ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍ സുവിശേഷസന്ദേശം നല്കുന്നു, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 28/10/2019 ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍ സുവിശേഷസന്ദേശം നല്കുന്നു, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 28/10/2019  (ANSA)

നമ്മില്‍ നടക്കുന്ന ആന്തരികപോരാട്ടം തിരിച്ചറിയുക!

നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം തന്നില്‍ നടക്കുന്നില്ല എന്നാരെങ്കിലും പറഞ്ഞാല്‍ ആ വ്യക്തി മയക്കത്തിലാണ്, എന്താണ് അവനില്‍ സംഭവിക്കുന്നതെന്ന് അവന്‍ അറിയുന്നില്ല, ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നമ്മുടെ ഉള്ളില്‍ സംഭവിക്കുന്നത് എന്താണെന്ന് തിരിച്ചറിയുന്നതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പാ ക്ഷണിക്കുന്നു.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ വെള്ളിയാഴ്ച (25/10/2019) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പങ്കുവച്ച സുവിശേഷ ചിന്തകളിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ക്ഷണം നല്കിയത്.

രണ്ടാം വായന, വിശുദ്ധ പൗലോസപ്പസ്തോലന്‍ റോമാക്കാര്‍ക്കെഴുതിയ ലേഖനം 7:18-25 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനവലംബം.

നന്മയും തിന്മയും തമ്മിലുള്ള അനുദിന പോരാട്ടം നമ്മുടെ ഉള്ളില്‍ നടക്കുന്നുണ്ടെന്നും വിശുദ്ധരിലും ഈ ആന്തരിക പോരാട്ടം അനുഭവവേദ്യമായിട്ടുണ്ടെന്നും പാപ്പാ പറഞ്ഞു.

ഈ ഒരു പോരാട്ടം തന്നില്‍ നടക്കുന്നില്ല എന്നാരെങ്കിലും പറഞ്ഞാല്‍ വാസ്തവത്തില്‍ ആ വ്യക്തി മയക്കത്തിലാണെന്നും എന്താണ് അവനില്‍ സംഭവിക്കുന്നതെന്ന് അവന്‍ അറിയുന്നില്ലെന്നും പാപ്പാ വിശദീകരിച്ചു.

ക്രൈസ്തവരായ നാം പലപ്പോഴും  നല്ലവയുള്‍പ്പെടെയുള്ള പലകാര്യങ്ങളിലും വ്യഗ്രചിത്തരാണെന്നു പറഞ്ഞ പാപ്പാ നമ്മുടെ ഉള്ളില്‍ നടക്കുന്നതെന്താണ് എന്നു ചോദിക്കാന്‍ എല്ലാവരെയും ക്ഷണിച്ചു.

നന്മ ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് പരിശുദ്ധാരൂപിയും തിന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ദുഷ്ടാരൂപിയുമാണെന്ന് പാപ്പാ പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 October 2019, 12:49
വായിച്ചു മനസ്സിലാക്കാന്‍ >