From the Lectern of Santa Martha 7th March 2019 From the Lectern of Santa Martha 7th March 2019  (Vatican Media)

ദൈവികനന്മകള്‍ കാണാതെ ജീവിതത്തില്‍ വഴിതെറ്റുന്നവര്‍

സാന്താ മാര്‍ത്തയിലെ വചനവേദിയില്‍നിന്നും – തപസ്സിലെ ചിന്തകള്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍

മാര്‍ച്ച് 7-Ɔο തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെ ആദ്യവായന നിയമാവര്‍ത്തന പുസ്തകത്തെ ആധാരമാക്കിയാണ്  നന്മയുടെ പാത ബോധപൂര്‍വ്വം തിരഞ്ഞെടുക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചത് (നിയമാവര്‍ത്തനം 30, 15-20).

ജീവിതയാത്രയില്‍ വരുന്ന ആന്തരിക മാറ്റം
ഹൃദയത്തില്‍ വരുന്ന മാറ്റം, ജീവിതയാത്രയുടെ ഗതിവിഗതികളെ നിയന്ത്രിക്കുന്നു. ബോധപൂര്‍വ്വം മനുഷ്യന്‍ തെറ്റായ വഴികള്‍ സ്വീകരിക്കുമ്പോള്‍ ജീവിതത്തിന്‍റെ വഴി തെറ്റുന്നു, അതിന്‍റെ താളം തെറ്റുന്നു. ദിശാമാപിനിയുടെ സഹായം നഷ്ടപ്പെട്ട യാത്രികനു വഴിതെറ്റുന്നതുപോലെ, ലക്ഷ്യബോധം നഷ്ടപ്പെടുമ്പോള്‍ നന്മയുടെ പാത വിട്ട്, മനുഷ്യന്‍ തിന്മയിലേയ്ക്കു തിരിയുന്നു.

ദൈവികവഴികള്‍ വിട്ടുപോകുന്നവര്‍
ഈ വഴിമാറല്‍, അല്ലെങ്കില്‍ വഴിതെറ്റല്‍ വ്യക്തിയുടെ ജീവിതത്തെ മാത്രമല്ല, ചുറ്റുമുള്ളവരെയും, സമൂഹത്തെ ആകമാനവും ബാധിക്കുന്നു. തുറവില്ലാത്ത ഹൃദയങ്ങള്‍ക്കാണ് വഴിതെറ്റുന്നത്. ലക്ഷ്യബോധം നഷ്ടപ്പെട്ട വ്യക്തികള്‍, പിന്നെ അവര്‍ക്ക് ഇഷ്ടമുള്ള വഴികളാണ് തിരഞ്ഞെടുക്കുന്നത്. അവര്‍ നന്മയുടെ ജീവിത കല്പനകള്‍ ആദരിക്കാതെയും, ചെവിക്കൊള്ളാതെയും ജീവിക്കുന്നു. ദൈവം തിരഞ്ഞെടുത്ത ജനം അവിടുത്തെ കല്പനകള്‍ ആദരിക്കാതെ വിഗ്രഹാരാധകരായി മാറിയ ഇസ്രായേലിന്‍റെ ചരിത്രകഥയെ ആധാരമാക്കിയാണ് പാപ്പാ ചിന്തകള്‍ വികസിപ്പിച്ചത്.

ദൈവകൃപകളെ ഓര്‍മ്മിക്കാത്തവര്‍
ആത്മീയ ജീവിതത്തില്‍ തിന്മയിലേയ്ക്കു വഴുതിപ്പോകുന്ന അപകടം സംഭവ്യമാണ്. പിന്നെ വ്യക്തി സ്മൃതിഭ്രംശം സംഭവിച്ചപോലെ പെരുമാറുന്നു. ദൈവികനന്മകളും അവിടുന്നു ചെയ്ത വന്‍കാര്യങ്ങളും മറന്നു നന്ദിയില്ലാത്തവനായി ജീവിക്കുന്നു. എനിക്കു കുഴപ്പമൊന്നും ഇല്ലാത്ത മട്ടില്‍ കിട്ടിയ നന്മകളൊക്കെ സൗകര്യാര്‍ത്ഥം തളളിപ്പറയുകയും, ഒരു കൃപയും ലഭിക്കാത്തപോലെ ജീവിക്കുകയും ചെയ്യുന്നു. ഉള്ളതെല്ലാം, ഇക്കൂട്ടര്‍ സ്വന്തം നേട്ടമായും, സ്വന്തം വൈഭവമായും അവതരിപ്പിക്കുന്നു. ദൈവകൃപകളെ ഓര്‍മ്മിക്കാത്തവരുടെ ഗതിയാണിത്. ആന്തരിക വിശുദ്ധിയില്ലാത്ത ഇത്തരക്കാര്‍ ദൈവിക സാന്നിദ്ധ്യത്തിന്‍റെ ഉള്‍ധ്വനി കേള്‍ക്കാതെ പോവുന്നു. ദൈവകൃപയെ ഓര്‍മ്മിക്കാത്തവര്‍ - ദൈവികനന്മകള്‍ക്കു നന്ദിയില്ലാത്തവരാണ്!

സ്വാര്‍ത്ഥതയുടെ വിഗ്രഹാരാധകര്‍
മോശയുടെ കാലത്ത് ഇസ്രായേലില്‍ കണ്ട ഒരു മനോഭാവമാണ് വിഗ്രഹാരാധന. ദൈവത്തെ മറന്ന്, ജനം സൗകര്യാര്‍ത്ഥമുള്ള ജീവിതതിരഞ്ഞെടുപ്പുകള്‍ നടത്തി, അപ്രകാരം ജീവിച്ചു. അവര്‍ ദൈവത്തെ മെല്ലെ മറന്നുകളയുകയും, സ്വന്തം ഇഷ്ടങ്ങളെ പൂവിട്ട് ആരാധിക്കുകയും ചെയ്ത സ്വാര്‍ത്ഥതയുടെ ‘വിഗ്രഹാരാധകരാ’യി മാറി.

ദൈവത്തോടു നന്ദിയുള്ളവരായിരിക്കാം
തപസ്സുകാലത്തിന്‍റെ ആരംഭത്തില്‍ ദൈവിക നന്മകളെക്കുറിച്ചും, അവിടുത്തെ കല്പനകളെക്കുറിച്ചും ഓര്‍മ്മയുള്ളവരായി ജീവിക്കാനുളള കൃപയ്ക്കായി പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യാം. അത് ദൈവത്തെക്കുറിച്ചും ദൈവിക നന്മകളെക്കുറിച്ചുമുള്ള അവബോധമാണ്. ജീവിതത്തില്‍ ദൈവം നല്കിയ നന്മകള്‍ അനുസ്മരിച്ചും, അവിടുത്തേയ്ക്ക് നമ്മോടുള്ള സ്നേഹവാത്സല്യങ്ങള്‍ ഓര്‍ത്തും നന്ദിയുള്ളവരായി ജീവിക്കാം. ഇത് ആത്മീയ ആനന്ദത്തിന്‍റെ അവസ്ഥയാണ്.

ഉത്ഥിതനെ ധ്യാനിക്കാം
ദൈവിക നന്മകള്‍ക്കായി കണ്ണുതറുന്ന അവസ്ഥയില്‍നിന്നാണ് നാം മുന്നോട്ടു ചരിക്കേണ്ടത്. പൗലോസ് അപ്പസ്തോലന്‍ പ്രിയ ശിഷ്യന്‍, തിമോത്തിയോസിനു നല്കിയ ഉപദേശം ഏറെ പ്രസക്തമാണ്. “ഉത്ഥിതനായ ക്രിസ്തുവിനെക്കുറിച്ച് ഓര്‍മ്മയുള്ളവരായി ജീവിക്കാം”
(2 തിമോത്തി, 2, 8). അതായത്, ജീവിതത്തി‍ന്‍റെ ഈ നിമിഷംവരെ തന്‍റെകൂടെ ഉണ്ടായിരുന്നവനും, ജീവിതാന്ത്യത്തോളവും, അവസാനം നിത്യവിധിയില്‍ താന്‍ ദര്‍ശിക്കാന്‍ ഒരുങ്ങുന്ന ഉത്ഥിതനായ ക്രിസ്തുവിനെക്കുറിച്ചുള്ള ഓര്‍മ്മയില്‍ ജീവിക്കാം. ഉത്ഥിതനെ ധ്യാനിച്ചു ജീവിക്കാനുളള കൃപ തരണമേയെന്ന് പ്രാര്‍ത്ഥിക്കാം! ഇങ്ങനെ ഉദ്ബോധിപ്പിച്ചുകൊണ്ട് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചു.       

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 March 2019, 18:27
വായിച്ചു മനസ്സിലാക്കാന്‍ >