തിരയുക

from the lectern of Pope Francis in Santa Marta from the lectern of Pope Francis in Santa Marta  (Vatican Media)

തപസ്സുകാലം കാരുണ്യത്തിന്‍റെ സമയമെന്ന് പാപ്പാ ഫ്രാന്‍സിസ്

സാന്താ മാര്‍ത്തയിലെ വചനവേദിയില്‍നിന്നും

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

മാര്‍ച്ച് 28-‍Ɔο തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സന്താമാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. 

ഹൃദയങ്ങള്‍ പുനര്‍പരിശോധിക്കാം!
വിശ്വസ്തതയില്ലാത്ത ജനം, ശിക്ഷണം സ്വീകരിക്കാത്ത ജനം, ദൈവത്തിന്‍റെ സ്വരം ശ്രവിക്കാത്തവര്‍... എന്നിങ്ങനെ ജനം ദൈവത്തില്‍നിന്നും അകന്നുപോയിട്ടുള്ളതിനാല്‍ ഇന്നത്തെ വചനത്തിലൂടെ സഭ വിശ്വാസികളായ മക്കളോടു ആവശ്യപ്പെടുന്നത് ഒരു ആത്മപരിശോധനയാണ്. ജീവിതത്തില്‍ സത്യം അസ്തമിച്ചൊരു നാം ജനതയായി മാറിയിട്ടുണ്ടോ? ഇല്ല...! നാം പറയും, ഞായറാഴ്ച ദിവ്യബലിക്കു പോകുന്നുണ്ട്. എന്നാല്‍ നമ്മുടെ ഹൃദയവിശദ്ധിയും വിശ്വസ്തതയും എത്രത്തോളമാണെന്നു വിലയിരുത്തേണ്ടതാണ്. വിശ്വസ്തത എന്നില്‍നിന്നും നഷ്ടമായിട്ടുണ്ടോ? ഹൃദയം കഠിനമായിട്ട്, ഒരു മര്‍ക്കടമുഷ്ടിയായി മാറിയിട്ടുണ്ടോ? ചെവി അടച്ച്, ബധിരത നടിക്കുന്നുണ്ടോ? അങ്ങനെ ഹൃദയത്തിലെ ദൈവാംശം ഇല്ലാത്തവിധം മനസ്സ് കൊട്ടിയടയ്ക്കപ്പെട്ടിട്ടുണ്ടോ? പിന്നെ ഇഷ്ടമുള്ളതു ചെയ്യാം എന്ന മനസ്ഥിതിയില്‍ എത്തിച്ചേരുന്നു! ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. കാരണം ഹൃദയങ്ങള്‍ പുനര്‍പരിശോധിക്കേണ്ട സമയമാണ് തപസ്സുകാലം.

ഹൃദയം കഠിനമാക്കരുതേ...!
“ഇന്നു നിങ്ങള്‍ കര്‍ത്താവിന്‍റെ സ്വരം ശ്രവിക്കുവിന്‍! ഹൃദയം കഠിനമാക്കരുത്,” എന്ന വചനം ഇന്ന് സഭയും നമ്മുടെ മുന്നില്‍ വയ്ക്കുന്ന ആഹ്വാനമാണ്. കര്‍ത്താവിന്‍റെ സ്വരം കേള്‍ക്കുകയോ അനുസരിക്കുകയോ ചെയ്യാത്തവര്‍, സൗകര്യാര്‍ത്ഥം ദൈവികവഴികള്‍ വിട്ടു സഞ്ചരിക്കുന്നു. പിന്നെ ദൈവത്തോട് അവിശ്വസ്തനായി ജീവിക്കുന്ന. അവര്‍ അപവാദം പറഞ്ഞുപരത്തുന്നു, മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നു (ജെറെമിയ 7, 23-28).

ക്രിസ്തുവിനെതിരെ ഹൃദയം കൊട്ടിയടച്ചവര്‍
ക്രിസ്തു ജനങ്ങളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു, എന്നാല്‍ അവിടുന്നു ആരോപിതനാവുകയാണ്. “ഇവന്‍ പിശാചിന്‍റെ തലവനായ ബേല്‍സബൂലിനെക്കൊണ്ടാണ് ഈ നന്മയെല്ലാം ചെയ്യുന്നത്!” ഊമനു സംസാരശേഷി നല്കിയപ്പോള്‍ ജനം അവിടുത്തെക്കുറിച്ചു പറഞ്ഞത് ഇപ്രകാരമായിരുന്നു. “ഇത് വിശ്വസ്തതയില്ലാത്ത ജനമാണ്.”
“എന്നോടു കൂടെയല്ലാത്തവന്‍ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ എല്ലാം ചിതറിച്ചു കളയുന്നു,” എന്ന വാക്കുകളോടെയാണ് അവിടുന്ന് തന്‍റെ പ്രസ്താവന ഉപസംഹരിക്കുന്നത് (ലൂക്കാ 11, 14-23).

വിശ്വാസ്യത നഷ്ടമായവര്‍
പിന്നെയും നമുക്കു പറയാം, ഇല്ല ഞാന്‍ യേശുവിന്‍റെ കൂടെയാണ്, എന്നാല്‍ കുറച്ചു ദൂരത്തിലാണെന്നു മാത്രം. ഞാന്‍ ഒരു ചെറിയ അകലം പാലിക്കുന്നു. ഈ രീതി ക്രിസ്തുശിഷ്യനു ചേര്‍ന്നതല്ലെന്നും, ഇതൊരു നല്ല നിലപാടല്ലെന്നും പാപ്പാ സമര്‍ത്ഥിച്ചു. ഒന്നുകില്‍ നാം ക്രിസ്തുവിന്‍റെ പക്ഷത്താണ്, അല്ലെങ്കില്‍ നാം അവിടുത്തേയ്ക്ക് എതിരാണ്. വിശ്വസ്തനായി ജീവിക്കുക. വിശ്വസ്തനല്ലാത്തവന്‍ അവിശ്വസ്തനാണ്. അനുസരണയുള്ള ഹൃദയമില്ലെങ്കില്‍ നാം വിശ്വസ്തത നഷ്ടമായവരാണ്. നന്മതിന്മകള്‍ക്കിടയില്‍ ഒരു മദ്ധ്യസ്ഥാനമോ, ഒരു ഇടനിലയോ ഇവിടെ കാണാനാവില്ലെന്ന് പാപ്പാ വ്യക്തമാക്കി.

അനുകൂലിക്കാത്തവര്‍ എതിരാണ്!
എന്‍റെ ദൈവത്തോടുള്ള വിശ്വസ്തത എത്രത്തോളമാണെന്ന്, ഈ ദിവ്യബലിയിലും അതിനുശേഷവും ഇന്നേദിനത്തില്‍ നാം ചിന്തിക്കേണ്ടതാണ്. തന്നെ അനുകൂലിക്കാത്തവന്‍ തനിക്ക് എതിരാണെന്നു ക്രിസ്തു പറയുമ്പോള്‍, നാം അവിശ്വസ്തരാണ്. നാം ക്രിസ്തുവിനെയും അവിടുത്തെ മൂല്യങ്ങളെയും നിഷേധാത്മകമായി കാണുന്ന കൂട്ടിത്തിലായിരിക്കാം. നാം എളുപ്പവഴികളും വളഞ്ഞവഴികളും തേടി അവിടുത്തോടു അവിശ്വസ്തരായി ജീവിക്കുന്നുണ്ടാകാം.

പ്രത്യാശ കൈവെടിയരുത്!
അവിശ്വസ്തരാണു നാമെന്ന് അവിടന്നു പറയുകയും, എനിക്ക് അനുകൂലമല്ലാത്തവന്‍ എതിരാണെന്ന് പ്രസ്താവിക്കുകയും ചെയ്യുമ്പോഴും, പ്രത്യാശ വെടിയേണ്ടതില്ല. വിശ്വസ്തതയിലേക്കും അവിടുത്തെ സ്നേഹത്തിലേയ്ക്കും തിരിച്ചുവരാനുള്ള അവസരമാണ് ഈ തപസ്സുകാലം. ഇത് ദൈവിക കാരുണ്യത്തിന്‍റെ സമയമാണ്, ദൈവകൃപയുടെ ദിനങ്ങളാണ്. പൂര്‍ണ്ണഹൃദയത്തോടെ തന്നിലേയ്ക്കു തിരിച്ചുവരാന്‍ ദൈവം നമ്മെ ക്ഷണിക്കുന്നു. അവിടുന്നു കരുണാര്‍ദ്രനും സ്നേഹസമ്പന്നനുമാണ്. അവിടുന്ന് എല്ലാം മറന്നും, എല്ലാം ക്ഷമിച്ചും നമ്മെ സ്വീകരിക്കും.

തിരിച്ചുവരവില്‍ സന്തോഷിക്കുന്ന പിതാവ്
ദൈവം ആഗ്രഹിക്കുന്നത് പാപിയുടെ അനുതാപവും തിരിച്ചുവരവുമാണെന്ന് ദൈവം ആവര്‍ത്തിച്ച് ആജ്ഞാപിക്കുന്നുണ്ട്. ഇത് കാരുണ്യത്തിന്‍റെ സമയമാണ്. ഇത് ദൈവത്തിന്‍റെ അനന്തമായ ദയയുടെ ദിനങ്ങളാണ്. ഹൃദയങ്ങള്‍ ദൈവത്തിനായി തുറക്കാം, നമുക്ക് അവിടുത്തെ പക്കലേയ്ക്കു തിരിയാം, അവിടുന്നു നമ്മിലേയ്ക്കു കടന്നുവരട്ടെ!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 March 2019, 16:56
വായിച്ചു മനസ്സിലാക്കാന്‍ >