തിരയുക

Vatican News
from the lectern of Domus Sanctae Marthae - 28th February 2019 സാന്താ മാര്‍ത്തയിലെ വചനവേദി - 28 ഫെബ്രുവരി 2019  (ANSA)

അധമവികാരങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാം!

ഫെബ്രുവരി 28 വ്യാഴം - സാന്താ മാര്‍ത്തിയിലെ വചനവേദി :

- ഫാദര്‍ വില്യം നെല്ലിക്കല്‍

പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ വ്യാഴാഴ്ച രാവിലെ ദിവ്യബലി അര്‍പ്പിക്കവെ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച വചനചിന്തകളാണിത്. പ്രഭാഷകന്‍റെ പുസ്തകത്തില്‍നിന്നുമുള്ള ആദ്യവായനയിലെ യഥാര്‍ത്ഥമായ ജ്ഞാനത്തെക്കുറിച്ചുള്ള വചനങ്ങളായിരുന്നു പാപ്പായുടെ വചനസമീക്ഷയ്ക്ക് ആധാരം (പ്രഭാ. 5, 1-10).  

നമ്മിലെ അധമവികാരങ്ങള്‍
മനുഷ്യനു നൈസര്‍ഗ്ഗികമായുള്ള ശക്തിയാണ് വികാരം, ഹൃദയവികാരങ്ങള്‍. അത് എല്ലാ മനുഷ്യര്‍ക്കുമുണ്ട്. എന്നാല്‍ ഒരിക്കലും വികാരങ്ങള്‍ നമ്മെ കീഴ്പ്പെടുത്താന്‍ അനുവദിക്കരുത്. വികാരങ്ങള്‍ സന്തോഷമോ, ദുഃഖമോ എന്തുതന്നെയായാലും അവയില്‍ത്തന്നെ മോശമല്ലവ. അധമവികാരങ്ങള്‍ അല്ലെങ്കില്‍ നിന്ദ്യമായ വികാരങ്ങള്‍ മനുഷ്യനില്‍ ഉണ്ടെങ്കില്‍ത്തന്നെയും പൊതുവെ വികാരങ്ങള്‍ ഹൃദയത്തില്‍ ഒഴുകുന്ന രക്തംപോലെ നല്ലത്തിനുള്ള ജീവരസമാണ്. വികാരങ്ങള്‍, നമ്മെ കീഴ്പ്പെടുത്താന്‍ അനുവദിക്കാതിരുന്നാല്‍, ആത്മനിയന്ത്രണത്തിന്‍റെ മാനസിക ശക്തിയില്‍ നല്ല കാര്യങ്ങള്‍ ചെയ്യാനും നമുക്കു സാധിക്കും. മറിച്ച് വികാരങ്ങള്‍, പ്രത്യേകിച്ച് മോശമായ വികാരങ്ങള്‍ നമ്മെ കീഴ്പ്പെടുത്തുകയാണെങ്കില്‍ നാം പരാജിതരാകുന്ന അവസ്ഥയാണത്. അത് മനോവ്യഥയും ക്ലേശങ്ങളും ജീവിതത്തില്‍ ജനിപ്പിക്കാം.

ജീവിതങ്ങള്‍ നവീകരിക്കപ്പെടണം!
സാഹസികമായോ മൗഢ്യമായോ പെരുമാറിക്കൊണ്ട് ജീവിതത്തില്‍ അപകടങ്ങള്‍ വരുത്തിവയ്ക്കുന്നവരുണ്ട്. അവര്‍ സ്വയം മനോഗതംചെയ്യും, കൊള്ളാം! ഇത്രയും ഇങ്ങനെയൊക്കെ ചെയ്തു ജീവിച്ചെങ്കില്‍, എനിക്ക് ഇനിയും പഴയതുപോലെതന്നെ തുടരാം എന്ന തീരുമാനത്തില്‍ ഉറച്ച്, പഴയ ശൈലിയില്‍ത്തന്നെ ജീവതം മുന്നോട്ടു തള്ളിനീക്കുന്നു. അത് ആത്മനഷ്ടം വരുത്താവുന്ന ബുദ്ധിശൂന്യമായ പെരുമാറ്റമായി പരിണമിക്കാം.

ദൈവികകാരുണ്യത്തില്‍ ആശ്രയിച്ച് കരകേറാം
ദൈവത്തിന്‍റെ കാരുണ്യം അനന്തമാണ്. അതിനാല്‍ അവിടുന്ന് എന്‍റെ പാപം ക്ഷമിക്കും, അതിനാല്‍ ആ കാരുണ്യത്തില്‍ ആശ്രയിച്ച് അങ്ങനെ തന്നെ തുടരാം എന്ന ചിന്തയും മൗഢ്യമാണ്. “സ്വന്തം കഴിവില്‍ ആശ്രയിച്ചും, സ്വാര്‍ത്ഥമായ ഹൃദയാഭിലാഷങ്ങളില്‍ മുഴുകിയും ജീവിക്കരുത്!” ഇത് പ്രഭാഷകന്‍റെ വാക്കുകളാണ്. അതിനാല്‍ യഥാര്‍ത്ഥമായ അറിവില്‍, വിവേകത്തില്‍ ആശ്രയിച്ചു നന്മയിലേയ്ക്കു തിരിയണമെന്ന് പ്രഭാഷകന്‍ ഉദ്ബോധിപ്പിക്കുന്നു (6).

കളകള്‍ മാറ്റി പൂക്കള്‍ വിരിയിക്കാം
ജീവിതത്തിലെ കുറവുകള്‍ മാറ്റിയെടുക്കാന്‍ മാനസാന്തരത്തിന്‍റെ നാള്‍വരെ കാത്തിരിക്കേണ്ടതില്ല. ജീവിതോദ്യാനത്തിലെ കളകള്‍ തക്കസമയത്തു തന്നെ പറിച്ചുകളഞ്ഞാല്‍ അവിടെ നന്മയുടെ പൂക്കള്‍ വിരിയിക്കാം. പ്രഭാഷകന്‍ വീണ്ടും ഓര്‍പ്പിക്കുന്നു, “കര്‍ത്താവിന്‍റെ കാരുണ്യം നിസ്സീമമാണ്, അവിടുന്ന് എന്‍റെ പാപങ്ങള്‍ ക്ഷമിക്കും, എന്നാല്‍ അവിടുത്തെ കാരുണ്യത്തോടൊപ്പം ക്രോധവും അവിടുന്നിലുണ്ട്. അതിനാല്‍ ദൈവത്തിങ്കലേയ്ക്കു തിരിയാന്‍ വൈകരുത് (7).

വിജയമാണ് ആത്മനിയന്ത്രണം
ജീവിതപരിവര്‍ത്തനത്തിനും മാനസാന്തരത്തിനുമായി നാം അനുദിനം ആത്മപരിശോധന ചെയ്യേണ്ടയിരിക്കുന്നു. എന്നിലെ തെറ്റ്, നാളെയും ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഞാന്‍ പരിശ്രമിക്കും എന്ന ഉറച്ച തീരുമാനവും നിശ്ചയദാര്‍ഢ്യവുമാണ് ആവശ്യം. പരിശ്രമിച്ചാല്‍, പൂര്‍ണ്ണമായും ആ തിന്മ ഒഴിവായില്ലെങ്കിലും കുറെയെങ്കിലും അതിനെ ഇല്ലായ്മചെയ്യാനാകും. നമ്മിലെ നിന്ദ്യമായ വികാരങ്ങളെ നിയന്ത്രിക്കാനാകുന്നതു തന്നെ വിജയമാണ്.

ഓരോ ദിനാന്ത്യലും 5 മിനിറ്റ് ആത്മപരിശോധന
നമ്മുടെ ജീവിതങ്ങള്‍ എപ്പോള്‍, എങ്ങിനെ, എവിടെ അവസാനിക്കുമെന്നൊന്നും ആര്‍ക്കും യാതൊരു നിശ്ചയവുമില്ല. അതിനാല്‍ ഓരോ ദിനാന്ത്യത്തിലും അഞ്ചു നിമിഷം നാം ആത്മപരിശോധനചെയ്ത് നമ്മുടെ ഹൃദയവിശുദ്ധി ഉറപ്പുവരുത്തുകയാണെങ്കില്‍,  മാനസാന്തരത്തിലൂടെ പിതാവായ ദൈവത്തിലേയ്ക്കുള്ള തിരിച്ചുപോക്ക് നാം വൈകിക്കില്ല. പ്രഭാഷകനിലൂടെ വെളിപ്പെടുത്തിയ യഥാര്‍ത്ഥമായ വിജ്ഞാനത്തില്‍ ജീവിക്കാനും വളരാനും ദൈവം നമ്മെ പ്രചോദിപ്പിക്കട്ടെ! അതിനുള്ള കൃപയ്ക്കായി അനുസ്യൂതം പ്രാര്‍ത്ഥിക്കാം.   

28 February 2019, 19:48
വായിച്ചു മനസ്സിലാക്കാന്‍ >