തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 04-12-18 ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 04-12-18  (Vatican Media)

ആഗമനകാലം-സമാധാനസംസ്ഥാപന സമയം

സ്വന്തം ആത്മാവിലും കുടുംബത്തിലും ലോകത്തിലും ശാന്തി സംസ്ഥാപിക്കാനുള്ള സമയമാണ് അല്ലാതെ പോരാട്ടത്തിന് എന്തെങ്കിലും കാരണം കണ്ടെത്താനുള്ള സമയമല്ല ആഗമനകാലം- ഫ്രാന്‍സീസ് പാപ്പായുടെ വചനസമീക്ഷ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ആഗമനകാലം ആന്തരികസമാധാനം കെട്ടിപ്പടുക്കാനുള്ളതാണ്, മാര്‍പ്പാപ്പാ.

വത്തിക്കാനില്‍, തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ ചൊവ്വാഴ്ച(04/12/18) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഒന്നാംവായനയായ ഏശയ്യാ പ്രവാചകന്‍റെ പുസ്തകം അദ്ധ്യായം 11,1-10 വരെയും ലൂക്കായുടെ സുവിശേഷം അദ്ധ്യായം 10,21-24 വരെയുമുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

ആഗമനകാലം

സ്വന്തം ആത്മാവിലും കുടുംബത്തിലും ലോകത്തിലും ശാന്തി സംസ്ഥാപിക്കാനുള്ളതാണ് അല്ലാതെ പോരാടുന്നതിന് എന്തെങ്കിലും കാരണം കണ്ടെത്താനുള്ളതല്ല ആഗമനകാലം എന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

സമാധാനരാജനായ യേശുവിന്‍റെ ആഗമനത്തെക്കുറിച്ചു പ്രതീകാത്മകമായി സൂചിപ്പിക്കുന്ന ഏശയ്യാ പ്രവാചകന്‍  പറയുന്ന, ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും, പുള്ളിപ്പുലി കോലാട്ടിന്‍ കുട്ടിയോടുകൂടെ ശയിക്കും തുടങ്ങിയ വാക്കുകള്‍ അനുസ്മരിച്ച പാപ്പാ ജീവിതത്തെയും ചരിത്രത്തെയും രൂപാന്തരപ്പെടുത്താന്‍ കഴിവുറ്റ ഒരു സമാധാനമാണ് യേശു കൊണ്ടുവരുക എന്നാണ് ഈ വാക്കുകളുടെ അര്‍ത്ഥം എന്ന് വിശദീകരിച്ചു.

അതുകൊണ്ടാണ് യേശു സമാധാനരാജന്‍ എന്നു വിളിക്കപ്പെടുന്നതെന്നും ആകയാല്‍ ആഗമനകാലം സമാധാനരാജന്‍റെ ആഗമനത്തിനായി ഒരുങ്ങുന്നതിനുള്ള സമയമാണെന്നും പാപ്പാ വ്യക്തമാക്കി.

ആന്തരികസമാധാനം

ആദ്യമായി അവനവനില്‍ത്തന്നെ സമാധനം ഉണ്ടാക്കേണ്ടിയിരിക്കുന്നു, ആത്മാവില്‍ സമാധാനം സംജാതമാക്കേണ്ടിയരിക്കുന്നുവെന്നും പലപ്പോഴും ആത്മാവ് ഉത്ക്കണ്ഠാഭരിതവും പ്രത്യാശാരഹിതവുമായിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

ആകയാല്‍ ആന്തരികസമാധാനത്തിനായി സമാധാനരാജനോടു പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

കുടുംബം

കുടുംബങ്ങളില്‍ ചെറുതുംവലുതുമായ കലഹങ്ങളും അനൈക്യങ്ങളും ഉണ്ടാകുകയും പിളര്‍പ്പിന്‍റെ  മതിലുകള്‍ ഉയരുകയും ചെയ്യുന്ന വസ്തുത ചൂണ്ടിക്കാട്ടിയ പാപ്പാ അവിടെ സമാധാനം സംജാതമാക്കേണ്ടതുണ്ടെന്നു ഓര്‍മ്മിപ്പിച്ചു.

ലോകം

യുദ്ധത്തിന്‍റെയും അനൈക്യത്തിന്‍റെയും വിദ്വേഷത്തിന്‍റെയും ചൂഷണത്തിന്‍റെയും വേദിയായി മാറിയിരിക്കുന്ന ലോകമാണ് ശാന്തി നിര്‍മ്മിക്കപ്പെടേണ്ട മറ്റൊരിടം എന്ന യാഥാര്‍ത്ഥ്യത്തിലേക്കു വിരല്‍ ചൂണ്ടിയ പാപ്പാ വിശ്വശാന്തിക്കായി നാം ഒരോരുത്തരും എന്തു ചെയ്യുന്നു എന്ന് ആത്മശോധന ചെയ്യാന്‍ ക്ഷണിച്ചു.

സമാധാനത്തിന്‍റെ ശില്പികളാകുകയെന്നാല്‍ എതാണ്ട് ദൈവത്തെ അനുകരിക്കലാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

സമാധനം ഒരിക്കലും നിശ്ചലമായിരിക്കില്ല, അതു മുന്നോട്ടു പോകുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നുവെന്നും ആത്മാവില്‍ നിന്നു തുടങ്ങുന്ന സമാധാനവത്ക്കരണ പ്രക്രിയ പൂര്‍ത്തിയാക്കിയതിനു ശേഷം ആത്മാവിലേക്കുതന്നെ തിരിച്ചെത്തുന്നുവെന്നും പാപ്പാ പറഞ്ഞു.

04 December 2018, 12:49
വായിച്ചു മനസ്സിലാക്കാന്‍ >