തിരയുക

from the lectern of Pope Francis from the lectern of Pope Francis   (Vatican Media)

ദൈവസ്നേഹത്തിന്‍റെ ഉരകല്ലാണ് സഹോദരസ്നേഹം

ജനുവരി 10-Ɔο തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലിമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച വചനചിന്തകള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വിശുദ്ധ യോഹന്നാന്‍റെ ആദ്യലേഖന ഭാഗത്തെ ആധാരമാക്കിയാണ് പാപ്പാ ഫ്രാന്‍സിസ് വചനചിന്തകള്‍ പങ്കുവച്ചത് (1യോഹ. 4:19 – 5:4).  

ലോകത്തിന്‍റെ അരൂപിയും ദൈവത്തിന്‍റെ അരൂപിയും
ദൈവത്തെ സ്നേഹിക്കുന്നെന്നു പറയുകയും സഹോദരസ്നേഹമില്ലാതെ ജീവിക്കുകയും ചെയ്യുന്നവര്‍ ലോകത്തിന്‍റെ അരുപിയുള്ളവരാണ്. അതിനാല്‍ അവരില്‍ വിശ്വാസത്തിന്‍റെ അരൂപി ഇല്ലാതാകുന്നു. യഥാര്‍ത്ഥത്തില്‍ മനുഷ്യരെ സ്നേഹിക്കാനാവാത്തവര്‍, സത്യമായും ദൈവത്തെ സനേഹിക്കുന്നില്ല. അത്തരക്കാര്‍ ലോകത്തിന്‍റെ അരൂപിയില്‍ ജീവിക്കുന്നവരാണ്. ലോകത്തിന്‍റെ അരൂപി ഭിന്നിപ്പിന്‍റേതാണ്. അത് കുടുംബത്തിലും സഭയിലും, സമൂഹത്തിലും എപ്പോഴും ഭിന്നിപ്പുണ്ടാക്കും. ഭിന്നിപ്പു മെല്ലെ വളര്‍ന്ന് അത് വൈരാഗ്യവും, യുദ്ധവുമായി മാറും. അതുകൊണ്ടാണ് തന്‍റെ ലേഖനത്തില്‍ വിശുദ്ധ യോഹന്നാന്‍ കുറിക്കുന്നത്, “ദൈവത്തെ സ്നേഹിക്കുന്നെന്നു പറയുകയും, സഹോദരങ്ങളെ വെറുക്കുകയും ചെയ്യുന്നവര്‍ നുണപറയുകയാണ്,” അവര്‍ നുണയന്മാരാണ്. അവര്‍ ലോകത്തിന്‍റെ അരൂപിയുള്ളവരാണ്. അത് കാപട്യത്തിന്‍റെയും പ്രകടനപരതയുടേയും രീതിയുള്ളവരാണ്.

ദൈവസ്നേഹത്തിന്‍റെ ഉരകല്ല് സഹോദരസ്നേഹം
“ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നുണ്ടോ,” എന്ന് ഓരോരുത്തരും ആത്മാര്‍ത്ഥമായി ചിന്തിക്കുകയും ചോദിക്കുകയും ചെയ്യേണ്ടതാണ്. ദൈവസ്നേഹത്തിന്‍റെ ഉരകല്ല് സഹോദരസ്നേഹമാണ്. ദൈവത്തെ സ്നേഹിക്കുന്നവര്‍ സഹോദരങ്ങളെയും സ്നേഹിക്കും!

സഹോദരസ്നേഹത്തിന്‍റെ അടയാളങ്ങള്‍ :

i) മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക

സഹോദരസ്നേഹത്തിന്‍റെ ആദ്യഅടയാളം, നാം മറ്റുള്ളവര്‍ക്കുവേണ്ടി, ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടോ? സകലര്‍ക്കുവേണ്ടിയും നാം പ്രാര്‍ത്ഥിക്കുന്നുണ്ടോ? യഥാര്‍ത്ഥത്തില്‍ നാം ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി മാത്രമല്ല, ഇഷ്ടപ്പെടാത്തവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കേണ്ടതാണ്. സ്നേഹിതര്‍ക്കുവേണ്ടിയും സ്നേഹിതരല്ലാത്തവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നുണ്ടോയെന്ന് ആത്മപരിശോധനചെയ്യുക.
 
ii) പകയും വിദ്വേഷവും അകറ്റുക
രണ്ടാമതായി, അപരനോട് അസൂയയും വെറുപ്പും തോന്നുക, അയാള്‍ക്ക് തിന്മ വരാന്‍ ആഗ്രഹിക്കുക - ഇതെല്ലാം സ്നേഹമില്ലായ്മയുടെ അടയാളങ്ങളാണ്. അവയെ നിര്‍ത്തലാക്കാന്‍ നമുക്കു സാധിക്കണം. ഇങ്ങനെയുള്ള വികാരങ്ങളെ, വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും അസൂയയുടെയും വികാരങ്ങളെ  നാം താലോലിക്കരുത്, വളരാന്‍ അനുവദിക്കരുത്. അവ അപകടകരമാണ്. പകയില്‍ ജീവിക്കുന്നവര്‍ക്ക്. “ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു...” എന്ന് ഒരിക്കലും പറയാനാകില്ല. അതുവെറും പുലമ്പലും, പൊള്ളവാക്കുമായിരിക്കും!

സ്നേഹമില്ലായ്മയാണ് പാപം!
പൊള്ള വാക്കുകള്‍കൊണ്ട് നമുക്ക് ദൈവത്തെ സ്നേഹിക്കാനാവില്ല. പൊള്ളവാക്കു മധുരമുള്ള മിഠായിപോലെയാണ്, രസകരമാണത്! എന്നാല്‍ അധികമാകുമ്പോള്‍ അത് അപകടകരമാകുന്നു, ആരോഗ്യത്തെ നശിപ്പിക്കുന്നു. അതുപോലെ പൊള്ളവാക്കും പൊയ്മൊഴിയും അമിതമാകുമ്പോള്‍ അവ സഹോദരബന്ധങ്ങളെ നശിപ്പിക്കുന്നു, സമൂഹത്തെ നശിപ്പിക്കുന്നു, കുടുംബങ്ങളെ ശിഥിലമാക്കുന്നു. നല്ല പ്രസ്ഥാനങ്ങളെ നശിപ്പിക്കുന്നു. സ്നേഹമില്ലായ്മയുടെ പ്രത്യാഘാതങ്ങളാണ് ഇതെല്ലാം.

ലോകത്തിന്‍റെ അരൂപിയെ കീഴടക്കാം
ലോകത്തിന്‍റെ അരൂപിയെ വിശ്വാസത്തിന്‍റെ അരൂപിയാല്‍ മാത്രമേ നേടാനാകൂ. എന്നിലെ വിശ്വാസത്തിന്‍റെ അരൂപിയാല്‍ ഞാന്‍ വിശ്വസിക്കുന്നത്, “ദൈവം എന്‍റെ ഓരോ സഹോദരനിലും സഹോദരിയിലും വസിക്കുന്നു” എന്നാണ്. ലോകത്തിന്‍റെ മേല്‍ നാം നേടുന്ന വിജയം നമ്മുടെ വിശ്വാസമാണ്. ജീവിതപാതയില്‍ മുന്നേറണമെങ്കില്‍  സാമാന്യബുദ്ധിയും ആശയങ്ങളും  മാത്രം പോരാ, നമുക്കാവശ്യം വിശ്വാസമാണ്.  മറ്റു കാര്യങ്ങള്‍ സഹായകമായേക്കാം, എന്നാല്‍ ലോകത്തിന്‍റെ രീതികളെ മറികടക്കുന്ന യുദ്ധത്തിന് അവയൊന്നും ഉപകരിക്കണമെന്നില്ല.

ജീവിതത്തില്‍ കരുത്താകേണ്ട വിശ്വാസം
വിശ്വാസമാണ് സകലരോടും സംവദിക്കാനും അവരെ സ്നേഹിക്കാനും നമുക്ക് കരുത്തു നല്കുന്നത്. ശത്രുവിനെപ്പോലും സനേഹക്കാന്‍ വിശ്വാസം കരുത്തുനല്കുന്നു. അങ്ങനെ യോഹന്നാന്‍ ശ്ലീഹ ആദ്യലേഖനത്തിലൂടെ പകര്‍ന്നുനല്കുന്ന സ്നേഹത്തെക്കുറിച്ചുള്ള വചനഭാഗം, ദൈവത്തെയും മനുഷ്യരെയും കൂട്ടിയിണക്കുന്ന യാഥാര്‍ത്ഥമായ സ്നേഹത്തിന്‍റെ പാഠമാണ്. ദൈവത്തെ സ്നേഹിക്കുന്നവര്‍ സഹോദരങ്ങളെയും സ്നേഹിക്കും!!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 January 2019, 17:36
വായിച്ചു മനസ്സിലാക്കാന്‍ >