സാന്താ മാര്‍ത്തയിലെ വചനവേദി സാന്താ മാര്‍ത്തയിലെ വചനവേദി  (Vatican Media)

സമ്പന്നനായ സ്നേഹിതനാണ് ദൈവം : പാപ്പാ ഫ്രാന്‍സിസ്

ഒക്ടോബര്‍ 11-Ɔο തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ചിന്തയാണിത്. സുവിശേഷം പറയുന്ന പ്രാര്‍ത്ഥനയുടെ ശക്തി പ്രകടമാക്കുന്ന ഉപമയയെ ആധാരമാക്കി നടത്തിയ ചിന്തകള്‍ താഴെ ചേര്‍ക്കുന്നു (ലൂക്കാ 11, 5-13).

- ഫാദര്‍ വില്യം നെല്ലിക്കല്‍

സമ്പന്നനായ സ്നേഹിതന്‍ ദൈവം

പ്രാര്‍ത്ഥനയില്‍ നാം ദൈവസന്നിധേ ആവശ്യക്കാരാകയാല്‍ വിശ്വാസബോധ്യം ആവശ്യമാണ്. സുവിശേഷം വിവരിക്കുന്ന, വീട്ടില്‍ അപ്പമുള്ള സ്നേഹിതന്‍ ദൈവമാണ്. അവിടുന്ന് സമ്പന്നനും എല്ലാമുള്ള സുഹൃത്തുമാണ്. നമുക്ക് ആവശ്യമുള്ളത് അവിടുത്തെ പക്കലുണ്ട്. മടുപ്പില്ലാതെ
മുട്ടിപ്പായി ദൈവത്തോടു പ്രാര്‍ത്ഥിക്കാനാണ് ഈശോ പഠിപ്പിക്കുന്നത്. അതുകൊണ്ടാണ്, “ചോദിക്കുവിന്‍ നിങ്ങള്‍ക്ക് നല്കപ്പെടും,” എന്നും അവിടുന്ന് ഉദ്ബോധിപ്പിച്ചിട്ടുള്ളത് (മത്തായി 7, 7).   

പ്രാര്‍ത്ഥന ഒരു പരിശ്രമം
പ്രാര്‍ത്ഥന ഒരു പരിശ്രമമാണ്. മടിക്കാതെയും നാണിക്കാതെയും നിരന്തരമായി പ്രാര്‍ത്ഥിക്കാനുള്ള സ്ഥിരതയും ഉറച്ചമനസ്സും പ്രാര്‍ത്ഥനയ്ക്ക് ആവശ്യമാണ്. മുട്ടുന്നത് സുഹൃത്തിന്‍റെ വാതിക്കലാണ്. അങ്ങനെ നിരന്തരമായി മുട്ടി ശല്യപ്പെടുത്തണമെങ്കില്‍ തീര്‍ച്ചയായും അപരന്‍ എന്‍റെ സ്നേഹിതനായിരിക്കണം. ദൈവം എന്‍റെ സ്നേഹതനും പിതാവും എന്ന സാമീപ്യത്തിന്‍റെയും വാത്സല്യത്തിന്‍റെയും ബോധ്യം ജീവിതത്തില്‍ മനുഷ്യന് അനിവാര്യമാണ്.

ഒരമ്മയുടെ മാതൃകയാക്കാവുന്ന പ്രാര്‍ത്ഥന
വിശുദ്ധ മോനിക്കയുടെ മാതൃക പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി. തന്‍റെ മകന്‍ അഗസ്റ്റിന്‍റെ മാനസാന്തരത്തിനായി എത്രയോ വര്‍ഷങ്ങളാണ് ആ അമ്മ മുട്ടിപ്പായി ദൈവസന്നിധിയില്‍ കരങ്ങള്‍ കൂപ്പിയത്. ഒരമ്മയുടെ മുട്ടിപ്പായ പ്രാര്‍ത്ഥനയുടെ ഫലമായി മകന്‍, അഗസ്റ്റിന്‍റെ ജീവിതത്തില്‍ ദൈവം മാനസാന്തരത്തിന്‍റെ കവാടം തുറക്കുന്നു.  

സ്നേഹത്തില്‍ ധൂര്‍ത്തനായ പിതാവ്
ദൈവം നമ്മുടെ സ്നേഹിതനാണ്. അവിടുന്ന് എല്ലാം നന്മയായി നല്കുന്നു. സ്നേഹസമ്പന്നനും ഉദാരമതിയുമായ ദൈവം എല്ലാം അധിമായി നമുക്കു നല്കുന്നു. ഒരു പ്രശ്നമോ പ്രതിസന്ധിയോ മാറ്റിത്തരണമെന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം അത് പരിഹരിക്കുക മാത്രമല്ല, ആവശ്യം നിവര്‍ത്തിച്ചിട്ട് അവിടുന്ന് പിന്നെയും തന്‍റെ പരിശുദ്ധാവിനെ നമുക്കായി നല്കുന്നു.

എന്‍റെ പ്രാര്‍ത്ഥനാരീതി
നാം എങ്ങിനെയാണ് പ്രാര്‍ത്ഥിക്കുന്നത്? നാം അല്പം ചിന്തിക്കുന്നതു നല്ലതാണ്. എന്‍റെ ആവശ്യം കൃത്യമായി ഉള്ളില്‍ക്കണ്ട് ആത്മാര്‍ത്ഥമായും നിരന്തരമായും ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുണ്ടോ? ഞാന്‍ ആവശ്യപ്പെടുന്നത് ഉചിതവും യുക്തവുമാണെങ്കില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം. ഇന്നത്തെ സുവിശേഷഭാഗത്തുനിന്നും എങ്ങനെ പ്രാര്‍ത്ഥിക്കണമെന്ന് കൂടുതല്‍ മനസ്സിലാക്കുകയും ചെയ്യാം (ലൂക്കാ 11, 5-13).                                                                                    

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 October 2018, 08:52
വായിച്ചു മനസ്സിലാക്കാന്‍ >