ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 16-09-19 ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 16-09-19  (© Vatican Media)

പൗരാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക-പാപ്പാ

ഭരണാധികാരികളെ അവരുടെ ദൗത്യനിര്‍വ്വഹണത്തില്‍ ഒറ്റയ്ക്കാക്കാതെ അവര്‍ക്കായി ദൈവത്തിന്‍റെ സഹായം പ്രാര്‍ത്ഥിക്കണം, വിശ്വാസിയുടെ ജീവിതം പ്രാര്‍ത്ഥനയില്‍ കേന്ദ്രീകൃതമാകണം, ഫ്രാന്‍സീസ് പാപ്പായുടെ വചന സമീക്ഷ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഭരണാധികാരികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഉന്നതസ്ഥാനീയര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമധേയത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ”യിലെ കപ്പേളയില്‍, വേനല്‍ക്കാലത്തെ ഇടവേളയ്ക്കു ശേഷം തിങ്കളാഴ്ച (16/09/19) പുനരാരാംഭിച്ച, പ്രത്യൂഷ ദിവ്യ ബലി മദ്ധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഭരണാധികാരികളുള്‍പ്പെടെ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പൗലൗസ് ശ്ലീഹാ ആഹ്വാനം ചെയ്യുന്ന, തിമോത്തേയോസിനുള്ള ഒന്നാം ലേഖനം, രണ്ടാം അദ്ധ്യായം 1-8 വരെയുള്ള വാക്യങ്ങളായിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

ഒരു വിശ്വാസിയുടെ ജീവിത ചുറ്റുപാട് വരച്ചുകാട്ടുന്ന പൗലോസ് ശ്ലീഹാ വിശ്വാസിയുടെ ജീവിതം പ്രാര്‍ത്ഥനയില്‍ കേന്ദ്രീകൃതമാകണം എന്ന് വ്യക്തമാക്കുന്നുണ്ടെന്ന് പാപ്പാ വിശദീകരിക്കുന്നു.

സമാധാനപൂര്‍ണ്ണവും പ്രശാന്തവും അന്തസ്സാര്‍ന്നതും ദൈവത്തിനു സമര്‍പ്പിതവുമായ ഒരു ജീവിതം നയിക്കാന്‍ നമുക്കു കഴിയേണ്ടതിന് നാമെല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ഉപദേശിക്കുന്നു.

ഭരണാധികാരികളെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുന്ന പാപ്പാ നാം അവരുടെ ദൗത്യനിര്‍വ്വഹണത്തില്‍ അവരെ ഒറ്റയ്ക്കാക്കാതെ ദൈവത്തിന്‍റെ സഹായം അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഉദ്ബോധിപ്പിക്കുന്നു.

രാഷ്ട്രീയം മലിനമാണെന്നു കരുതുന്നവരെ പാപ്പാ വിശുദ്ധ പോള്‍ ആറാമന്‍റെ  വാക്കുകള്‍, അതായത്, ഉപവിയുടെ അതിശ്രേഷ്ഠമായ ഒരു രൂപമാണ് അതെന്ന്, ഓര്‍മ്മപ്പെടുത്തുന്നു.

വാസ്തവത്തില്‍ നമ്മളാണ് ഓരോ ഉദ്യോഗത്തെയും മലിനമാക്കുന്നതെന്ന വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടി. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 September 2019, 13:00
വായിച്ചു മനസ്സിലാക്കാന്‍ >