ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 05-11-18 ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 05-11-18  (Vatican Media)

യെമനില്‍ കുഞ്ഞുങ്ങളുടെ പട്ടിണിദുരന്തം യുദ്ധത്തിന്‍റെ ഫലം, പാപ്പാ

സ്വാര്‍ത്ഥത, സ്പര്‍ദ്ധ, പൊങ്ങച്ചം എന്നിവ യുദ്ധ കാരണങ്ങള്‍, സ്പര്‍ദ്ധ എന്നത് അപരനെ തകര്‍ക്കാനുള്ള ഒരു പോരാട്ടവും മ്ലേച്ഛമായ പ്രവര്‍ത്തിയുമാണ്- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സംഘര്‍ഷങ്ങള്‍ക്കു കാരണമാകുന്ന സ്വാര്‍ത്ഥത, സ്പര്‍ദ്ധ, പൊങ്ങച്ചം എന്നിവയെ തിരസ്ക്കരിക്കുക അത്യന്താപേക്ഷിതമെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍, തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ തിങ്കളാഴ്ച(05/11/18) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

പകരം നല്കാന്‍ കഴിയാത്തവരെ വിരുന്നിനു ക്ഷണിക്കേണ്ടതിനെക്കുറിച്ചു യേശുനാഥന്‍ നല്കുന്ന ഉപദേശം, ലൂക്കായുടെ സുവിശേഷം 14,12-14 വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന് അവലംബം.

സ്പര്‍ദ്ധ എന്നത് അപരനെ തകര്‍ക്കാനുള്ള ഒരു പോരാട്ടമാണെന്നും അതു മ്ലേച്ഛമാണെന്നും പാപ്പാ പറഞ്ഞു.

സ്വന്തം താല്പര്യങ്ങള്‍ മുന്‍ നിറുത്തി കര്‍മ്മം ചെയ്യരുതെന്നും സ്വന്തം ഇഷ്ടസാധ്യത്തിന് സൗകര്യപ്രദം എന്നതിന്‍റെ അടിസ്ഥാനത്തില്‍ സൗഹൃദവലയം തീര്‍ക്കരുതെന്നും യേശു വ്യക്തമാക്കുകയാണെന്ന് പാപ്പാ വിശദീകരിച്ചു.

പ്രതിഫലേച്ഛകൂടാതെ പ്രവര്‍ത്തിക്കേണ്ടതിന്‍റെയും സൗജന്യദാനത്തിന്‍റെ സീമ വിസതൃതമാക്കേണ്ടതിന്‍റെയും ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടി.

സ്വയം വളരാന്‍ സാധിക്കില്ല എന്നു തോന്നുമ്പോള്‍ അപവാദത്താല്‍ അപരനെ താഴ്ത്തിക്കാട്ടി സ്വയം വലിയവനാകാന്‍ ശ്രമിക്കുന്ന പ്രവണതയെക്കുറിച്ചും പാപ്പാ പരാമര്‍ശിച്ചു.

അപവാദപ്രചരണം വ്യക്തിയെ ഇല്ലായ്മചെയ്യുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണെന്നും അത് സമൂഹത്തെയും കുടുംബങ്ങളെയും തകര്‍ക്കുമെന്നും പാപ്പാ പറഞ്ഞു.

സ്വാര്‍ത്ഥത, സ്പര്‍ദ്ധ, പൊങ്ങച്ചം തുടങ്ങിയവ കാരണമാകുന്ന യുദ്ധങ്ങളെക്കുറിച്ചു സൂചിപ്പിക്കവെ പാപ്പാ യെമനില്‍ പട്ടിണിയനുഭവിക്കുന്ന കുട്ടികളെ അനുസ്മരിച്ചു.

കുഞ്ഞുങ്ങളുടെ ഈ ദുരവസ്ഥയ്ക്കു കാരണം യുദ്ധമാണെന്ന് പാപ്പാ കുറ്റപ്പെടുത്തി.

ഇതു തന്നെയാണ് നമ്മുടെ കുടുംബങ്ങളിലും, ഇടവകകളിലും സ്ഥാപനങ്ങളിലും സ്പര്‍ദ്ധയുടെ ഫലമായി സംഭവിക്കുകയെന്ന് പാപ്പാ മുന്നറിയിപ്പു നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 November 2018, 13:14
വായിച്ചു മനസ്സിലാക്കാന്‍ >