തിരയുക

സാന്താ മാര്‍ത്തയിലെ വചനവേദി 25-10-18 സാന്താ മാര്‍ത്തയിലെ വചനവേദി 25-10-18  (Vatican Media)

പ്രവൃത്തിയില്‍ പ്രകടമാക്കേണ്ട ക്രിസ്തീയത

ഒക്ടോബര്‍ 25-Ɔο തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്ത കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പങ്കുവച്ച ചിന്തകള്‍. രണ്ടാമത്തെ വായന, പൗലോസ് അപ്പസ്തോലന്‍ എഫേസിയര്‍ക്ക് എഴുതിയ ലേഖനഭാഗത്തെ ആധാരമാക്കിയായിരുന്നു പ്രഭാഷണം (എഫേ. 3, 14-21)..

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വ്യക്തി ജീവിതത്തിലെ ക്രിസ്ത്വാനുഭവം
ആരാണ് ക്രിസ്തു എന്‍റെ വ്യക്തിജീവിതത്തില്‍? വിശ്വാസസത്യങ്ങള്‍ പറയുന്ന കാര്യങ്ങളില്‍നിന്നും വേണമെങ്കില്‍ ഏറ്റുപറയാം. അവിടുന്ന് ദൈവപുത്രനാണ്, ലോക രക്ഷകനാണ്. എന്നാല്‍ യേശു എനിക്ക് ആരാണ് എന്ന ചോദ്യം ഏറെ വ്യക്തിപരവും, മറുപടി പറയാന്‍ ബുദ്ധിമുട്ടുള്ളതുമാണ്. അല്പം അമ്പരപ്പിക്കുന്ന ചോദ്യമാണിത്. മറുപടിക്കായി നാം ഹൃദയത്തിലേയ്ക്ക് ചൂഴ്ന്നിറങ്ങുകയും അനുഭവങ്ങളിലേയ്ക്കു കടക്കേണ്ടിയുമിരിക്കുന്നു! പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

അറിഞ്ഞ ക്രിസ്തുവിനെ പ്രഘോഷിക്കാം
താന്‍ അറിഞ്ഞ ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള തീക്ഷ്ണതയാണ് പൗലോസ് അപ്പോസ്തോലന്‍റെ ജീവിതത്തിലും ലേഖനത്തിലും കാണുന്നത്. അക്കാലത്തെ ദൈവശാസ്ത്ര പാണ്ഡിത്യം നേടിയ പൗലോസ് ക്രിസ്തുവിനെ അറിയുന്നതും അനുഭവമാക്കുന്നതും കുതിരപ്പുറത്തുനിന്നും താഴെ വീണപ്പോഴാണ്. താന്‍ അറിഞ്ഞ ക്രിസ്തുവിനെ സകല ജനതകളും പ്രഘോഷിക്കണമെന്ന് പൗലോശ്ലീഹ തീവ്രമായി ആഗ്രഹിച്ചു. തന്നെ സ്നേഹിക്കുകയും തനിക്കായി ജീവന്‍ സമര്‍പ്പിക്കുകയും ചെയ്ത രക്ഷകനായി ക്രിസ്തുവിനെ തിരിച്ചറിഞ്ഞ പൗലോസാണ് അത് പ്രഘോഷിക്കുന്നത്. ആ അനുഭവം ഏഫേസിയര്‍ക്കും സകലര്‍ക്കും ഉണ്ടാകണമെന്നും ശ്ലീഹ ആഗ്രഹിച്ചു. ക്രിസ്തു-സ്നേഹത്തിന്‍റെ ആഴവും വ്യാപ്തിയും, നീളവും വീതിയും ഉയരവും ക്രൈസ്തവര്‍ അവരുടെ ജീവിതങ്ങളിലൂടെ പരസ്പരം അറിയാനും അറിയിക്കാനുമുള്ള ശക്തി സംഭരിക്കേണ്ടതാണ്. അതുവഴി ദൈവത്തിന്‍റെ സമ്പൂര്‍ണ്ണതയില്‍ സകലരും ഭാഗഭാക്കുകളാകണം (3,18).

ക്രിസ്തുവിനെ അറിയാനുള്ള രണ്ടു മാര്‍ഗ്ഗങ്ങള്‍
അനുരഞ്ജനത്തിന്‍റെ ആദ്യപടി

ക്രിസ്തുവിനെ അറിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം, പൗലോസിനെപ്പോലെ നമ്മുടെ ബലഹീനതയും പാപാവസ്ഥയും അംഗീകരിക്കുകയാണ്. പാപങ്ങള്‍ ഏറ്റു പറയുക മാത്രമല്ല, താന്‍ ഒരു പാപിയാണെന്ന് സ്വയം അംഗീകരിക്കുന്നതാണ് ആത്മീയ വളര്‍ച്ചയുടെ ആദ്യപടി. ക്രൈസ്തവരെ പീഡിപ്പിച്ച ഒരു പാപിയായിരുന്നിട്ടും ദൈവം അവിടുത്തെ സ്നേഹത്തിലും കാരുണ്യത്തിലും തന്നെ വളിച്ചു. അതിനാല്‍ അവിടുത്തെ സ്നേഹത്തിന്‍റെ രഹസ്യത്തിലേയ്ക്കു പ്രവേശിക്കുന്നതാണ് ക്രിസ്തു വിജ്ഞാനീയത്തിന്‍റെ ആദ്യപടി. അനുരജ്ഞനത്തിന്‍റെ കൂദാശയിലൂടെ പാപങ്ങള്‍ ഏറ്റുപറയുന്നതില്‍ ലഭിക്കുന്ന ആത്മീയ മോചനം വഴി നാം ദൈവപുത്ര സ്ഥാനത്തിന് യോഗ്യരാകുന്നു. ക്രിസ്തുവിന്‍റെ ആത്മപരിത്യാഗം നമുക്കു നേടിത്തന്ന രക്ഷയാണിത്.

പ്രാര്‍ത്ഥനയുടെ രണ്ടാമത്തെ വഴി
ക്രിസ്തുവിനെ അറിയാനുള്ള രണ്ടാമത്തെ മാര്‍ഗ്ഗം - ധ്യാനവും പ്രാര്‍ത്ഥനയുമാണ്. “ദൈവമേ, അങ്ങയെ അറിയാന്‍, ഞാന്‍ എന്നെത്തന്നെ അറിയണം. എന്നെത്തന്നെ അറിയണമെങ്കില്‍, ഞാന്‍ ക്രിസ്തുവിനെ അറിയണം!”  ഏതോ വിശുദ്ധന്‍റെ പ്രാര്‍ത്ഥന വചനചിന്തയില്‍ പാപ്പാ ഉരുവിട്ടു. ഈ രണ്ടാമത്തെ വഴി ക്രിസ്തു നല്കുന്ന രക്ഷയുടെ ബന്ധത്തിന്‍റെ തുടര്‍ച്ചയാണ്. അതിനാല്‍ ക്രിസ്തുവിനെ അറിയുകയെന്നത്  ഒരു വെല്ലുവിളിയും സാഹസവുമാണ്. കാരണം ക്രിസ്തുവിന്‍റെ സ്നേഹം അനന്തമാണ്.

പ്രവൃത്തിയില്‍ പ്രഘോഷിക്കേണ്ട ക്രിസ്തീയത
“ദൈവമേ, ഞാന്‍ അങ്ങയെ അറിയട്ടെ…,” എന്നു പ്രാര്‍ത്ഥിക്കുന്നത് വാക്കുകളെക്കാള്‍ ഒരു അനുഭവമാണ്. പൗലോശ്ലീഹ അതുകൊണ്ടാണു പറഞ്ഞത്, “ക്രിസ്തു എന്നെ സ്നേഹിക്കുകയും തന്നെത്തന്നെ എനിക്കായ് സമര്‍പ്പിക്കുകയും ചെയ്തു.” (എഫേ.5,2). ഈ ദിവ്യരഹസ്യം മനസ്സിലാക്കുന്നതാണ് ക്രൈസ്തവന്‍റെ ആത്മീയശക്തിയും ജീവിതസാക്ഷ്യവും. വാക്കുകൊണ്ടു മാത്രം ക്രിസ്ത്യാനിയായിരിക്കാം. എളുപ്പമാണ്. പ്രവൃത്തിയില്ലാത്തതും പേരിനു മാത്രവുമുള്ള ക്രിസ്ത്യാനികള്‍ ധാരാളമുണ്ട്. ഇത് ക്രൈസ്തവ വിശുദ്ധിയല്ല. ക്രിസ്തു പഠിപ്പിച്ചതും ഹൃദയത്തില്‍ വളര്‍ത്തിയതുമായ കാര്യങ്ങള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നവരാണ് ക്രൈസ്തവര്‍.

ഉപസംഹാരം
ഞാനൊരു പാപിയാണെന്നുള്ള ആന്തരിക അവബോധമില്ലാതെ ക്രൈസ്തവജീവിത പാത പ്രഥമദഃ ക്ലേശകരമായിരിക്കും. രണ്ടാമതായി പ്രാര്‍ത്ഥനയില്‍ ലഭിക്കുന്ന ആത്മീയശക്തിയാല്‍ ക്രിസ്തു രഹസ്യങ്ങളിലേയ്ക്ക് പൗലോസിനെപ്പോലെ ആഴമായി പ്രവേശിക്കാനും അതു പ്രഘോഷിക്കാനും നമുക്കു കുരുത്തു ലഭിക്കുന്നു. അത് അവിടുന്നു സ്വര്‍ഗ്ഗത്തില്‍നിന്നും ഭൂമിക്കു ലഭ്യമാക്കിയ അഗ്നിയാണ്. “ദൈവമേ, ഞാന്‍ അങ്ങയെ അറിയട്ടെ, അങ്ങ് എന്നെയും!” ഇങ്ങനെയൊരു ജപം അനുദിന ജീവിതത്തിന്‍റെ വ്യത്യസ്ത യാമങ്ങളില്‍ ഒരുവിട്ടുകൊണ്ട് ജീവിതയാത്ര തുടരാം!
ഈ പ്രാര്‍ത്ഥനയോടെയാണ് പാപ്പാ ഫ്രാന്‍സിസ് വചനധ്യാനം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 October 2018, 10:12
വായിച്ചു മനസ്സിലാക്കാന്‍ >