സാന്താ മാര്‍ത്തയിലെ വചനവേദി സാന്താ മാര്‍ത്തയിലെ വചനവേദി  (Vatican Media)

സേവനത്തില്‍ കൈ അഴുക്കാക്കാന്‍ മടിക്കരുത്!

ഒക്ടോബര്‍ 8-Ɔο തിയതി തിങ്കളാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കവെ വചനചിന്തയിലാണ് സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത് (ലൂക്ക 10, 25-37).

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

അരമുറുക്കി ഇറങ്ങുന്നവര്‍
ക്രിസ്തുവിനെ പരീക്ഷിക്കാനെത്തിയത് ഒരു നിയമപണ്ഡിതനാണ്. അയാളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ക്രിസ്തു സമറിയക്കാരന്‍റെ കഥപയുന്നത്. സഹോദരനെ സഹായിക്കുന്ന പ്രക്രിയയില്‍ കൈ അഴുക്കാക്കാന്‍ സന്നദ്ധനാകുന്നവനാണ് ക്രൈസ്തവന്‍ എന്നത് നാം ഉള്‍ക്കൊള്ളേണ്ട കഥയുടെ സന്ദേശമാണ്. സുവിശേഷക്കഥയില്‍ 6 കഥാപാത്രങ്ങളാണ്. കള്ളന്മാര്‍, മുറിപ്പെട്ട മനുഷ്യന്‍, പുരോഹിതന്‍, ലേവ്യന്‍, സമറിയക്കാരന്‍ പിന്നെ സത്രക്കാരന്‍.  കള്ളന്മാര്‍ വഴിപോക്കനെ തല്ലി താഴെയിടുന്നു. ഉള്ളതു തട്ടിയെടുത്ത് സ്ഥലം വിടുന്നു. പുരോഹിതന്‍ വന്നപ്പോള്‍ വീണുകിടക്കുന്നവനെ കണ്ടെങ്കിലും തന്‍റെ ദൗത്യവും പൂജാകര്‍മ്മങ്ങളുടെ ഉത്തരവാദിത്ത്വവും ഓര്‍ത്ത് വഴിമാറിപ്പോകുന്നു. നിയമം അനുശാസിക്കുന്ന തൊട്ടുതീണ്ടല്‍ മാനിച്ചു പുറകെ വന്നെ ലേവ്യനും കടന്നുപോയി. ഇതു തങ്ങളുടെ കാര്യമല്ലെന്നു പറഞ്ഞ് കടുന്നുപോകുന്നവര്‍, കൈയ്യൊഴിഞ്ഞു കടന്നുകളയുന്നവര്‍. പിന്നെ വരുന്ന സമറിയക്കാരന്‍ യഹൂദര്‍ക്ക് പാപിയും പുറംജാതിയുമാണ്. അയാളാണ് ആപത്തില്‍പ്പെട്ടവന് ആശ്രയമാകുന്നത്. അയാള്‍ കച്ചവടത്തിനായി പോവുകയായിരുന്നു. എന്നാല്‍ അയാളാണ് ആപത്തില്‍പ്പെട്ടവന് തുണയാകുന്നത്.

ഹൃദയമുള്ള മനുഷ്യന്‍റെ പ്രവൃത്തി
സഹായിക്കാന്‍ പോകുന്നയാള്‍ വാച്ചു നോക്കിയില്ല. രക്തം കണ്ടു പേടിക്കുകയോ, തന്‍റെ ദേഹത്ത് കറ പുരളുമെന്നും ചിന്തിച്ചില്ല. തന്‍റെ കഴുതപ്പുറത്തുനിന്നും ഇറങ്ങി. വീണുകിടക്കുന്ന മനുഷ്യന്‍റെ പക്കല്‍ച്ചെന്ന് മുറിവില്‍ എണ്ണയും വീഞ്ഞും വച്ചുകെട്ടി. ദേഹത്ത് രക്തം പുരണ്ടെങ്കിലും, വസ്ത്രം അഴുക്കായെങ്കിലും, പാവം മനുഷ്യനെ വാരിയെടുത്ത് കഴുതയുടെ പുറത്തിരുത്തി. ഒരു സത്രത്തില്‍ കൊണ്ടാക്കി. പിന്നെയും കൈയ്യൊഴിയുന്നില്ല. വേണ്ടതു ചെയ്യാന്‍ അത്യാവശ്യം പണം കൊടുക്കുന്നു. ബാക്കി ചിലവെന്തെങ്കിലും ഇനിയുമുണ്ടെങ്കില്‍ താന്‍ വന്ന് നല്കിക്കൊള്ളാമെന്ന ഉറപ്പുനല്കുന്നു. കഥയിലെ സമറിയാക്കാരന്‍, ഒരു വലിയ ഉദ്യോഗസ്ഥനോ സാമൂഹ്യപ്രമാണിയോ ആയിരുന്നില്ല. ഹൃദയമുള്ള ഒരു സാധാരണ മനുഷ്യനായിരുന്നു!

ദൈവികമായ  അത്ഭുതങ്ങള്‍ കാണാനുള്ള കണ്ണുകള്‍
ക്രൈസ്തവര്‍ ദൈവികമായ അത്ഭുതങ്ങള്‍ക്കായി കണ്ണുതുറക്കുന്നവരാകണം. നമ്മുടെ മുന്നില്‍ വീണുകിടക്കുന്ന സഹോദരങ്ങള്‍ നമ്മെ കനിവോടെ കാത്തിരിക്കുന്നവരും ദൈവികമായ അത്ഭുതവുമാണ്. അവര്‍ക്കു നേരെ കണ്ണടയ്ക്കാതെ, അവരെ സഹായിക്കുന്നതാണ് ക്രിസ്തീയതയും നല്ല അയല്‍ക്കാരന്‍റെ ഭാഗവും. വിജാതിയനായ മനുഷ്യന്‍ നല്കുന്ന സാക്ഷ്യം സത്രക്കാരനെയും ആശ്ചര്യപ്പെടുത്തിക്കാണും. രണ്ടു ദാനാറ ഉടന്‍ കൊടുക്കുക മാത്രമല്ല, ബാക്കിയുള്ളത് തന്നുകൊള്ളാമെന്ന ഉറപ്പുനല്കുന്നു. വിജാതിയന്‍റെ സാക്ഷ്യം സത്രക്കാരനെ ആശ്ചര്യപ്പെടുത്തുക മാത്രമല്ല, അയാളുടെ വിശ്വാസ്യത നേടിയെടുക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ അത്ഭുതപ്രവര്‍ത്തികള്‍ക്ക് കണ്ണുതുറന്നവാനാണ് സമറിയക്കാരന്‍.

നല്ല സമറിയക്കാരന്‍ ക്രിസ്തു
നമ്മളെല്ലാം ക്രിസ്ത്യാനികളാണ്. നല്ല ക്രിസ്ത്യാനി ഞായറാഴ്ചകളിലും അല്ലാതെയും മുടങ്ങാതെ പള്ളയില്‍പ്പോകുന്നവരാണ്. എന്നാല്‍ നാം ജീവിതത്തില്‍ നന്മയുള്ളവരും നന്മചെയ്യുന്നവരുമാകണം. ദൈവത്തെക്കുറിച്ച് സംസാരിക്കുകയും അറിയുകയും ചെയ്യുന്നവര്‍ ദൈവത്തെ കാണണം. സഹോദരങ്ങളിലെ ദൈവത്തിന്‍റെ പ്രതിച്ഛായ ​അംഗീകരിക്കണം.

ജീവരക്ഷ ആഗ്രഹിക്കുന്ന ദൈവം
ജീവിതത്തില്‍ ദൈവം അനുദിനം പ്രവര്‍ത്തിക്കുന്ന അത്ഭുതപ്രവൃത്തികള്‍ കാണാനും അംഗീകരിക്കാനും നമുക്കു സാധിക്കുന്നുണ്ടോ? മറിച്ച് നിയമങ്ങള്‍ അനുസരിച്ച് മുന്നോട്ടു പോകുന്നവരാണോ നാം. സുവിശേഷത്തിന്‍റെ സത്തയാണ് നല്ല സമറിയക്കാരന്‍റെ ഉപമ. നാം മുറിപ്പെട്ട മനുഷ്യരും, നമ്മെ സഹായിക്കാനെത്തുന്ന നല്ല സമറിയക്കാരന്‍ ക്രിസ്തുവുമാണ്. അവിടുന്നു നമ്മുടെ മുറിവു വൃത്തിയാക്കി വച്ചുകെട്ടുന്നു. നമ്മെ പരിചരിക്കുന്നു. നമുക്കായി പണം മുടക്കുന്നു. ഇനിയും വേണമെങ്കില്‍ എന്തും ചെയ്യാമെന്നും ഉറപ്പുനല്കുന്നു. ഇതെല്ലാം പാപികളും മുറിപ്പെട്ടവരുമായ നമ്മുടെ ജീവരക്ഷയ്ക്കുവേണ്ടിയാണ്. ഇത് സുവിശേഷത്തിന്‍റെ മുഴുവന്‍ സാരവും സാരാംശവുമാണ്. നാം അനുദിനം ജീവിക്കേണ്ട സുവിശേഷസൂക്തം തന്നെയാണിത്.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 October 2018, 11:35
വായിച്ചു മനസ്സിലാക്കാന്‍ >