചെന്ന് അവിടെ വെളിപ്പെടുന്ന ദൈവത്തിന്‍റെ ചെറുതാകലിനെ കണ്ടെത്താമെന്നും ആഹ്വാനം ചെയ്തു.അതിനാല്‍ ഒരു ശക്തമായ ഓര്‍മ്മിപ്പിക്കല്‍ നമുക്കിവിടെ കാണാം.

ക്രൈസ്തവ സമൂഹത്തിൽ അല്‍മായരും, പുരോഹിതരും, മെത്രാന്മാരും, ചെറുമയുടെ പാത സ്വീകരിക്കണം. അങ്ങനെ സ്വീകരിച്ചില്ലെങ്കിൽ നമുക്ക് ഭാവി നഷ്ടമാകുകയും വീണുടയുകയും ചെയ്യും. ക്രൈസ്തവർ സ്വയം അടിച്ചേൽപ്പിക്കാനും,  ശക്തി പ്രകടിപ്പിക്കാനും ശ്രമിച്ച അവസരങ്ങളിലെല്ലാം ചരിത്രം നമുക്ക് ഈ നഷ്ട്ടത്തെ കാണിച്ചു തന്നു. എന്നാൽ ദൈവരാജ്യം ചെറുമയിൽ നിന്നാണ് മുളയ്ക്കുന്നത്. ചെറിയ വിത്തിൽ നിന്ന് മുളയ്ക്കുന്നു എന്നാൽ വിത്തിന് സ്വയം മുളയ്ക്കാനാവില്ല. അതിനെ ബലപ്പെടുത്താൻ ദൈവാത്മാവ് ഇറങ്ങി വരണം. പാപ്പാ വിശദീകരിച്ചു. പരിശുദ്ധാത്മാവ് എപ്പോഴും എളിമയെ തിരഞ്ഞെടുക്കുവാൻ കാരണം അഹങ്കാരത്തിന്‍റെയും, സ്വയം പര്യാപ്തതയുടെയും, വലിമയുടെയും മദ്ധ്യേ ആത്മാവിനു പ്രവേശിക്കാനാവില്ല എന്ന് ഉദ്ബോധിപ്പിച്ച പാപ്പാ, ദൈവശാസ്ത്ര പണ്ഡിതന്മാരെ കുറിച്ചും സൂചിപ്പിച്ചു.  ദൈവശാസ്ത്രത്തെ കുറിച്ചു ഒരുപാടറിയാമെന്നത് കൊണ്ട് അവർ ദൈവശാസ്ത്രജ്ഞരാകണമെന്നില്ല. അത് ദൈവശാസ്ത്രത്തിന്‍റെ വിജ്ഞാന കോശങ്ങളാവാം. എന്നാൽ ദൈവശാസ്ത്രം ചെയ്യേണ്ടത് മുട്ടിൽ മേൽ നിന്ന് എളിമയോടാവണം എന്ന് പാപ്പാ അറിയിച്ചു.അതിനാൽ ഒരു വൈദീകനോ, മെത്രാനോ, പരിശുദ്ധ പിതാവോ, കര്‍ദിനാളോ ഒരു യഥാർത്ഥ ഇടയാനാകണമെങ്കിൽ അവൻ ഒരു ശിശുവായിത്തീരണം. ശിശുവായിത്തീരുന്നില്ലെങ്കിൽ അവൻ ഒരു ഇടയനല്ല. പാപ്പാ വ്യക്തമാക്കി. ഇത് ക്രിസ്ത്യാനികളായ എല്ലാവർക്കും ബാധകമാണ്. സഭയിലെ പ്രധാനികൾ എന്ന് കരുതുന്നവർക്കും രഹസ്യത്തിൽ ഉപവി പ്രവർത്തികൾ ചെയ്യുന്ന പാവപ്പെട്ട വയോധികയായ സ്ത്രീക്കും ഇത് ബാധനകമാണ്.

ക്രിസ്തീയ ചെറുതാകല്‍ ഭീരുത്വമല്ല എന്ന് പറഞ്ഞ പാപ്പാ ചെറുമ മഹത്വമാണെന്നു വിശേഷിപ്പിച്ചു. ചെറുതാകല്‍ എന്നത് നഷ്ടങ്ങൾ ഏറ്റെടുക്കാനുള്ള കഴിവാണ്. കാരണം അതിനു നഷ്ടപ്പെടാൻ ഒന്നുമില്ല. അത് നമ്മിൽ നിന്നും നമ്മുടെ അപ്പുറത്ത് കടന്ന് ദൈവം നമുക്ക് നൽകിയിരിക്കുന്ന കഴിവുകളെ തിരിച്ചറിയാൻ ഇടയാക്കുന്നു. വലിയ കാര്യങ്ങളെ കുറിച്ച് ഭയപ്പെടരരുത് എന്ന് പറഞ്ഞു. വിശുദ്ധ തോമസ് അക്ക്വിനാസിന്‍റെ വാക്കുകളെ അനുസ്മരിപ്പിച്ച പാപ്പാ ഇന്നത്തെ തിരുനാളിനു കാരണഭൂതനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യരും തന്‍റെ ജീവിതത്തിലൂടെ തെളിയിച്ചുവെന്ന് ചൂണ്ടികാണിച്ചു.

സുവിശേഷത്തിലെ ഫരിസേയന്‍റെയും ചുങ്കക്കാരന്‍റെയും പ്രാർത്ഥനയെ അടിസ്ഥാമാക്കി ചുങ്കകാരനെ പോലെ നമ്മുടെ പരിമിതികളെയും പാപങ്ങളെയും തിരിച്ചറിഞ്ഞു നമ്മുടെ ചെറുമയെ പ്രതി ദൈവത്തിനു നന്ദിപറയണമെന്ന് പാപ്പാ ഉത്‌ബോധിപ്പിച്ചു.  സന്ദേശത്തിന്‍റെ അവസാനത്തിൽ കുഞ്ഞുങ്ങളുടെ കുമ്പസാരം കേൾക്കാൻ തനിക്കിഷ്ടമാണെന്നും അവരുടെ കുമ്പസാരം മനോഹരവും പ്രത്യക്ഷമായ യാഥാര്‍ത്ഥ്യവുമാണെന്നും വ്യക്തമാക്കി.  ദൈവമേ ഞാൻ പാപിയാണെന്നും വലിയവയെ ഭയപ്പെടാതിരിക്കാനും അങ്ങ് എന്‍റെ ജീവിതത്തിൽ ചെയ്യുന്ന വലിയകാര്യങ്ങളിൽ ഭീതിദത്തനാകാതിരിക്കാനും നിന്‍റെ ആത്മാവിനെ അയക്കണമേ എന്ന് പറഞ്ഞ് പ്രാര്‍ത്ഥിക്കണമെന്ന്  ആഹ്വാനം ചെയ്തു കൊണ്ട് പാപ്പാ തന്‍റെ വചന സന്ദേശം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 December 2019, 16:34
വായിച്ചു മനസ്സിലാക്കാന്‍ >