തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ , 21/01/19 ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ , 21/01/19 

ക്രിസ്തീയ ജീവിത ശൈലിയുടെ നവീനത!

നല്ല കൈസ്തവരായിരിക്കണമെങ്കില്‍ പുതിയ പെരുമാറ്റശൈലി, സുവിശേഷഭാഗ്യങ്ങളില്‍ അധിഷ്ഠിതമായ ജീവിത ശൈലി അനിവാര്യം, കുറ്റം ആരോപിക്കല്‍, ലൗകികത, സ്വാര്‍ത്ഥത എന്നിവ ക്രിസ്തീയ വിരുദ്ധ ശൈലികള്‍,പാപ്പ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സുവിശേഷസൗഭാഗ്യങ്ങളാണ് ക്രിസ്തീയ ജീവിതശൈലിയെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ തിങ്കളാഴ്ച (21/01/19) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഫരിസേയര്‍ ഉപവസിക്കുകയും യേശുവിന്‍റെ ശിഷ്യന്മാര്‍ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നതു കണ്ടപ്പോള്‍ അതെന്തുകൊണ്ട് എന്ന് ചോദിച്ചവര്‍ക്ക് അവിടന്നു ഉത്തരം നല്കുന്ന സംഭവവിവരണം, മര്‍ക്കോസിന്‍റെ സുവിശേഷം അദ്ധ്യായം 2, 18 മുതല്‍ 22 വരെയുള്ള വാക്യങ്ങളായിരുന്നു പാപ്പായുടെ വിചിന്തനത്തിന് അവലംബം.

പുതിയ വീഞ്ഞിന് പുതിയ തോല്‍ക്കുടം വേണമെന്ന ക്രിസ്തുവിന്‍റെ വാക്കുകള്‍ക്ക് പാപ്പാ സവിശേഷ ഊന്നല്‍ നല്കി.

പുതിയ ജീവിത ശൈലി

നല്ല കൈസ്തവരായിരിക്കണമെങ്കില്‍ പുതിയ പെരുമാറ്റശൈലി, സുവിശേഷഭാഗ്യങ്ങളില്‍ അധിഷ്ഠിതമായ ജീവിത ശൈലി അനിവാര്യമെന്ന് പാപ്പാ വിശദീകരിച്ചു.

സൗമ്യശീലം, എളിമ, ക്ലേശങ്ങളില്‍ സഹനശീലം, നീതിയോടുള്ള സ്നേഹം, പീഢനങ്ങള്‍ സഹിക്കാനുള്ള കഴിവ്, മറ്റുള്ളവരെ വിധിക്കാതിരിക്കാനുള്ള കഴിവ് തുടങ്ങിയവ സുവിശേഷസൗഭാഗ്യങ്ങളില്‍ അധിഷ്ഠിതമായ ക്രിസ്തീയജീവിതശൈലിക്ക് ഉദാഹരണങ്ങളായി പാപ്പാ അവതരിപ്പിച്ചു.

ക്രിസ്തീയവിരുദ്ധ ജീവിതശൈലികള്‍

ക്രിസ്തീയ ശൈലി തിരിച്ചറിയുന്നതിന് അതിന് വിരുദ്ധമായ ശൈലി എന്തെന്ന് മനസ്സിലാക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടിയ പാപ്പാ ക്രിസ്തീയവിരുദ്ധ ശൈലികളില്‍ മൂന്നെണ്ണം എടുത്തു പറഞ്ഞു.

കുറ്റം ആരോപിക്കല്‍, ലൗകികത, സ്വാര്‍ത്ഥത എന്നിവയാണ് ഈ വിരുദ്ധ ശൈലികള്‍ എന്ന് പാപ്പാ വിശദീകരിച്ചു.

അപരന്‍റെ മേല്‍ കുറ്റം ആരോപിച്ചുകൊണ്ടു ജീവിക്കുന്ന ശൈലി അവലംബിക്കുന്നവര്‍ ക്രിസ്തീയ ജീവിതമല്ല നയിക്കുന്നതെന്ന് വ്യക്തമാക്കിയ പാപ്പാ ഇവര്‍ ഏറ്റവും വലിയ കുറ്റാരോപകനായ സാത്തന്‍റെ ശൈലിയാണ് സ്വീകരിക്കുന്നതെന്ന് മനസ്സിലാക്കുന്നില്ല എന്ന വസ്തുത ചൂണ്ടിക്കാട്ടി.

അതുപോലെ തന്നെ ലൗകികതയില്‍ വേരുപിടിച്ച ജീവിതവും ക്രിസ്തീയമല്ലെന്ന് പാപ്പാ വിശദീകരിച്ചു.

വിശ്വാസപ്രമാണം ചൊല്ലുകയും, സ്വയം പര്യാപ്തര്‍ എന്ന് ധരിച്ച് പൊങ്ങച്ചത്തിന്‍റെയും അഹങ്കാരത്തിന്‍റെയും ദ്രവ്യാസക്തിയുടെയും ജീവിതം നയിക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടരെന്ന് പാപ്പാ പറഞ്ഞു. ദൈവം പുതിയ വീഞ്ഞു നല്കിയപ്പോള്‍ പഴയ തോല്‍ക്കുടം ഉപയോഗിക്കുന്നവരാണ് ഇവരെന്ന് പാപ്പാ വിശദീകരിച്ചു.

നമ്മുടെ സമൂഹങ്ങളില്‍ കാണപ്പെടുന്ന ക്രിസ്തീയമല്ലാത്ത മറ്റൊരു ശൈലിയാണ് സ്വാര്‍ത്ഥതയും നിസ്സംഗതയും നിറഞ്ഞ ജീവിത രീതിയെന്ന് പറഞ്ഞ പാപ്പാ ഇക്കൂട്ടര്‍ മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍, അവരുടെ, കഷ്ടപ്പാടുകളില്‍, യുദ്ധങ്ങളില്‍, രോഗങ്ങളില്‍ ഒന്നും ശ്രദ്ധിക്കാതെ സ്വന്തം കാര്യം മാത്രം നോക്കുന്നവരായി നിലകൊള്ളുന്നുവെന്നും ഈ കാപട്യത്തെയാണ് യേശു ശാസിക്കുന്നതെന്നും പാപ്പാ പറഞ്ഞു.   

21 January 2019, 12:41
വായിച്ചു മനസ്സിലാക്കാന്‍ >