ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 08-01-19 ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 08-01-19  (Vatican Media)

നിസ്സംഗത വെടിയുക, അനുകമ്പയുള്ളവരാകുക!

സ്നേഹം വിദ്വേഷത്തിനു വിരുദ്ധവും നിസ്സംഗത സ്നേഹത്തോടുള്ള എതിര്‍പ്പുമാണ്- പാപ്പായുടെ വചന സമീക്ഷ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നാം നല്ലവരാണെങ്കില്‍ത്തന്നെയും പലപ്പോഴും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ അപ്രാപ്തരും നിസ്സംഗരുമായി നിലകൊള്ളുന്നുവെന്ന് പാപ്പാ.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ ചൊവ്വാഴ്ച (08/01/19) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

യേശു അഞ്ചപ്പവും രണ്ടു മീനും അത്ഭുതകരമായി വര്‍ദ്ധിപ്പിച്ച്  അയ്യായിരം പേരെ ഊട്ടിയ സുവിശേഷ സംഭവം ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം.

നിസ്സംഗത എന്തുകൊണ്ട്?

ദൈവത്തിന്‍റെ സ്നേഹം നമ്മുടെ ഹൃദയത്തില്‍ പ്രവേശിക്കത്തതാണ് ഈ നിസ്സംഗതയുടെ കാരണമെന്നും പാപ്പാ പറഞ്ഞു.

ദൈവത്തിന്‍റെ ഹൃദയം, യേശുവിന്‍റെ ഹൃദയം ആ ജനത്തിന്‍റെ മുമ്പില്‍ അലിഞ്ഞുവെന്നും യേശുവിന് ജനക്കുട്ടത്തോടു അനുകമ്പ തോന്നിയെന്നും ആകയാല്‍ നിഷ്ക്രിയനായി നില്ക്കാന്‍ അവിടത്തേക്കു സാധിക്കില്ലായിരുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

സ്നേഹം ഹൃദയത്തെ ചലിപ്പിക്കുന്നുവെന്നും നിസ്സംഗതയെ വച്ചുപൊറുപ്പിക്കില്ലെന്നും സ്നേഹം അനുകമ്പയുളവാക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

അനുകമ്പ

അനുകമ്പയുണ്ടായിരിക്കുകയെന്നാല്‍ ഹൃദയത്തില്‍ ചലനമുണ്ടാക്കുകയാണ്, കാരുണ്യമുണ്ടാകുകയാണ്, സ്വന്തം ഹൃദയം അപരര്‍ക്കായി ചലിപ്പിക്കയാണ് എന്ന് പാപ്പാ വിശദമാക്കി.

അനുകമ്പയാര്‍ന്ന, കാരുണ്യമുള്ള സ്നേഹമാണ് മുന്നില്‍ നില്ക്കേണ്ട ദൈവ സ്നേഹമെന്നും ഈ സ്നേഹം വിദ്വേഷത്തിനു വിരുദ്ധമാണെന്നും അതുപോലെ തന്നെ ദൈവത്തിന്‍റെ അനുകമ്പയോടുള്ള, അവിടത്തെ സ്നേഹത്തോടുള്ള എതിര്‍പ്പാണ് നിസ്സംഗതയെന്നും പറഞ്ഞ പാപ്പാ നിസ്സംഗതയെന്ന ഈ രോഗത്തില്‍ നിന്ന്, നിസ്സംഗതയുടെ സംസ്കൃതിയില്‍ നിന്ന്, നരകുലത്തിന്, നമുക്കോരോരുത്തര്‍ക്കും സൗഖ്യം നല്കുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും ക്ഷണിച്ചു.

തിങ്കളാഴ്ച (07/01/19) അര്‍ദ്ധരാത്രി മരണമടഞ്ഞ ഓസ്ത്രിയായിലെ മുന്‍ അപ്പസ്തോലിക് നുണ്‍ഷ്യൊ ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ത്സുറിന്‍റെ ആത്മശാന്തിക്കായി പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്തു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 January 2019, 12:53
വായിച്ചു മനസ്സിലാക്കാന്‍ >