lectern of santa marta lectern of santa marta  (ANSA)

വചനം തരുന്ന ആനന്ദം ജീവിതത്തിന് ആത്മീയശക്തി

സാന്താ മാര്‍ത്തയിലെ വചനവേദിയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ചിന്തകള്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഒക്ടോബര്‍ 3, വ്യാഴാഴ്ച, പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ രാവിലെ ദിവ്യബലി അര്‍പ്പിക്കവെ ആദ്യവായന നെഹേമിയായുടെ ഗ്രന്ഥത്തിലെ വചനഭാഗം ആധാരമാക്കിയാണ് പാപ്പാ ചിന്തകള്‍ വികസിപ്പിച്ചത്.

കര്‍ത്താവിന്‍റെ ദിനം വിശുദ്ധമായി ആചരിക്കണം
അന്നാളുകളി‍ല്‍ ലേവ്യവംശജനും പുരോഹിതനുമായ എസ്രാ മോശയുടെ കല്പനകളുടെ ചുരുളുകള്‍ കൊണ്ടുവന്ന് ജനത്തെ വായിച്ചു കേള്‍പ്പിച്ചു. അദ്ദേഹം ജനങ്ങളോടു കര്‍ത്താവിന്‍റെ ദിവസത്തെക്കുറിച്ചും സംസാരിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ കര്‍ത്താവിന്‍റെ ദിനം, ഞായറാഴ്ചയാണ്. ഞായറാഴ്ച ജനം ദൈവത്തിനായി മാറ്റിവയ്ക്കേണ്ട ദിനമാണെന്ന് മോശയുടെ നിയമപുസ്തകത്തെ ആധാരമാക്കി എസ്ര ഉദ്ബോധിപ്പിച്ചു. അതായത് വിശ്വാസികള്‍ കുടുംബസമേതം ദൈവസന്നിധിയില്‍ ചെലവഴിക്കേണ്ട വിശുദ്ധമായ ദിവസമാണ്, കര്‍ത്താവിന്‍റെ ദിനം. അതിനാല്‍ ദൈവത്തിനായി മാറ്റിവയ്ക്കേണ്ട ഒരു ദിവസമുണ്ടെന്ന് എസ്രാ നമ്മെയും അനുസ്മരിപ്പിക്കുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു (നെഹേമിയ 8, 1-4, 5-6, 7-12).

വചനം സൃഷ്ടിക്കുന്ന ആനന്ദത്തിന്‍റെ അലയടി
ദൈവവചനം ശ്രവിക്കുമ്പോള്‍ നമ്മില്‍ എന്താണു സംഭവിക്കുന്നത്? നാം വചനത്തിനു കാതോര്‍ക്കാറുണ്ടോ, വചനത്തിനു ചെവിചായ്ക്കാറുണ്ടോ?  തിരുവചനം നമ്മുടെ  ഹൃദയത്തെ സ്പര്‍ശിക്കാറുണ്ടോ? അല്ലെങ്കില്‍ ആ സമയത്ത് ഞാന്‍ അശ്രദ്ധമായും അലക്ഷ്യമായും നില്ക്കുകയും, ഒരു ചെവിയിലൂടെ കേട്ടതെല്ലാം മറുചെവിയിലൂടെ പുറത്തേയ്ക്കും കടത്തിവിടാറുണ്ടോ. അതു ഹൃദയത്തെ സ്പര്‍ശിക്കാന്‍ ചിലപ്പോള്‍ നാം അനുവദിക്കാതെ പോകുന്നുണ്ടാകാം. പാപ്പാ ആശങ്ക പ്രകടിപ്പിച്ചു. വചനം ഒരാളുടെ ഹൃദയത്തില്‍ എത്തിപ്പെടാന്‍ ഇടനല്കിയാല്‍, അവിടെ സന്തോഷവും, സന്തോഷത്തിന്‍റെ ചലനങ്ങളും ഉണ്ടാകും.

വചനത്തിന്‍റെ ആനന്ദോത്സവം
വചനത്തിന്‍റെ ആനന്ദവും ആനന്ദോത്സവവും അനുഭവിക്കേണ്ട ദിവസമാക്കാം ഞായര്‍! വചനം ശ്രവിക്കാനും അത് ഹൃദയത്തെ സ്പര്‍ശിക്കാനും നാം ഇടം നല്കണം. അതിനു നാം അവസരമുണ്ടാക്കണം. കര്‍ത്താവിന്‍റെ കല്പനകള്‍ വായിച്ചു കേട്ട ജനങ്ങള്‍ വികാരഭരിതരായി കരയാന്‍ തുടങ്ങിയപ്പോള്‍, എസ്ര പറഞ്ഞത്, കരയരുത്! വചനം നിങ്ങളെ സ്പര്‍ശിക്കുമ്പോള്‍ സന്തോഷിക്കുകയാണു വേണ്ടതെന്ന് ആഹ്വാനംചെയ്തു. കര്‍ത്താവില്‍ സന്തോഷിക്കാം. ഇത് കര്‍ത്താവിന്‍റെ ദിവസമാണെന്ന് എസ്രാ ഉദ്ബോധിപ്പിക്കുന്നു. കര്‍ത്താവിന്‍റെ സന്തോഷമാണ് അവിടുത്തെ ജനത്തിന് ശക്തിയാകേണ്ടത്. (Joy of the Lord is the strength of His people). ഇന്നത്തെ വചനഭാഗത്ത് എസ്രാ ജനത്തോടു പറഞ്ഞത്, കര്‍ത്താവിന്‍റെ വചനത്തിലൂടെ കല്പനകള്‍ ശ്രവിച്ച ജനം പോയി, വിരുന്നൊരുക്കി സന്തോഷിച്ച് ആഘോഷിക്കാനായിരുന്നു.

ചുറ്റും പ്രസരിക്കുന്ന വചനപ്രഭ
മനുഷ്യഹൃദയങ്ങളെ സംതൃപ്തമാക്കാനും സന്തോഷിപ്പിക്കാനും ദൈവവചനത്തിന് കരുത്തുണ്ട്. തിരുവചനവുമായുള്ള ഇടപഴകല്‍ അല്ലെങ്കില്‍ ആഭിമുഖ്യം അതു സ്വീകരിക്കുന്നവര്‍ക്ക് ആത്മീയശക്തി പകരുന്നു. വചനം ശ്രവിക്കുകയും സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നവര്‍ ആനന്ദഭരിതരാകുന്നു. അവരില്‍ നിലയ്ക്കാത്തൊരു ആത്മീയാനന്ദം കുടികൊള്ളുന്നു. അവരില്‍നിന്നും അത് ജീവിതപരിസരങ്ങളിലേയ്ക്കു  പ്രസരിക്കും.  മറ്റുള്ളവരെ ആനന്ദത്തിലേയ്ക്കു നയിക്കാന്‍ വചനവാഹകര്‍ക്കു  കരുത്തുണ്ടാകും. അങ്ങനെ വചനത്തിന്‍റെ പ്രഭ ജീവിതത്തില്‍ സ്വീകരിക്കുന്ന എല്ലാവരും അത് അന്വേഷിക്കും. അവര്‍ വചനപ്രഭയില്‍ ജീവിക്കുകയും അതു ചുറ്റും പ്രസരിപ്പിക്കുകയും ചെയ്യുമെന്നതാണ് ഇന്നത്തെ സന്ദേശം.

ജീവിതത്തിനു കരുത്താകുന്ന ആത്മീയാനന്ദം
എങ്ങനെയാണ് ഞാന്‍ വചനം ഉള്‍ക്കൊള്ളുന്നത് എന്ന് ആത്മശോധനചെയ്യാം. വചനം വായിക്കുന്നുണ്ടോ, ശ്രവിക്കുന്നുണ്ടോ? വിശുദ്ധ ഗ്രന്ഥത്തില്‍ ദൈവത്തിന്‍റെ വചനം ശ്രവിക്കുന്ന ഒരു ശീലം വളര്‍ത്തിയെടുത്തിട്ടുണ്ടോ? വചനം തരുന്ന ദൈവികാനന്ദം എന്‍റെ ജീവിതത്തിനു കരുത്താണ്, ശക്തിയാണെന്ന വിശ്വാസ ബോധ്യമുണ്ടോ? ഒരിക്കലും ജീവിതത്തില്‍ ദുഃഖവും നൈരാശ്യവും നമുക്ക് കരുത്താവില്ല. വചനത്തിന്‍റെ ആത്മീയാനന്ദം ജീവിതത്തിനു കരുത്താണെന്ന ആത്മപരിശോധനയോടെയാണ് പാപ്പാ ചിന്തകള്‍ ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 October 2019, 20:27
വായിച്ചു മനസ്സിലാക്കാന്‍ >