തിരയുക

from the lectern of Pope Francis in Santa Marta from the lectern of Pope Francis in Santa Marta  (Vatican Media)

ദൈവികദാനമായ പ്രേഷിതവൃത്തി തൊഴിലാക്കരുത്!

ശുശ്രൂഷയിലേയ്ക്കുള്ള വിളി ദാനമാണ്. അതൊരു തൊഴിലാക്കി മാറ്റരുത്! സാന്താ മാര്‍ത്തയിലെ വചനസമീക്ഷ.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

സെപ്തംബര്‍ 19-Ɔο തിയതി വ്യാഴാഴ്ച
വത്തിക്കാനില്‍ പേപ്പല്‍ വസതി, “സാന്താ മാര്‍ത്ത”യിലെ കപ്പേളയില്‍ ദിവ്യബലിമദ്ധ്യേ പങ്കുവച്ച വചനചിന്തയിലാണ് പാപ്പാ ഫ്രാന്‍സിസ് പ്രേഷിതജോലിയില്‍ ഉണ്ടായിരിക്കേണ്ട വിശ്വസ്തതയെക്കുറിച്ചു വിവരിച്ചത്. തന്നോടൊപ്പം ബലിയര്‍പ്പിച്ച വൈദികരോടും മെത്രാന്മാരോടും മറ്റു വിശ്വാസികളോടുമായി ദിവ്യബലിയുടെ വചനഭാഗത്തെ ആധാരമാക്കിയായിരുന്നു ചിന്തകള്‍.

പ്രേഷിത സമര്‍പ്പണം തൊഴിലിനുള്ള ഉടമ്പടിയല്ല
ശുശ്രൂഷാ ജീവിതത്തിലേയ്ക്കുള്ള വിളി ഒരു തൊഴിലിനുള്ള ഉടമ്പടിയല്ല. കുറേക്കാര്യങ്ങള്‍ ചെയ്തുകൂട്ടണം എന്ന വ്യഗ്രത പ്രേഷിതന്‍റെ ജീവിതത്തെ ഗ്രസിച്ചേക്കാം. എന്നാല്‍ ദൈവം ദാനമായി തന്ന ദൈവവിളി ദാനമായി തന്നെ സൂക്ഷിക്കുകയും ജീവിക്കുകയും വേണം. അതിനെ ഒരു തൊഴിലായി മാറ്റരുത്. ദൈവിക ദാനത്തെക്കുറിച്ചുള്ള ധ്യാനം മനസ്സില്‍ ഇല്ലാതാകുമ്പോഴാണ് പൗരോഹിത്യവും മെത്രാന്‍ സ്ഥാനവുമെല്ലാം വെറും തൊഴിലായി മാറുന്നത്. അത് ശുശ്രൂഷാ മനോഭാവത്തെ പാടെ നശിപ്പിക്കും. അത് യേശുവിന്‍റെ വീക്ഷണം വ്യക്തിയില്‍നിന്നും എടുത്തുകളയും.

ദാനമായ് കിട്ടി, കൊടുക്കുവിന്‍ ദാനമായ്!

“എന്നെ അനുഗമിക്കുക,” എന്നു പറഞ്ഞു നമ്മെ വിളിച്ച ക്രിസ്തു ഭരമേല്പിച്ച ശുശ്രൂഷാ ജീവിതത്തിന്‍റെ സൗജന്യഭാവത്തെക്കുറിച്ചും, ആ വിളി തനിക്ക് ദാനമായി കിട്ടിയതാണെന്നുമുള്ള വ്യക്തമായ ധാരണയെക്കുറിച്ചും അവബോധമുള്ളവനായി പ്രേഷിതന്‍ ജീവിക്കണം. ശുശ്രൂഷയില്‍ ദാനമായി സഹോദരങ്ങള്‍ക്കായ് പങ്കുവയ്ക്കപ്പെടേണ്ടതാണ് പ്രേഷിതവൃത്തിയെന്ന് കൂടെ ബലിയര്‍പ്പണത്തിനെത്തിയ വൈദികരെയും മെത്രാന്മാരെയും പാപ്പാ അനുസ്മരിപ്പിച്ചു.

ദൈവിക ദാനമായ വിളിയോടു നന്ദിയുള്ളവരാകാം!
വിളിയുടെ സൗജന്യഭാവവും, അതൊരു ദാനമാണെന്ന കാഴ്ചപ്പാടും നഷ്ടമാകുമ്പോള്‍ വ്യക്തിയുടെ വീക്ഷണത്തില്‍ വ്യതിയാനങ്ങള്‍ വരുന്നു. ആ വ്യതിയാനം ഹീനമാകാം, ഭീകരമാകാം, പിന്നെ അത് നിത്യേന സംഭവിക്കുന്ന ദുശ്ശീലമായിത്തീരാം. അങ്ങനെ വ്യക്തിയുടെ ശുശ്രൂഷയുടെയും സമര്‍പ്പണത്തിന്‍റെയും കേന്ദ്രം താന്‍തന്നെയായി മാറുന്നു; സമര്‍പ്പിതന്‍ സ്വാര്‍ത്ഥനായിത്തീരുന്നു. ദൈവിക ദാനമായ ശുശ്രൂഷജീവിതത്തോടും, അതു തന്ന ദൈവത്തോടും പ്രത്യുത്തരിക്കാനോ, പ്രതിനന്ദി കാട്ടാനോ താല്പര്യമില്ലാത്ത സ്വാര്‍ത്ഥനായി മാറുന്ന പ്രേഷിതരുണ്ട്, സമര്‍പ്പിതരുണ്ട്.

പദവിയുടെ സൗജന്യഭാവം മറക്കരുത്!
സുവിശേഷഭാഗം വിവരിക്കുന്ന ക്രിസ്തുവിനെ ഭക്ഷണത്തിനു ക്ഷണിച്ച ഫരീസേയന്‍, ശിമയോന്‍ നല്ല മനുഷ്യനായിരുന്നു. എന്നാല്‍ അദ്ദേഹത്തിനു കിട്ടിയ ശുശ്രൂഷാപദവിയുടെ സൗജന്യഭാവം മറന്നുപോയി. പാവങ്ങളും പാപികളുമായവര്‍ക്കു ചെയ്യേണ്ട ഉത്തരവാദിത്ത്വങ്ങളുടെ മുന്നില്‍ അയാള്‍  മറ്റു പ്രധാനപ്പെട്ട ജോലികളുള്ള പ്രമാണിയും വലിയവനുമായി നടിച്ചു. തന്‍റെ മറ്റു ജോലികളുടെ വ്യഗ്രതയില്‍ അയാള്‍ ഒളിച്ചിരുന്നു.

സ്രോതസ്സാകേണ്ട സുവിശേഷം
ശുശ്രൂഷകരുടെ പ്രഥമവും പ്രധാനവുമായ ജോലി സുവിശേഷപ്രഘോഷണമാണ്. സുവിശേഷമാകുന്ന വചനത്തിന്‍റെ കേന്ദ്രത്തില്‍നിന്നും, സ്രോതസ്സില്‍നിന്നുമാണ് പ്രേഷിതന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചൈതന്യം ഉള്‍ക്കൊള്ളേണ്ടത്. സുവിശേഷ ചൈതന്യത്തില്‍നിന്നും ഉതിര്‍ക്കൊള്ളേണ്ടതാണ് പ്രേഷിതദൗത്യം (Mission). ഈ ദൗത്യമാണ് ദൈവത്തില്‍നിന്നും ദാനമായ ദൈവവിളിയായി, സ്വീകരിച്ചിട്ടുള്ളത്. അത് ദാനമായും ഉദാരമനസ്കതയായും പങ്കുവയ്ക്കാമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് തന്‍റെ വചനസമീക്ഷ ഉപസംഹരിച്ചത്.

(1 തിമോത്തി 4, 12-16.  ലൂക്കാ 7, 36-50).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 September 2019, 17:08
വായിച്ചു മനസ്സിലാക്കാന്‍ >