Cerca

Vatican News
2019.01.17 Messa Santa Marta സാന്താ മാര്‍ത്തയിലെ വചനവേദി  (Vatican Media)

ഹൃദയം കഠിനമാക്കാതെ തിരുവചനത്തിന് കാതോര്‍ക്കാം!

ദൈവവചനം ഒരു പ്രത്യയശാസ്ത്രമല്ല, അത് മനുഷ്യര്‍ക്ക് ആത്മീയപോഷണമാണ്. സാന്താ മാര്‍ത്തയിലെ വചനസമീക്ഷ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ജനുവരി 17-Ɔο തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കവെ ഹെബ്രായരുടെ ഗ്രന്ഥഭാഗം (3, 7-14) ആധാരമാക്കി പങ്കുവച്ച വചനചിന്തയിലാണ് പാപ്പാ ഫ്രാന്‍സിസ് വചനത്തിന്‍റെ അടിസ്ഥാനസ്വഭാവം ആത്മീയ ജീവനാണെന്ന് ഉദ്ബോധിപ്പിച്ചത്.

തുറവില്ലാത്തവരുടെ ക്ലേശമാര്‍ന്ന ജീവിതം
“എന്‍റെ ഹൃദയം കഠിനമാണോ, അടഞ്ഞതാണോ?”  ഇങ്ങനെ സ്വയം ചോദിക്കാം. “എന്‍റെ ഹൃദയം ഞാന്‍ അപരനായി തുറക്കാറുണ്ടോ? തുറക്കാന്‍ മടിക്കാണിക്കാറുണ്ടോ? തുറവില്ലാത്ത മനസ്സുമായിട്ടാണോ ജീവിക്കുന്നത്. അങ്ങനെ സദാ പ്രശ്നങ്ങളും പ്രതിസന്ധികളും പ്രലോഭനങ്ങളുമായിട്ടാണോ ഞാന്‍ മുന്നോട്ടു പോകുന്നത്?” വ്യക്തികള്‍ ചിന്തിക്കേണ്ടതാണ്. വളര്‍ച്ചയുടെ കുട്ടിപ്രായം ഓര്‍മ്മയുണ്ടല്ലോ?! വീണും നിരങ്ങിയും, പിന്നെ എഴുന്നേറ്റും നടക്കാന്‍ ശ്രമിക്കുന്നു. അങ്ങനെ നിരങ്ങിയും നീന്തിയുമൊക്കെയാണ് ഒരു കുഞ്ഞ് മെല്ലെ മെല്ലെ വളരുന്നതും, നടക്കാന്‍ പഠിക്കുന്നതും. പ്രതിസന്ധികളിലൂടെയും പ്രയാസങ്ങളിലൂടെയുമാണ് വ്യക്തി വളരുന്നത്. എന്നാല്‍ തുറവില്ലാത്തവരും, കഠിനഹൃദയരും, അല്ലെങ്കില്‍ അടഞ്ഞ മനഃസ്ഥിതിക്കാരും ആണെങ്കിലോ? തന്‍റെ സ്ഥാനം എവിടെയെന്നും, താന്‍ എത്തരക്കാരനാണെന്നും വ്യക്തി ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ടതാണ്, വിലയിരുത്തേണ്ടതാണ്.

പിടിവാശിയും നിര്‍ബന്ധബുദ്ധിയും
“ദൈവമേ, ഞാന്‍ എവിടെയാണ്, എങ്ങനെയാണ്... എന്ന് ആത്മപരിശോധനചെയ്യേണ്ടതാണ്. ഭീരുവാണോ ഞാന്‍?” ഭീരുത്വം ഒരു ക്രൈസ്തവനു യോജിച്ചതല്ല. ഒരാള്‍ ജീവിക്കാന്‍ ഭയപ്പെടുന്നത് ഏറ്റവും അപകടകരമായ മനോഭാവമാണ്, മനഃസ്ഥിതിയാണ്. അത് തുറവില്ലായ്മയും ഭീതിയുമാണ്. അതുകൊണ്ടാണ് വചനം ഉദ്ബോധിപ്പിക്കുന്നത്, ഹൃദയം കഠിനമാക്കരുത്! (ഹെബ്ര. 3, 8). ആശയപരമായ പിടിവാശിയും നിര്‍ബന്ധബുദ്ധിയുമാണ് ഹൃദയകാഠിന്യം. ദൈവവചനം പരിശുദ്ധാത്മാവിന്‍റെ കൃപയാണ്. അവിടുത്തെ വചനം, സ്വരം ശ്രവിക്കാനാണ് മനുഷ്യന്‍ പരിശ്രമിക്കേണ്ടത്. അത് വ്യക്തിയുടെ വളര്‍ച്ചയ്ക്കു ഹേതുവാകുന്ന കൃപയുടെ സമൃദ്ധിയാണ്.

അരൂപിയുടെ അടയാളങ്ങള്‍ക്കു കണ്ണുതുറക്കാം
അരൂപിയുടെ അടയാളങ്ങള്‍ക്കും വെളിപ്പെടുത്തലുകള്‍ക്കും ഹൃദയം തുറക്കുന്നവര്‍ അനുദിനം ജീവിതത്തില്‍ വളരും, അവര്‍ കാലത്തിന്‍റെ കാലൊച്ച കേട്ടു മുന്നോട്ടു മുന്നോട്ടു ചരിക്കും. അവര്‍ വളര്‍ന്നു വലുതാകും. എന്നാല്‍  മര്‍ക്കടമുഷ്ടിക്കാരും ദുര്‍വാശിക്കാരും അഹങ്കാരികളാണ്. ഹൃദയകാഠിന്യം വേദനാജനകവും ഏറെ മുറിപ്പെടുത്തുന്നതുമാണ്. വചനം പറയുന്നതുപോലെ അവര്‍ ഹൃദയത്തില്‍ തെറ്റുചെയ്യുന്നു. അവര്‍ ദൈവത്തിന്‍റെ കൃപയുടെ വഴികള്‍ മനസ്സിലാക്കാതെ പോകുന്നു (ഹെബ്ര.3, 10). ഹൃദയകാഠിന്യമുള്ളവര്‍ തുറവില്ലാത്തവരാണ്. അവര്‍ സംവാദത്തിന് തയ്യാറാവത്തവരാണ്. അവര്‍ വാക്കുകള്‍കൊണ്ടും വാക്സാമര്‍ത്ഥ്യംകൊണ്ടും തങ്ങളെത്തന്നെ ന്യായീകരിക്കുന്നു. 

വിട്ടുവീഴ്ചയും പ്രലോഭനവും
വിട്ടുവീഴ്ചകള്‍ക്ക് അടിമപ്പെടുന്ന ക്രൈസ്തവര്‍ പ്രലോഭനങ്ങള്‍ക്ക് കീഴ്പ്പെടുന്നു. ഇങ്ങനെയുളള ഘട്ടത്തില്‍ ജീവിതം പരിവര്‍ത്തന വിധേയമാക്കപ്പെടുകയോ, മാനസാന്തരത്തിന് തയ്യാറാവുകയോയാണു വേണ്ടത്. എന്നാല്‍ കുറച്ച് അങ്ങും ഇങ്ങും.., കുറച്ച് അതും ഇതും...! ഇങ്ങനെ നാം ഒഴിവുകഴിവുകള്‍ പറഞ്ഞു മുന്നേറുന്നു. യേശുവിനെ അനുഗമിക്കുന്നവരാണ് ഈ വ്യക്തികള്‍, എന്നാല്‍ പ്രലോഭിതരാകുമ്പോള്‍ കുറച്ച് അതിനും ഇതിനും കീഴ്പ്പെടുന്നു. അവയെല്ലാം സ്വയം ന്യായീകരിക്കുകയും ചെയ്യുന്നു. അങ്ങനെ ജീവിതം ഒരു ഇരട്ടത്താപ്പായി മാറുന്നു.

ഹൃദയമാന്ദ്യത്തിന്‍റെ ജീവിതം
ഇസ്രായേല്‍ ജനത്തോട് പ്രവാചകന്‍ ഏലിയാ  പറഞ്ഞ വാക്കുകളില്‍, ജീവിതം ഇരുകാലിലും മുടന്തുള്ളതായി മാറുന്നു. ഒന്നിലും ഉറപ്പില്ലാതെ മുടന്തിയും നിരങ്ങിയും ജീവിതം മുന്നോട്ടു പോകുന്നു. ഇതാണ് വിട്ടുവീഴ്ചകള്‍ക്ക് അടിമപ്പെടുന്നവരുടെ ജീവിതം.  ഇത്തരക്കാര്‍ ഹൃദയമാന്ദ്യം സംഭവിച്ച ക്രൈസ്തവരാണ്. ജീവിതവിളികൊണ്ട് എന്താണു കൃത്യം ചെയ്യേണ്ടത് എന്ന് അറിഞ്ഞിട്ടും, ദൈവം കല്പനകള്‍ നല്കിയിട്ടും, ദൈവാരൂപി നന്മയാല്‍ നമ്മെ അനുദിനം പ്രചോദിപ്പിച്ചിട്ടും, “വിട്ടുവീഴ്ചക്കാര്‍”  അലക്ഷ്യരായി, ഞൊണ്ടിയും മുടന്തിയും ജീവിതം വലിച്ചിഴയ്ക്കുന്നു.

ഉപസംഹാരം
ഹൃദയമാന്ദ്യത്തില്‍ എത്തിക്കുന്ന വക്രഹൃദയരാകാതിരിക്കാനും, കഠിനഹൃദയരാകാതിരിക്കാനും പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹം യാചിക്കാം. കഠിനഹൃദയം മര്‍ക്കടമുഷ്ടിയിലേയ്ക്കും സംഘര്‍ഷങ്ങളിലേയ്ക്കും വ്യക്തിയെ നയിക്കും. അത് വ്യാജമായ പ്രത്യായശാസ്ത്രമായും വലിയ ആശയങ്ങളോ ആദര്‍ശങ്ങളോ ആയും വ്യാഖ്യാനിക്കപ്പെടാം. പ്രലോഭനങ്ങള്‍ക്ക് കീഴ്പ്പെടുന്ന ഹൃദയം മെല്ലെ അതിന് അടിമപ്പെടുമെന്നും മനസ്സിലാക്കണം, ഓര്‍ത്തിരിക്കണം!  

17 January 2019, 19:15
വായിച്ചു മനസ്സിലാക്കാന്‍ >