തിരയുക

Vatican News
from the lectern of Pope Francis in Santa Marta 20-12-18. സാന്താ മാര്‍ത്തയിലെ വചനവേദി  (Vatican Media)

ആശ്ചര്യങ്ങളുടെ ദൈവം നമ്മെ അമ്പരപ്പിക്കുന്ന സംഭവം - ക്രിസ്തുമസ്!

ഡിസംബര്‍ 20-Ɔο തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച വചനചിന്തകള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍

വ്യാഖ്യാനിക്കാന്‍ ദുഷ്ക്കരമായ മംഗലവാര്‍ത്ത
വിശുദ്ധ ലൂക്കാ വിവരിക്കുന്ന സുവിശേഷംഭാഗം ചരിത്രത്തില്‍ ഏറെ നിര്‍ണ്ണായകമായ സംഭവത്തിന് പശ്ചാത്തലമാണ്. അത് കാലത്തിന്‍റെ പ്രതീക്ഷകളെ ഇളക്കിമറിക്കുന്നതും, മനുഷ്യചരിത്രത്തില്‍ മാറ്റങ്ങള്‍ വിളിച്ചോതിക്കൊണ്ട് സകലത്തിനെയും കീഴ്മേല്‍  മറിക്കുന്നതുമായിരുന്നു. അതുകൊണ്ടുതന്നെ ഈ സുവിശേഷഭാഗം വ്യാഖ്യാനിക്കാന്‍ ഏറെ ബുദ്ധിമുട്ടുമാണ്. 

രക്ഷയിലേയ്ക്കു നയിക്കുന്ന ദൈവിക രഹസ്യങ്ങള്‍
ക്രിസ്തുമസ്നാളില്‍ അല്ലെങ്കില്‍ മംഗലവാര്‍ത്താ തിരുനാളില്‍  ഒരു മഹത്തായ ദൈവികരഹസ്യത്തിന്‍റെ മുന്നില്‍ നാം വിശ്വാസത്തോടെ മുട്ടുമടക്കുകയാണ് ചെയ്യുന്നത്. അത് സകലത്തിനും  മാറ്റംവരുത്തിയ സംഭവവും ചരിത്രഘട്ടവുമാണ്. സകലതും അടിമുടി മാറ്റത്തിന് വിധേയമാകുന്നു. യേശുവിന്‍റെ തിരുപ്പിറവിയെ ചുറ്റിപ്പറ്റിയുള്ള ദൈവികരഹസ്യങ്ങള്‍ രക്ഷയുടെ വേരുകളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നതാണ്.

ആശ്ചര്യങ്ങളുടെ ദൈവം
ഇന്നത്തെ പ്രഭണിതം അര്‍ത്ഥസമ്പുഷ്ടമാകുന്നത് “ നവമായ മുളപൊട്ടുന്ന  ജെസ്സെയുടെ വേരിനെ”ക്കുറിച്ചു സംസാരിക്കുന്നതിലാണ്. ദൈവം സ്വയം വിനീതനാക്കുന്നു. അവിടുന്ന് തന്‍റേതായ ശൈലിയില്‍ ചരിത്രത്തിലേയ്ക്ക് താഴ്ന്നിറങ്ങുന്നു. അത് ലോകത്തെ ഏറെ അമ്പരപ്പിക്കുന്നതും ആശ്ചര്യപ്പെടുത്തുന്നതുമാണ്. ആശ്ചര്യങ്ങളുടെ ദൈവം വീണ്ടും മനുഷ്യരെ അത്ഭുതസ്തബ്ധരാക്കുന്ന സംഭവമാണിത് (ലൂക്കാ 1, 26-38).

ദൈവത്തിന് ഒന്നും അസാദ്ധ്യമായില്ല!
“പരിശുദ്ധാത്മാവ് നിന്‍റെമേല്‍ വന്നിറങ്ങും, അത്യുന്നതന്‍റെ ശക്തി നിന്‍റെമേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. ഇതാ, നിന്‍റെ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്. ദൈവത്തിന് ഒന്നും അസാദ്ധ്യമായില്ല. അപ്പോള്‍ മറിയം പറഞ്ഞു, ഇതാ, കര്‍ത്താവിന്‍റെ ദാസി! അങ്ങേ വചനം എന്നില്‍ നിറവേറട്ടെ! എന്നിട്ട് ദൂതന്‍ മറിയത്തില്‍നിന്നും മറഞ്ഞുപോയി” (ലൂക്കാ 1, 35-38).

മനുഷ്യാവതാരം ഒരു ദൈവിക വെളിപാട്
ഈശോ ദൈവപുത്രാനാണ്. അവിടുന്ന് ദൈവത്തില്‍നിന്നും ഉള്ളവനാണെന്ന് സ്ഥാപിക്കുന്നതാണ് പരിശുദ്ധാത്മാവിന്‍റ ആവാസം. അത് അവിടുത്തെ നിത്യമായ അസ്തിത്വത്തെയും സൂചിപ്പിക്കുന്നു. അനാദിമുതല്‍ അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവനാകയാല്‍ അവിടുന്ന് ദൈവപുത്രന്‍ എന്നു വിളിക്കപ്പെടുമെന്നു ദൂതന്‍ അറിയിക്കുന്നു. അതുവഴി മറിയത്തിനു മാത്രമല്ല, ലോകത്തിനും മുഴുവനും, ഇന്നും  ഈ വചനഭാഗം ധ്യാനിക്കുന്ന ഈശോയുടെ മനുഷ്യാവതാരം ദൈവിക വെളിപാടിലൂടെ ലഭിക്കുന്ന വിശ്വാസസത്യമാണെന്ന് മനസ്സിലാക്കാം.

യേശുവിന്‍റെ ദൈവികോത്ഭവം
ശിശുവിന്‍റെ അമ്മയാണ് അവനെ പേരുവിളിക്കേണ്ടതും അവന് പേര് ഇടേണ്ടതും, പിതാവല്ല! അതിനാല്‍ ഈ ദിവ്യശിശുവിന് ഒരു ഭൗമികനായ പിതാവ് ഇല്ലെന്നും ലൂക്കായുടെ സുവിശേഷ വാക്യം വിവക്ഷിക്കുന്നുണ്ട് (ലൂക്കാ 1, 31). അതിനാല്‍ ഈശോയുടെ പരിശുദ്ധിയും ദൈവപുത്രപദവിയും ഈ വചനം ഉള്‍ക്കൊള്ളുന്ന ദൈവികോത്ഭവത്തില്‍ അധിഷ്ഠിതമാണ്.

രക്ഷാരഹസ്യം ധ്യാനിക്കാനൊരു ക്ഷണം
ചരിത്രത്തില്‍ ലോകത്തിനു ലഭിക്കാന്‍ പോകുന്ന ഒരു വലിയ അടയാളത്തെക്കുറിച്ച് ഏശയ പ്രവചിക്കുന്നുണ്ട്. ദൈവം തരുന്ന ആ അടയാളം, ഒരു കന്യകാജാതനാണ്. അവിടുന്ന് “ദൈവം നമ്മോടുകൂടെ…” എന്ന അര്‍ത്ഥമുള്ള “ഇമ്മാനുവേല്‍” എന്ന് വിളിക്കപ്പെടും (ഏശ. 7, 10-14). ഇപ്രകാരം ദൈവത്തിന്‍റെ ആശ്ചര്യാവഹമായ വഴികള്‍ മനസ്സിലാക്കിയ മറിയമാണ് അവിടുത്തെ തിരുഹിതത്തിനു സമ്മതം മൂളുന്നത്. “ഇതാ! കര്‍ത്താവിന്‍റ ദാസി... അവിടുത്തെ വാക്ക് എന്നില്‍ നിറവേറട്ടെ!” (ലൂക്കാ 1, 38).

എന്നത്തെക്കാളും വ്യത്യസ്തമായി തന്‍റെ വചനചിന്ത ഈ ബൈബിള്‍ വാക്യത്തില്‍ (ലൂക്കാ 1, 38) നിര്‍ത്തിക്കൊണ്ട് ദൈവികരഹസ്യങ്ങള്‍ ധ്യാനിക്കാനും ജീവിതത്തില്‍ ഉള്‍ക്കൊള്ളാനും സകലരെയും ഇന്ന് പാപ്പാ ഫ്രാന്‍സിസ് ക്ഷണിക്കുന്നു.

20 December 2018, 18:42
വായിച്ചു മനസ്സിലാക്കാന്‍ >