ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 12-11-18 ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 12-11-18  (Vatican Media)

മെത്രാന്‍ ദൈവത്തിന്‍റെ കാര്യസ്ഥനോ, അതോ, കച്ചവടക്കാരനോ?

മെത്രാന്‍ അഹങ്കാരിയോ ക്ഷിപ്രകോപിയോ മദ്യപനോ അക്രമാസക്തനോ തുടങ്ങിയ ദുശ്ശീലങ്ങള്‍ ഉള്ളവനായിരിക്കരുത്; ഇവയില്‍ ഏതെങ്കിലും ഒരു ദുശ്ശീലം ഉണ്ടെങ്കില്‍ ആ മെത്രാന്‍ സഭയ്ക്ക് ഒരു “ദുരന്ത”മായിരിക്കും- പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മെത്രാന്‍ ദൈവത്തിന്‍റെ വിനയാന്വിതനും സൗമ്യശീലനുമായ കാര്യസ്ഥന്‍ ആയിരിക്കണമെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍, തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍, നിണസാക്ഷിയും മെത്രാനുമായ വിശുദ്ധ ജോസഫാത്തിന്‍റെ ഓര്‍മ്മത്തിരുന്നാള്‍ ദിനത്തില്‍, അതായത്, തിങ്കളാഴ്ച(12/11/18) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

മെത്രാന്‍ ആരായിരിക്കണം, അദ്ദേഹത്തിന്‍റെ ദൗത്യം എന്തായിരിക്കണം എന്ന് പൗലോസപ്പസ്തോലന്‍ തീത്തോസിനെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്ന ഭാഗം, ഒന്നാം അദ്ധ്യായം 1-9 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

മെത്രാന്‍ ഭൗതികവസ്തുകളുടെയൊ ആധികാരത്തിന്‍റെയൊ  കാര്യസ്ഥനല്ലയെന്നും സദാ സ്വയം തിരുത്തുകയും താന്‍ ദൈവത്തിന്‍റെ കാര്യസ്ഥനാണോ, അതോ, കച്ചവടക്കാരനാണോ എന്ന് ആത്മശോധന ചെയ്യുകയും ചെയ്യേണ്ടവനാണെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

സഭയില്‍ പ്രശ്നങ്ങളും ആശയക്കുഴപ്പങ്ങളും ക്രമരാഹിത്യങ്ങളും ഒരിക്കലും ഇല്ലാതിരുന്നിട്ടില്ലെന്നും അവയില്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും അവയെല്ലാം നേരെയാക്കേണ്ടതുണ്ടെന്നും പാപ്പാ പ്രഥമ ജെറുസലേം സൂനഹദോസിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് വിശദീകരിച്ചു.

എല്ലാ ക്രമനിബദ്ധമാക്കണമെങ്കില്‍ ആദ്യം വേണ്ടത് വിശ്വാസമാണെന്ന് പൗലോസ് തീത്തോസിനെ ക്രേത്തയില്‍ ചെയ്യേണ്ട ദൗത്യങ്ങള്‍ ഏല്പിക്കവെ നല്കുന്ന ഉപദേശത്തെ ആസ്പദമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു.

മെത്രാന്‍ അഹങ്കാരിയോ ക്ഷിപ്രകോപിയോ മദ്യപനോ അക്രമാസക്തനോ തുടങ്ങിയ ദുശ്ശീലങ്ങള്‍ ഉള്ളവനായിരിക്കരുതെന്നും ഇവയില്‍ ഏതെങ്കിലും ഒരു ദുശ്ശീലം ഉണ്ടെങ്കില്‍ ആ മെത്രാന്‍ സഭയ്ക്ക് ഒരു “ദുരന്ത”മായിരിക്കുമെന്ന് പാപ്പാ പറഞ്ഞു.

ദൈവത്തിന്‍റെ ശുശ്രൂഷകന്‍ അതിഥിസത്ക്കാരപ്രിയനും നന്മയോടു പ്രതിപത്തിയുള്ളവനും വിവേകിയും നീതിനിഷ്ഠനും പുണ്യശീലനും ആത്മനിയന്ത്രണമുള്ളവനും അവനു നല്കപ്പെട്ട വിശ്വാസയോഗ്യമായ വചനത്തോടും വിശ്വസ്തത പുലര്‍ത്തുന്നവനും ആയിരിക്കണമെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഒരു മെത്രാനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ള അന്വേഷണങ്ങളില്‍ ആദ്യമേതന്നെ ഈ ഗുണവിശേഷങ്ങള്‍ ഉള്ളവനാണോ എന്ന ചോദ്യം ഉന്നയിക്കുക ഉചിതമാണെന്ന് പാപ്പാ പറഞ്ഞു.

മെത്രാനുണ്ടായിരിക്കേണ്ട ഈ സ്വഭാവവിശേഷങ്ങളുടെ അഭാവത്തില്‍ സഭയില്‍ എല്ലാ ക്രമപ്പെടുത്തുക സാധ്യമല്ല എന്ന വസ്തുതയും പാപ്പാ എടുത്തു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 November 2018, 13:14
വായിച്ചു മനസ്സിലാക്കാന്‍ >